Current Date

Search
Close this search box.
Search
Close this search box.

ഫിഖ്ഹുല്‍ മീസാന്‍ ( 1 – 2)

മുസ്‌ലിം സമുദായം വിവിധങ്ങളായ പ്രതിസന്ധിഘട്ടങ്ങളിലൂടെയാണ് കടന്നുപോയിക്കൊണ്ടിരിക്കുന്നത്. പ്രത്യേകിച്ച്, മധ്യപൗരസ്ത്യദേശങ്ങളില്‍ ഇത്തരം ഭിന്നതകള്‍ വളരെ കൂടുതലാണ്. രാഷ്ട്രീയപരമായ ചേരിതിരിവുകള്‍ മൂര്‍ഛിക്കുന്നതും ഇസ്‌ലാമിക പ്രസ്ഥാനങ്ങള്‍ തമ്മിലുള്ള ഭിന്നതയുടെ ആഴമേറുന്നതും കൊളോണിയലിസത്തിന്റെ പുതിയ രൂപങ്ങള്‍ കൂടുതല്‍ ശക്തിപ്രാപിക്കുന്നതും അല്‍ ഖാഇദ, ദാഇശ് പോലോത്ത തീവ്രഗ്രൂപ്പുകളില്‍ നിന്ന് പ്രചോദനമുള്‍ക്കൊണ്ട് അകത്തു തന്നെ പലരും വിപ്ലവങ്ങള്‍ക്ക് ശ്രമിക്കുന്നതും തുടങ്ങി അത്യധികം പ്രശ്‌നകലുശിതമാണ് ചിത്രങ്ങള്‍. ഇസ്‌ലാമിക ചിന്താപ്രസ്ഥാനങ്ങളുടെ നിലനില്‍പ്പ് അതിന്റെ ശക്തവും വ്യക്തവുമായ ചിന്തയുടെ മേല്‍ തന്നെയാണല്ലോ. ആയതിനാല്‍, പാരമ്പര്യത്തെയും ആധുനികതയെയും സമ്മേളിപ്പിക്കുന്ന, സ്ഥായിയായതും എന്നാല്‍ മാറ്റങ്ങള്‍ ഉള്‍ക്കൊള്ളുന്നതുമായ, വിശുദ്ധ ഖുര്‍ആനില്‍ നിന്ന് വെളിച്ചം സ്വീകരിക്കുന്ന വിശുദ്ധമായ, ശരിയായ ചിന്ത സമുദായം രൂപപ്പെടുത്തേണ്ടതുണ്ട്. ‘മുന്നില്‍ നിന്നും പിന്നില്‍ നിന്നും യാതൊരുവിധ ശൈഥല്യവുമേല്‍ക്കാത്തതും യുക്തിമാനും സ്തുത്യര്‍ഹവുമായവന്റെ പക്കല്‍ നിന്ന് അവതീര്‍ണവുമായ ഒരജയ്യ വേദമത്രെ അത്.'(ഫുസ്വിലത്ത്- 42)

അരനൂറ്റാണ്ടിലധികമായി ഖുര്‍ആനുമായി ബന്ധപ്പെട്ടു നടത്തിയ അന്വേഷണങ്ങള്‍ക്കും പഠനങ്ങള്‍ക്കും ചിന്തകള്‍ക്കും, കാല്‍നൂറ്റാണ്ടുകാലമായി ‘ഫിഖ്ഹുല്‍ മീസാന്‍’ എന്ന ഗ്രന്ഥത്തിനുവേണ്ടി നടത്തിയ പഠനങ്ങള്‍ക്കുമൊടുവില്‍ ഞാന്‍ മനസ്സിലാക്കിയ ഏറ്റവും പ്രധാനമായൊരു കാര്യം, വിശുദ്ധ ഖുര്‍ആന്‍ നമ്മുടെ ചിന്തകള്‍ക്ക് വഴികാട്ടിയും രോഗങ്ങള്‍ക്ക് ശാന്തിയും ഇരുലോകത്തും നന്മയും സര്‍വമനുഷ്യ‌ർക്കും കാരുണ്യവും സുരക്ഷിതത്വും രക്ഷയുമാണെന്നൊരു വസ്തുതയാണ്. മിക്ക മുസ്‌ലിംകളുടെയും ഇന്നത്തെ പ്രശ്‌നം ചിന്തിക്കുന്നതിലും മനസ്സിലാക്കുന്നതിലുമുള്ള പിഴവാണ്. വിശുദ്ധ ഖുര്‍ആന്‍ അതിഷ്ഠിതപ്പെടുത്തിയുള്ള ഫിഖ്ഹുല്‍ മീസാനാ(ശരീഅത്തിന്റെയും വിധിവിലക്കുകളുടെയും തോതും സന്തുലിതാവസ്ഥയും മനസ്സിലാക്കല്‍) ണ് സമുദായത്തിന്റെ ഉന്നമനത്തിന്റെയും ഉയിര്‍ത്തെഴുന്നേല്‍പ്പിന്റെയും മാനദണ്ഡവും.

ഇരുലോകത്തെയും നശിപ്പിക്കുന്ന വിധത്തില്‍ നമ്മുടെ സമൂഹത്തിനുമേല്‍ സ്വാധീനം ചെലുത്തുന്നതില്‍ അപ്രമാദിത്യരാഷ്ട്രീയം കൃത്യമായി വിജയിച്ചിട്ടുണ്ട്. ഇസ്‌ലാമിനെ ചില വെറും കര്‍മങ്ങളുടെ സംയോജനം മാത്രമാക്കി കാണിക്കാന്‍ ശ്രമിക്കുന്നവര്‍. സ്വാതന്ത്ര്യത്തെ കുഴിച്ചുമൂടുകയും പഴഞ്ചന്‍ വാദങ്ങള്‍ വെച്ചുപുലര്‍ത്തുകയും പടിഞ്ഞാറന്‍ സംസ്‌കാരത്തോടും സ്ത്രീയോടും നിയമങ്ങളോടും ന്യൂനപക്ഷത്തോടും പോരാടുകയും ചെയ്യുന്ന ഒരു ചിന്താപ്രസ്ഥാനമായാണവര്‍ ഇസ്‌ലാമിനെ പരിചയപ്പെടുത്തുന്നത്. ഇക്കാര്യങ്ങളാണെങ്കില്‍ അല്ലാഹുവും അവന്റെ പ്രവാചകനും ഇഷ്ടപ്പെടാത്ത കാര്യം കൂടിയാണ്. നാം വിശ്വസിക്കുന്നതും വിശ്വസിക്കേണ്ടതുമായൊരു കാര്യം, ഈ വിശുദ്ധ ദീനിന്റെ പ്രൗഢിയും ആകാശഭൂമികളുടെ സ്രഷ്ടാവായ അല്ലാഹുവിന്റെ പ്രീതിയും ഭൂമിയിലെ ജനജീവിതം നശിപ്പിക്കുന്നതിലല്ല എന്നും മതം ലക്ഷ്യമിടുന്നത് മനുഷ്യന്റെ മനുഷ്യത്വം സംരക്ഷിക്കാനും അവന്റെ മഹത്വം ഉയര്‍ത്താനും അവനെ തിന്മകളില്‍ നിന്ന് സംരക്ഷിക്കാനുമാണെന്നുള്ള കാര്യമാണ്.

വളരെ സങ്കടകരമായ കാര്യമെന്നത്, ഇസ്‌ലാമിനെതിരെ ശക്തമായ അക്രമണങ്ങള്‍ അഴിച്ചുവിടപ്പെടുന്ന വര്‍ത്തമാനകാല സാഹചര്യത്തില്‍ ഞാന്‍ അല്‍പംപോലും സന്തുഷ്ടനല്ല. ഈ വിശുദ്ധമതം വാളെടുക്കാന്‍ ആഹ്വാനം ചെയ്യുന്നുവെന്നോ അതിന്റെ അടിസ്ഥാനങ്ങള്‍ ഇത്തരം തീവ്രചിന്തകള്‍ക്ക് സമ്മതം നല്‍കുന്നുവോ എന്നല്ല. ഈ തീവ്ര ഗ്രൂപ്പുകളെല്ലാം സത്യത്തിന്റെ മാര്‍ഗത്തില്‍ നിന്ന് എത്രയോ അകന്നാണ് സഞ്ചരിക്കുന്നത്. അതിന്റെ കപ്പല്‍ സഞ്ചരിക്കുന്നത് കൃത്യമായ കണക്കോ നിഷ്ഠയോ ഇല്ലാതെയാണ്. ഗാഢമായ രീതിശാസ്ത്രമോ ശക്തമായ ബോധ്യമോ ഇല്ലാതെയാണ്. മാത്രമല്ല, അവര്‍ വിശുദ്ധ ഖുര്‍ആനെ കഷ്ണിച്ച് വികലമാക്കുകയും ആവശ്യമുള്ളത് തെരഞ്ഞെടുക്കുകയും മറ്റുള്ളവ ഉപേക്ഷിക്കുകയും ചെയ്തു. വിശുദ്ധ ഖുര്‍ആനാവട്ടെ, കൃത്യമായ അടിസ്ഥാനമുള്ള, ചിലത് ചിലതിനെ പരസ്പരം വിശദീകരിക്കുന്ന വിശുദ്ധ ഗ്രന്ഥവുമാണ്. ഇമാം ഇബ്‌നു തൈമിയ്യ പറയുന്നു: ‘സൃഷ്ടിപ്പിന്റെ അര്‍ഥവും മതത്തിലെ നിര്‍ബന്ധബാധ്യതകളും അറിയാത്തവന്‍ അല്ലാഹുവിന്റെ വിധിവിലക്കുകള്‍ അറിയാത്തവനാണ്. അതറിയാത്തവന്റെ പ്രവര്‍ത്തനങ്ങളും വാക്കുകളും അജ്ഞത നിറഞ്ഞതാവും. അറിവില്ലാതെ അല്ലാഹുവിനെ ആരാധിക്കുന്നവന്‍ നന്മകളെക്കാള്‍ ദോഷങ്ങളാവും വരുത്തിവെക്കുക.’

ഫലപ്രദമായ ഗുണങ്ങളും ശറഈ നിയമങ്ങള്‍ പ്രാവര്‍ത്തികമാക്കാനാവശ്യമായ സാഹചര്യങ്ങളും തിരിച്ചറിയുന്നതും മതത്തിന്റെ അടിസ്ഥാനതത്വങ്ങള്‍ മനസ്സിലാക്കുകയും കൃത്യമായി അതിനെ സ്ഥാപിക്കുന്നതും മതത്തിനും ജീവിതത്തിനും ഏറ്റവും ഉന്നതവും ശുദ്ധവും മഹത്തരവുമായ അവസ്ഥ സമ്മാനിക്കുന്നതാണ്.

മതത്തിന്റെ ആള്‍ക്കാരെന്നു നടക്കുന്നവരില്‍ പോലും പലരും അറിയാതെപോവുന്ന കാര്യമാണ്, തന്‍ഖീഹുല്‍ മനാത്വ്, തഖ്രീജുല്‍ മനാത്വ്, തഹ്ഖീഖുല്‍ മനാത്വ് തുടങ്ങിയ സാങ്കേതികതത്വങ്ങള്‍. ഇക്കാര്യങ്ങളൊക്കെ കൂടിച്ചേര്‍ന്നാണ് വര്‍ത്തമാനകാലത്തെ മനസ്സിലാക്കാന്‍ സാധിക്കൂ. ഇക്കാര്യങ്ങളൊക്കെ സാധ്യമാവുകയും നടപ്പിലാക്കുകയും ചെയ്യണമെങ്കില്‍ കൃത്യമായ മാനദണ്ഡവും നീതിയുക്തമായ അളവുകോലും ആവശ്യമാണ്. എങ്കില്‍മാത്രമേ അല്ലാഹുവും അവന്റെ റസൂലും പറഞ്ഞകാര്യങ്ങളുടെ അന്തഃസ്സത്ത വ്യക്തമാവുകയും ഒരേസമയം സാഹചര്യത്തെയും മതനിയമങ്ങളുടെ അടിസ്ഥാനങ്ങളെയും മനസ്സിലാക്കാന്‍ സാധിക്കുകയും ചെയ്യൂ. ചില സെക്കുലറിസ്റ്റുകള്‍ക്കൊപ്പമുള്ള എന്റെ സംഭാഷണത്തില്‍ ഞാന്‍ നിബന്ധനവെച്ചതും എന്റെ ‘ഫിഖ്ഹുല്‍ മീസാന്‍’ എന്ന ഗ്രന്ഥത്തില്‍ ഞാന്‍ പറഞ്ഞതും അതായിരുന്നു. ഇസ് ലാമിനെക്കുറിച്ചു സംസാരിക്കുമ്പോള്‍ അതിന്റെ കൃത്യവും വ്യക്തവുമായ ആധികാരിക ഉറവിടങ്ങളും തെളിവുകളും വെച്ചാവണം പറയേണ്ടതെന്നുള്ള കാര്യം. ഇസ് ലാമിക കര്‍മങ്ങളെക്കുറിച്ചുള്ള സുദീര്‍ഘവും ആഴത്തിലുള്ളതുമായ പഠനങ്ങള്‍ക്കും അനുഭവങ്ങള്‍ക്കും ശേഷമാണ് ഞാനീ ഗ്രന്ഥമെഴുതുന്നത്. ഇതൊരു നല്ലൊരു തുടക്കമാവട്ടെയെന്നും സമൂഹത്തിന്റെ വൈജ്ഞാനിക മുന്നേറ്റങ്ങള്‍ക്കും നീതിയുക്തമായ തിരുത്തലുകള്‍ക്കും അതിന്റെ അളവില്‍ വരുത്തുന്ന കുറച്ചിലുകളെ വിചാരണ ചെയ്യാനും കാരണമാവട്ടെയെന്നും ആശംസിക്കുന്നു. ‘അളവിലും തൂക്കത്തിലും കുറച്ചില്‍ വരുത്തുന്നവര്‍ക്ക് നാശം’ എന്ന ഖുര്‍ആനികസൂക്തം വെറും കച്ചവടസാധങ്ങളിലെ കുറച്ചിലിനെക്കുറിച്ചു മാത്രമല്ല, മറിച്ച് മറ്റെല്ലാ പ്രവര്‍ത്തനങ്ങളിലും വിധികളിലും വികാരങ്ങളിലുമെല്ലാം ഇക്കാര്യം ബാധ്യമാണ്. മതമാണ് എല്ലാത്തിനും പരിഹാരമെന്നും സഹിഷ്ണുതയുടെ മതമാണ് നമ്മുടേതെന്നുമൊക്കെ വെറും അധരവ്യായാമങ്ങള്‍ നടത്തുന്നതിനുപകരം യാഥാര്‍ഥ്യലോകത്ത് അവ പ്രകടമാക്കിക്കൊടുക്കാന്‍ നമുക്ക് സാധിക്കണം.

പ്രധാനമായും നമ്മുടെ സമൂഹം രണ്ടുവെല്ലുവിളികളാണ് നേരിടുന്നത്. ആദ്യമായി, ശറഇന്റെ അടിസ്ഥാനങ്ങള്‍ വിശദീകരിക്കുന്നതിലുള്ള പരസ്പരവൈരുധ്യങ്ങളടങ്ങിയ ആഭ്യന്തര പ്രതിസന്ധി. അതേത്തുടര്‍ന്ന് ചിലരുടെ വിശ്വാസത്തിന് കളങ്കമേല്‍ക്കുകയും വ്യത്യസ്തതരം സംഘട്ടനങ്ങള്‍ നടക്കുകയും ചെയ്യും. ഫിഖ്ഹുല്‍ മീസാന്‍ ഇവിടെ പ്രാവര്‍ത്തികമാവുകയാണെങ്കില്‍ ഇതൊന്നും നടക്കില്ലായിരുന്നു. രണ്ടാമതായി, ഇത്തരം ആഭ്യന്തരകലഹങ്ങളുടെയും തീവ്രഗ്രൂപ്പുകളുടെയും ഫലമായി ഇസ് ലാമിന് ബാഹ്യലോകത്ത് ഏല്‍ക്കേണ്ടിവരുന്ന വികലവും മോശവുമായ മുഖം. ഇത്തരം വികലമായ വിശദീകരണങ്ങളെ വെളിപ്പെടുത്തുകയും ഇസ് ലാമിന്റെ സന്തുലിതരൂപം വ്യക്തമാക്കുകയും ശരീഅത്തിനെ മനസ്സിലാക്കാനുള്ള ശരിയായ മാര്‍ഗം ഉറപ്പിക്കുകയുമാണ് ഫിഖ്ഹുല്‍ മീസാനിന്റെ ദൗത്യം. കാല്‍നൂറ്റാണ്ടുകാലമായുള്ള ചിന്തകളും ആലോചനകളുമാണ് ഈയൊരു ഗ്രന്ഥരൂപത്തിലായത്. ആയതിനാല്‍, ഇസ് ലാമിക ചിന്താപ്രസ്ഥാനങ്ങള്‍ ഈയൊരു ഉത്തരവാദിത്വം ഏറ്റെടുക്കേണ്ടതുണ്ട്. ( തുടരും)

വിവ. മുഹമ്മദ് ശാക്കിര്‍ മണിയറ

Related Articles