ഖാദിയാനിസത്തിന് ഒളിസേവ ചെയ്യുന്നവര്‍

വ്യാജ പ്രവാചകനെ മാര്‍ക്കറ്റ് ചെയ്യാന്‍ ഖാദിയാനികള്‍ നടത്തുന്ന ഹീനമായ പ്രചാരവേലകള്‍ പലപ്പോഴും ശുദ്ധാത്മാക്കളെ വഴിതെറ്റിച്ചേക്കും. 2015 സെപ്റ്റംബര്‍ 19-ലെ 'ചന്ദ്രിക' ആഴ്ച്ചപ്പതിപ്പില്‍ 'എഴുത്ത് വേണോ ശിരസ്സ് വേണോ?' എന്ന തലക്കെട്ടില്‍ വന്ന ലേഖനത്തിലെ ഒരു പരാമര്‍ശം കാണുക: ".... 1984ല്‍ ഫിസിക്‌സില്‍ നോബേല്‍ സമ്മാനം നേടിയെടുത്ത ഡോ. സലാം ഇസ്‌ലാം മതത്തിലെ അഹമ്മദിയാ വിഭാഗത്തില്‍ പെട്ടയാളായിരുന്നു. പാകിസ്താനിലെ ന്യൂനപക്ഷമായ അഹ്മദിയാ വിഭാഗം നിരന്തരം വേട്ടയാടപ്പെട്ടപ്പോള്‍ ഡോ. സലാമിന്ന് സ്വന്തം നാട് വിട്ട് കുടുംബത്തോടൊപ്പം ബ്രിട്ടനിലേക്ക് താമസം മാറ്റേണ്ടി വന്നു. ബ്രിട്ടനില്‍ നിന്ന് അന്ത്യശ്വാസം വലിച്ച ഡോ. സലാമിന്റെ മൃതദേഹം ജന്മസ്ഥലമായ ലാഹോറിലെത്തിച്ചപ്പോള്‍ അവിടെ പതിനായിരങ്ങള്‍ പ്രതിഷേധ റാലി നടത്തിയത് 'ഒരു കാഫിറിന്റെ മൃതദേഹം പള്ളി ശ്മശാനത്തിലടക്കം ചെയ്യാന്‍ ഞങ്ങള്‍ അനുവദിക്കില്ല' എന്നുച്ചത്തില്‍ വിളിച്ചു കൊണ്ടായിരുന്നു. പോലീസിന്റെയും പട്ടാളത്തിന്റെയും സഹായത്തോടെ ലാഹോറിലെ ഒരു പള്ളി ശ്മശാനത്തിലടക്കം ചെയ്ത ഡോ. സലാമിന്റെ ഡെഡ് ബോഡി രണ്ട് ദിവസം കഴിഞ്ഞപ്പോള്‍ ഖബര്‍ പൊളിച്ച് ആരോ പുറത്തേക്കിട്ടു..."

ഇതേ ലേഖകന്‍ പാണക്കാട് മുനവ്വറലി തങ്ങളെ പ്രശംസിച്ചു കൊണ്ട് ഫെബ്രുവരി ലക്കം 'പച്ചക്കുതിര'യില്‍ എഴുതിയ കത്തില്‍ എഴുതിപ്പിടിപ്പിച്ചത് കൂടി കാണുക: "... അന്ത്യപ്രവാചകനായ മുഹമ്മദ് നബിക്ക് ശേഷം ദൈവത്തില്‍ നിന്ന് ആര്‍ക്കെങ്കിലും വെളിപാടുകള്‍ കിട്ടിയെന്ന് അവകാശപ്പെട്ടാല്‍ അവന്‍ കള്ളനാണ്. അവനെ എറിഞ്ഞു കൊല്ലണം' എന്ന് ലോകമെമ്പാടും ഓര്‍ത്തഡോക്‌സ് സുന്നിവിഭാഗം എക്കാലത്തും പ്രചരിപ്പിച്ചിരുന്നു. പ്രവാചകനായ മുഹമ്മദ് നബിയുടെ മരണ ശേഷം തനിക്ക് വെളിപാടുകള്‍ ലഭിക്കുന്നു എന്ന് പ്രഖ്യാപിച്ച മുസൈലിമയെ കൊന്നുകളയുകയാണ് ചെയ്തത്...." (പച്ചക്കുതിര, ഫെബ്രുവരി 2016)

മുനവ്വറലി ശിഹാബ് തങ്ങളെ പ്രശംസിക്കുക എന്ന വ്യാജേന ഖാദിയാനിസം ഉള്‍പ്പടെ വഴിപിഴച്ച ചിന്തകളെ സമര്‍ഥമായി പ്രസരിപ്പിക്കാനാണ് കുറിപ്പുകാരന്‍ ശ്രമിക്കുന്നത്. തദാവശ്യാര്‍ഥം സി.എച്ച്. മുഹമ്മദ് കോയ, പ്രേം നസീര്‍, വൈക്കം മുഹമ്മദ് ബഷീര്‍, മുഹമ്മദ് റാഫി, അബ്ദുല്‍ കലാം തുടങ്ങിയവര്‍ക്ക് ജനഹൃദയങ്ങളിലുള്ള മതിപ്പ് ചൂഷണം ചെയ്യാനും കുറിപ്പുകാരന്‍ ശ്രമിക്കുന്നുണ്ട്.

ഖാദിയാനികള്‍ സൂഫിസത്തെയും സൂഫികളെയും തങ്ങളുടെ പിഴച്ച നിലപാടുകളെ സാധൂകരിക്കാന്‍ യഥേഷ്ടം ഉപയോഗിക്കാറുണ്ട്. "ബഷീറിന്റെ 'അനല്‍ ഹഖ്' എന്ന കഥ ഒരു യഥാര്‍ഥ സംഭവമായിരുന്നു" എന്ന് കുറിപ്പുകാരന്‍ പറയുമ്പോള്‍ സാക്ഷാല്‍ ബഷീര്‍ പിന്നീട് തന്റെ കഥക്ക് നല്‍കിയ അടിക്കുറിപ്പ് കാണുക: "ഇത് ഞാന്‍ നാല്‍പത് കൊല്ലങ്ങള്‍ക്ക് മുമ്പ് എഴുതിയതാണ്. ഇത് ആയിരത്തിത്തൊള്ളായിരത്തി എണ്‍പത്തിരണ്ടാണ്. അനല്‍ഹഖ് എന്നും അഹം ബ്രഹ്മാസ്മി എന്നും ദൈവത്തിന്റെ അനേകം സൃഷ്ടികളില്‍ ഒന്നായ മനുഷ്യന്‍ പറയുന്നത് തെറ്റാണെന്ന് ഞാന്‍ വിശ്വസിക്കുന്നു. മന്‍സൂറിന്റേതായി എഴുതിയ ചരിത്രവും ശരിയല്ല. എല്ലാം കൂടി ഒരു ഫാന്റസി ആണെന്ന് മാത്രം കണക്കാക്കിയാല്‍ മതി..." (ബഷീര്‍ സമ്പൂര്‍ണ കൃതികള്‍, പേജ് - 393)

ഈ കുറിപ്പുകാരന്‍ 'ചന്ദ്രിക' ആഴ്ച്ചപ്പതിപ്പിലെഴുതിയ ലേഖനത്തില്‍ (2015 സെപ്റ്റംബര്‍ 19) "ഡോ. സലാം ഇസ്‌ലാം മതത്തിലെ അഹ്മദിയാ വിഭാഗത്തില്‍ പെട്ടയാളായിരുന്നു..." എന്ന് സമര്‍ഥമായി തട്ടിവിട്ടിട്ടുമുണ്ട്. ഖാദിയാനികള്‍ക്ക് വേണ്ടി ഒളിസേവ നടത്തുന്ന ലേഖകനെ പോലുള്ളവര്‍ വേറെയുമുണ്ട്. ഖാദിയാനികള്‍ അമുസ്‌ലിംകളാണെന്ന മുസ്‌ലിം ലോകത്തിന്റെ ഐക്യകണ്‌ഠേനയുള്ള നിലപാടിനെ തുരങ്കം വെക്കാന്‍ ഇവര്‍ യത്‌നിക്കുന്നുമുണ്ട്.

സത്യത്തില്‍ ഡോ. സലാം ലണ്ടനിലേക്ക് കുടിയേറിയത് തന്റെ പ്രസ്ഥാനത്തിന്റെ ആസ്ഥാനം അവിടെ ആയതുകൊണ്ടും തനിക്ക് പല നിലക്കുമുള്ള സുഖസൗകര്യങ്ങള്‍ സ്വാഭാവികമായും അവിടെ ലഭിക്കും എന്നുള്ളതിനാലുമാണ്. ബ്രിട്ടന്‍ ഉള്‍പ്പടെ പലേടത്തും ഖാദിയാനികള്‍ക്ക് വലിയ സൗകര്യങ്ങളും സഹായങ്ങളും ലഭിക്കുന്നുണ്ട്. (ഇസ്‌ലാമിനെതിരെയുള്ള അവരുടെ തീവ്രപക പ്രത്യേകം പറയേണ്ടതില്ലല്ലോ) ഇസ്രയേലിലും ഇവര്‍ക്ക് നല്ല സ്വാതന്ത്ര്യവും സൗകര്യവും ലഭിക്കുന്നുണ്ട്. ഡോ. സലാമിനെ ഖബറടക്കിയത് ലാഹോറിലെ അഹ്മദിയാ ജമാഅത്ത് ശ്മശാനത്തിലാണ്. അതുകൊണ്ട് തന്നെ "സലാമിന്റെ ഡെഡ്‌ബോഡി രണ്ടു ദിവസം കഴിഞ്ഞപ്പോള്‍ ഖബര്‍ പൊളിച്ചു ആരോ പുറത്തേക്കിട്ടു" എന്നത് "അല്ലാമാ ഇഖ്ബാല്‍ ഖാദിയാനിസത്തെ എതിര്‍ത്തിരുന്നത് ശുദ്ധകളവാണ്" (ചന്ദ്രിക ആഴ്ച്ചപ്പതിപ്പ്, 2016 ജനുവരി 9) എന്ന പ്രസ്താവന പോലെ ഖാദിയാനീ ബ്രാന്റ് നുണയാണ്.

സഹതാപം പിടിച്ചു പറ്റാന്‍ ഖാദിയാനികള്‍ പല നുണകളും പറയാറുണ്ട്. പാകിസ്താനില്‍ ഇപ്പോഴും പതിനായിരക്കണക്കിന് അഹ്മദിയാക്കള്‍ സുരക്ഷിതരായി ജീവിക്കുന്നുണ്ട്. വേറെ കുറേ പേര്‍ മിര്‍സ ഒരു പ്രവാചകനല്ലെനന് വിശ്വസിക്കുന്ന ലാഹോരി ഗ്രൂപ്പാണ്. കേരളത്തിലെ ഖാദിയാനികളിലും ഒന്നിലേറെ ഗ്രൂപ്പുകളുണ്ടാണെന്നറിവ്.

leave a comment

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ഇസ്‌ലാം ഓണ്‍ലൈവിന്റേതാവണമെന്നില്ല. അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും വ്യക്തിപരവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക.

comments powered by Disqus

Related Topics