Current Date

Search
Close this search box.
Search
Close this search box.

കുട്ടികളെ വളര്‍ത്തുന്നതിന്റെ രണ്ട് അനുഭവങ്ങൾ

കുട്ടികളെ വളർത്തിയതിൻറെ രണ്ട് രീതിയിലുളള അനുഭവങ്ങൾ ഇവിടെ പങ്ക് വെക്കാം. ഒന്ന് കുട്ടികളെ പ്രചോദനത്തിലൂടെ ഉന്നതിയിലത്തെിച്ചതിൻറെയും, മറ്റൊന്ന് തെറ്റായ ശിക്ഷണം നൽകിയതിൻറെയും അനുഭവങ്ങൾ. ദൈവ ഭക്തയായ ഒരു സ്ത്രീക്ക് കൗമാര പ്രായക്കാരനായ ഒരു കുട്ടിയുണ്ടായിരുന്നു. അവനെ വളർത്തുന്നതിൽ അവർ ഏറെ പ്രയാസങ്ങൾ സഹിച്ചു. കൗമാരത്തിൻറെ എല്ലാ ചാപല്യങ്ങളും അവനിലുണ്ടായിരുന്നു. അവൻറെ വികൃതിയിൽ സഹികെട്ട മാതാവ് ഒരു പണ്ഡിതനെ സമീപിച്ച്, തനിക്ക് വികൃതിയായ പുത്രനുണ്ടെന്നും അവനെ നന്നാക്കാൻ എന്താണ് ചെയ്യേണ്ടതെന്നും ആരാഞ്ഞു.

പണ്ഡിതൻ ഇങ്ങനെ ഉപദേശിച്ചു. അവനോട് നിങ്ങൾ കോപിക്കുകയൊ ദേഷ്യപ്പെടുകയൊ ചെയ്യരുത്. അരിശം കൊണ്ട് ശാപ പ്രാർത്ഥനയും നടത്തരുത്. പകരം ഇങ്ങനെ പ്രാർത്ഥിക്കുക: അല്ലാഹുമ്മ ഇഹ്ഫളുഹുൽ ഖുർആൻ (ഖുർആൻ ഹൃദയസ്ഥമാക്കാൻ നീ അവന് ഉദവി നൽകേണമെ). പണ്ഡിതൻ പഠിപ്പിച്ച ആ പ്രാർത്ഥന ആ മാതാവ് പതിവായി ഉരുവിടാൻ തുടങ്ങി. ക്രമേണ ഫലം കണ്ടു. ആ ബാലൻ ഖുർആൻ ഹൃദയസ്ഥമാക്കി. അവൻറെ സ്വഭാവത്തിൽ വലിയ മാറ്റം പ്രകടമായി.

തെറ്റായ ശിക്ഷണം നൽകിയതിൻറെ തിക്ത മാതൃകയാണ് ഈജ്പ്ഷ്യൻ സാഹിത്യകാരനായ താഹാ ഹുസൈൻ. അറബ് സാഹിത്യത്തിലെ മുടിചൂടാ മന്നനായ താഹാ ഹുസൈനെ കുറിച്ച് കേൾക്കാത്തവർ ആരും തന്നെ ഉണ്ടാവില്ല. രണ്ടാം വയസ്സിൽ ഒഫ്താൽമിയ രോഗം പിടിപ്പെട്ട് അന്ധത ബാധിച്ച വിശ്വ സാഹിത്യകാരനായിരുന്നു താഹാ ഹുസൈൻ. പതിമൂന്ന് കുട്ടികളിൽ ഏഴാമനായി ഈജ്പ്റ്റിലെ ഒരു ഇടത്തരം കുടുംബത്തിലായിരുന്നു അദ്ദേഹം ജനിച്ചത്. താഹാ ഹുസൈൻറെ കഥകൾ പറഞ്ഞ് ഉമ്മമാർ അവരുടെ കുട്ടികളെ പ്രചോദിപ്പിച്ചിരുന്നു.

താഹാ ഹുസൈൻ ഒരിക്കൽ സ്കൂളിൽ തൻറെ ബെഞ്ച് മാറിയിരുന്നു. ഇത് ശ്രദ്ധയിൽപെടാതെ മത വിഷയങ്ങൾ പഠിപ്പിച്ചിരുന്ന അധ്യാപകൻ കണ്ണ്പൊട്ടൻ താഹാ ഹുസൈൻ ഇന്ന് എവിടെ എന്ന് ഉറക്കെ അന്വേഷിച്ചു. ഇത് കേട്ട സഹപാഠികൾ താഹാ ഹുസൈനെ പരിഹസിക്കുകയും പൊട്ടിച്ചിരിക്കുകയും ചെയ്തു. അന്ധനായ താഹാ ഹുസൈനിൻറെ ഹൃദയത്തിൽ ഈ പരിഹാസം ആഴത്തിൽ മുറിവേൽപിച്ചു. പിന്ന്ട് താഹാ ഹുസൈനിന് മത വിഷയങ്ങളോടും അത് പഠിപ്പിക്കുന്ന അധ്യാപകനോടും പരമ പുഛമായി്.

കോച്ചിനെ പോലെ രക്ഷിതാക്കളും
ലക്ഷ്യമെന്തായാലും അത് നേടിഎടുക്കാൻ പ്രചോദനം നൽകലും പിന്തുണക്കലും ഇടക്കിടെ അതിൻറെ പുരോഗതി പരിശോധിക്കലുമാണ് ഒരു കോച്ചിൻറെ ഉത്തരവാദിത്വം. അതിൻറെ നല്ല മാതൃകയാണ് കായിക പ്രതിഭ പി.ടി.ഉഷയും കോച്ച് നമ്പ്യാരും. 100 മീറ്റർ ദൂരം 11 മിനിറ്റിൽ ഓടി റികാർഡ് രചിച്ചത് ഉഷയുടെ മിടുക്ക് മാത്രമല്ല. കോച്ച് നമ്പ്യാർക്കും അതിൽ വലിയ പങ്കുണ്ട്. കോച്ച് നമ്പ്യാർ ഉഷയുടെ പരിശീലനത്തിന് സമയം നിശ്ചയിച്ചു. കൃത്യസമയത്ത് ഉഷ ഗ്രൗണ്ടിലെത്തി എന്ന് ഉറപ്പ് വരുത്തി. പ്രാക്ടീസ് ചെയ്യിപ്പിച്ചു. നമ്പ്യാർ ഉഷയെ പ്രോൽസഹിപ്പിച്ചു. ഓരോ റൗണ്ട്പൂർത്തിയാവുമ്പോഴും, ഉഷയെ അനുമോദിച്ചു.

ഇത് പോലെയാണ് ഉത്തമ രക്ഷിതാക്കളും. കുട്ടികൾക്ക് കൃത്യമായ ലക്ഷ്യം നിർണ്ണയിക്കുക. അവരെ അതിലേക്ക് മുന്നോട്ട് നയിക്കുക. ആവശ്യമായ നിർദ്ദേശങ്ങൾ നൽകുക. പരീക്ഷ കഴിഞ്ഞ് മാർക്ക് ചോദിച്ചാൽ പോര ഉത്തര പേപ്പർ തന്നെ പരിശോധിക്കുക. അനുമോദിക്കാൻ ഒരു ശതമാനം സാധ്യതയുണ്ടെങ്കിൽ അതിൽ പിശുക്ക് കാണിക്കാതിരിക്കുക. അങ്ങനെ നമ്മുടെ സന്താനങ്ങളെ വളർത്തിയാൽ അവർ ജീവിതത്തിൽ വലിയ മുന്നേറ്റം നേടും എന്ന കാര്യത്തിൽ സംശയമില്ല.

Related Articles