ഹജ്ജുല്‍ അക്ബര്‍

Mar 05 - 2016

അറഫാദിനം വെള്ളിയാഴ്ചയായി വരുമ്പോള്‍ ആ വര്‍ഷത്തെ ഹജ്ജിന്ന് 'ഹജ്ജുല്‍ അക്ബര്‍' എന്ന് സാധാരണ പറയാറുണ്ട്. എന്നാല്‍ ഖുര്‍ആനിന്റെയോ സുന്നത്തിന്റെയോ യാതൊരു പിന്തുണയും ഇതിനില്ല. വിശുദ്ധ ഖുര്‍ആനില്‍ സൂറത്തുതൗബയുടെ മൂന്നാം സൂക്തത്തില്‍ ഹജ്ജുല്‍ അക്ബര്‍ എന്ന പരാമര്‍ശം വന്നിട്ടുണ്ട്. ഹാജിമാര്‍ അറഫയില്‍ നിന്ന് മിനയിലെത്തി ജംറയില്‍ കല്ലെറിയുന്ന ദുല്‍ഹജ്ജ് പത്താം തിയതിയാണ് ഈ ദിനമെന്നാണ് മിക്ക ഖുര്‍ആന്‍ വ്യാഖ്യാതാക്കളും അഭിപ്രായപ്പെട്ടിരിക്കുന്നു. അന്നാണ് ഹാജിമാര്‍ മിനയില്‍ വെച്ച് ബലിയര്‍പ്പിക്കുന്നതും.

പ്രവാചകന്റെ ഹജ്ജത്തുല്‍ വിദാഇനോടനുബന്ധിച്ച് രേഖപ്പെടുത്തപ്പെട്ട പ്രസിദ്ധമായൊരു ഹദീസില്‍ ഇങ്ങനെ കാണാം: 'ഹജ്ജ് വേളയില്‍, ബലിദിനത്തില്‍ ജനങ്ങളോട് സംസാരിക്കാന്‍ എഴുന്നേറ്റുകൊണ്ട് പ്രവാചകന്‍ ചോദിച്ചു: ഈ ദിവസമേതാണെന്ന് നിങ്ങള്‍ക്കറിയാമോ? ജനങ്ങള്‍ പറഞ്ഞു: ഇന്ന് ബലിദിനമാണല്ലോ. അപ്പോള്‍ പ്രവാചകന്‍ പറഞ്ഞു: അതെ, ഇതാണ് ഹജ്ജുല്‍ അക്ബര്‍ ദിനം.'
ഹജ്ജുല്‍ അക്ബര്‍ ഏത് ദിവസമാണെന്നതില്‍ ഈ പ്രബലമായ അഭിപ്രായത്തിന് പുറമേ ഏഴ് അഭിപ്രായങ്ങള്‍ കൂടിയുണ്ട്.

1) അറഫാദിനം ആഴ്ചയില്‍ ഏത് ദിവസമാണെങ്കിലും ഹജ്ജുല്‍ അക്ബറാണ്.
2) മിനായില്‍ രാപാര്‍ക്കുന്ന എല്ലാ ദിനങ്ങള്‍ക്കും ഹജ്ജുല്‍ അക്ബര്‍ ദിനങ്ങള്‍ എന്ന് പറയുന്നു.
3) ഖിറാന്‍ രൂപത്തിലുള്ള ഹജ്ജാണിത്.
4) എല്ലാ ഹജ്ജുകള്‍ക്കും ഹജ്ജുല്‍ അക്ബര്‍ എന്ന് പറയാം. അപ്പോള്‍ ഉംറയെ ഹജ്ജുല്‍ അസ്ഗര്‍ എന്നും പറയാം.
5) ഹിജ്‌റ എട്ടാം വര്‍ഷം നടന്ന ഹജ്ജാണിത്. കാരണം അതില്‍ മുസ്‌ലിങ്ങളും അമുസ്‌ലിംങ്ങളും പങ്കെടുത്തിരുന്നു.
6) അബൂബക്കര്‍ സിദ്ധീഖിന്റെ നേതൃത്വത്തില്‍ മുസ്‌ലിങ്ങള്‍ നിര്‍വഹിച്ച ആദ്യത്തെ വ്യവസ്ഥാപിതമായ ഹജ്ജാണ് ഇവിടെ ഉദ്ദേശം. അത് നടന്നത് ഹിജ്‌റ ഒമ്പതാം വര്‍ഷമാണ്.
7) പ്രവാചകന്റെ വിടവാങ്ങല്‍ ഹജ്ജ് ആണ് ഉദ്ദേശം.

Tags: Haram Special

leave a comment

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ഇസ്‌ലാം ഓണ്‍ലൈവിന്റേതാവണമെന്നില്ല. അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും വ്യക്തിപരവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക.

comments powered by Disqus