Current Date

Search
Close this search box.
Search
Close this search box.

പിതാവും മകനും സംസാരിക്കുന്നു

വിശുദ്ധ ഖുര്‍ആനിലെ കുടുംബ കഥകള്‍ പരിശോധിക്കുന്ന ഏതൊരാള്‍ക്കും ശിക്ഷണം നല്‍കുന്നതിലും, ഗുണദോഷിക്കുന്നതിലും, നിര്‍ദേശം നല്‍കുന്നതിലും പിതാവിന് മക്കളില്‍ സുപ്രധാന പങ്കുള്ളതായി കാണാന്‍ കഴിയുന്നു. കുട്ടികളെ വളര്‍ത്തുന്നത് മാതാവിന്റെ മാത്രം ഉത്തരവാദിത്തമല്ല. മാതാവ് ഗര്‍ഭം ചുമക്കുകയും, പ്രസവിക്കുകയും, മുലയൂട്ടുകയും, വളര്‍ത്തുകയും ചെയ്യുന്നു. ഒപ്പം, പിതാവ് തന്റെ സമയത്തിനും സാഹചര്യത്തിനും അനുസൃതമായി കുട്ടികളെ വളര്‍ത്തുന്നതില്‍ ഇണയെ സഹായിക്കുകയും ചെയ്യുന്നു. കുട്ടികളെ വളര്‍ത്തുന്നതില്‍ പിതാവിന് വലിയ പങ്കുണ്ടെന്ന് വ്യക്തമാക്കുന്ന, പിതാവിനും മക്കള്‍ക്കുമിടയിലെ ബന്ധത്തെ സംബന്ധിച്ച് വിശുദ്ധ ഖുര്‍ആന്‍ പറയുന്ന കഥകളും സംഭവങ്ങളുമാണ് ഈ ലേഖനത്തില്‍ കുറിക്കുന്നത്.

ഒന്ന്: നൂഹ് പ്രവാചനും മകനും തമ്മിലെ സംഭാഷണം – കപ്പലില്‍ കയറാന്‍ നൂഹ് പ്രവാചകന്‍ മകനെ ക്ഷണിച്ചപ്പോള്‍ തയാറാവാതിരിക്കുകയും, കഥയുടെ അവസാനത്തില്‍ പിതാവിനെ അനുസരിക്കാത്തതിനാല്‍ മകന്‍ മുങ്ങി മരിക്കുകയും ചെയ്യുന്ന ചിത്രം വിശുദ്ധ ഖുര്‍ആന്‍ അവതരിപ്പിക്കുന്നു. മകന്‍ പിതാവിന്റെ രീതിശാസ്ത്രത്തെയും വിശ്വാസത്തെയും സ്വീകരിക്കുന്നതില്‍ അമാന്തം കാണിക്കുകയായിരുന്നു.

രണ്ട്: ഇബ്‌റാഹീം പ്രവാചകനും മകന്‍ ഇസ്മാഈലും തമ്മിലെ സംഭാഷണം – ഉറക്കത്തില്‍ താന്‍ കണ്ട സ്വപ്‌നമനുസരിച്ച് ഇബ്‌റാഹീം പ്രവാചകന്‍ മകന്‍ ഇസ്മാഈലിനെ അറുക്കുന്നതിന് തയാറാകുന്ന കഥ വിശുദ്ധ ഖുര്‍ആന്‍ പറഞ്ഞുവെക്കുന്നു. പ്രവാചകന്മാരുടെ സ്വപ്‌നം യാഥാര്‍ഥ്യമാണ്, അല്ലാഹുവില്‍ നിന്നുള്ള ദിവ്യവെളിപാടുമാണ്. പുത്രനായ ഇസ്മാഈല്‍ അറുക്കാന്‍ പിതാവിന് അനുവാദം നല്‍കുകയും, അല്ലാഹു ഇസ്മാഈലിന് പകരം അറുക്കാന്‍ ആകാശത്തുനിന്ന് ആടിനെ ഇറക്കികൊടുക്കുകയും ചെയ്യുന്നു. അല്ലാഹുവിനെ അനുസരിക്കുന്ന പിതാവിനുള്ള പാരിതോഷികം! അങ്ങനെ, മാതാപിതാക്കളെ ആദരിക്കുന്ന ഈ കഥ അന്ത്യദിനം വരെയുള്ള ബലിപെരുന്നാളില്‍ ബലിയറുക്കുകയെന്ന സുന്നത്തിനെ ഓര്‍മിപ്പിക്കുന്നു.

മൂന്ന്: യഅ്ഖൂബ് പ്രവാചകന്‍ മക്കളോടൊപ്പം – സഹോദരന്മാര്‍ യൂസുഫിനെ കൊണ്ടുപോവുകയും, ദൂരെ തനിച്ചാക്കി തിരിച്ചുവരികയും ചെയ്യുന്ന യൂസുഫ് നബിയുടെ കഥ. നീണ്ട ഈ കഥ തുടങ്ങുന്നത് യൂസുഫിനെതിരെയുള്ള സഹോദരന്മാരുടെ ഗൂഢാലോചന പറഞ്ഞുകൊണ്ടാണ്. സഹോദരന്മാര്‍ യൂസുഫിനെ പിതാവില്‍ നിന്ന് കൊണ്ടുപോവുകയും, കിണറ്റില്‍ എറിയുകയും, പിന്നീട് പിതാവിന്റെ അടുക്കലേക്ക് മടങ്ങുകയുമാണ്. തങ്ങള്‍ അശ്രദ്ധരായിരിക്കെ യൂസുഫിനെ ചെന്നായ പിടിച്ചുവെന്ന് പിതാവായ യഅ്ഖൂബിനെ ബോധ്യപ്പെടുത്താന്‍ സഹോദരന്മാര്‍ ശ്രമിക്കുന്നു. ഈയൊരു സ്വഭാവം നേരെയാക്കുന്നതിന് യാക്കൂബ് പ്രവാചകന്‍ അവരുമായി ബന്ധം തുടരുന്നു. അതിന്റെ ഫലമെന്നോണം കാലങ്ങള്‍ക്ക് ശേഷം യൂസുഫ് അവരിലേക്ക് പ്രത്യക്ഷപ്പെടുമ്പോള്‍ അവര്‍ തങ്ങളുടെ അബദ്ധങ്ങളില്‍ ക്ഷമ ചോദിക്കുകയും പശ്ചാത്തപിക്കുകയും ചെയ്യുന്നു.

നാല്: ലുഖ്മാന്‍(അ) മകന് നല്‍കുന്ന ഉപദേശം – അത് യുക്തിപൂര്‍ണമായ മഹത്തായ ധാര്‍മിക ശിക്ഷണ മൂല്യങ്ങള്‍ ഉള്‍കൊള്ളുന്ന സംഭാഷണമാണ്. ശിക്ഷണ രീതിശാസ്ത്രത്തില്‍ അഭ്യസിക്കാന്‍ തക്ക യോഗ്യവുമാണ്. അല്ലാഹുവിനെ ആരാധിക്കാനും, അവനുമായി ആരെയും പങ്കുചേര്‍ക്കാതിരിക്കാനുമാണ് ലുഖ്മാന്‍(അ) ആദ്യം മകനെ ഉപദേശിക്കുന്നത്. തുടര്‍ന്ന്, ആദരവോടെയും ബഹുമാനത്തോടെയും മാതാപിതാക്കളോട് പെരുമാറേണ്ട മര്യാദ ഉപദേശിക്കുന്നു. അല്ലാഹുവിന്റെ അറിവ്, നിരീക്ഷണം, ജ്ഞാനം, കഴിവ് ബോധ്യപ്പെടുത്തുന്നു. നമസ്‌കരിക്കുന്നതിനും, നന്മ കല്‍പിക്കുന്നതിനും തിന്മ വിരോധിക്കുന്നതിനും, പ്രയാസത്തിലും പ്രതിസന്ധിയിലും ക്ഷമ കൈകൊള്ളുന്നതിനും നിര്‍ദേശിക്കുന്നു. അഹങ്കാരത്തോടെ ഭൂമിയിലൂടെ നടക്കാതിരിക്കാനും ഉച്ചത്തില്‍ സംസാരിക്കാതെ പതിയെ സംസാരിക്കാനും മകനെ ഉപദേശിക്കുന്നു.

അഞ്ച്: ഇബ്‌റാഹീം പ്രവാചകന്‍ മകന്‍ ഇസ്മാഈലിനൊപ്പം – കഅ്ബയുടെ നിര്‍മാണത്തില്‍ സഹായിക്കുന്നതിന് ഇബ്‌റാഹീം പ്രവാചകന്‍ മകന്‍ ഇസ്മാഈലിനെ ക്ഷണിക്കുന്നു. കഅ്ബയുടെ അടിത്തറ കെട്ടി ഉയര്‍ത്തുകയും, എല്ലാം കേള്‍ക്കുകയും അറിയുകയും ചെയ്യുന്ന രക്ഷിതാവിനോട് ഞങ്ങളില്‍ നിന്ന് ഈ പ്രവര്‍ത്തനം സ്വീകരിക്കേണമേയെന്ന് പ്രാര്‍ഥിക്കുകയും ചെയ്യുന്നു. പരസ്പര സഹകരണത്തോടെയുള്ള പദ്ധതിയില്‍ മകന്‍ പിതാവിനൊപ്പം ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നു. ഇതിനെയാണ് ചങ്ങാത്തത്തോടെയുള്ള ശിക്ഷണമെന്ന് പറയുന്നത്.

ആറ്: മാതാപിതാക്കളും വിശ്വാസിക്കാത്ത മകനും തമ്മിലെ സംഭാഷണം – മാതാപിതാക്കള്‍ മകനെ വിശ്വാസിയാകാന്‍ പ്രേരിപ്പിക്കുകയും, അവനെ വിശ്വാസികളില്‍ ഉള്‍പ്പെടുത്താന്‍ അല്ലാഹുവിനോട് പ്രാര്‍ഥിക്കുകയും ചെയ്യുന്നു. എന്നാല്‍ മകന്‍ അതെല്ലാം തള്ളിക്കളയുന്നു. മാതാപിതാക്കളുടെ വിശ്വാസം പാരമ്പര്യമാണെന്ന് മകന്‍ വിശ്വസിക്കുന്നു. ‘തന്റെ മാതാപിതാക്കളോട് അവന്‍ പറഞ്ഞു: ഛെ, നിങ്ങള്‍ക്ക് കഷ്ടം! ഞാന്‍ (മരണാനന്തരം) പുറത്തുകൊണ്ടവരപ്പെടും എന്ന് നിങ്ങള്‍ രണ്ടുപേരും എന്നോട് വാഗ്ദാനം ചെയ്യുകയാണോ? എനിക്ക് മുമ്പ് തലമുറകള്‍ കഴിഞ്ഞുപോയിട്ടുണ്ട്. അവര്‍ (മാതാപിതാക്കള്‍) അല്ലാഹുവിനോട് സഹായം തേടികൊണ്ട് പറയുന്നു: നിനക്ക് നാശം. തീര്‍ച്ചയായും അല്ലാഹുവിന്റെ വാഗ്ദാനം സത്യമാകുന്നു. അപ്പോള്‍ അവന്‍ പറയുന്നു. ഇതൊക്കെ പൂര്‍വികന്മാരുടെ കെട്ടുകഥകള്‍ മാത്രമാകുന്നു.’ ‘ഛെ’ എന്ന മോശം പദം കൊണ്ട് മാതാപിതാക്കളെ അഭിസംബോധന ചെയ്ത മകനോട് ഇരുവരും സ്വീകരിച്ച സംസാരത്തിലെ രീതിശാസ്ത്രമാണിവിടെ ശ്രദ്ധേയം.

ഏഴ്: ഇബ്‌റാഹീം പ്രവാചകനും പിതാവും തമ്മിലെ സംഭാഷണം  – സത്യത്തില്‍ നിന്ന് പിന്മാറാന്‍ താക്കീത് നല്‍കിയ ഇബ്‌റാഹീം പ്രവാചകന്റെ പിതാവിന്റെ കഥയാണിത്. ഈ കഥയില്‍ ഇബ്‌റാഹീം പ്രവാചകന്‍ പിതാവിനെ ഏകനായ അല്ലാഹുവിനെ ആരാധിക്കുന്നതിലേക്കും, കേള്‍ക്കുകയോ കാണുകയോ ഒരുപകാരമോ ചെയ്യാത്ത വിഗ്രഹങ്ങളെ വെടിയുന്നതിലേക്കും ക്ഷണിക്കുന്നു. ഇബ്‌റാഹീം പ്രവാചകനെ പിതാവ്  വിഗ്രഹങ്ങളെ ആരാധിക്കുന്നതിലേക്കും, ഏകദൈവവിശ്വാസത്തില്‍ നിന്ന് പിന്മാറുന്നില്ലെങ്കില്‍ കല്ലെറിഞ്ഞോടുക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്യുമ്പോള്‍ ഇബ്‌റാഹീം പറയുന്നു: ‘അദ്ദേഹം പറഞ്ഞു; താങ്കള്‍ക്ക് സമാധാനം. താങ്കള്‍ക്ക് വേണ്ടി ഞാന്‍ എന്റെ രക്ഷിതാവിനോട് പാപമോചനം തേടാം. തീര്‍ച്ചയായും അവനെന്നോട് ദയയുള്ളവനാകുന്നു.’

ഈ കഥകളിലും സംഭവങ്ങളിലുമെല്ലാം ഒരുപാട് ഗുണപാഠങ്ങളുണ്ട്. അത് ഈ ലേഖനത്തില്‍ ഉള്‍കൊള്ളിക്കുക ദുഷ്‌കരമാണ്. എന്നാല്‍, കുട്ടികളെ വളര്‍ത്തുന്നതില്‍ മാതാവിനൊപ്പം പിതാവിന്റെ സുപ്രധാന പങ്ക വെളിപ്പെടുത്താനാണ് ഞാനിവിടെ താല്‍പര്യപ്പെടുന്നത്. തര്‍ബിയത്ത്-ശിക്ഷണം മാതാവിന്റെ മാത്രം ഉത്തരവാദിത്തമല്ല; പിതാവിന്റേതുമാണ്.

വിവ: അര്‍ശദ് കാരക്കാട്

Related Articles