ഷൗക്കത്തും ഷാജിയും മൗദൂദി വിമര്‍ശനങ്ങളും

മാതൃഭൂമി പത്രത്തില്‍ വന്ന ആര്യാടന്‍ ഷൗക്കത്തിന്റെയും കെ.എം ഷാജിയുടെയും 'തീവ്രവാദ വിരുദ്ധ' ലേഖനങ്ങളായിരുന്നു പോയവാരത്തില്‍ സാമൂഹിക മാധ്യമങ്ങളില്‍ ഉള്‍പ്പെടെ ഏറെ ചര്‍ച്ചചെയ്യപ്പെട്ടത്. ഇരു ലേഖനങ്ങള്‍ക്കും കുറിക്കൊള്ളുന്ന മറുപടി ഉടനടി സാമൂഹിക മാധ്യമങ്ങളിലൂടെത്തന്നെ പലരും നല്‍കുകയുണ്ടായി.  മാതൃഭൂമി മുസ്‌ലിംകളുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ സ്വീകരിക്കുന്ന നിലപാടുകളെപ്പറ്റി ഈ കോളത്തില്‍ തന്നെ പലവുരു വ്യക്തമാക്കിയിട്ടുള്ളതാണ്. ഇതിന്റെ തുടര്‍ച്ച മാത്രമാണ് ഇരു ലേഖനങ്ങളും പ്രസിദ്ധീകരിക്കുന്നതിലൂടെ മാതൃഭൂമി ചെയ്തിരിക്കുന്നത്. ഒരു 'നിഷ്പക്ഷ' പത്രം എന്ന നിലയില്‍ ഇത്തരം വാദങ്ങള്‍ക്ക് മറുപടി ഉത്തരവാദപ്പെട്ടവര്‍ നല്‍കിയാല്‍ അത് പ്രസിദ്ധീകരിക്കാനുള്ള 'ആര്‍ജ്ജവം' കൂടി മാതൃഭൂമി കാണിക്കേണ്ടതായിരുന്നു.

തീവ്ര വലതുപക്ഷ സംഘടന അധികാരത്തില്‍ എത്തിയ ശേഷം രാജ്യത്തെമ്പാടും ഭരണ സംവിധാനങ്ങളെ ഉപയോഗിച്ചു കൊണ്ട് നടത്തുന്ന അതി തീവ്രമായ ന്യൂനപക്ഷ വേട്ട എങ്ങനെയാണ് മുസ്‌ലിം സംഘടനകളുടെ പ്രവര്‍ത്തനത്താല്‍ പ്രബുദ്ധമെന്ന് വിശേഷിപ്പിക്കപ്പെടുന്ന കേരളത്തിലേക്കും അതിവേഗം പടര്‍ന്നുപിടിച്ചുകൊണ്ടിരിക്കുന്നതെന്ന് കഴിഞ്ഞ ആഴ്ചകളിലെ ചില സംഭവങ്ങള്‍ വ്യക്തമാക്കുന്നുണ്ട്.  വിവാദ പ്രസംഗത്തെത്തുടര്‍ന്ന് ശംസുദ്ദീന്‍ പാലത്ത് എന്ന മതപ്രഭാഷകനു നേരെ യു.എ.പി.എ ചുമത്തിയത്, ഇനിയും ദുരൂഹതകള്‍ നീക്കപ്പെടേണ്ടുന്ന കനകമലയിലെ അറസ്റ്റ്, പ്രമുഖ പണ്ഡിതന്‍ എം.എം അക്ബറിന്റെ നേതൃത്വത്തില്‍ നടത്തപ്പെടുന്ന പീസ് സ്‌കൂളിനെതിരായ അന്വേഷണം തുടങ്ങിയവയെല്ലാം ഇതിന് ഉദാഹരണങ്ങളാണ്. മുസ്‌ലിം സമൂഹമായി ബന്ധപ്പെട്ട് ഇത്തരത്തിലുള്ള പ്രശനങ്ങള്‍ ഉടലെടുക്കുമ്പോള്‍ അതിന്റെ ശരിയായ കാരണങ്ങളും വസ്തുതകളും അന്വേഷിക്കുന്നതിനു പകരം മൗദൂദിയും അദ്ദേഹത്തിന്റെ സാഹിത്യങ്ങളുമാണ് ഇതിനെല്ലാം കാരണമെന്ന് സ്ഥിരം പല്ലവികള്‍ ലേഖനങ്ങളിലൂടെ ആവര്‍ത്തിക്കുക മാത്രമാണ് ഇരുവരും ചെയ്യുന്നത്. മൗദൂദിയുടെ സാഹിത്യങ്ങള്‍ നിരന്തരം വായിച്ചുകെണ്ടിരിക്കുന്ന ജമാഅത്തുകാര്‍ക്കോ അതുമായി ബന്ധപ്പെട്ടവര്‍ക്കോ എതിരെയല്ല ആരോപണങ്ങള്‍ ഉയര്‍ന്നിട്ടുള്ളത് എന്നാല്‍ ലേഖകന്‍ അടക്കം പ്രതിനിധീകരിക്കുന്ന ധാരക്കെതിരെയാണ് ആരോപണം ഉയര്‍ന്നിട്ടുള്ളതെന്നതും വസ്തുതയാണ്. ഷൗക്കത്തിന്റയും ഷാജിയുടെയും വാദങ്ങളില്‍ ഇത്തരം വസ്തുതകളെ എങ്ങനെയാണ് മറച്ചുവെക്കുന്നത് ഡൂള്‍ ന്യൂസിലെ 'ഐഎസ്: ആര്യാടന്‍ ഷൗക്കത്തും എം. കെ മുനീറും കളിക്കുന്നതെങ്ങനെ?' എന്ന തലക്കെട്ടിലുള്ള എം.എ കുഞ്ഞഹമ്മദിന്റെ ലേഖനം തുറന്നു കാട്ടുന്നു. 'ഐഎസ് ബന്ധത്തിന്റെ പേരില്‍ ആരോപണം നേരിടുന്ന ഔദ്യോഗിക മുജാഹിദ് സംഘടനകളിലെ പ്രവര്‍ത്തകരെല്ലാം യു.ഡി.എഫ് മുന്നണിയിലുള്ള മുസ്‌ലിം ലീഗിലോ കോണ്‍ഗ്രസിലോ പ്രവര്‍ത്തിക്കുന്നവരാണ്. ഈ രാഷ്ട്രീയ ബന്ധത്തിന്റെയും താല്‍പര്യത്തിന്റെയും പേരില്‍ ആര്യാടന്‍ ഷൗക്കത്ത് സലഫീ തീവ്രവാദത്തെ ശരിക്കും കാണാതെ പോകുന്നതാണ് സ്ഥിതി'' കുഞ്ഞഹമ്മദ് നിരീക്ഷിക്കുന്നു. അപരസംഘടനകളെ തീവ്രവാദ മുദ്രകുത്തി സംഘ്പരിവാര്‍ അജണ്ടകള്‍ അവരുപോലും ഉദ്ദേശിക്കാത്തവിധം വളരെ എളുപ്പത്തില്‍ നിര്‍വഹിക്കുകയാണ് ഇരുവരും ചെയ്യുന്നത്. മൗദൂദിയുടെ  ജിഹാദ് എന്ന പുസ്‌തകം അബുല്‍ ഹസന്‍ അലി നദ്‌വി അറബിയിലേക്ക് വിവര്‍ത്തനം ചെയ്യുകയുണ്ടായി എന്ന കെ.എം ഷാജിയുടെ ലേഖനത്തിലെ വസ്തുതാ വിരുദ്ധമായ പരാമര്‍ശം വായനക്കാര്‍ കയ്യോടെ പിടികൂടി പുറത്ത് കൊണ്ടുവരികയുണ്ടായി.

കശ്മീര്‍ വിഷയത്തെക്കുറിച്ചാണ് പുതിയ ലക്കം രിസാല വാരികയും സമകാലിക മലയാളം വാരികയും ചര്‍ച്ച ചര്‍ച്ച ചെയ്യുന്നത്. കശ്മീരിലെ കലുഷിതമായ അന്തീരീക്ഷത്തെപ്പറ്റിയും അതിന്റെ കാരണങ്ങളെപ്പറ്റിയും ഇരു മാഗസിനുകളും ചര്‍ച്ച ചെയ്യുന്നു. കാശമീരിലെ സംഭവവികാസങ്ങളെ വിശകലനം ചെയ്യുന്ന ശഹീദിന്റെ ലേഖനവും അല്‍ജസീറയുടെ ഡല്‍ഹി ലേഖകന്‍ ബാബ തമീമിന്റെ 'കാശ്മീരിലെ മാനസിക രോഗികള്‍' എന്നിവയാണ് രിസാലയിലെ ശ്രദ്ധേയമായ ലേഖനങ്ങള്‍. മലയാളം വാരികയില്‍ കശ്മീര്‍ വിഷയത്തിനു പുറമേ മറ്റൊരു ശ്രദ്ധേയമായ ഇനമാണ് 'അക്രമം അടുക്കളയിലും ആഹാരത്തിലു'മെന്ന പി.വി ഷെബിയുടെ റിപ്പോര്‍ട്ട്. ഹരിയാനയിലെ മേവാത്തില്‍ സംഘ്പരിവാറിന്റെ മുസ്‌ലിം വിരുദ്ധ ആക്രമണങ്ങളുടെ പശ്ചത്താലത്തില്‍ മേവാത് എന്ന ഗ്രാമത്തിലെ മുസ്‌ലിംകള്‍ എങ്ങനെയൊക്കെയാണ് വേട്ടയാടപ്പെടുന്നതെന്നത് എന്ന് റിപ്പോര്‍ട്ട് തുറന്നു കാണിക്കുന്നു. മുസ്‌ലിം ഭൂരിപക്ഷ ജില്ലയായ മേവാത് വിഭജന സമയത്ത്‌പോലും അനുഭവിക്കാത്ത വിധം ഒറ്റപ്പെടലിനു വിധേമായിക്കൊണ്ടിരിക്കുകയാണെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

കൃഷി രീതികള്‍ തിരിച്ചുപിടിക്കേണ്ടതിന്റെ പ്രാധാന്യത്തെപ്പറ്റിയാണ് പുതിയ ലക്കം പ്രബോധനം ചര്‍ച്ച ചെയ്യുന്നത്. ഇസ്‌ലാം കൃഷിയെ എങ്ങനെയൊക്കെയാണ് പ്രോത്സാഹിപ്പിക്കുന്നതിനെക്കുറിച്ചും കാര്‍ഷിക സംസ്‌കാരത്തിന് ഇസ്‌ലാം നല്‍കിയ സംഭാവനകളെക്കുറിച്ചുമുള്ള ജാസിര്‍ അബൂസ്വഫിയയുടെ ലേഖനവും കണ്ണൂരിലെ ഇസലാഹി പ്രസ്ഥാനത്തിന്റെ മുതിര്‍ന്ന നേതാവ് വി.എന്‍.കെയുമായി പരിസ്ഥിതി, യാത്ര വിഷയങ്ങളെ ആസ്പദമാക്കി സദ്‌റുദ്ദീന്‍ വാഴക്കാട് നടത്തിയ അഭിമുഖവും ഈ ലക്കത്തിലെ ശ്രദ്ധേയമായ ഇനങ്ങളാണ്. ഡോ. നിഷാദ് പുതുക്കാടിന്റെ കൃഷി നിലനില്‍പ്പിന്റെ രാഷ്ട്രീയം കൂടിയാണെന്ന ലേഖനം കാര്‍ഷിക രംഗത്ത് ഉണ്ടായിക്കൊണ്ടിരിക്കുന്ന ആപത്കരങ്ങളായ നടപടികളെ തുറന്ന് കാണിക്കുകയും ആശാവഹമായ മാറ്റങ്ങളിലേക്ക് വിരല്‍ ചൂണ്ടുകയും ചെയ്യുന്നു.  

leave a comment

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ഇസ്‌ലാം ഓണ്‍ലൈവിന്റേതാവണമെന്നില്ല. അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും വ്യക്തിപരവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക.

comments powered by Disqus

Related Topics