ആഫ്രിക്കന്‍ രാജ്യങ്ങളിലെ ഇസ്‌ലാം -1

1960കളിലാണ് ബ്രിട്ടനില്‍ നിന്നും ഭൂരിഭാഗം ആഫ്രിക്കന്‍ രാജ്യങ്ങള്‍ക്കും സ്വാതന്ത്ര്യം ലഭിക്കുന്നത്. എങ്കിലും ഇന്നും ആഫ്രിക്കന്‍ മുസ്ലിംകള്‍ കച്ചവടക്കാരായ ഏഷ്യന്‍ മുസ്ലിംകളില്‍ നിന്നും വംശീയത പോലുള്ള കാര്യങ്ങള്‍ നേരിടുന്നു. തെക്കന്‍ ആഫ്രിക്കയില്‍ ഇസ്ലാമിന്റെ വരവ് ആദ്യ അറബ് കച്ചവടക്കാരില്‍ നിന്നാണ്. അവരുടെ വ്യാപാരം പ്രാദേശിക സമൂഹങ്ങളില്‍ ഇസ്ലാമിന്റെ സന്ദേശം പ്രചരിപ്പിച്ചു.  ഏകദൈവ വിശ്വാസം, തുല്യത, മാനവികത മുതലായ ഗുണങ്ങള്‍ ആളുകളെ ഇസ്ലാമിക  വിശ്വാസത്തിലേക്ക് ആകര്‍ഷിക്കപ്പെട്ടു. ബ്രിട്ടീഷ് ഭരണാധികാരികള്‍ സിംബാബ്‌വെ, സാംബിയ, ബോട്‌സ്വാന തുടങ്ങിയ രാജ്യങ്ങളെ 100 മുതല്‍ 200 വര്‍ഷം ഭരിച്ചു. ഒരു സായുധ സമരത്തിനുശേഷം 1960കളില്‍ ഈ രാജ്യങ്ങള്‍ സ്വാതന്ത്ര്യം നേടി. 1964ല്‍ സാംബിയയ്ക്ക് സ്വാതന്ത്ര്യം ലഭിച്ചു, 1966ല്‍ ബോട്‌സ്വാനയും 1980ല്‍ സിംബാബ്‌വെക്കും സ്വാതന്ത്ര്യം ലഭിച്ചു.  

ബ്രിട്ടീഷുകാര്‍ ആഫ്രിക്കന്‍ രാജ്യങ്ങളില്‍ നിന്ന് വിട്ടുപോന്നപ്പോള്‍ ജനസംഖ്യയില്‍ മൂന്ന് വിഭാഗങ്ങളാണുണ്ടായിരുന്നത്. രാജ്യത്തെ ഭരിക്കുന്നതും നിയന്ത്രിക്കുന്നതുമായ വെള്ളക്കാരായ ബ്രിട്ടീഷുകാര്‍. കച്ചവട രംഗത്തു ശക്തമായ സാന്നിധ്യമായ ഏഷ്യക്കാര്‍ അടിമകളെപ്പോലെ അല്ലെങ്കില്‍ വളരെ കുറഞ്ഞ വേതനത്തിനായി പ്രവര്‍ത്തിച്ച കറുത്ത വര്‍ഗ്ഗക്കാര്‍. റെയില്‍ കോച്ച് മുതല്‍ പോസ്റ്റ് ഓഫീസ് കൗണ്ടറുകള്‍ വരെ ഈ അന്തരം കാണാവുന്നതാണ്. സിംബാബ്‌വെ,സാംബിയ, ബോട്‌സ്വാന എന്നിവരുടെ മുസ്ലിം ജനസംഖ്യ 3-4 ശതമാനമാണ്. പ്രാദശേിക മുസ്ലിം ജനസംഖ്യയും ഏഷ്യന്‍ മുസ്ലിംകളെയും കൂട്ടിയുള്ളതാണ് ഈ കണക്ക്.

ഇന്ത്യന്‍ മുസ്‌ലിംകളുടെ പങ്കാളിത്തം

ദാരിദ്ര്യം, നിരക്ഷരത, രോഗങ്ങള്‍, വിശപ്പ്, പോഷകാഹാരക്കുറവ്, ശുചീകരണം തുടങ്ങിയ നിരവധി വെല്ലുവിളികള്‍  പ്രാദേശിക ആഫ്രിക്കന്‍ മുസ്ലിംകള്‍ നേരിടുന്നു. വിദ്യാഭ്യാസം ഇന്നും അതിന്റെ പ്രാരംഭ ഘട്ടത്തില്‍ മാത്രമാണ്. ഒരു കര്‍ഷകന്റെ കുഞ്ഞ് കൃഷിയിടത്തില്‍ പിതാവിന്റെ കൂടെ നില്‍ക്കുന്നു, കൃഷിയില്‍ അവന്റെ ഭാവി അവസാനിക്കുന്നു. അതുപോലെ, ഒരു ഖനിതൊഴിലാളിയുടെ കുഞ്ഞിന് ഖനി പരിസരത്തു നിന്നും മാറി പോകാന്‍ കഴിയുന്ന സാഹചര്യം അവിടെ നിലനില്‍ക്കുന്നില്ല. വിദ്യാഭ്യാസത്തിന്റെ പ്രാധാന്യം മനസ്സിലാക്കിയ പ്രാദേശിക ആഫ്രിക്കന്‍ മുസ്ലിംകള്‍ നടത്തുന്ന ചില എന്‍.ജി.ഒകളാണ് ഇപ്പോള്‍ ഈ പ്രവണത മാറ്റാന്‍ ശ്രമിക്കുന്നത്.   വിദേശ സര്‍വകലാശാലകളിലെ  നിലവാരത്തിലുള്ള വിദ്യാഭ്യാസവും ഗവേഷണവും ഇപ്പോഴും ഇവരുടെ ഒരു സ്വപ്നം മാത്രമാണ്. വിദ്യാഭ്യാസത്തിനു പുറമേ   വികസനം, വ്യക്തിത്വ വികസനം, സംരംഭകത്വം തുടങ്ങിയ മേഖലകളില്‍ കൂടി പിന്തുണ ലഭിക്കേണ്ടതുണ്ട്. വളരെ അപൂര്‍വ്വമായ വിഭവങ്ങള്‍ ഉള്ളതിനാല്‍ പ്രാദേശിക എന്‍ ജി ഒകള്‍ ഈ മേഖലകളിലേക്ക് കടന്നു വരാന്‍ ശ്രമിക്കുന്നുണ്ട്.

ഈ രാജ്യങ്ങളിലെ വ്യാപാരി സമൂഹത്തില്‍ ഇന്ത്യന്‍ വ്യവസായികളുമുണ്ട്. ഇവരുടെ കമ്പനികളില്‍ ചിലതിന് ഏകദേശം 100 വര്‍ഷത്തോളം വ്യാവസായിക രംഗത്തു പഴക്കമുണ്ട്. മുസ്ലിം ബിസിനസുകാരില്‍ ഭൂരിഭാഗവും ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് പിന്തുണ നല്‍കുന്നു. ചിലര്‍ ഇത്തരം പ്രവര്‍ത്തനങ്ങളെ ഏകീകരിപ്പിക്കാന്‍ സ്വന്തമായി തന്നെ എന്‍ ജി ഒകള്‍ നടത്തുന്നു.  പട്ടിണി, രോഗങ്ങള്‍, ദുരന്തനിവാരണ മാനേജ്‌മെന്റ്, മസജിദ് നിര്‍മിക്കാനുള്ള അടിസ്ഥാന ആവശ്യങ്ങള്‍ എന്നിവയെല്ലാം ഈ എന്‍ജിഒകള്‍ ഏറ്റെടുത്തു നടത്തുന്നു. ഇന്ത്യയില്‍ നിന്നും നേരിട്ട് നടത്തുന്ന എന്‍ ജി ഒകളും രംഗത്തുണ്ട്. വര്‍ഷാവര്‍ഷം എന്‍ ജി ഒകള്‍ നല്‍കുന്ന വിവരം ആഫ്രിക്കയിലെ മുസ്ലിംകളുടെ ശരിയായ വിവരണം ലോകത്തിനു നല്‍കുന്നു. ഈ സ്ഥിതി വിശേഷത്തിലേക്കു മാറി ചിന്തിക്കാന്‍ ഇന്ത്യന്‍ മുസ്ലിം സമൂഹത്തിനു സാധ്യമാകുമെങ്കില്‍ അത് ആഫ്രിക്കന്‍ സമൂഹത്തില്‍ കാര്യമായ മാറ്റങ്ങള്‍ കൊണ്ടുവരും.

വിദ്യാഭ്യാസവും സാമൂഹിക ഉന്നമനവും കണക്കിലെടുത്താല്‍, പ്രാദേശിക ആഫ്രിക്കന്‍ മുസ്ലീങ്ങള്‍ ഇപ്പോഴും താഴെത്തട്ടില്‍ തന്നെയാണ്.  വിദ്യാഭാസത്തോടും മറ്റു സാമൂഹിക പ്രതിബദ്ധതകളോാടുമുള്ള സമീപനത്തില്‍ അടിസ്ഥാന മാറ്റം വരണം. പള്ളിയുണ്ടാക്കലും വിദ്യ നല്‍കലും പട്ടിണി മാറ്റലും ഒരേ പോലെ ഇസ്ലാമില്‍ നിര്‍ബന്ധമുള്ള കാര്യങ്ങളാണ് എന്ന ബോധം ഇനിയും അവിടെ പ്രവര്‍ത്തിക്കുന്ന ഇന്ത്യന്‍ സമൂഹത്തിലും പ്രാദേശിക മുസ്ലിം സമൂഹത്തിലും രൂപപ്പെട്ടു വരണം.  ദൈവത്തിനു മുന്നില്‍ കണക്കു ബോധിപ്പിക്കുന്ന പ്രവര്‍ത്തനങ്ങളില്‍ പള്ളികള്‍ മാത്രമല്ല വരിക എന്ന ബോധവും അവരില്‍ ഉണ്ടായിട്ടു വേണം.  നൂറു വര്‍ഷത്തെ പ്രവര്‍ത്തനങ്ങള്‍ കൊണ്ട് എടുത്തു പറയാന്‍ കഴിയുന്ന മാറ്റമൊന്നും പ്രാദേശിക മുസ്ലിം സമുദായത്തിലും കുടിയേറ്റ ഏഷ്യന്‍ മുസ്ലിം സമൂഹത്തിലും ദൃശ്യമല്ല എന്നതാണ് വസ്തുത. ഇത്തരം സമീപനത്തിലേക്കു ഇന്ത്യന്‍ മുസ്ലിം സമൂഹം വളര്‍ന്നാല്‍ അത് ആഫ്രിക്കന്‍ മുസ്ലിം സമൂഹത്തില്‍ കാര്യമായ മാറ്റങ്ങള്‍ക്ക് കാരണമാകും. ആഫ്രിക്കന്‍ മുസ്ലിം സമൂഹത്തിനു അന്തസ്സും ആഭിജാത്യവും കൈവരാന്‍ ഇത് കാരണമാകും.

 ഇന്ത്യന്‍ മുസ്ലിംകള്‍ പ്രാദേശിക മുസ്ലിംകളുമായി കൂട്ടുകൂടാത്തതാണ് മറ്റൊരു വലിയ പ്രശ്‌നം. പ്രാദേശിക മുസ്ലിം സമൂഹത്തെ താഴ്ന്നവരായി കണക്കാക്കുന്ന മനോഭാവമാണ് കണ്ടു വരുന്നത്. പ്രാദേശിക മുസ്ലിം സമുദായത്തിന്റെ ജീവിത സൗകര്യങ്ങള്‍ പോലും വ്യത്യസ്തമാണ്. പ്രാദേശിക മുസ്ലിംകളെ സഹായിക്കുക എന്നതിലപ്പുറം അവരുമായി കൂടിചേര്‍ന്നുള്ള ഒരു ജീവിത രീതിയിലേക്ക് ഇന്ത്യന്‍ മുസ്ലിം സമൂഹം വളര്‍ന്നിട്ടില്ല. മദീനയിലേക്ക് വന്ന മുഹാജിറുകള്‍ വേറിട്ട് നില്‍ക്കാതെ വിശ്വാസത്തില്‍ മാത്രമല്ല ജീവിതത്തില്‍ തന്നെ അന്‍സാറുകളുടെ ഭാഗമായി എന്നതാണ് അന്നത്തെ ഇസ്ലാമിന്റെ പുരോഗതിക്കു കാരണം എന്ന് കൂടി ചേര്‍ത്ത് വായിക്കണം. (തുടരും).

 

മൊഴിമാറ്റം: അബ്ദുസ്സമദ് അണ്ടത്തോട്

അവലംബം: radianceweekly.in

 

leave a comment

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ഇസ്‌ലാം ഓണ്‍ലൈവിന്റേതാവണമെന്നില്ല. അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും വ്യക്തിപരവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക.

comments powered by Disqus

Related Topics