Current Date

Search
Close this search box.
Search
Close this search box.

ഈദുൽ ഫിത്ർ: വിശ്വാസികളുടെ വിജയാഘോഷം

ഈദുൽ ഫിത്ർ എന്നാൽ വ്രത സമാപ്തിയുടെ ആഘോഷം എന്നാണർത്ഥം. റമദാൻ വ്രതാനുഷ്ഠാനം ഒരു പോരാട്ടമായിരുന്നു. മാനവരുടെ കഠിന ശത്രുവായ ദേഹേഛയോടുള്ള പോരാട്ടം. അതെ, ദേഹേഛയോട് മത്സരിച്ച് ജയിച്ചതിൻ്റെ വിജയാഘോഷമാണ് ഈദുൽ ഫിത്ർ. ആഘോഷിക്കാനും ആഹ്ലാദിക്കാനും അർഹതയുള്ളത് മത്സരത്തിൽ വിജയം വരിക്കുന്നവർക്കാണ്. വേനലിൻ്റെ കൊടും ചൂട്‌ പോരാട്ടത്തിന് കൂടുതൽ വീര്യം പകർന്നു.
ചുട്ട് പൊള്ളുന്ന പകലിലെ കഠിന ദാഹത്തിനോ വിശപ്പിനോ വിശ്വാസികളെ പിന്തിരിപ്പിക്കാനായില്ല. ദേഹേഛകളുടെ ഒരു തന്ത്രത്തിലും അവർ വീണില്ല. അല്ലാഹുവിൻ്റെയും റസൂലിൻ്റെയും വിധിവിലക്കുകൾക്ക് കീഴടങ്ങുന്നതിൽ നിന്നും വിശ്വാസികളെ അകറ്റി നിർത്തുക എന്നതാണ് പിശാചിൻ്റെ പ്രധാന ദൗത്യം. അതിനുള്ള അവൻ്റെ വജ്രായുധമാണ് ദേഹേഛ. ധാരാളമാളുകളെ ഈ മാരകായുധം കൊണ്ട് അവൻ വെട്ടിവീഴ്ത്തിയിട്ടുണ്ട്. എത്രയോ പുണ്യാത്മാക്കളുടെ നന്മകൾ ദേഹേഛയുടെ പ്രേരണയാൽ ഫലശൂന്യമായിട്ടുണ്ട്. അധിക അപരാധങ്ങളുടെയും യഥാർത്ഥ ഹേതു ദേഹേഛകളാണ്.

ഇമാം ഗസ്സാലി എഴുതി:
“വയറിൻ്റെ ആശകളാണ് മനുഷ്യനെ വഴി തെറ്റിക്കുന്നതിൽ മുന്നിലുള്ളത്. അതാണല്ലോ ആദമിനെയും ഹവ്വയെയും സ്വർഗ്ഗത്തിൽ നിന്നും പുറത്താക്കിയത്. വിരോധിക്കപ്പെട്ട മരത്തിലെ പഴം കഴിച്ചതോടെയാണവർ പാപ്പരത്തത്തിൻ്റെ ഭൂമിയിലെത്തിയത്. ദുരാഗ്രഹങ്ങളുടെ കേദാരമാണ് ഉദരം. രോഗങ്ങളും വിപത്തുകളും അവിടെ നിന്നാണ് ഉൽഭവിക്കുന്നത്. കാമവും വികാരവും ഉത്തേജിപ്പിക്കുന്നതാണത്. സ്വത്തും സ്ഥാനമാനങ്ങളും നേടിയെടുക്കാനുള്ള മോഹമുണ്ടാക്കുന്നതും ഇത് തന്നെ. അത്യാഗ്രഹങ്ങൾ പരസ്പരം കലഹത്തിലേക്കും അക്രമങ്ങളിലേക്കും നയിക്കുന്നു. (ഇഹ്യാഉ ഉലൂമുദ്ദീൻ )

റമദാൻ മാസത്തിലെ വ്രതാനുഷ്ഠാനത്തിലൂടെ ഈ മാരക ശത്രുവിനെയാണ് വിശ്വാസികൾ എതിരിട്ടത്. അന്നപാനീയങ്ങളുടെയും കാമ വികാരങ്ങളുടെയും വർജ്ജനം ദേഹേഛകളെ അല്ലാഹുവിൻ്റെ അതിർത്തികളിൽ അടക്കി നിർത്താനുള്ള പരിശീലനമാണ് വിശ്വാസികൾക്ക് നൽകിയത്. അല്ലാഹുവിൻ്റെ പാതയിലൂടെ സഞ്ചരിക്കുന്നതിനെ തടസ്സപ്പെടുത്താൻ ദേഹേഛകളെ ഞങ്ങൾ അനുവദിക്കില്ല എന്ന വിശ്വാസികളുടെ പ്രഖ്യാപനമായിരുന്നു റമദാൻ. അതിനാൽ ഈദുൽ ഫിത്ർ വിജയാഘോഷമാണ്. എതിരാളികളെ പരാജപ്പെടുത്തി നേടുന്ന വിജയത്തിന് ഏറെ മധുരമുണ്ട്. വരും കാലങ്ങളിലും ദേഹേഛകളുടെ ദുർബോധനങ്ങളെ പ്രതിരോധിക്കാൻ വിശ്വാസികൾക്ക് കരുത്തുണ്ടാവണമെങ്കിൽ ഈ പോരാട്ട വീര്യം നിലനിർത്തേണ്ടതുണ്ട്.

ഇമാം അർറാഇബ് എഴുതി: “മനുഷ്യർ മൃഗങ്ങളിൽ നിന്ന് വേറിട്ട് നിൽക്കുന്നത് ദേഹേഛയുടെ അടിമത്വത്തിൽ നിന്ന് സ്വാതന്ത്ര്യം നേടുമ്പോഴാണ്. ഇല്ലെങ്കിൽ അതവനെ മർദ്ദിക്കും. ചതിക്കും. സ്വർഗ്ഗ പാതയിൽ നിന്ന് വ്യതിചലിപ്പിക്കും. അതിനെ പരാജയപ്പെടുത്തുന്നതോടെ അവൻ പൂർണ്ണ സ്വാതന്ത്ര്യം നേടുന്നു. അതോടെ ആവശ്യങ്ങൾ പരിമിതമാവുന്നു. മറ്റുള്ളവരുടെ അനുഗ്രഹങ്ങളിൽ അസൂയയില്ലാതാവുന്നു.”
(മുഫ്റദാത്)

ഏവർക്കും ഈദുൽ ഫിത്ർ സന്തോഷം.

???? കൂടുതല്‍ വായനക്ക്‌ ????????: https://chat.whatsapp.com/C15hzvWtKIy9ApXqTOUlQL

Related Articles