സൗദിയില്‍ നിന്ന് ഹൂറിയ മടങ്ങുന്നത് ആത്മാഭിമാനത്തോടെ

ജിദ്ദ: ഇന്തോനേഷ്യയില്‍ നിന്നും നിരവധി സ്ത്രീകളാണ് തൊഴില്‍ തേടി സൗദിയിലെത്താറുള്ളത്. ഇവരില്‍ അധികപേരും വീട്ടുജോലി ചെയ്താണ് ജീവിക്കുന്നത്. അത്തരത്തില്‍ വീട്ടുജോലിക്കിടെ ക്രൂരമായ പീഡനങ്ങളും ബുദ്ധിമുട്ടുകളും ഏറ്റുവാങ്ങേണ്ടി വന്നവരുടെ നിരവധി വാര്‍ത്തകള്‍ നാം കേള്‍ക്കാറുണ്ടെങ്കിലും അതില്‍ നിന്നെല്ലാം വ്യത്യസ്തമാണ് ഇന്തോനേഷ്യക്കാരിയായ ഹൂറിയയുടെ അനുഭവം.

കഴിഞ്ഞ 33 വര്‍ഷം ജിദ്ദയിലെ അബ്ദുല്ല അല്‍-ഫറജ് എന്ന സൗദിയുടെ വീട്ടില്‍ ജോലിക്കുനിന്ന അവര്‍ അവിടെ കുടുംബാംഗത്തെപോലെയായിരുന്നു. സേവനം അവസാനിപ്പിച്ച് സ്വന്തം നാട്ടിലേക്ക് മടങ്ങുമ്പോള്‍ കണ്ണീരില്‍ കുതിര്‍ന്നാണ് അബ്ദുല്ലയുടെ കുടുംബം ഹൂറിയയെ യാത്രയാക്കിയത്. 33 വര്‍ഷം വീട്ടംഗത്തെപോലെ കഴിഞ്ഞു വീടണയുന്ന ഇവരുടെ വാര്‍ത്തകളും ചിത്രങ്ങളുമാണ് ഇപ്പോള്‍ സൗദിയിലെ സോഷ്യല്‍ മീഡിയയില്‍ നിറയുന്നത്.

33 വര്‍ഷമായി ഈ കുടുംബത്തിലെ കുട്ടികളെയും യുവാക്കളെയും കൗമാരക്കാരെയും വളര്‍ത്തി പരിചരിച്ച് വിടവാങ്ങുമ്പോള്‍ ഹൂറിയക്കും കരച്ചിലടക്കാനാവുന്നില്ല.
'1986ലാണ് ജോലിക്കായി അവര്‍ എന്റെ മാതാവിന്റെ വല്യുപ്പയുടെ വീട്ടിലെത്തുന്നത്. ഇതിനിടെ നിരവധി തവണ അവര്‍ അവരുടെ ജന്മനാടായ ഇന്തോനേഷ്യയിലേക്ക് പോയിട്ടുണ്ടെങ്കിലും എല്ലാ തവണയും തിരിച്ചുവന്നിരുന്നതായി കുടുംബാംഗമായ അബ്ദുല്ല പറയുന്നു.

എന്റെ അമ്മാവന്‍മാരെയും ഞാനുള്‍പ്പെടുന്ന തലമുറയെയും ഇപ്പോള്‍ എന്റെ മക്കളെയും വളര്‍ത്തി പരിപാലിച്ചത് ഇവരാണ്. ഇങ്ങനെ മൂന്നു വ്യത്യസ്ത തലമുറയെ വളര്‍ത്തി പിരപാലിച്ച അവര്‍ നമ്മുടെ കുടുംബത്തിലെ ഒരംഗം തന്നെയായിരുന്നു. ഞങ്ങളുടെ വല്യുപ്പയും വല്യുമ്മയും കുടുംബത്തിലെ മുതിര്‍ന്ന അംഗങ്ങളോട് കാണിക്കുന്ന വാത്സല്യം ഹൂറിയയോടും കാണിച്ചിരുന്നു. 2012 ഞങ്ങളുടെ വല്ല്യുമ്മ മരണപ്പെട്ടപ്പോള്‍ അവരുടെ വിടവ് നികത്തിയതും അവരായിരുന്നു' ഇപ്പോള്‍ അവരുടെ സാന്നിധ്യം വീട്ടിലില്ലാത്ത് അറിയാനുണ്ടെന്നും വീട് ശാന്തമായെന്നും അബ്ദുല്ല പറയുന്നു.

ഏതായാലും നിരവധി അശുഭകരമായ വാര്‍ത്തകള്‍ക്കിടയിലും സൗദി കുടുംബത്തെ സേവിച്ച് ആത്മാഭിമാനത്തോടെ തലയുയര്‍ത്തി കണ്ണീരില്‍ കുതിര്‍ന്ന് നാടണയുന്ന ഹൂറിയയുടെ ജീവിതാനുഭവം സൗദിയുടെ മറ്റൊരു മനുഷ്യത്വത്തിന്റെ മുഖമാണ് തുറന്നുകാണിക്കുന്നത്.

 

leave a comment

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ഇസ്‌ലാം ഓണ്‍ലൈവിന്റേതാവണമെന്നില്ല. അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും വ്യക്തിപരവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക.

comments powered by Disqus

Related Topics