സിനിമയിലെ അധീശത്വവും കാമ്പസിലെ അധീശത്വവും

ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമായിട്ടാണ് നമ്മുടെ രാജ്യത്തെ അടയാളപ്പെടുത്തുന്നതെങ്കിലും സൂക്ഷമമായി വിലയിരുത്തിയാല്‍ ഓരോ പൊതു ഇടങ്ങളിലും തങ്ങളുടെ അധീശത്വം സ്ഥാപിക്കുന്നതിനായി വിവിധ ഏജന്‍സികള്‍ ശ്രമിക്കുന്നതായി നമുക്ക് കാണാന്‍ കഴിയും. പ്രത്യേകിച്ചും ദലിത് മുസ്‌ലിം ആദിവാസി വിഭാഗങ്ങള്‍ ഉള്‍പ്പെടെയുള്ള മുഴുവന്‍ ന്യൂനപക്ഷ ശബ്ദങ്ങളെയും ഇടപെടലുകളെയും അരികുവത്കരിക്കുന്നതിന് സവര്‍ണ വരേണ്യ അധീശത്വ വിഭാഗം ശ്രമിക്കുന്നതായി നമുക്ക് മനസ്സിലാക്കാന്‍ കഴിയും. ജനാധിപത്യത്തെ കാറ്റും വെളിച്ചവും കടക്കാത്ത അറകളായി സംരക്ഷിക്കാനാണ് ഇവര്‍ ശ്രമിക്കുന്നത്. ഇത്തരത്തില്‍ വരേണ്യ അധീശത്വം നിലനില്‍ക്കുന്ന രണ്ടു പൊതു ഇടങ്ങളെപ്പറ്റിയാണ് പുതിയ ലക്കം മാധ്യമവും (മാര്‍ച്ച് 27) പ്രബോധനവും (മാര്‍ച്ച് 17) തേജസും (മാര്‍ച്ച് 16) ചര്‍ച്ച ചെയ്യുന്നത്.

സിനിമാ മേഖലയിലെയും കാമ്പസിനകത്തെയും അധീശവ്യവസ്ഥയെയാണ് ഇവ പ്രശ്‌നവത്കരിക്കുന്നത്. സമൂഹത്തിലെ അധീശത്വ വ്യവസ്ഥയെ ചോദ്യം ചെയ്യുന്നതിലും കൂടുതല്‍ ജനാധിപത്യ വത്കരിക്കുന്നതിലും കലക്ക് നിര്‍ണായക പങ്കുണ്ട്. എന്നാല്‍ ദൗര്‍ഭാഗ്യവശാല്‍ സിനിമ എന്ന കല ഈ രംഗത്ത് പലപ്പോഴും പ്രതിലോമകരമായ ഇടപെടലാണ് നടത്തുന്നത് എന്ന് മുഖ്യധാര സിനിമകളെ വിലയിരുത്തുമ്പോള്‍ നമുക്ക് ബോധ്യമാകും. പുതുകാല സിനിമകള്‍ക്ക് നേരത്തെ പിന്തുടര്‍ന്ന് പോന്നിരുന്ന വാര്‍പ്പ് മാതൃകകളില്‍ നിന്നും മാറി സഞ്ചരിക്കാന്‍ കഴിയുന്നു എന്നതും വെളുത്ത ശരീരം/ വരേണ്യ കാഴ്ച എന്നതില്‍ നിന്നും കറുത്ത ശരീരങ്ങളിലേക്കും സഞ്ചരിക്കാനും മുഖ്യധാര സമൂഹങ്ങളില്‍ നിന്നും അരികുവത്കരിക്കപ്പെട്ട വിഭാഗങ്ങളുടെ വിഷയം ചര്‍ച്ചചെയ്യാനും നവസിനിമകള്‍ക്ക് കഴിയുന്നു എന്നതും ഈ രംഗത്ത് സംഭവിച്ചിട്ടുള്ള ഗുണകരമായ മാറ്റം തന്നെയാണ്. ഈ അര്‍ഥത്തില്‍ കമ്മട്ടിപ്പാടത്തിലെ അഭിനയത്തിന് വിനായകന് മികച്ച നടനുള്ള സംസ്ഥാന ചലച്ചിത്ര അക്കാദമി അവാര്ഡ് ലഭിച്ചു എന്നതും തോട്ടിപ്പണിക്കാരുടെ ജീവിതം അഭ്രപാളിയില്‍ എത്തിച്ചതിന് മികച്ച സംവിധായകക്കുള്ള അവാര്‍ഡ് പ്രമുഖ മാധ്യമ പ്രവര്‍ത്തക വിധു വിന്‍സെന്റിനും ലഭിച്ചു എന്നത് ശുഭ സൂചന തന്നെയാണ്. അതേസമയം തന്നെ ഇത്തരം സിനിമകള്‍ എങ്ങനെയാണ് ദലിത് ആദിവാസി വാര്‍പ്പുമാതൃകകളെ വീണ്ടും വീണ്ടും ഊട്ടിയുറപ്പിക്കുന്നത് എന്നതിലേക്ക് വെളിച്ചം വീശുന്ന വിശര്‍നാത്മക പഠമമാണ് പുതിയ ലക്കം മാധ്യമം ആഴ്ചപ്പതിപ്പില്‍ കെ കണ്ണന്‍ എഴുതിയ ഗംഗമാരുടെ കറുപ്പ് ശുദ്ധമാക്കപ്പെട്ടവരുടെ വെളുപ്പാണ് എന്ന ലേഖനം. രാജ്യത്ത് പലവിധത്തിലുള്ള ദലിത് മുന്നേറ്റങ്ങള്‍ ഉണ്ടാകുമ്പോഴും പഴയ വാര്‍പ്പുമാതൃകകള്‍ തന്നെ പുനരാവിഷ്‌കരിക്കാനാണ് കമ്മിട്ടപ്പാടം അടക്കമുളള സിനിമകള്‍ ശ്രമിക്കുന്നതെന്ന ലേഖകന്‍ നിരീക്ഷിക്കുന്നു. കമ്മിട്ടപ്പാടം ഒരു വിധത്തിലുള്ള എതിനോഗ്രഫിക്കല്‍ വയല്‍സാണെന്ന് നേരത്തെ എ.എസ് അജിത്കുമാര്‍ നടത്തിയ നിരീക്ഷണവും ഇതിനോടു ചേര്‍ത്തു വായിക്കാന്‍ പറ്റും. സിനിമ എങ്ങനെയാണ് ദേശങ്ങളെ അപരവത്കരിക്കുന്നത് എന്ന വിഷയത്തില്‍ കെ. പി ജയകുമാര്‍ നടത്തിയ പഠനാത്മക വിശകലനവും സംവിധായക വിധുവിന്‍സന്റുമായുള്ള അഭിമുഖവും ഈ ലക്കം മാധ്യമം ആഴിചപ്പതിപ്പിലെ മറ്റു മികച്ച ഇനങ്ങള്‍

കാമ്പസിനകത്തെ അധീശത്വ വ്യവസ്ഥയെയാണ് പുതിയ ലക്കം പ്രബോധനവും തേജസും പ്രശ്‌നവത്കരിക്കുന്നത്. കേരളത്തിന് പുറത്ത് പ്രത്യേകിച്ചും കേന്ദ്രസര്‍വകലാശാലകളില്‍ എ.ബി.വി.പിയുടെയും അധികാര വര്‍ഗത്തിന്റെയും സവര്‍ണ അധീശ്വത്യമാണ് മുഖ്യപ്രശ്‌നമെങ്കില്‍ കേരളത്തിലെ കാമ്പസികളിലത് എസ്.എഫ്.ഐ നേതൃത്വം നല്‍കുന്ന ഇടതു അധീശ്വതമാണ് പ്രശ്‌നം. ഇതിന്റെ മറ്റൊരു സവിശേഷത രണ്ടു ഇടങ്ങളിലും ഇവര്‍ പുറംതള്ളാന്‍ ശ്മിക്കുന്നത് ദലിത് മുസലിം മുന്നേറ്റങ്ങളെയാണ് എന്നതുമാണ്. പ്രത്യേകിച്ചും രോഹിത് വെമുലയുടെ സ്ഥാപിതവത്കൃത കൊലപാതകത്തിന് (institutional murdar) ശേഷം ഇന്ത്യയിലുടനീളം കാമ്പസുകളില്‍ ദലിത് മുസലിം മുന്നേറ്റം കൂടുതല്‍ ദൃശ്യത കൈവരിക്കുന്നുണ്ട്. വിഷയ സംബന്ധമായി ഈയിടെ ഏറെ ചര്‍ച്ച ചെയ്യപ്പെട്ട വ്യകതിയായിരുന്നു ഇങ്ക്വിലാബ് പ്രവര്‍ത്തക സല്‍വാ അബദുല്‍ഖാദര്‍. എസ്.എഫ്.ഐയുടെ ചെങ്കോട്ടയില്‍ മര്‍ദനമേറ്റിട്ടും ധീരമായി ചെറുത്തുനിന്ന സല്‍വയുടെ അനുഭവക്കുറിപ്പ് പ്രബോധനവും തേജസും ചേര്‍ത്തത് ഉചിതമായി. പ്രമുഖ മാധ്യമപ്രവര്‍ത്തകന്‍ ഹസനുല്‍ ബന്ന, എസ്.ഐ.ഒ സംസ്ഥാന സമിതി അംഗം റമീസ് ഇ.കെ എന്നിവരുടെ വിശകലനങ്ങള്‍ പ്രബോധനത്തിലും ലോ കോളജ് വിദ്യാര്‍ഥി അമീന്‍ ഹസന്‍, മുന്‍ എസ്.എഫ്.ഐ നേതാവും കോഴിക്കോട് മുന്‍സിപ്പല്‍ കൗണ്‍സിലറുമായ സയ്യിദ് മുഹമ്മദ് ഷമീല്‍, മടപ്പളളി കോളജ് പൂര്‍വ വിദ്യാര്‍ഥി മുഹമ്മദലി, തിരുവനന്തപുരം യൂനിവേഴ്‌സിറ്റി കോളജില്‍ എസ്.എഫ്.ഐയുടെ ക്രൂര മര്‍ദ്ദനത്തിന് ഇരയായ ദേശീയ സൈക്ലിങ് താരം അജ്മല്‍ എന്നിവരുടെ അനുഭവങ്ങള്‍ തേജസും ചര്‍ച്ചചെയ്യുന്നു. ഇത് വ്യക്തമാക്കുന്നത് കേരളത്തിലെ കാമ്പസുകളെ ജനാധിപത്യവത്കരിക്കണമെങ്കില്‍ ഇടതു ലിബറല്‍ ഫാസിസത്തെ പ്രശ്‌നവതകരിക്കുകതന്നെയാണ് ആദ്യം ചെയ്യേണ്ടത് എന്ന യാഥാര്‍ഥ്യമാണ്. ദൗര്‍ഭാഗ്യവശാല്‍ മലാലയെ ഉള്‍പ്പെടെ ഉയര്‍ത്തിപ്പിടിച്ച ഇടതു മതേതര ബുദ്ധി ജീവികള്‍ക്ക് ഇനിയും തങ്ങളുടെ മൂക്കിനു മുന്നിലെ ഫാസിസത്തെ തിരിച്ചറിയാനോ പ്രശ്‌നവത്കരിക്കാനോ കഴിയുന്നില്ല എന്നതാണ് യാഥാര്‍ഥ്യം. തേജസും പ്രബോധനവും ഇത് അടയാളപ്പെടുത്തുന്നു. സത്യധാര (മാര്‍ച്ച്1, ലക്കം 10) യിലെ കവി സച്ചിദാന്ദനമായുള്ള അഭിമുഖവും മലയാള സാഹിത്യത്തിലെ മുസ്‌ലിം പ്രതിനിധാനത്തെപ്പറ്റി തുറാസി, മുആവിയ മൂഹമ്മദ്.കെ.കെ എന്നിവര്‍ നടത്തിയ പഠനങ്ങളും പോയവാരത്തിലെ ശ്രദ്ധേയമായ ഇനങ്ങള്‍ തന്നെ.

leave a comment

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ഇസ്‌ലാം ഓണ്‍ലൈവിന്റേതാവണമെന്നില്ല. അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും വ്യക്തിപരവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക.

comments powered by Disqus

Related Topics