Current Date

Search
Close this search box.
Search
Close this search box.

ഇസ്‌ലാം – മനസ്സിലേക്കെത്തുന്ന ചിത്രമെന്താണ്?

ഇസ്‌ലാം; ധാരാളമായി നാം കേട്ടുകൊണ്ടിരിക്കുന്ന പദമാണിത്. ഇസ്‌ലാം എന്ന് കേള്‍ക്കുമ്പോള്‍ നിങ്ങളുടെ മനസ്സിലേക്ക് ഓടിയെത്തുന്ന ചിത്രവും ചിന്തയുമെന്തൊക്കെയാണ്? ഈ ചോദ്യത്തിന് നിങ്ങള്‍ മനസ്സിലാക്കിയതനുസരിച്ച് പല ഉത്തരങ്ങളും പറയാനുണ്ടാകും. ചിലപ്പോളത് ഇസ്ലാമിനനുകൂലമാകാം; പ്രതികൂലവുമാകാം. ഒരു കാര്യമുറപ്പാണ്; ഇസ്‌ലാമിനോളം തെറ്റിദ്ധരിക്കപ്പെട്ട മറ്റൊരു ദര്‍ശനവും ലോകത്തുണ്ടാകില്ല. ഇസ്‌ലാമിനെതിരെ വിമര്‍ശനങ്ങള്‍ നിരന്തരം ഉന്നയിക്കപ്പെട്ടുകൊണ്ടേയിരിക്കുന്നു. അതിന്റെ ചിഹ്നങ്ങളും പദാവലികളും വികൃതമായി ചിത്രീകരിക്കപ്പെടുന്നു. മറ്റു മതങ്ങള്‍ക്കും സിദ്ധാന്തങ്ങള്‍ക്കൊന്നുമില്ലാത്തവിധം ഇസ്‌ലാമിനെതിരെ ഇത്രയധികം എതിര്‍പ്പുകളും കടന്നാക്രമങ്ങളും നടമാടുന്നത് എന്തുകൊണ്ടായിരിക്കും. സത്യസന്ധമായി താങ്കള്‍ ഇങ്ങനെ ചിന്തിച്ചിട്ടുണ്ടോ?

ആഗോള തലം മുതല്‍ കൊച്ചുകേരളത്തില്‍ വരെ സ്ഥലകാല ഭേദങ്ങള്‍ക്കതീതമായി ഇസ്‌ലാം വിമര്‍ശനങ്ങള്‍ കനംവെച്ചു കൊണ്ടിരിക്കുകയാണ്. ഇന്ത്യയുടെ അധികാരത്തെ സംഘ്പരിവാര്‍ താങ്ങിനിര്‍ത്തുന്നത് തന്നെ ഇസ്‌ലാം വിരുദ്ധതയെ മാര്‍ക്കറ്റ് ചെയ്തുകൊണ്ടാണ്. കേരളത്തില്‍ ഇസ്‌ലാമിനെതിരെ യുദ്ധമുഖം തുറന്നിരിക്കുന്നത് സംഘ്പരിവാര്‍ മാത്രമല്ല, മറ്റ് പലരുമാണ്. ഒന്നിന് പിറകെ മറ്റൊന്നായി, ഇടതടവില്ലാതെ തൊടുത്തുവിടുന്ന ഇസ്‌ലാംവിമര്‍ശനങ്ങള്‍ സാമൂഹ്യ മണ്ഡലങ്ങളില്‍ കനത്ത പ്രത്യാഘാതങ്ങളാണ് ഉണ്ടാക്കിക്കൊണ്ടിരിക്കുന്നത്.

ഇസ്‌ലാമോഫോബിയ ഉല്‍പാദിപ്പിക്കുന്ന പ്രഭാഷണങ്ങള്‍, ലേഖനങ്ങള്‍, സിനിമകള്‍, പുസ്തകങ്ങള്‍, ചാനല്‍ ചര്‍ച്ചകള്‍, സാമൂഹ്യ മാധ്യമങ്ങള്‍ തുടങ്ങി പല വഴികളിലൂടെയും സാമൂഹികാന്തരീക്ഷം നിരന്തരം മലിനമായി ക്കൊണ്ടിരിക്കുകയാണ്.

ഇസ്‌ലാം വിമര്‍ശനങ്ങളുടെ ഈ പെരുമഴക്കാലത്ത് സുഹൃത്തേ യഥാര്‍ഥ ഇസ്ലാമിനെ പറ്റി ഒരല്‍പനേരം താങ്കള്‍ക്കും ചിന്തിച്ചുകൂടേ? നേരിന്റെ വഴിയിലൂടെ സഞ്ചരിച്ച്, വിജയത്തിന്റെ സോപാനങ്ങളിലെത്താന്‍ മനോഹരമായ വഴി കാണിക്കുകയാണ് ഇസ്‌ലാം. അത് ഒരേസമയം വിശ്വാസവും കര്‍മവുമാണ്. ആത്മീയതയും ജീവിതവുമാണ്. നീതിയും ധര്‍മവുമാണ്. സത്യവും മൂല്യവുമാണ്. രാജ്യനന്മയും ജനപക്ഷ രാഷ്ട്രീയവുമാണ്. സാമ്പത്തിക മികവും സാമൂഹിക മുന്നേറ്റവുമാണ്. സംസ്‌കാരവും നാഗരിതകതയുമാണ്. സ്‌നേഹവും സാഹോദര്യവുമാണ്. സൗഹൃദവും കരുണയുമാണ്. രക്ഷയും സമാധാനവുമാണ്. മണ്ണിലെ വിമോചനവും മണ്‍മറഞ്ഞവരുടെ രക്ഷാ മാര്‍ഗവുമാണ്. മനുഷ്യത്വത്തിന് നിരക്കാത്ത ഒന്നുമില്ലതില്‍. പ്രകൃതിക്കിണങ്ങാത്ത ഒന്നും ഇസ്‌ലാം പറയുന്നുമില്ല. മനുഷ്യവിമോചനമാണ് അതിന്റെ കാതല്‍. നീതിയാണ് അതിന്റെ അകക്കാമ്പ്. സമാധാനവും സ്വസ്ഥതയുമാണ് അതിന്റെ മുഖമുദ്ര. സൗഹൃദവും സഹവര്‍ത്തിത്വവുമാണ് അതിന്റെ പച്ചപ്പ്. സ്നേഹവും കാരുണ്യവുമാണ് അതിന്റെ തെളിച്ചം. സമത്വവും സാഹോദര്യവുമാണ് അതിന്റെ സ്വഭാവം. ഇരുളുകളകറ്റുക എന്നതാണ് ദൗത്യം. ലോകത്തെ വെളിച്ചത്തിന്റെ വെണ്മയില്‍ മനോഹരമാക്കുക എന്നതാണ് അതിന്റെ കടപ്പാട്.

എന്നിട്ടുമെന്തേ ഇസ്‌ലാമിനെതിരെ ദുഷ്പ്രചരണങ്ങള്‍ പൊടിപൊടിക്കുന്നു? ഭീകരവാദത്തിന്റെ മുഖമുദ്ര ചാര്‍ത്തുന്നു? തീവ്രവാദത്തിന്റെ ഉറവയാണെന്നപവാദം കനക്കുന്നു? സമാധാന വിരുദ്ധവും അക്രമപരവുമാണെന്ന മനോഭാവം വളര്‍ത്തുന്നു? സാംസ്‌കാരികവിരുദ്ധവും അപരിഷ്‌കൃതവുമെന്ന ലേബല്‍ പതിക്കുന്നു? സ്വാതന്ത്ര്യത്തിനും നീതിക്കും എതിരാണെന്ന ധാരണ പരത്തുന്നു? സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരും മനുഷ്യത്വരഹിതവുമെന്ന ആരോപണം ശക്തിപ്പെടുന്നു? ഇതിന്റെ കാരണം മറ്റൊന്നുമല്ല. ഇസ്ലാം യഥാര്‍ഥ ഇസ്‌ലാമായി തന്നെ നിലനിനില്‍ക്കുന്നത് വെളിച്ചമിഷ്ടപ്പെടാത്തവര്‍ക്ക് പ്രഹരമാണ്. ഇരുട്ടിനെ പ്രണയിക്കുന്നവരുടെ ഉറക്കം കെടുത്തുന്നതാണ്. അനീതിയുടെ പ്രാണേതാക്കള്‍ക്ക് അത് കടുത്ത വെല്ലുവിളി ഉയര്‍ത്തിക്കൊണ്ടിരിക്കും. വെറുപ്പിന്റെ രാഷ്ട്രീയം വിതച്ച് അധികാരം കൊയ്തെടുക്കാന്‍ ശ്രമിക്കുന്നവരോട് അതിന് രാജിയാകാനാകില്ല. ജനങ്ങള്‍ക്കിടയില്‍ വിഭജനത്തിന്റെ കന്മതിലുകള്‍ തീര്‍ത്ത് അധികാരം നുണയുന്നവരോട് അരുത് പറയാതിരിക്കാനുമാകില്ല. അസമത്വങ്ങളും ഉച്ചനീചത്വങ്ങളും നിലനിര്‍ത്തി ജനങ്ങളെ അടിച്ചമര്‍ത്തുന്ന ഭരണകൂടങ്ങളുടെ അവിശുദ്ധ താല്‍പര്യങ്ങള്‍ക്കെതിരെ ശക്തമായ പ്രതിരോധം തീര്‍ക്കാന്‍ ഇസ്‌ലാം മുന്‍പന്തിയിലുണ്ടാകും.

ജീവിതം സുഖിക്കാനും ആസ്വദിക്കാനും മാത്രമുള്ളതാണെന്ന അതിരുകളില്ലാത്ത സ്വാതന്ത്ര്യവാദത്തെ അംഗീകരിക്കാന്‍ ഇസ്‌ലാമിനാകില്ല. തന്റെ സ്വാതന്ത്ര്യം മറ്റൊരാളുടെ സ്വാതന്ത്ര്യത്തെ ഹനിക്കാത്തിടത്തോളം മാത്രമേ പാടുള്ളൂ എന്ന് ഇസ്ലാമിന് നിര്‍ബന്ധമുണ്ട്. നീതി നിഷേധിക്കുന്നവരുടെ നിറവും വലുപ്പവും അടുപ്പവുമൊന്നും പരിഗണിക്കാതെ നീതിയുടെ പക്ഷത്ത് നില്‍ക്കാനാണ് ഇസ്‌ലാമിന്റെ ആഹ്വാനം. സ്ത്രീകള്‍ വില്‍പ്പനച്ചരക്കാവുന്ന കമ്പോള താല്‍പര്യത്തോടൊപ്പം നില്‍ക്കാന്‍ ഇസ്ലാമിന് സാധ്യമല്ല. ആണ്‍ പെണ്‍ സൃഷ്ടിപ്പുകളുടെ ശരീരപ്രകൃതവും അവകാശ ബാധ്യതകളും പരിഗണിക്കാതെ പ്രകൃതിവിരുദ്ധമായ ലിബറല്‍ വാദങ്ങള്‍ക്ക് കുടപിടിച്ചുകൊടുക്കാനും ഇസ്‌ലാമിനാകില്ല.

ഇസ്ലാമിനോളം മനോഹരമാണ് ഇസ്‌ലാമിന്റെ ജിഹാദ്. പക്ഷേ ഇന്ന് ജിഹാദ് എന്ന പദം ഏറെ തെറ്റിദ്ധരിക്കപ്പെട്ടിരിക്കുന്നു. ഇസ്‌ലാംഭീതിയുടെ ഏറ്റവും പ്രധാന ഉപകരണമാണിന്ന് ജിഹാദ്. അപരവിദ്വേഷത്തിന്റെയും ശത്രുസംഹാരത്തിന്റെയും പ്രതീകമായി ആ പദം ഏറെ ഭീകരവല്‍ക്കരിക്കപ്പെട്ടിരിക്കുന്നു. സ്നേഹവും കാരുണ്യവും സമരവും സേവനവും വിപ്ലവവും വിമോചനവും എല്ലാം ചേര്‍ന്ന ഈ ആശയം എത്ര മനോഹരമാണെന്ന് വിശുദ്ധഖുര്‍ആന്‍ സാക്ഷി. ജിഹാദ് സമം വിശുദ്ധ യുദ്ധം എന്ന സമവാക്യം രൂപപ്പെടുത്തിയ ഇസ്ലാംവിരോധികള്‍ ഈ മനോഹര പദത്തെ എക്കാലത്തും വക്രീകരിക്കാന്‍ ശ്രമിച്ചിട്ടുണ്ട്. ഇരുപത്തിമൂന്ന് വര്‍ഷം ദൈവ ദൂതനായി ജീവിച്ച തിരുദൂതരുടെ ജീവിതമാണ് ജിഹാദിന്റെ കര്‍മസാക്ഷ്യം. സത്യവും നീതിയും ധര്‍മവും സമാധാനവും പുലരുന്ന നല്ല ലോകത്തെ കിനാവ് കാണുന്നവരുടെ പ്രതീക്ഷയുടെ പേരാണ് ജിഹാദ്. മാനവികത അന്യമായ ജനതക്കുമേല്‍ അറിവും ബോധവുമുണര്‍ത്തി സാമൂഹ്യവിപ്ലവം നേടാന്‍ കാരണമായ ആശയത്തിന്റെ പേരാണ് ജിഹാദ്. മനുഷ്യസമൂഹത്തിന്റെയാകമാനം ജീവന്‍, സ്വത്ത്, ബുദ്ധി, വിശ്വാസം എന്നിവയുടെ സംരക്ഷണമാണ് ജിഹാദിന്റെ ആത്മാവ്.

ഇസ്‌ലാം സംവദിക്കുന്നത് ശരീരങ്ങളോടല്ല; ജനഹൃദയങ്ങളോടാണ്. ഹൃദയങ്ങളിലുണ്ടാകുന്ന പരിവര്‍ത്തനങ്ങള്‍ക്കേ ഫലമുണ്ടാകൂ. ഇത് ഏതൊരു ഐഡിയോളജിക്കും ബാധകവുമാണ്. അഥവാ നിര്‍ബന്ധ മതപരിവര്‍ത്തനം അസാധ്യമാണ്. കാരണം മാറേണ്ടത് മനസ്സാണല്ലോ. അല്ലെങ്കിലും നിര്‍ബന്ധ അടിച്ചേല്‍പിക്കലുകള്‍ മനസ്സില്‍ എന്ത് പരിവര്‍ത്തനമുണ്ടാക്കാനാണ്? ജിഹാദും മതപരിവര്‍ത്തനവും ചേര്‍ത്തുവെച്ചാണ് ഇന്ന് ഇസ്‌ലാംവിരുദ്ധത ആഘോഷിക്കപ്പെടുന്നത്. സത്യം കണ്ടെത്താന്‍ ആര് തീരുമാനിച്ചാലും അതില്‍ നിന്നും പിന്തിരിപ്പിക്കാന്‍ ഒരാള്‍ക്കും സാധ്യമല്ല. മറിച്ചും അസാധ്യമാണ്. പ്രകോപനവും പ്രലോഭനവുമല്ല മനസ്സുകളെ പരിവര്‍ത്തിപ്പിക്കുന്നത്. കാര്യങ്ങള്‍ വ്യക്തതയോടെ ബോധ്യപ്പെടുന്നതിലൂടെ മാത്രമാണ്. അത് തികച്ചും സ്വതന്ത്രവും വ്യക്തിപരവുമാണ് താനും. ആദര്‍ശ മാറ്റങ്ങള്‍ ആരെതിര്‍ത്താലും സമൂഹങ്ങള്‍ക്കിടയില്‍ സംഭവിച്ചുകൊണ്ടേയിരിക്കും. അത് ഏതെങ്കിലും പ്രത്യേക ദര്‍ശനത്തിന്റെയോ മതത്തിന്റെയോ മാത്രം സവിശേഷതയല്ല താനും.

പറഞ്ഞുവന്നത് ഇസ്‌ലാംവിരുദ്ധ മനോഭാവങ്ങളെ പറ്റിയാണ്. ഇസ്‌ലാമിനെതിരെ ആയുധം മൂര്‍ച്ചകൂട്ടുന്നവര്‍ പരമാവധി സാമൂഹ്യമണ്ഡലത്തെ ഇസ്‌ലാമോഫോബിക്കാക്കി മാറ്റാന്‍ ശ്രമിക്കുന്നുണ്ട്. എന്നാല്‍ അതിനവര്‍ക്ക് സാധിക്കുകയില്ല. കാരണം ഇസ്ലാമിനെ സത്യസന്ധമായി മനസ്സിലാക്കിയ എത്രയോ പേര്‍ ജീവിക്കുന്ന നാടാണിത്. ഇസ്ലാമിന്റെ തണലും തലോടലും അനുഭവിച്ചവര്‍ നമുക്ക് ചുറ്റും ധാരാളമുണ്ട്. അയല്‍പക്കമായി, സഹപാഠിയായി, സഹപ്രവര്‍ത്തകനായി, സഹയാത്രികരായി നാം ഒന്നിച്ച് ജീവിക്കുന്നവരാണ്. ജീവിതത്തില്‍ നന്മ മാത്രം ചെയ്യാനും നല്ലത് മാത്രം പറയുവാനും പഠിപ്പിക്കുന്ന ദര്‍ശനമാണ് ഇസ്ലാം. അതിന് വിരുദ്ധമായി വല്ലതും മുസ്ലിം സമുദായത്തിനകത്ത് കാണേണ്ടിവന്നാല്‍ അതിന്റെ കാരണം ഇസ്ലാമികാധ്യാപനങ്ങള്‍ വ്യക്തികള്‍ നിരാകരിച്ചത് കൊണ്ട് മാത്രമാണ്.

ഇസ്‌ലാം വംശീയതയുടെ പേരല്ല. സാമുദായികതയുടേതുമല്ല. ഇസ്‌ലാമാണ് ശരിയെന്ന് ഇസ്ലാം മനസ്സിലാക്കുന്നു. പക്ഷേ മറ്റു പലരും ശരിയാണെന്ന് മനസ്സിലാക്കുന്നതിന് നേരെ അത് കലാപങ്ങളുണ്ടാക്കുന്നില്ല. അവര്‍ ശരിയാണെന്ന് മനസ്സിലാക്കുന്ന സിദ്ധാന്തങ്ങള്‍ക്ക് നിലനില്‍ക്കാനുള്ള എല്ലാ സ്വാതന്ത്ര്യവും ഇസ്ലാം വകവെച്ചു നല്‍കുന്നു. അതാണല്ലോ ജനാധിപത്യത്തിന്റെ യഥാര്‍ഥ അടിത്തറ. തങ്ങള്‍ ശരിയെന്ന് മനസ്സിലാക്കിയതില്‍ ഉറച്ചുനില്‍ക്കാന്‍ ഏതൊരാള്‍ക്കും അവകാശവും സ്വാതന്ത്ര്യവും വകവെച്ചുനല്‍കുകയാണ് വേണ്ടത്.

വൈവിധ്യങ്ങളുടെ സന്തുലിതത്വമാണ് ഈ പ്രപഞ്ചത്തിന്റെ സൗന്ദര്യം. ആ സന്തുലിതത്വം തകരാതെ സംരക്ഷിക്കുക എന്ന ബാധ്യതയാണ് ഭൂമിയില്‍ ജീവിക്കുന്ന മനുഷ്യന് നിര്‍വഹിക്കാനുള്ള സാമൂഹ്യ ഉത്തരവാദിത്തം. വൈവിധ്യങ്ങളെ തകര്‍ത്ത് ഏകാത്മക സാമൂഹ്യഘടന സ്വപ്നം കാണുന്ന പലരും നമുക്കിടയിലുണ്ട്. അത്തരം പേരുകള്‍ എഴുതിവെച്ച കള്ളികോളങ്ങളില്‍ വരവു വെക്കാന്‍ വിധിക്കപ്പെട്ട ദര്‍ശനമല്ല ഇസ്‌ലാം. വൈവിധ്യങ്ങള്‍ ദൈവികദൃഷ്ടാന്തമാണെന്നും അത് തകരാതിരിക്കാന്‍ കണ്ണിലെണ്ണയൊഴിച്ച് കാത്തിരിക്കണമെന്നും ആഹ്വാനം ചെയ്യുന്ന ഒരു ദര്‍ശനത്തിനും അതിന്റെ വക്താക്കള്‍ക്കും വൈവിധ്യങ്ങള്‍ തകര്‍ക്കാനാവുകയുമില്ല.

???? വാട്സാപ് ഗ്രൂപ്പില്‍ അംഗമാവാൻ????: https://chat.whatsapp.com/FZFMUBbfc8KHUgxeDQuqFU

Related Articles