പ്രവാചക ചരിതത്തിന് മലയാളിയുടെ അറബി കാവ്യഭാഷ്യം

മുഹമ്മദ് നബിയുടെ വ്യക്തിത്വത്തിനും ജീവചരിത്രത്തിനും ഗദ്യത്തിലെന്ന പോലെ പദ്യത്തിലും വലിയ സ്ഥാനം ലഭിച്ചിട്ടുണ്ട്. പ്രവാചക കാലഘട്ടം മുതല്‍ ഇന്നോളം അത് അനുസ്യൂതം തുടരുന്നു. ഇമാം ബൂസ്വീരിയുടെ ഖസീദത്തുല്‍ ബുര്‍ദ പോലുള്ളപ്രവാചക പ്രകീര്‍ത്തന കാവ്യങ്ങളില്‍ ആ ത്യാഗോജ്ജ്വല ജീവിതം ചിതറിക്കിടക്കുമ്പോള്‍, നബിചരിതം ക്രമാനുഗതമായി കോര്‍ത്തുവെച്ച കവിതകളും വിരചിതമായിട്ടുണ്ട്. അല്‍ഖലാദതുദ്ദഹബിയ്യ ഫിസ്സീറതിന്നബവിയ്യ ഉദാഹണം.
അപ്രകാരം മുഹമ്മദ് നബിയുടെ ജീവിതം വരിച്ചുകാണിക്കുന്ന, ആയിരം വരികളുള്ള അറബി കവിത കേരളത്തിലും രചിക്കപ്പെട്ടിട്ടുണ്ട്. അറുപത് വര്‍ഷങ്ങള്‍ക്ക് മുമ്പ്, കൊച്ചന്നൂര്‍ അലി മൗലവി രചിച്ച  خلاصة الأخبار في سيرة المختار ആണത്.

അലി മൗലവി: 1901ല്‍ തൃശൂര്‍ ജില്ലയിലെ കൊച്ചന്നൂരില്‍ ജനനം. വാഴക്കാട് പള്ളിദര്‍സിലെ (ദാറുല്‍ഉലൂം) പഠനത്തിന് ശേഷം മദ്രാസ് യൂണിവേഴ്‌സിറ്റിയില്‍ നിന്ന് അഫ്ദലുല്‍ ഉലമ ബിരുദം നേടി. വിവിധ സര്‍ക്കാര്‍ ഹൈസ്‌കൂളുകളില്‍ അധ്യാപകനായി. 1966ല്‍ ചാവക്കാട് ഹൈസ്‌കൂളില്‍ നിന്ന് വിരമിച്ചു. പിന്നീട് ഏതാനും വര്‍ഷങ്ങള്‍ വളവന്നൂര്‍ അന്‍സാര്‍ അറബിക് കോളജില്‍ അധ്യാപകനായി സേവനമനുഷ്ഠിച്ചു. അറബി ഭാഷയിലും ഇസ്‌ലാമിക വിജ്ഞാനീയങ്ങളിലും അവഗാഹമുള്ള ഒരു ഗ്രന്ഥകാരനും കവിയുമായിരുന്നു മൗലവി. അദ്ദേഹത്തിന്റെ ആദ്യത്തെ രചനയാണ് ഖുലാസുതുല്‍ അഖ്ബാര്‍ ഫീ സീറതില്‍ മുഖ്താര്‍.
പൊതുവെ സങ്കീര്‍ണവും വിരസവുമായി കരുതപ്പെടുന്ന ഫിഖ്ഹ് പ്രതിപാദന ശൈലിയില്‍ നിന്നും വ്യത്യസ്തമായി ലളിതമായ ഭാഷയിലും ആകര്‍ഷകമായ ശൈലിയിലും ഇസ്‌ലാമിക കര്‍മശാസ്ത്രം പ്രതിപാദിക്കുന്ന مختصر الأحكام الفقهية അദ്ദേഹത്തിന്റെ ശ്രദ്ധേയമായ മറ്റൊരു രചന. 1984ല്‍ ഈജിപ്തിലെ ദാറുല്‍ ഇഅ്തിസാം ആണ് ഇത് പ്രസിദ്ധീകരിച്ചത്. ഈജിപ്തിലും മറ്റു അറബി നാടുകളിലും ഏറെ പ്രചാരം നേടിയ ഈ കൃതിയുടെ മലയാള വിവര്‍ത്തനമായ ഫിഖ്ഹ് സംക്ഷിപ്ത പഠനം പുറത്തിറങ്ങിയത് 1992ലാണ്.

അനേകം അറബി കവിതകളും അദ്ദേഹത്തിന്റെ തൂലികയില്‍ നിന്ന് ജന്മമെടുത്തിട്ടുണ്ട്. ഇസ്‌റാഈല്‍ ഫലസ്തീനില്‍ നടത്തുന്ന നരനായാട്ട് പ്രമേയമാക്കി എഴുതിയ جرائم إسرائيل في أرض فلسطين  അറബി ഭാഷയും മലബാറും തമ്മിലുള്ള ബന്ധത്തെപ്പറ്റി എഴുതിയ ميزة اللغة العربية وعلاقتها بمليبار തുടങ്ങിയ ഏറെ പ്രശംസ പിടിച്ചുപറ്റുകയുണ്ടായി. ഒരു സാമൂഹ്യപരിഷ്‌കര്‍ത്താവു കൂടിയായിരുന്ന അദ്ദേഹം കൊച്ചന്നൂരിലും പരിസര പ്രദേശങ്ങളിലുമുള്ള മുസ്‌ലിംകളെ ഇസ്‌ലാമിന്റെ തനിമയിലേക്ക് ചേര്‍ത്തുനിര്‍ത്താന്‍ പരിശ്രമിച്ചിരുന്നു. 1987 സെപ്തംബര്‍ 5ന് മൗലവി ഇഹലോകവാസം വെടിഞ്ഞു.

1966ല്‍ രചിക്കപ്പെട്ടതും മദീന യൂണിവേഴ്‌സിറ്റിയുടെ പ്രത്യേക പ്രശംസയും പരിഗണനയും നേടിയ 'ഖുലാസതുല്‍ അഖ്ബാറി'ന്റെ മലയാള പരിഭാഷ പുറത്തിറങ്ങുന്നത് 2014 ഏപ്രില്‍ മാസത്തിലാണ്. പ്രഫ. എം എ ഫരീദാണ് വിവര്‍ത്തകന്‍. പ്രവാചകന്റെ സമ്പൂര്‍ണ ജീവചരിത്രം സംക്ഷിപ്തമായി ഇതില്‍ പ്രതിപാദിച്ചിട്ടുണ്ട്. അറബി മൂലത്തോടൊപ്പം ആശയവിവര്‍ത്തനമാണ് ഇതില്‍ സ്വീകരിച്ചിരിക്കുന്നത്. അക്ഷരങ്ങള്‍ക്ക് ഹറകത്ത് നല്‍കിയിട്ടുള്ളതിനാല്‍ എളുപ്പത്തില്‍ വായിക്കാന്‍ സാധിക്കും. പ്രവാചകന്റെ ജനനം മുതലുള്ള വിവിധ ഘട്ടങ്ങളെ പ്രത്യേകം ശീര്‍ഷകങ്ങള്‍ നല്‍കി വേര്‍തിരിച്ചിട്ടുണ്ട്.

ആയിരം വരികളുള്ള ഈ കവിതയുടെ അവസാന അക്ഷരങ്ങള്‍ ഒരേ രീതിയില്‍ കോര്‍ത്തിണക്കാന്‍ കവിക്ക് സാധിച്ചിട്ടില്ല. അതു ആസ്വാദ്യതക്ക് ഭംഗം വരുത്തുന്നുവെന്ന് പറയേണ്ടതില്ലല്ലോ. ഉദാഹരണമായി ബദ്ര്‍ യുദ്ധത്തെ അദ്ദേഹം ഇങ്ങനെ ചിത്രീകരിക്കുന്നു:

فآذن الأصحــــــاب بالقيــــــام   والجمع تحت راية الإسلام
فليحضر الأنصـــار والمهاجرة   وليستعدوا بالجهاز الوافرة
فاجتمع الصـحب وكانوا جيشـا   أقل من أعــدائهم قريشا

അതേസമയം മുകളില്‍ പറയപ്പെട്ട അല്‍ഖലാദതുദ്ദഹബിയ്യയിലെ എല്ലാ വരികളും ബാഅ് എന്ന അക്ഷരത്തില്‍ അവസാനിക്കുന്നത് കവിതക്ക് പ്രത്യേക സൗന്ദര്യം നല്‍കുന്നു. ഖുലാസതുല്‍ അഖ്ബാറില്‍ നിന്ന് വിഭന്നമായി അല്‍പം വര്‍ണനകളും അതില്‍ ദര്‍ശിക്കാം. ബദ്ര്‍ യുദ്ധ വിവരണം തന്നെ ഉദാഹരമായെടുക്കാം:

وقــــــاد رســــــول الله أول غــــــزوة      بـبــدرٍ اســـودٌ لا تــهــاب وتـُـرْعِــبُ
وقـالــوا رســـولَ الله مـهـمـا أمـرتـنــا      بـــك الـبـحــر خـضـنــاه ولاَ نَـتَـهَـيَّـبُ
فلـسـنـا يـهــودا قـــدَ تَـحَــدَّواْ نَبِـيَّــهـم      فـــان شـئــتَ هـيــا للـقـتـال فـنـذهــبُ
فــقــال رســــول الله قــومــوا لـجـنــة      فجبـريـل فــي أرض الـوغـى متـأهـبُ
فكم مـن رؤوس الكفـر فيهـا تجندلـت      وكــم مــن أسـيـرٍ بالـدمـاء مُـخَـضُّـبُ
فـمـعـركـة الـفـرقــان درسٌ وعــبــرةٌ      إذا مـعــك الـرحـمـن فالـكـفـر يُـغْـلَــبُ

എന്തൊക്കെ പോരായ്മകളുണ്ടെങ്കിലും ഒരു മലയാളി രചിച്ച പ്രവാചകചരിത്ര കാവ്യം എന്ന നിലക്ക് ഖുലാസതുല്‍ അഖ്ബാര്‍ ഏറെ  പ്രശംസ അര്‍ഹിക്കുന്നു. അറുപത് വര്‍ഷങ്ങള്‍ക്ക് ശേഷമാണെങ്കിലും അത് മലയാളികള്‍ക്ക് പരിചയപ്പെടുത്താനുള്ള വിവര്‍ത്തകന്റെയും പ്രസാധകരുടെയും ശ്രവും ശ്ലാഘനീയം തന്നെ.
പ്രസാധനം: അല്‍ഹുദാ ബുക്സ്റ്റാള്‍, കോഴിക്കോട്
വില:140.00

leave a comment

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ഇസ്‌ലാം ഓണ്‍ലൈവിന്റേതാവണമെന്നില്ല. അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും വ്യക്തിപരവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക.

comments powered by Disqus

Related Topics