Current Date

Search
Close this search box.
Search
Close this search box.

മദീനയിൽ

മസ്ജിദുന്നബവിയിൽ എത്തിപ്പെടാൻ മനസ്സ് തിടുക്കം കൂട്ടുന്നു. ജിദ്ദയിൽ നിന്ന് മദായിൻ സ്വാലിഹിലേക്കാണ് ആദ്യം പോയത്. ദീർഘമായ യാത്ര. (അതെക്കുറിച്ച് പിന്നീട് പറയാം). അവിടെ നിന്ന് മദീനയിലേക്ക് പുറപ്പെട്ടു. നാല് മണിക്കൂർ യാത്ര ചെയ്ത് മദീനയിലെത്തുമ്പോൾ രാത്രി പത്ത് മണി കഴിഞ്ഞിരുന്നു. ഹോട്ടലിൽ ഉറങ്ങി രാവിലെ മസ്ജിദുന്നബവിയിലേക്ക്. മദീനയുടെ വിശാലമായ പാതകളിലൂടെ കുറെ ദൂരം മുന്നോട്ടു പോയപ്പോൾ മസ്ജിന്നബവിയുടെ മിനാരങ്ങൾ കാണാറായി. പതിനഞ്ച് വർഷത്തിന് ശേഷം പ്രവാചകന്റെ പളളിയും നഗരവും വീണ്ടും കാണുകയാണ്. പള്ളിയോട് ചേർന്ന അണ്ടർഗ്രൗണ്ട് പാർക്കിംഗ് ഏരിയയിൽ വണ്ടി നിർത്തി പള്ളിയിലേക്ക് നടന്നു. ളുഹ്ർ നമസ്കാരത്തിനും സിയാറത്തിനും ആളുകൾ വന്നുകൊണ്ടിരിക്കുന്നു. മക്കയിലെ തിക്കും തിരക്കും മസ്ജിദുന്നബവിയിൽ അനുഭവപ്പെടുകയില്ല. നീണ്ട് പരന്നുകിടക്കുന്ന പള്ളിയുടെ മാർബിൾ വിരിച്ച മുറ്റത്ത് വലുതും മനോഹരവുമായ ഫൈബർ കുടകൾ തണൽ വിരിച്ചിരിക്കുന്നു. മിനാരങ്ങളെ മറച്ചു കൊണ്ട് വിടർന്നു നിൽക്കുന്ന ഈ കുടകൾ കഴിഞ്ഞ തവണ വന്നപ്പോൾ ഉണ്ടായിരുന്നില്ല. സാന്ധ്യാകാശത്തിന് ചുവട്ടിൽ മിനാരങ്ങളെ നോക്കി അന്ന് നിർന്നിമേഷനായി നിന്നത് ഇപ്പോഴും ഓർമയുണ്ട്.

മസ്ജിദുന്നബവി

ഞങ്ങൾ പളളിയുടെ അകത്തേക്ക് കടന്നു. സ്ത്രീകൾക്ക് പ്രവേശിക്കാൻ പ്രത്യേക കവാടവും നമസ്കരിക്കാൻ പ്രത്യേകം ഇടവുമുണ്ട്. മാർബിൾ പതിച്ച കമാനങ്ങളുടെ അനന്തവിസ്തൃതലോകം. ളുഹർ നമസ്കാരം പ്രതീക്ഷിച്ച് പ്രാർത്ഥനയിലും ഖുർആൻ പാരായണത്തിലും മുഴുകി ഇരുന്നപ്പോൾ മനസ്സിൽ വല്ലാത്ത കുളിർമയും ശാന്തതയും അനുഭവപ്പെട്ടു. ബാങ്കുവിളിക്കുമ്പോഴേക്കും പള്ളി ഏറെക്കുറെ നിറഞ്ഞു. നമസ്കാരം കഴിഞ്ഞ് ജനം പുറത്തേക്കൊഴുകി. ഞങ്ങളും ആ പ്രവാഹത്തിന്റെ ഭാഗമായി. റൗള സിയാറത്ത് ചെയ്യണമെങ്കിൽ മുൻകൂട്ടി പേര് രജിസ്റ്റർ ചെയ്യണം. ഒരു മണിയാണ് ഞങ്ങൾക്ക് കിട്ടിയ സമയം. റൗളയുടെ ഭാഗത്തേക്ക് നടന്നു. അവിടെ നീണ്ട ക്യൂവാണ്. പച്ച നിറമുളള ഖുബ്ബക്ക് താഴെ റൗളാ ശരീഫ് കൺപാർക്കാൻ തിരക്ക് കൂട്ടുന്ന ആൾക്കൂട്ടം. സിയാറത്തിനുള്ള പുതിയ നിയന്ത്രണങ്ങൾ കോവിഡ് കാലത്ത് ഏർപ്പെടുത്തിയതാണെന്ന് അറിയാൻ കഴിഞ്ഞു. ജന്നത്തുൽ ബഖീഇന്റെ ഭാഗത്തുള്ള പള്ളിയങ്കണത്തിലൂടെ വേണം ഇപ്പോൾ റൗളയിലേക്ക് പ്രവേശിക്കാൻ. കഴിഞ്ഞ തവണ വന്നപ്പോൾ അകം പളളിയിലൂടെ പ്രത്യേക പരിശോധനകളാന്നും കൂടാതെ തന്നെ റൗള സന്ദർശിച്ചതും അവിടെ പ്രാർത്ഥിച്ചതും ഓർമയുണ്ട്.

മസ്ജിദുന്നബവിയോട് വിട പറഞ്ഞ് ഞങ്ങൾ മദീനയിലെ ചരിത്രപ്രസിദ്ധമായ സ്ഥലങ്ങൾ കാണാനിറങ്ങി. പ്രവാചകന്റെ നഗരി പ്രശാന്തസുന്ദരമാണ്. മക്ക കുന്നുകളുടെ നഗരമാണെങ്കിൽ മദീന താഴ് വാരങ്ങളുടെയും ഈന്തപ്പനത്തോട്ടങ്ങളുടെയും നഗരമാണ്. പശ്ചാത്തലത്തിൽ മലനിരകൾ കാണാം. പ്രവാചകൻ സ്ഥാപിച്ച ഇസ്ലാമിക രാഷ്ട്രത്തിന്റെ തലസ്ഥാനമായിരുന്ന മദീനയുടെ ഓരോ തരി മണ്ണിലും ചരിത്രം തുടിച്ചു നിൽക്കുന്നുണ്ട്. എല്ലാം കണ്ട് തീർക്കാൻ ഞങ്ങൾക്ക് സമയമില്ല. ഉളള സമയം ഏറ്റവും നന്നായി പ്രയോജനപ്പെടുത്തുന്നതിന് വേണ്ടി പാലക്കാട്ടുകാരനും മദീനാ നിവാസിയുമായ ഹിദായത്തിനെ കൂടെക്കൂട്ടി.

ഉഹ്ദ് : ജബൽ റുമാതും പരിസരവും

ഉഹ്ദിലേക്കാണ് ഞങ്ങൾ ആദ്യം പോയത്. കഴിഞ്ഞതവണ വന്നപ്പോഴും ഉഹ്ദ് കണ്ടിരുന്നെങ്കിലും ഹിദായത്തിന്റെ വിവരണങ്ങൾ യുദ്ധത്തിന്റെയും അതുമായി ബന്ധപ്പെട്ട സ്ഥലങ്ങളുടെയും ചരിത്രത്തിലേക്ക് കൂടുതൽ വെളിച്ചം നൽകി. പ്രവാചകനും സഹാബികളും യുദ്ധത്തിന് വേണ്ടി പോർച്ചട്ടയണിഞ്ഞ സ്ഥലം ഹിദായത്ത് ഞങ്ങൾക്ക് കാണിച്ചുതന്നു . അവിടെ ഇപ്പോൾ ഒരു പളളിയുണ്ട്. മുന്നൂറ് കപടവിശ്വാസികൾ മുസ്ലിം സൈന്യത്തിൽ നിന്ന് പിന്തിരിഞ്ഞു പോയതും അവിടെ വെച്ചായിരുന്നുവത്രെ. ഇപ്പോൾ ഞങ്ങൾ ഉഹ്ദ് മലയുടെ താഴ് വരയിലാണ്. മദീനാ നഗരിയെ നെടുകെ പിളർന്നുകൊണ്ട് പ്രവാചകന് പ്രിയപ്പെട്ട മല തലയുയർത്തി നിൽക്കുന്നു. യുദ്ധത്തിൽ അമ്പെയ്ത്തുകാരെ നബി കാവൽ നിർത്തിയിരുന്ന ജബലുർറുമാത് എന്ന ഉയരം കുറഞ്ഞ മല സന്ദർശകരെക്കൊണ്ട് നിറഞ്ഞിരിക്കുന്നു.

അമ്പെയ്ത്തുകാർ പ്രവാചകന്റെ നിർദ്ദേശത്തിന് കാത്ത് നിൽക്കാതെ യുദ്ധമുതലുകൾ ശേഖരിക്കുന്നതിന് വേണ്ടി കുന്നിൻ മുകളിൽ നിന്ന് ഇറങ്ങിയപ്പോഴാണല്ലോ ശത്രു സൈന്യം അതിലൂടെ ഇരച്ചുകയറിയതും യുദ്ധത്തിൽ മുസ്ലിംകൾക്ക് പരാജയം സംഭവിച്ചതും. കുന്നിന്റെ താഴെ ഹംസ (റ), മിസ്അബ് ബ്നു ഉമൈർ (റ), അബദുല്ലാഹിബ്നു ജഹ്ശ് (റ) ഉൾപ്പെടെയുള്ള ശുഹദാക്കളെ ഖബറടക്കിയ സ്ഥലം ഇരുമ്പുവേലി കൊണ്ട് വേർതിരിച്ചിരിക്കുന്നു. ഹംസ (റ) യെയും അബ്ദുല്ലാഹിബ്നുജഹ്ശ് (റ) നെയും ഒരേ ഖബറിലാണ് ഒരുമിച്ച് മറമാടിയത്. ഹംസ (റ) ശഹീദായ സ്ഥലത്ത് മസ്ജിദുൽ ഹംസ എന്ന പേരിൽ വലിയ ഒരു പള്ളിയുണ്ട്. തൊട്ടടുത്ത് ഒരു സ്ക്കൂൾ പ്രവർത്തിക്കുന്നു. സ്ക്കൂളിന്റെ മുന്നിൽ ഉഹ്ദ് യുദ്ധം ചിത്രീകരിക്കുന്ന മാപ് കാണാം. ഇരുവശത്തും പഴയ വീടുകളുള്ള ഒരു ഇടുങ്ങിയ വഴിയിലൂടെ ഹിദായത്ത് ഞങ്ങളെ ഉഹ്ദ് മലയുടെ മറ്റൊരു ഭാഗത്തേക്ക് കൂട്ടിക്കൊണ്ടുപോയി. താഴെ നിന്ന് നോക്കിയാൽ മലയിൽ ഒരു ഗുഹ കാണാം. ആളുകൾ കയറാതിരിക്കാൻ വേണ്ടിയാവണം ഗുഹാമുഖം കോൺക്രീറ്റ് കൊണ്ട് ഭാഗികമായി അടച്ചിട്ടുണ്ട്. യുദ്ധത്തിൽ പരിക്കേറ്റ പ്രവാചകനെയും മറ്റ് നിരവധി സഹാബികളെയും ഒളിപ്പിച്ചതും അവർക്ക് ശുശ്രൂ

മസ്ജിദു ഹംസ (റ) – ഉഹ്ദ്

ഷ നൽകിയതും ആ ഗുഹയിലും അതിന്റെ പരിസരങ്ങളിലും ആയിരുന്നുവത്രെ. മുഖത്തും ശരീരത്തിലും മുറിവേറ്റ് പരവശനായ പ്രവാചകനെ സംരക്ഷിക്കാൻ വേണ്ടി ഉമ്മു അമ്മാറ എന്ന ധീരവനിത യുദ്ധക്കളത്തിലേക്ക് എടുത്തു ചാടിയതും ശത്രുക്കൾ ഭയന്ന് പിൻമാറിയതുമായ സംഭവം വിവരിക്കുകയായിരുന്നു ഹിദായത്ത് അപ്പോൾ.

ശുഹദാക്കൾക്ക് അഭിവാദ്യമർപ്പിച്ച് ഞങ്ങൾ ഉഹ്ദിനോട് വിട ചൊല്ലി. യഥ് രിബിൽ പ്രവാചകൻ ആദ്യമായി നിർമിച്ച പള്ളി എന്ന നിലയിൽ അറിയപ്പെടുന്ന മസ്ജിദുഖുബാ, നബിയും സഹാബികളും നമസ്കരിച്ചു കൊണ്ടിരിക്കെ ബൈത്തുൽ മുഖദ്ദിസിൽ നിന്ന് കഅബയിലേക്ക് ഖിബ് ല മാറാൻ അല്ലാഹുവിന്റെ നിർദേശം ലഭിക്കുകയും അതനുസരിച്ച് നബി കഅബയിലേക്ക് തിരിഞ്ഞു നമസ്ക്കരിക്കുകയും ചെയ്ത മസ്ജിദു ഖിബ് ലത്തൈനി , ഖൻദഖ് യുദ്ധം നടന്ന സ്ഥലം, മസ്ജിദു ബനീ ഹറം (വയറ്റത്ത് കല്ല് വെച്ച് കെട്ടി പ്രവാചകനും അനുചരൻമാരും ഖൻദഖ് കുഴിക്കുന്നതിനിടയിൽ ജാബിർ (റ) വും കുടുംബവും നബിക്ക് വേണ്ടി തയ്യാറാക്കിയ ഭക്ഷണത്തിൽ നിന്ന് 1500 ലധികം മുസ്ലിംകൾ വിശപ്പുമാറ്റിയ സ്ഥലത്ത് നിർമ്മിച്ച പളളി ), റൂമത്തുൽ ഗിഫാരി എന്ന ജൂതനിൽ നിന്ന് ഉസ്മാൻ (റ) വിലക്ക് വാങ്ങി പൊതുജനങ്ങൾക്ക് തുറന്നു കൊടുത്ത കിണർ ….. മദീനാ നഗരത്തിനകത്തുള്ള ഈ ചരിത്രസ്ഥലികൾ ചുറ്റിക്കണ്ടു.

ഉസ്മാൻ (റ) വിന്റെ കിണർ ഒരു ഈന്തപ്പനത്തോട്ടത്തിലാണ്. ടൂറിസം വികസിപ്പിക്കുന്നതിൻ്റെ ഭാഗമായി മറഞ്ഞു കിടന്ന ചരിത്രാവശിഷ്ടങ്ങളൊക്കെയും വീണ്ടെടുക്കാനുള്ള ശ്രമത്തിലാണ് പുതിയ സൗദി ഭരണകൂടം. അത്തരം സ്ഥലങ്ങൾ വേലി കെട്ടി സംരക്ഷിക്കുകയും അറബിയിലും ഇംഗ്ളീഷിലും സന്ദർശകർക്ക് ആവശ്യമായ വിവരങ്ങളും ചിത്രങ്ങളും ഉൾക്കൊള്ളുന്ന ബോഡുകൾ സ്ഥാപിക്കുകയും ചെയ്തിട്ടുണ്ട്. നേരത്തെ പറഞ്ഞ പള്ളികളുടെയൊന്നും അവശിഷ്ടങ്ങൾ ഇപ്പോൾ ദൃശ്യമല്ല. അവിടെയൊക്കെ പുതിയ പള്ളികൾ പണിതിരിക്കുകയാണ്. ഖൻദഖ് യുദ്ധത്തിൽ നബിയും അബൂബക്കർ സിദ്ധീഖും ഉമറുൽ ഫാറൂഖും സൽമാനുൽ ഫാരിസിയും നിലയുറപ്പിച്ചിരുന്ന സ്ഥലങ്ങൾ അടയാളപ്പെടുത്തുന്ന പഴയ ചില നിർമിതികൾ കാണാം. പശ്ചാത്തലത്തിലുള്ള മലയുടെ ഉച്ചിയിൽ ഉസ്മാനിയാ ഭരണകർത്താക്കൾ നിർമിച്ചത് എന്ന് പറയപ്പെടുന്ന ഒരു കോട്ടയുടെ അവശിഷ്ടങ്ങൾ ദൂരെ നിന്ന് കാണാം. മലയടിവാരത്തിൽ മസ്ജിദ് ഖൻദഖ് എന്ന പേരിൽ പുതിയ ഒരു പള്ളിയുണ്ട്. കിടങ്ങ് ഉണ്ടായിരുന്ന സ്ഥലത്ത് ഇപ്പോൾ റോഡാണ്.

സൽമാനുൽ ഫാരിസിയുടെ തോട്ടം, ബിഅറു ഗർസ്, ആയിശ (റ) വിന്റെ ബന്ധുവായ ഉർവത്തുബ്നു സുബൈറിന്റെ വീട്, ഹുസൈൻ (റ) യുടെ മകൾ ഫാത്തിമയുടേത് എന്ന് കരുതപ്പെടുന്ന വീട് …. ചരിത്രത്തിന്റെ ഭൗതികാവശിഷ്ടങ്ങൾ ഇപ്പോഴും ബാക്കിയായ സ്ഥലങ്ങളാണിവയൊക്കെ. ഇഷ്ടികക്കട്ടകൾ കൊണ്ട് പണിത ഫാത്തിമയുടെ വീടിന് ചുറ്റും ധാരാളം ശിയാ തീർത്ഥാടകരെ കണ്ടു. അവർ ഉച്ചത്തിൽ കരയുകയും പ്രാർത്ഥിക്കുകയും ചെയ്യുന്നുണ്ട്. നബിയുടെ മകൾ ഫാത്തിമ (റ) യുടെ വീടാണിത് എന്ന് വിശ്വസിക്കുന്ന ആളുകളുമുണ്ട് .

മസ്ജിദുന്നബവി

നബി (സ) വെളളം കുടിച്ചു എന്ന് പറയപ്പെടുന്ന കിണറിന്റെ പേരാണ് ബിഅറു ഗർസ്. മക്കയിൽ നിന്നും യഥ് രിബിൽ എത്തിയ പ്രവാചകന് ആതിഥ്യമരുളിയ സഅദ് ബ്നു ഹൈത്തമ ബിൻ ഹാരിസിന്റേതായിരുന്നു ഈ കിണർ എന്ന്‌ അവിടെ സ്ഥാപിച്ച ബോഡിൽ വായിക്കാൻ കഴിഞ്ഞു. വർഷങ്ങളോളം ഉപയോഗമില്ലാതെ മൂടപ്പെട്ടു കിടന്ന ഈ കിണർ വീണ്ടെടുത്ത് സന്ദർശകർക്ക് തുറന്നു കൊടുത്തത് അടുത്ത കാലത്താണെന്ന് ഹിദായത്ത് പറഞ്ഞു. മക്കയിലും മദീനയിലുമൊക്കെ ധാരാളമായി കാണപ്പെടുന്ന ചുകന്ന പാറക്കഷണങ്ങൾ കൊണ്ട് കിണറിന് ചുറ്റും ഭിത്തി പണിത് മനോഹരമാക്കിയിരിക്കുന്നു. ഇരുമ്പ് വേലിക്ക് പുറത്ത് നിന്ന് കിണറിലേക്ക് എത്തി നോക്കാം. അവിടെ നിന്ന് കാണാൻ കഴിയാത്ത ആഴത്തിലാണ് വെള്ളമുള്ളത്. പൈപ്പുകൾ വഴി വെള്ളം മുകളിലേക്ക് എത്തിച്ച് പരിസരത്ത് സ്ഥാപിച്ച ടാപുകളിലൂടെ സന്ദർശകർക്ക് സൗജന്യമായി വിതരണം ചെയ്യുന്നു. ധാരാളമാളുകൾ കുപ്പികളിൽ വെള്ളം ശേഖരിക്കുന്നുണ്ട്. ഇളം തണുപ്പുള്ള വെള്ളം കുടിച്ച് ഞങ്ങളും ദാഹമകറ്റി.

മദീന ഈന്തപ്പനത്തോട്ടങ്ങളുടെ നഗരമാണെന്ന് പറഞ്ഞല്ലോ. നീരുറവകളുടെ സാന്നിധ്യമാണ് മദീനയുടെ മണ്ണിനെ ഉർവരമാക്കുന്നത്. ഒരു തോട്ടം നടന്നു കാണണം എന്ന് ആഗ്രഹമുണ്ടായിരുന്നു. അങ്ങനെയിരിക്കെയാണ് സൽമാനുൽ ഫാരിസിയുടെ പേരിൽ അറിയപ്പെടുന്ന ഈന്തപ്പനത്തോട്ടത്തിലേക്ക് ഹിദായത്ത് ഞങ്ങളെ കൂട്ടിക്കൊണ്ടുപോയത്. ഖൻദഖ് യുദ്ധത്തിൽ, കിടങ്ങു കുഴിച്ച് മദീനയെ ശത്രു സൈന്യത്തിൽ നിന്ന് രക്ഷിക്കാനുള്ള യുദ്ധതന്ത്രം ആവിഷ്കരിച്ചത് പേർഷ്യക്കാരനായ സൽമാൻ ആയിരുന്നല്ലോ. നബിയെക്കുറിച്ച് കേട്ടറിഞ്ഞ് നബിയെ കാണാൻ വേണ്ടി സ്വന്തം ദേശത്ത് നിന്ന് ഇറങ്ങിത്തിരിച്ച പണ്ഡിതനും സത്യാന്വേഷിയുമായ സൽമാൻ വഴിമധ്യേ ചതിയിൽ കുടുങ്ങി അടിമച്ചന്തയിൽ വിൽക്കപ്പെട്ട ചരിത്രം പറയുകയായിരുന്നു ഹിദായത്ത്. മദീനക്കാരനായ ഒരു ജൂതൻ സൽമാനെ വിലക്ക് വാങ്ങി സ്വന്തം ഈന്തപ്പനത്തോട്ടത്തിൽ ജോലി ചെയ്യുന്നതിന് വേണ്ടി മദീനയിലേക്ക് കൊണ്ട് വന്നു. മദീനയിൽ വെച്ചാണ് സൽമാൻ നബിയെ കണ്ടുമുട്ടുന്നതും ചില അടയാളങ്ങളിലൂടെ നബിയുടെ പ്രവാചകത്വം ബോധ്യപ്പെടുന്നതും ഒടുവിൽ ഇസ്ലാമിലേക്ക് കടന്നുവരുന്നതും. സൽമാനെ അടിമത്തത്തിൽ നിന്ന് മോചിപ്പിക്കാൻ സ്വർണവും 300 ഈന്തപ്പനത്തൈകളുമാണ് തോട്ടമുടമ ആവശ്യപ്പെട്ടത്. നബി സ്വഹാബികളോട് ഈന്തപ്പനത്തൈകൾ കൊണ്ടുവരാൻ പറഞ്ഞു. സൽമാനും സ്വഹാബികളും ചേർന്ന് കുഴികുത്തി. നബി സ്വന്തം കൈകൊണ്ട് തൈകൾ നട്ടു. അതിന് പുറമെ സ്വർണവും കൂടി നൽകി സൽമാനെ സ്വതന്ത്രനാക്കി എന്നാണ് ചരിത്രം. ആ തോട്ടം ഉണ്ടായിരുന്ന സ്ഥലമാണ് ഇപ്പോൾ സൽമാനുൽ ഫാരിസിയുടെ പേരിൽ അറിയപ്പെടുന്നത്.

സൽമാനുൽ ഫാരിസിയുടെ പേരിൽ അറിയപ്പെടുന്ന ഈന്തപ്പനത്തോട്ടം

തോട്ടം ഇപ്പോൾ സ്വകാര്യ ഉടമയുടെ കയ്യിലാണ്. കുറച്ചു വിദേശികൾ അവിടെ കുടിൽ കെട്ടി താമസിക്കുന്നുണ്ട്. നമസ്കരിക്കാൻ ഒരു ചെറിയ പള്ളിയും അതിനകത്തുണ്ട്. തോട്ടം നനക്കാൻ വേണ്ടി കെട്ടിയുണ്ടാക്കിയ കുളത്തിൽ സമൃദ്ധമായി വെളളമുണ്ട്. എവിടെ നിന്നോ വെള്ളം അതിലേക്ക് പമ്പ് ചെയ്യുന്നു. കുളത്തിൽ താറാവുകൾ നീന്തിത്തുടിക്കുന്നു. മദീനയിലെ പ്രസിദ്ധമായ അജ് വ ഈത്തപ്പഴത്തിന് പേര് കേട്ടതാണ് ഈ തോട്ടം. അവിടെ പലതരം ഈത്തപ്പഴങ്ങൾ വിൽപനക്ക് വെച്ചിട്ടുണ്ട്. പള്ളിയിൽ മഗ്‌രിബ് നമസ്ക്കരിച്ച് ഞങ്ങൾ പുറത്തേക്കിറങ്ങി.

ഉർവത്തുബിന് സുബൈറി(റ)ന്റെ , കോട്ട പോലെയുള്ള വീടിന്റെ അവശിഷ്ടങ്ങൾ മതിൽ കെട്ടി സംരക്ഷിച്ചിട്ടുണ്ട്. ” ഖുസൂർ” (കോട്ടകൾ) എന്നാണ് കുറെ വീടുകൾ ചേർന്ന ഈ സ്ഥലം അറിയപ്പെടുന്നത്. ആയിശ (റ) വിന്റെ ബന്ധുവായ ഉർവ സ്വന്തം വീട്ടിലേക്ക് അവരെ ക്ഷണിച്ചതും രുചികരമായ ഭക്ഷണം കഴിച്ച് അവിടെ വിശ്രമിക്കെ ആയിശ (റ) പ്രവാചകനുമൊത്തുള്ള ജീവിതം ഓർത്ത് പോയതും “എന്റെ പ്രിയതമൻ ഇപ്പോൾ കൂടെയുണ്ടായിരുന്നെങ്കിൽ” എന്ന് സങ്കടപ്പെട്ടതും ഹൃദയസ്പർശിയായ ഭാഷയിൽ ഹിദായത്ത് വിവരിച്ചുതന്നു. സുഖസമൃദ്ധിയിൽ ജീവിച്ചിരുന്ന പണ്ഡിതനായ ഉർവ പിൽക്കാലത്ത് ജീവിതത്തിൽ അഭിമുഖീകരിച്ച പ്രതിസന്ധികളും പരീക്ഷണങ്ങളും അതിനോട് അദ്ദേഹം സ്വീകരിച്ച ക്ഷമാപൂർവമായ സമീപനവും ഇടിഞ്ഞുപൊളിഞ്ഞ ആ കൽഭിത്തികൾ നമ്മെ ഓർമിപ്പിക്കുന്നത് പോലെ.

സമയം രാത്രിയായിരിക്കുന്നു. കാണാൻ ഇനിയും ഒരു പാട് സ്ഥലങ്ങൾ ബാക്കിയുണ്ട്. മദീനാ സന്ദർശനം അവസാനിപ്പിച്ച്, ഹിദായത്തിനോട് യാത്ര പറഞ്ഞ് ഞങ്ങൾ ജിദ്ദയിലേക്ക് മടങ്ങി. വഴിയിൽ, തുർക്കികൾ നിർമിച്ച ചരിത്ര പ്രസിദ്ധമായ ഹിജാസ് റെയിൽവെയുടെ അവശിഷ്ടമായ പഴയ സ്റ്റേഷൻ കെട്ടിടവും ബോഗിയും കാണാൻ കഴിഞ്ഞു. അകലെ മസ്ജിദുന്നബവിയുടെ മിനാരങ്ങൾ വെളിച്ചത്തിൽ മുങ്ങിനിൽക്കുന്നത് കാണാം. നിലാപ്രഭയിൽ അലൗകിക ഭംഗിയോടെ മദീനയെ ആവരണം ചെയ്യുന്ന മലനിരകളും. മദീന വഴി ഹജ്ജിനും ഉംറക്കും പോകുന്നവർ ഇഹ്റാമിൽ പ്രവേശിക്കുന്ന മസ്ജിദ് മീഖാത്ത് വഴിയാണ് ഞങ്ങൾ പോയത്. വിശാലമായ ആ പളളിയുടെ പരിസരത്ത് ഇഹ്റാമിന്റെ വസ്ത്രത്തിൽ ധാരാളം തീർത്ഥാടകരെ കണ്ടു. ജിദ്ദയിലേക്കുള്ള വഴിയിലെ ഒരു ഈത്തപ്പഴമാർക്കറ്റിൽ നിന്ന് മദീനയിലെ ഈത്തപ്പഴങ്ങൾ വാങ്ങാൻ മറന്നില്ല. മക്കയിലും ജിദ്ദയിലും ലഭിക്കുന്നതിനെക്കാൾ കുറഞ്ഞ വിലയിൽ ഗുണമേന്മയുള്ള ഈത്തപ്പഴങ്ങൾ മദീനയിൽ ലഭിക്കും.

മദായിൻ സ്വാലിഹ്

ജിദ്ദയിൽ നിന്ന് ഏഴ് മണിക്കൂർ യാത്ര ചെയ്താണ് അറേബ്യാ ഉപദ്വീപിന്റെ വടക്ക് പടിഞ്ഞാറ് ഭാഗത്തുള്ള മദായിൻ സ്വാലിഹിൽ എത്തിച്ചേർന്നത്. അല്ലാഹുവിനെ ധിക്കരിച്ചതിന്റെ പേരിൽ കഠിന ശിക്ഷക്ക് വിധേയരായ സമൂദ് എന്ന അറബ് ഗോത്രം ജീവിച്ചതെന്ന് കരുതപ്പെടുന്ന പ്രദേശമാണിത്. സ്വാലിഹ് നബിയുടെ ജനതയായിരുന്ന സമൂദ് അല്ലാഹു ദൃഷ്ടാന്തമായി ഇറക്കിയ ഒട്ടകത്തെ അറുക്കുകയും അത് വഴി അല്ലാഹുവിന്റെ ശിക്ഷക്ക് ഇരയാവുകയും ചെയ്തു. “സ്വാലിഹിന്റെ നഗരികൾ ” എന്നാണ് മദായിൻ സ്വാലിഹിന്റെ അർത്ഥം. മദായിൻ സ്വാലിഹിനോട് അടുത്തപ്പോഴേക്കും മലകളുടെ വർണവും രൂപവും മാറിത്തുടങ്ങി. പ്രകൃതി അത്ഭുതകരമായ കരവിരുതുകൾ തീർത്തിരിക്കുന്ന കൂറ്റൻ മണൽപാറകളാണ് (sandstone) ഞങ്ങളുടെ മുന്നിൽ. ഏതോ മാന്ത്രികകഥയുടെ ലോകത്ത് എത്തിപ്പെട്ടത് പോലെ. മരുഭൂമിയും മണൽപാറകളും തീർത്ത ആ പശ്ചാത്തലത്തിന്റെ ഭീകര സൗന്ദര്യം വാക്കുകളിൽ പകർത്താൻ പ്രയാസം. ഭീമാകാരമായ ഇത്തരം പാറകൾ തുരന്നാണ് ആദ് സമുദായത്തിന്റെ പിന്തുടർച്ചക്കാരായ സമൂദ് ജനത വീടുകൾ പണിതതായി ഖുർആൻ വിവരിക്കുന്നത്. അൽ ഹിജ്ർ എന്നാണ് ഖുർആൻ ഈ പ്രദേശത്തെ പരിചയപ്പെടുത്തുന്നത്. സമൂദ് ജനതയെക്കുറിച്ച് പരാമർശമുള്ള ഒരധ്യായം തന്നെ അൽ ഹിജ്ർ എന്ന പേരിൽ ഖുർആനിലുണ്ട്. ഇപ്പോഴും ആ സ്ഥലം ഔദ്യോഗികമായി അറിയപ്പെടുന്നത് അതേ പേരിലാണ്. ഇംഗ്ളീഷിൽ Hegra എന്നാണ് എഴുതുന്നത്.

മണൽപാറകൾ: മദായിൻ സ്വാലിഹ്

“ഹിജ്റിലെ ജനവും ദൈവദൂതൻമാരെ നിഷേധിച്ചു. നാം നമ്മുടെ സൂക്തങ്ങൾ അവരിലേക്ക് അയച്ചു; ദൃഷ്ടാന്തങ്ങൾ കാണിച്ചുകൊടുത്തു. പക്ഷെ, അവർ അത് അവഗണിച്ച് കൊണ്ടേയിരുന്നു. അവർ പാറകൾ തുരന്നു വസതികളുണ്ടാക്കി, നിർഭയരായി വാണു. ഒടുവിൽ ഒരു ഘോരഗർജനം പ്രഭാതവേളയിൽ അവരെ പിടികൂടി. അവരുടെ സമ്പാദ്യങ്ങളൊന്നും അവർക്ക് അശേഷം ഉപകരിച്ചില്ല. ” (അൽ ഹിജ്ർ : 80) സമൂദ് ജനതയുടെ അവശിഷ്ടങ്ങളൊന്നും ഇപ്പോൾ അവിടെ ഇല്ല. അവർ ഒരിക്കലും അവിടെ ജീവിച്ചിരുന്നിട്ടില്ലാത്തത് പോലെ അവരുടെ വീടുകളിൽ അവർ മരിച്ചുവീണു എന്ന് മറ്റൊരിടത്ത് ഖുർആൻ വിവരിക്കുന്നുണ്ട്. ഇപ്പോൾ ആ പ്രദേശത്ത് കാണുന്നത് 2000 വർഷങ്ങൾക്ക് മുമ്പ് ജീവിച്ച നബാതിയൻ രാജവംശത്തിന്റെയും അവരുടെ നാഗരികതയുടെയും അവശിഷ്ടങ്ങളാണെന്ന് ചരിത്രരേഖകൾ പറയുന്നു. സമൂദ് ജനതയെപ്പോലെ പാറകൾ തുരന്ന് വീടുകളും ശവകൂടീരങ്ങളും നിർമിച്ചിരുന്നു അവരും. അറബ് നാടോടി വംശമായ നബാതിയൻസിന്റെ തലസ്ഥാനം ജോർദാനിലെ പ്രശസ്തമായ പെട്ര ആയിരുന്നു. അറേബ്യയിൽ നിന്ന് ജോർദാനിലേക്കുള്ള കച്ചവട പാതയിലാണ് അൽ ഹിജ്ർ. പെട്രയിൽ കാണപ്പെടുന്ന ശിൽപ ചാതുരിയുടെ പകർപ്പാണ് അൽ ഹിജ്റിലും കാണാൻ കഴിയുന്നത്.

2008 ൽ അൽ ഹിജ്ർ യുനെസ്കോയുടെ വേൾഡ് ഹെറിറ്റേജ് സൈറ്റിൽ ഉൾപ്പെടുത്തിയതോടെ വിദേശ സഞ്ചാരികളെ ധാരാളമായി ആകർഷിക്കാൻ തുടങ്ങി. ഇപ്പോൾ അത് ഒരു പ്രധാന ടൂറിസ്റ്റ് കേന്ദ്രമാണ്. സ്ഥലം ചുറ്റിക്കാണാൻ പ്രത്യേകം ബസ്സുകൾ ഏർപ്പെടുത്തിയിട്ടുണ്ട്. ഫീസടച്ച് മുൻകൂട്ടി യാത്ര ബുക്ക് ചെയ്യണം. വിശാലമായ പാർക്കിംഗ് ഏരിയയിൽ കാർ നിർത്തി ഞങ്ങൾ സൈറ്റിലേക്കുള്ള ബസ് കയറി. സൈറ്റ് ചുറ്റിക്കാണാൻ വേറൊരു ബസ്സിൽ കയറണം. അറബിയിലും ഇംഗ്ളീഷിലും സ്ഥലവിവരണം നൽകുന്ന സ്വദേശികളായ ടൂർ ഗൈഡുകൾ ഞങ്ങളെ അനുഗമിച്ചു. അധികവും നിഖാബ് ധരിച്ച യുവതികൾ. ഉലാ നഗരത്തിനടുത്ത ഈ പ്രദേശം ഒരു കാലത്ത് ജനസാന്ദ്രമായ നഗരിയായിരുന്നു. പാറയിൽ കൊത്തിയെടുത്ത കവാടങ്ങളും ചിത്രങ്ങളും ശിലാലിഖിതങ്ങളും വിഗ്രഹങ്ങളും ശവകൂടീരങ്ങളും മാത്രമാണ് കാറ്റിന്റെയും മഴയുടെയും വെയിലിന്റെയും മഞ്ഞിന്റെയും പ്രഹരത്തിൽ തകരാതെ ഇപ്പോഴും അവശേഷിക്കുന്നത്.

മണൽ പാറയിൽ കൊത്തിയ ശവകുടീരം – മദായിൻ സ്വാലിഹ്

കൂസയുടെ മകൻ ലഹ് യാന്റെ കൂറ്റൻ ശവകൂടീരം, എൺപതിലധികം ശവകൂടീരങ്ങൾ കണ്ടെത്തിയ ജബൽ അൽ ബനാത് , പാറ തുരന്നുണ്ടാക്കിയ വിശാലമായ മജ്ലിസ് ഉൾക്കൊള്ളുന്ന ജബൽ ഇത് ലിബ് തുടങ്ങിയവയാണ് അൽ ഹിജ്റിലെ പ്രധാന കാഴ്ചകൾ. സ്വന്തം ശവകുടീരം നിർമിക്കുന്നതിന് വേണ്ടി മരിക്കുന്നതിന് മുമ്പ് തന്നെ സ്ഥലത്തെ പ്രമാണിമാർ അവർക്കിഷ്ടമുള്ള മലകൾ തെരഞ്ഞെടുക്കുകയും ശിൽപികളെ ഏൽപിക്കുകയുമാണ് ചെയ്തിരുന്നത് എന്ന് ഗൈഡ് വിവരിച്ചു തന്നു. ശവകൂടീരങ്ങളിലേക്ക് കടക്കുന്ന കവാടങ്ങൾക്ക് ഇന്നത്തെ മനുഷ്യരുടെ സാധാരണ ഉയരമേയുള്ളൂ. കവാടങ്ങൾക്ക് മീതെ പാമ്പിന്റെയും പക്ഷികളുടെയും പൂക്കളുടെയും പാത്രങ്ങളുടെയും ചിത്രങ്ങൾ കല്ലിൽ കൊത്തിവെച്ചിട്ടുണ്ട്. ഇന്നത്തെ അറബി ലിപിയോട് സാദൃശ്യമുള്ള ശിലാലിഖിതങ്ങളും കാണാം. നബാതിയൻസ് സഞ്ചാരികളായിരുന്നത് കൊണ്ട് പല ദേശങ്ങളുടെയും സാംസ്കാരിക ചിഹ്നങ്ങൾ അവരുടെ കൊത്തുപണികളിൽ സ്വാംശീകരിച്ചിട്ടുണ്ടെന്ന് ഗൈഡ് പറഞ്ഞു തന്നു. ബഹുദൈവാരാധകരായിരുന്ന നബാതിയൻസിന് അവരുടെ പ്രിയപ്പെട്ട ശിലാവിഗ്രഹങ്ങളെ കൂടെ കൊണ്ടു നടക്കുന്ന പതിവുണ്ടായിരുന്നു. ഇത് ലിബ് മലയിൽ മജ്ലിസിന്റെ ചാരെ പ്രധാനപ്പെട്ട ചില വിഗ്രഹങ്ങളും വിഗ്രഹങ്ങൾ വെക്കാനുള്ള അറകളും കൊത്തിയുണ്ടാക്കിയിട്ടുണ്ട്. കൂട്ടത്തിൽ മക്കയിലെ ബഹുദൈവരാധകർ ആരാധിച്ചിരുന്ന ലാത്ത, ഉസ്സ, മനാത്ത എന്നിവരുടെ വിഗ്രഹങ്ങളും കാണാം.

മണൽ പാറയിൽ കൊത്തിയ ശവകുടീരങ്ങൾ – മദായിൻ സ്വാലിഹ്

രണ്ട് മണിക്കൂറോളം സൈറ്റിൽ ചുറ്റിക്കറങ്ങിയ ശേഷം ബസ്സിൽ ഞങ്ങൾ കാർ നിർത്തിയിരുന്ന സ്ഥലത്തേക്ക് മടങ്ങി. പ്രകൃതിയിൽ നിന്ന് കൊത്തിയുണ്ടാക്കിയ ഒരു ചരിത്രനഗരിയുടെ അവശിഷ്ടങ്ങളിൽ സ്വയം നഷ്ടപ്പെട്ടു നിൽക്കുകയായിരുന്നു ഞാൻ. മനുഷ്യന്റെ കരവിരുതിനേക്കാൾ അത്ഭുതകരമായിരുന്നു കാലം ആ പാറകളിൽ കൊത്തിയെടുത്ത വിചിത്ര രൂപങ്ങൾ. ചിതറിക്കിടക്കുന്ന പാറക്കൂട്ടങ്ങളുടെ നടുവിൽ തെളിഞ്ഞ ആകാശം നോക്കി നിന്നപ്പോൾ പ്രപഞ്ച സ്രഷ്ടാവിന്റെ അപാരമായ ശക്തി വിശേഷങ്ങൾ നേരിട്ട് അനുഭവിച്ചറിയുന്നത് പോലെ. അല്ലാഹുവിന്റെ കോപം ഏറ്റുവാങ്ങിയ ഒരു ജനതയുടെ ഓർമകളുമായി ഞങ്ങൾ അൽ ഹിജ്റിനോട് വിട പറഞ്ഞു. “നിങ്ങൾ ഭൂമിയിൽ സഞ്ചരിക്കുക. എന്നിട്ട് നിഷേധികളുടെ അന്ത്യം എങ്ങനെയായിരുന്നു എന്ന് കണ്ടറിയുക” (അൽ അൻആം : 11) എന്നർത്ഥം വരുന്ന ഖുർആൻ സൂക്തം അപ്പോൾ മനസ്സിൽ മിന്നിമറഞ്ഞു. (അവസാനിച്ചു)

???? വാട്‌സാപ് ഗ്രൂപ്പിൽ അംഗമാകാൻ????: https://chat.whatsapp.com/CtdeYjAfwas90JeGabX9H0

Related Articles