മരിച്ചവര്‍ക്കുവേണ്ടി ഹജ്ജ്

Mar 09 - 2016

ചോദ്യം: ഹജ്ജ് ചെയ്യാതെ ഞങ്ങളുടെ ഒരു സുഹൃത്ത് മരണപ്പെട്ടു. ഞങ്ങള്‍ അദ്ദേഹത്തിന് വേണ്ടി ഹജ്ജ് ചെയ്തു. അത് അനുവദനീയമാണോ? അദ്ദേഹത്തിനു പണമുണ്ടായിരിക്കെത്തന്നെ ഉംറ കൂടാതെ ഹജ്ജ് മാത്രം ചെയ്താല്‍ അത് മതിയാകുമോ?

ഹജ്ജ് ചെയ്യല്‍ നിര്‍ബന്ധമാവുകയും നിര്‍വഹിക്കുന്നതിനു മുമ്പായി മരണപ്പെടുകയും ചെയ്താല്‍ പരേതന്റെ ധനത്തില്‍ നിന്ന് പകരം ഹജ്ജും ഉംറയും നിര്‍വഹിക്കുന്നതിന് ആവശ്യമായ ധനം എടുക്കാം. പരേതന്റെ പണം ഉപയോഗിക്കാതെ അദ്ദേഹത്തിനുവേണ്ടി പകരക്കാരന്‍ സ്വയം സന്നദ്ധനായി ഹജ്ജ് നിര്‍വഹിക്കാവുന്നതാണ്. ഇസ്‌ലാമിന്റെ അടിസ്ഥാന ഘടകമായ ഹജ്ജ് നിര്‍വഹിക്കല്‍ നിര്‍ബന്ധമായ വ്യക്തി മരിച്ചുപോവുന്നതുകൊണ്ട് പ്രസ്തുത ബാധ്യത ഒഴിവാകുന്നില്ല.

ഇബ്‌നു അബ്ബാസില്‍ നിന്ന് നിവേദനം: ജുഹൈനക്കാരിയായ ഒരു സ്ത്രീ ചോദിച്ചു: അല്ലാഹുവിന്റെ ദൂതരെ, ഹജ്ജ് ചെയ്യാന്‍ എന്റെ മാതാവ് നേര്‍ച്ച ചെയ്തു. പക്ഷെ അവര്‍ മരിക്കുന്നതുവരെ ഹജ്ജ് ചെയ്യാന്‍ സാധ്യമായില്ല. ഞാനവര്‍ക്ക് പകരം ഹജ്ജ് ചെയ്യട്ടെ? പ്രവാചകന്‍ അരുളി: അതെ, ചെയ്തുകൊള്ളുക. നിന്റെ മാതാവിനു കടമുണ്ടായിരുന്നുവെങ്കില്‍ അത് നീ വീട്ടുമായിരുന്നുവല്ലോ. അതുകൊണ്ട് അല്ലാഹുവിനുള്ള കടം വീട്ടുക. ബാധ്യത പൂര്‍ത്തീകരിക്കുവാന്‍ ഏറെ അര്‍ഹന്‍ അല്ലാഹുവാകുന്നു. (ബുഖാരി)

ഇബ്‌നു അബ്ബാസില്‍ നിന്ന് നിവേദനം: ഒരു യുവതി പ്രവാചകനോടു ചോദിച്ചു: അല്ലാഹുവിന്റെ റസൂലേ, ഹജ്ജിന്റെ വിഷയത്തില്‍ അല്ലാഹു തന്റെ അടിമകള്‍ക്ക് നിര്‍ന്ധമാക്കിയ ബാധ്യത എന്റെ പിതാവ് വൃദ്ധനായിരിക്കുമ്പോഴാണ് അദ്ദേഹത്തിനു ആഗതമായത്. പക്ഷെ അദ്ദേഹത്തിന് വാഹനത്തില്‍ കയറി യാത്ര ചെയ്യുവാന്‍ സാധ്യമല്ല. പകരമായി എനിക്ക് ഹജ്ജ് ചെയ്യാമോ? തിരുമേനി പറഞ്ഞു: അതെ, ചെയ്യാം. (ബുഖാരി, മുസ്‌ലിം)

ഇപ്രകാരം പകരം ഹജ്ജ് ചെയ്യേണ്ടത് ആരാണെന്ന് അഭിപ്രായവ്യത്യാസമുണ്ട്. മേലുദ്ധരിച്ച രണ്ട് ഹദീസുകളിലും മക്കളാണ് ഹജ്ജ് ചെയ്യാന്‍ പറ്റുമോ എന്ന് പ്രവാചകനോട് ചോദിക്കുന്നത്. ഇതില്‍ നിന്നും പകരം ഹജ്ജ് നിര്‍വഹിക്കേണ്ടത് അടുത്തബന്ധുക്കളും മക്കളുമാണെന്നാണ് ചില പണ്ഡിതന്മാര്‍ മനസ്സിലാക്കിയത്. എന്നാല്‍ മറ്റുചില പണ്ഡിതര്‍ ഈ ഹദീസുകളില്‍ ഉദ്ദേശം മരിച്ചുപോയവരുടെ ഹജ്ജ് മാത്രമാണെന്നും അത് അയാളുടെ സമ്പത്തില്‍ നിന്ന് ആര്‍ക്കും നിര്‍വഹിക്കാമെന്നും വിധിയെടുത്തിരിക്കുന്നു.

Tags: Hajj Fatwa

leave a comment

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ഇസ്‌ലാം ഓണ്‍ലൈവിന്റേതാവണമെന്നില്ല. അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും വ്യക്തിപരവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക.

comments powered by Disqus