യു.എസിന്റെ ആണവകരാര്‍ പിന്മാറ്റം: ഇന്ത്യയെ എങ്ങിനെ ബാധിക്കും

May 10 - 2018

അമേരിക്ക ഇറാനുമേല്‍ നടത്താന്‍ പോകുന്ന പുതിയ സാമ്പത്തിക ഉപരോധം ഇന്ത്യയെ എങ്ങിനെ ബാധിക്കും എന്നതാണ് ഒരു മുഖ്യ ചര്‍ച്ച. ബറാക് ഒബാമ അവസാനിപ്പിച്ച ഉപരോധം ട്രംപ് വീണ്ടും പൊക്കികൊണ്ടു വന്നിരിക്കുന്നു. മേഖലയിലെ രണ്ടു ശക്തികള്‍ ഈ നീക്കത്തെ അനുകൂലിക്കുന്നു. സഊദിയും ഇസ്രായേലും ഈ വിഷയത്തില്‍ അമേരിക്കയുടെ കൂടെയാണ്. ഇറാനില്‍ ഇന്ത്യ നിര്‍മിക്കുന്ന ചബഹാര്‍ പോര്‍ട്ട് പ്രൊജക്റ്റ് ഒരു ചോദ്യചിഹ്നമായി തീരും എന്നതാണ് ഒന്നാമത്തെ വിഷയം. 18 മാസത്തേക്ക് ഇന്ത്യക്കു നടത്താന്‍ കൊടുത്താണ് കരാര്‍ ഉണ്ടാക്കിയത്.

പാകിസ്ഥാനെ മറികടന്നു ഇറാന്‍, അഫ്ഗാനിസ്ഥാന്‍ എന്നിവിടങ്ങളില്‍ നിന്നും ചരക്കു കൈമാറ്റം ചെയ്യാന്‍ ഈ തുറമുഖം ഇന്ത്യയെ സംബന്ധിച്ച് ഒരു മുഖ്യ ഘടകമാണ്. ഏകദേശം 500 മില്യണ്‍ ഡോളര്‍ ഈ തുറമുഖത്തിന്റെ വികസനത്തിന് വേണ്ടി ഇന്ത്യ വാഗ്ദാനം ചെയ്തിട്ടുണ്ട്. ഇന്ത്യക്ക് ആ തുറമുഖം വഴി ലഭിക്കാന്‍  സാധ്യതയുള്ള വ്യാപാരത്തെ പുതിയ തീരുമാനം എങ്ങിനെ ബാധിക്കും എന്നതാണ് അമേരിക്കയുടെ കരാര്‍ പിന്മാറ്റം ഉയര്‍ത്തുന്ന ചോദ്യം.

ഇറാന്‍ ഉപരോധം മൂലം എണ്ണ വിലയില്‍ ഇരുപതു ശതമാനം വര്‍ദ്ധനവ് ലോകം പ്രതീക്ഷിക്കുന്നു. ഇറാഖ്,സഊദി എന്നിവ കഴിഞ്ഞാല്‍ പിന്നെ ഇന്ത്യ ഏറ്റവും കൂടുതല്‍ എണ്ണ ഇറക്കുമതി ചെയ്യുന്നത് ഇറാനില്‍ നിന്നാണ്. യൂറോപ്പ് ഈ ഉപരോധത്തോടു സഹകരിക്കാത്തതു കാരണം എണ്ണയുടെ ഇറക്കുമതി വിഷയത്തില്‍  ഉപരോധം തടസ്സമാകില്ല. പക്ഷെ എണ്ണ വിലയുടെ കാര്യത്തില്‍ അത് ഇന്ത്യയെ ബാധിക്കും. സ്വതവേ രൂപയുടെ മൂല്യക്കുറവ് കൊണ്ട് കുറഞ്ഞ ഇന്ത്യന്‍ സാമ്പത്തികരംഗത്തെ ഈ ഉപരോധം ബാധിക്കും.

ഇന്ത്യ ഇപ്പോള്‍ അമേരിക്ക,സഊദി,ഇസ്രായേല്‍ തുടങ്ങിയ രാഷ്ട്രങ്ങളോട് നല്ല ബന്ധമാണ്. ഇറാനുമായുള്ള ഉപരോധം ഏഷ്യന്‍ മേഖലയില്‍ കാര്യമായി ബാധിക്കാന്‍ ഇന്ത്യയുടെ നിസ്സഹകരണം അത്യാവശ്യമാണ്. ഇന്ത്യ രണ്ടു കൂട്ടരെയും പിണക്കാന്‍ കഴിയാത്ത അവസ്ഥയില്‍ എത്തിപ്പെട്ടിരിക്കുന്നു.  ഇറാനുമായുള്ള ബന്ധം മോശമായാല്‍ അവിടെ ചൈന കയറിക്കൂടും എന്ന ഭയവും ഇന്ത്യക്കുണ്ട്. ഇപ്പോള്‍ തന്നെ മേഖലയിലെ പല രാജ്യങ്ങളിലും ചൈനയുടെ സ്വാധീനം കൂടുതലാണ്. പാകിസ്ഥാന്‍,ശ്രീലങ്ക എന്നീ രാജ്യങ്ങളില്‍ ചൈന പിടുത്തം ശക്തമാക്കുമ്പോള്‍ പുറത്തേക്കുള്ള വഴിയായ ഇറാനെ വേണ്ടെന്നു വെക്കല്‍ ഇന്ത്യക്കു ആത്മഹത്യാപരമാണ്.

സ്വതവേ അമേരിക്കന്‍ വിരുദ്ധ ചേരിക്കു ഏഷ്യന്‍ ഭൂഖണ്ഡത്തില്‍ ശക്തി ലഭിക്കുക എന്നതാകും പരിണിത ഫലം. അങ്ങിനെ അമേരിക്കയെ പിണക്കി എത്രമാത്രം ഇന്ത്യക്കു മുന്നോട്ടു പോകാന്‍ കഴിയും എന്നതാണ് എല്ലാവരും ആകാംക്ഷയോടെ നോക്കുന്നത്.

 

leave a comment

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ഇസ്‌ലാം ഓണ്‍ലൈവിന്റേതാവണമെന്നില്ല. അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും വ്യക്തിപരവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക.

comments powered by Disqus

Related Topics