ഹജ്ജ് മാത്രം ചെയ്താല്‍

Mar 09 - 2016

ചോദ്യം: ഞാന്‍ നിര്‍ബന്ധ ഹജ്ജ് ചെയ്തു. അതിന്റെ കൂടെ ഉംറ ചെയ്തില്ല. ഇതിന്റെ വിധിയെന്ത്? ഹജ്ജിന്റെ കൂടെ ഉംറ ചെയ്തവര്‍ക്ക് വീണ്ടും ഉംറ ചെയ്യല്‍ ബാധ്യതയുണ്ടോ?

ഒരാള്‍ ഹജ്ജ് ചെയ്തു. പ്രായപൂര്‍ത്തിയായ ശേഷം അയാള്‍ ഉംറചെയ്തിട്ടുല്ല. എങ്കില്‍ അയാള്‍ ഉംറ നിര്‍വഹിക്കേണ്ടതാണ്. ഹജ്ജിന് ശേഷമോ മുമ്പോ ആകാം. ഇനി ഹജ്ജ് ചെയ്തു. ഉംറ ചെയ്തില്ല. അവന്‍ മുമ്പ് ഉംറ നിര്‍വഹിച്ചിട്ടില്ലെങ്കില്‍ ഹജ്ജിന് ശേഷം ഉംറ നിര്‍വഹിക്കണം. ഉംറ നിര്‍വഹിക്കല്‍ സത്യവിശ്വാസിയുടെ ബാധ്യതയാണ്. ഹജ്ജും ഉംറയും ഒരുമിച്ച് ചെയ്യാം. അതായത് അവ രണ്ടിനും കൂടി ഒരുമിച്ച് ഇഹ്‌റാം ചെയ്യാം. അല്ലെങ്കില്‍ ഉംറക്ക് ഇഹ്‌റാം ചെയ്ത ശേഷം ഹജ്ജ് അതില്‍ ഉള്‍പെടുത്തുകയും ചെയ്യാം. മീഖാത്തില്‍ നിന്ന് ഹജ്ജിന് മാത്രം (ഇഫ്‌റാദായിട്ട്) ഇഹ്‌റാംചെയ്തു. ഹജ്ജ് പൂര്‍ത്തിയാക്കുന്നത് വരെ ഇഹ്‌റാമില്‍ നിലകൊണ്ടു. തുടര്‍ന്ന് അവന് തന്‍ഈമില്‍ നിന്നോ ജീഅ്‌റാനയില്‍ നിന്നോ അല്ലെങ്കില്‍ ഹറമിന് പുറത്തുനിന്നോ ഇഹ്‌റാം ചെയ്ത് ത്വവാഫും സഅ്‌യും മുടിവെട്ടും നിര്‍വഹിച്ച് ഉംറ ചെയ്യാം. ഇപ്രകാരമാണ് ആഇശ(റ) പ്രവര്‍ത്തിച്ചത്. ഉംറക്ക് ഇഹ്‌റാം ചെയ്തുകൊണ്ടാണവര്‍ വന്നത്. പക്ഷേ മക്കയുടെ അടുത്തെത്തിയപ്പോള്‍ അവര്‍ ഋതുമതിയായി. ത്വവാഫ് ചെയ്ത് ഉംറ പൂര്‍ത്തിയാക്കുവാന്‍ അവര്‍ക്ക് സാധിച്ചില്ല. അവരുടെ ഉംറയുടെ ഇഹ്‌റാം ഹജ്ജിനാക്കി (ഖാരിന്‍) മാറ്റുവാന്‍ പ്രവാചകന്‍ കല്‍പിച്ചു. ആഇശ(റ) അപ്രകാരം പ്രവര്‍ത്തിക്കുകയും ഹജ്ജ് പൂര്‍ത്തിയാക്കുകയും ചെയ്തു. പിന്നീട് ഉംറ നിര്‍വഹിക്കണമെന്ന് അവര്‍ പ്രവാചകനോട് ആവശ്യപ്പെട്ടു. അപ്പോള്‍ പ്രവാചകന്‍ അവരുടെ സഹോദരന്‍ അബ്ദുറഹ്മാനോട് അവരേയും കൂട്ടി തന്‍ഈമില്‍ പോയി ഇഹ്‌റാം ചെയ്ത് ത്വവാഫും സഅ്‌യും നിര്‍വഹിച്ച് മുടിമുറിക്കാന്‍ ആവശ്യപ്പെട്ടു.

ഹജ്ജിനൊപ്പം ഉംറ നിര്‍വഹിച്ചില്ലെങ്കില്‍ തന്‍ഈം പോലുള്ള ഹറമിന് പുറത്തുള്ള സ്ഥലങ്ങളില്‍ നിന്ന് ഉംറക്ക് ഇഹ്‌റാം ചെയ്യാമെന്നതിന് തെളിവാണിത്. മീഖാത്തിലേക്ക് പോകേണ്ടതില്ല. നേരത്തെ ഹജ്ജും ഉംറയും നിര്‍വഹിച്ച ഒരാള്‍ വീണ്ടും ഹജ്ജ് ചെയ്യുകയാണെങ്കില്‍ അവര്‍ വീണ്ടും ഉംറ ചെയ്യണമെന്നില്ല. നേരത്തെ ഉംറ ചെയ്ത ആളുകള്‍ ഹജ്ജിന് വേണ്ടി മാത്രം ഇഹ്‌റാം ചെയ്താല്‍ മതി. എന്നാല്‍ ഹജ്ജിന് ഇഹ്‌റാം ചെയ്ത് വന്നവനാണെങ്കിലും ഹജ്ജിന്റെ ഇഹ്‌റാം ഉംറക്കാക്കി മാറ്റികൊണ്ട് ത്വവാഫും സഅ്‌യും മുടിവെട്ടലും നിര്‍വഹിച്ച് ഉംറപൂര്‍ത്തിയാക്കലാണ് ഉത്തമം. പിന്നീട് അവര്‍ ദുല്‍ഹജ്ജ് 8ന് ഹജ്ജിനായി ഇഹ്‌റാമില്‍ പ്രവേശിച്ച് ഹജ്ജ് നിര്‍വഹിക്കണം.

Tags: Hajj Fatwa

leave a comment

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ഇസ്‌ലാം ഓണ്‍ലൈവിന്റേതാവണമെന്നില്ല. അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും വ്യക്തിപരവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക.

comments powered by Disqus