ഹജ്ജ്: ഓണ്‍ലൈനായി അപേക്ഷിക്കാം

Jan 03 - 2017

കൊണ്ടോട്ടി: ഈ വര്‍ഷത്തെ ഹജ്ജിനായി ഓണ്‍ലൈന്‍ മുഖേനയും അപേക്ഷ സമര്‍പ്പിക്കാം. മുന്‍വര്‍ഷങ്ങളില്‍ ഓണ്‍ലൈനായി അപേക്ഷിച്ചവര്‍ പാസ്‌പോര്‍ട്ട് നമ്പറോ മൊബൈല്‍ നമ്പറോ അടിച്ച് സൈറ്റില്‍ കയറാം. നേരത്തെ വിവരങ്ങളെല്ലാം നല്‍കിയതിനാല്‍ ഇത്തവണ വീണ്ടും നല്‍കേണ്ട ആവശ്യമില്ല. വായിച്ചുനോക്കിയതിന് ശേഷം പ്രിന്റൗട്ട് എടുത്ത് ഹജ്ജ് ഹൗസില്‍ സമര്‍പ്പിച്ചാല്‍ മതി. പ്രിന്റൗട്ടില്‍ ഫോട്ടോ ഒട്ടിച്ച് മൂന്ന് സ്ഥലങ്ങളില്‍ ഒപ്പിട്ടതിന് ശേഷമാണ് നല്‍കേണ്ടത്. അപേക്ഷയുടെ ഫീസായ 300 രൂപയും ഓണ്‍ലൈന്‍ ബാങ്കിങ് മുഖേന അടക്കാന്‍ സാധിക്കും.
പുതുതായി സമര്‍പ്പിക്കുന്നവര്‍ക്ക് കേന്ദ്ര ഹജ്ജ് കമ്മിറ്റിയുടെ വെബ്‌സൈറ്റില്‍ നിന്ന് നിര്‍ദേശങ്ങള്‍ പാലിച്ച് ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കാം. മുന്‍വര്‍ഷത്തെ അപേക്ഷിച്ച് ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പിക്കുന്നതിനുള്ള നടപടിക്രമം കേന്ദ്ര ഹജജ് കമ്മിറ്റി ഇത്തവണ ലളിതമാക്കിയിട്ടുണ്ട്. ഓണ്‍ലൈന്‍ മുഖേന അല്ലാത്തവര്‍ക്ക് അപേക്ഷ ഫോറം കരിപ്പൂര്‍ ഹജ്ജ് ഹൗസിലും കോഴിക്കോട് പുതിയറയിലെ മദ്‌റസാധ്യാപക ക്ഷേമനിധി ഓഫിസിലും ലഭ്യമാണ്. കൂടാതെ, 14 ജില്ലകളിലെയും കലക്ടറേറ്റുകളിലെ ന്യൂനപക്ഷ സെല്ലുകളില്‍ നിന്ന് ചൊവ്വാഴ്ച മുതല്‍ ലഭ്യമാകും. സൗജന്യമായി ലഭിക്കുന്ന അപേക്ഷ ഫോറത്തിന് തിരിച്ചറിയല്‍ കാര്‍ഡ് നല്‍കണം. ജനുവരി 24 ആണ് അപേക്ഷ സമര്‍പ്പിക്കുന്നതിനുള്ള അവസാന തീയതി.
ഹജ്ജ് അപേക്ഷ സമര്‍പ്പിക്കുന്നതിന് മുന്‍വര്‍ഷത്തെ കവര്‍ നമ്പറുകളും സംസ്ഥാന ഹജ്ജ് കമ്മിറ്റി വെബ്‌സൈറ്റില്‍ നിന്ന് ലഭിക്കും. ഇതിനായി അപേക്ഷകര്‍ കരിപ്പൂര്‍ ഹജ്ജ് ഹൗസില്‍ നേരിട്ട് എത്തേണ്ടതില്ല. www.keralahajcommittee.org എന്ന വെബ്‌സൈറ്റില്‍ ഓള്‍ഡ് കവര്‍ നമ്പര്‍ സെര്‍ച്ച് എന്ന ഓപ്ഷനില്‍ കയറി പാസ്‌പോര്‍ട്ട് നമ്പര്‍ അടിച്ചാല്‍ മുന്‍വര്‍ഷങ്ങളിലെ കവര്‍ നമ്പര്‍, കാത്തിരിപ്പ് പട്ടികയിലെ നമ്പര്‍ എന്നിവ ലഭിക്കും.

Tags: Hajj News

leave a comment

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ഇസ്‌ലാം ഓണ്‍ലൈവിന്റേതാവണമെന്നില്ല. അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും വ്യക്തിപരവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക.

comments powered by Disqus