ഉള്ളുണര്‍ത്തുന്ന ആലോചനകള്‍

ശരീര പോഷണത്തേക്കാള്‍ ഏറെ പ്രാധാന്യമുള്ളമാണല്ലോ ആത്മ സംസ്‌കരണം. അതിനാല്‍ തന്നെ പ്രസ്തുത വിഷയകമായി അനേകം രചനകള്‍ മലയാളത്തിലും ഉണ്ടായിട്ടുണ്ട്. അതില്‍ പ്രത്യേകം എടുത്തു പറയപ്പെടാന്‍ യോഗ്യമായ ഒന്നാണ് പി.എം.എ ഗഫൂര്‍ രചിച്ച വിശ്വാസി ഓര്‍മിക്കേണ്ടത് എന്ന പുസ്തകം. ഭൗതിക ജീവിതത്തിന്റെ ഊഷരതയില്‍ വീര്‍പ്പു മുട്ടുന്ന മനുഷ്യര്‍ക്ക് ആത്മ സംഗീതത്തിന്റെ കുളിരായി അനുഭവപ്പെടുന്നു ഈ പുസ്തകത്തിലെ ഓരോ കുറിപ്പുകളും. ഏകാന്തതയുടെ മരുക്കാട്ടില്‍ അകപ്പെട്ട് വിഭ്രമിക്കുന്ന വഴിപോക്കന് ലഭിക്കുന്ന അപ്രതീക്ഷിത സഹായ സ്പര്‍ശത്തിന്റെ അനവദ്യസുന്ദരമായ അനുഭൂതി ഈ പുസ്തകത്തില്‍ കണ്ടെത്താം. ഖുര്‍ആന്റെയും സുന്നത്തിന്റെയും സച്ചരിതരായ മുന്‍ഗാമികളുടെ ചരിത്രത്തിന്റെയും സ്‌നേഹ സാന്ദ്രമായ തലോടലുകള്‍കൊണ്ട് വിശ്വാസികളെ ആത്മഭാഷണത്തിന്റെ അനുഭൂതി നുകരുന്നവരാക്കാനുള്ള ആവേശകരമായ ഒരു ശ്രമമായി ഈ കൃതിയെ വിലയിരുത്താം.

ഒരു സത്യവിശ്വാസി അവന്റെ സ്വഭാവം, പെരുമാറ്റം തുടങ്ങി എല്ലാം ഈമാനിന്റെ താല്‍പര്യമനുസരിച്ച് ചെത്തിമിനുക്കിയെടുക്കേണ്ടതുണ്ട്. അതിന് മാറ്റ് കുറയുന്നുണ്ടോ എന്ന് നിരന്തരം പരിശോധിക്കുകയും ആവശ്യമായ മാറ്റത്തിരുത്തലുകള്‍ വരുത്തുകയും ചെയ്യേണ്ടത് വിശ്വാസിയുടെ കര്‍തവ്യമാണ്. ഹൃദയത്തിലെ കറകള്‍ മായ്ചുകളയാന്‍ എപ്പോഴും വിശ്വാസത്തിന്റെ കരുത്ത് ഊര്‍ജം പകരണം. ആ ശുദ്ധീകരണത്തിന് അല്ലാഹുവും റസൂലും പഠിപ്പിച്ചതിനപ്പുറം മറ്റൊന്നും ഉതകുകയില്ല. ഈ വഴിക്കുള്ള ആലോചനകളും പ്രേരണകളുമാണ് കൊച്ചുകൊച്ചു കുറിപ്പുകളിലൂടെ ഈ കൃതി നമ്മുടെ മുന്നില്‍ സമര്‍പ്പിക്കുന്നത്. അശുദ്ധിയില്ലാത്ത മനസ്സും അഴകുള്ള ജീവിതവും കൈവരുമ്പോള്‍ മാത്രമേ ഒരാളുടെ ഇസ്‌ലാമിക വ്യക്തിത്വം അര്‍ഥപൂര്‍ണമാവൂ. അതിന് നമ്മെ സഹായിക്കുന്ന ഒന്നാണ് ഈ കൃതി. ഇതിന്റെ രചന ഏറെ സരളവും സാരോപദേശങ്ങള്‍ നിറഞ്ഞതുമാണ്. സര്‍വോപരി വിശ്വാസിയുടെ അകത്തളങ്ങളില്‍ അനുരണനങ്ങള്‍ സൃഷ്ടിക്കാന്‍ മാത്രം ശക്തവുമാണ്.
ഈമാനിനെ ജീവിതത്തിലൂടെ പ്രകാശിപ്പിക്കാന്‍ ശ്രമിക്കലാണല്ലോ വിശ്വാസിക്ക് ചെയ്യാനുള്ളത്. മനസ്സിന്റെ തന്ത്രികളില്‍ തൊടുമ്പോല്‍ ആത്മശാന്തിയുടെ സപ്തശീലുകള്‍ വിടര്‍ത്താന്‍ കഴിയുന്ന മാന്ത്രികാനുഭവമാണ് ഈമാന്‍. ജീവിതത്തിന്റെ നിമിഷ നിശ്വാസങ്ങളില്‍ ഒരു വിശ്വാസിയെ അനുഗമിക്കുന്ന സര്‍ഗാത്മകമായ എല്ലാ ചൈതന്യത്തിന്റെയും ഉറവ ദൈവവിശ്വാസം മാത്രമായിരിക്കും. ഹൃദയത്തില്‍ ദൈവവിശ്വാസം കുടികൊള്ളുമ്പോഴാണ് ജീവിതം ആര്‍ദ്രവും ആഹ്ലാദകരവുമാവുന്നത്. വിശ്വാസത്തെ ഹൃദയത്തില്‍ നിന്ന് പിഴുതെടുത്ത് മസ്തിഷ്‌കത്തില്‍ സ്ഥാപിക്കുകയും ദൈവവിചാരത്തെ അതിന്റെ ആത്മീയ സൗന്ദര്യത്തില്‍ നിന്ന് താര്‍ക്കിക ജഡിലതകളിലേക്ക് തള്ളിമാറ്റുകയും ചെയ്യുമ്പോഴാണ് ദീന്‍ ഒരു ഭൗതിക പ്രസ്ഥാനമായി തരംതാണുപോകുന്നത്. ആ താഴ്ചയെ ഗൗരവപൂര്‍വം വിശ്വാസികളെ ഓര്‍മിപ്പിക്കുകയാണ്  ഈ കൃതി.

ഒറ്റക്കാവുമ്പോള്‍ ചില ചോദ്യങ്ങള്‍, ഞാന്‍ നിനക്കായി ഇപ്പോഴും പ്രാര്‍ഥിക്കുന്നു, ബന്ധങ്ങള്‍ ചീന്തിയെറിയുമ്പോള്‍, ഇണകള്‍: ഇഴചേരുന്ന വസ്ത്രങ്ങള്‍, നമ്മളും അന്യരും, ആകുലതകളില്ലാത്ത മരണം, യൂസുഫിനെ മറക്കുന്ന യുവാക്കള്‍, ഖുര്‍ആന്‍ ഉള്ളിലേക്ക് പെയ്യുമ്പോള്‍, നല്ലതുമാത്രം നുകര്‍ന്നും പകര്‍ന്നും, ഉമ്മയോളം വരില്ല മറ്റൊന്നും, കളിമണ്‍ പാത്രങ്ങള്‍ കത്തിനശിക്കാറില്ല, അവളില്ലാതെ ഞാനെങ്ങനെ? തുടങ്ങി 232 ശീര്‍ഷകങ്ങളടങ്ങിയ മനോഹരമായ ഈ കൃതി ഹൃദ്യമായ ഒരു വായനാനുഭവമായിരിക്കുമെന്നതില്‍ സംശയമില്ലി.
750ല്‍ പരം പേജുകളുള്ള ഈ കൃതി അഞ്ച് ഭാഗങ്ങളായാണ് പ്രസിദ്ധീകരിച്ചിരിക്കുന്നത്. യുവത ബുക്‌സ് (കോഴിക്കോട്) ആണ് പ്രസാധകര്‍.

leave a comment

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ഇസ്‌ലാം ഓണ്‍ലൈവിന്റേതാവണമെന്നില്ല. അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും വ്യക്തിപരവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക.

comments powered by Disqus

Related Topics