കത്‌വ സംഭവം: പൈശാചികമാകുന്ന പൊതുബോധം

ആയിരം കുറ്റവാളികള്‍ രക്ഷപ്പെട്ടാലും ഒരു നിരപരാധി ശിക്ഷിക്കപ്പെടാന്‍ പാടില്ല എന്നത് നമ്മുടെ നീതിന്യായ വ്യവസ്ഥയുടെ അടിസ്ഥാനമാണ്. അത് തന്നെയാണ് ഇപ്പോള്‍ നടക്കുന്നത് എന്നത് നമ്മെ ഭയപ്പെടുത്തണം. കത്‌വ എന്നത് ജമ്മുവിലെ ഒരു കൊച്ചു ഗ്രാമം. അവിടെയാണ് ഒരു ദിവസം എട്ടു വയസ്സുകാരിയെ കാണാതായത്. എട്ടു വയസ്സായ കുട്ടി കുതിരകളുമായി മേച്ചില്‍ സ്ഥലത്തു പോയതാണ്. കുതിരകള്‍ തിരിച്ചു വന്നു. കുട്ടി വന്നില്ല.

രക്ഷിതാക്കള്‍ പോലീസില്‍ പരാതിപ്പെട്ടു. അവസാനം കുട്ടിയുടെ വികലമാക്കപ്പെട്ട ജഡം തിരിച്ചു കിട്ടി. കുട്ടിയെ ഒരു അമ്പലത്തില്‍ പൂട്ടിയിട്ടു അറുപതുകാരന്‍ മുതല്‍ പതിനഞ്ചുകാരന്‍ വരെ പീഡിപ്പിച്ചു. ബലാല്‍സംഘം എന്ന് പോലും പറയാന്‍ കഴിയില്ല കാരണം അപ്പുറത്തു നിന്നും ബലം പ്രയോഗിക്കുമ്പോള്‍ മാത്രമാണ് അങ്ങിനെ പറയുക. എട്ടു വയസ്സായ കുട്ടി എന്ത് എതിര്‍പ്പും ബലപ്രയോഗവും കാണിക്കാന്‍.  നിരന്തരമായ പീഡനത്തിന് ശേഷം കുട്ടിയെ കഴുത്തു ഞെരിച്ചു കൊന്നു. മരണം ഉറപ്പാക്കാന്‍ കല്ല് കൊണ്ട് തലക്കടിക്കുക എന്ന ക്രൂരതയും.

അമ്പലം ഇത്ര വലിയ ക്രൂരതകള്‍ക്ക് വേദിയാവുന്ന സാമൂഹിക അവസ്ഥ ഒരു ജനതയുടെ വിശ്വാസത്തലുണ്ടായ വികലതയോ അതോ ഒരു ജനതയോട് ഉണ്ടായ നീരസമോ എന്നതാണ് ഈ വിഷയത്തിലെ ചര്‍ച്ചകള്‍. എട്ടു പ്രതികളും ഹിന്ദുക്കളാണ് എന്ന് പോലിസ് പറയുന്നു. വിഷയത്തില്‍ പോലീസിനു കേസെടുക്കാന്‍ പോലും പറ്റാത്ത അവസ്ഥയിലാണ് കാര്യങ്ങള്‍. തന്റെ മകളെ ഇങ്ങിനെ ക്രൂരമായി പീഡിപ്പിച്ച് കൊന്നത് ജനത്തെ പരസ്പരം ഭിന്നിപ്പിക്കാനാണ് എന്നാണ് കുട്ടിയുടെ പിതാവ് പറയുന്നതു. അത് തന്നെ അമ്പലത്തിന്റെ നടത്തിപ്പുകാരനും പറയുന്നു.

കുറ്റപത്രമനുസരിച്ച് റവന്യൂവകുപ്പില്‍ ഉദ്യോഗസ്ഥനായി വിരമിച്ച സഞ്ജി റാമാണ് ഈ ബലാത്സംഗ-കൊലപാതകത്തിന്റെ സൂത്രധാരന്‍. അയാളും അയാളുടെ മകന്‍ വിശാല്‍ ഗംഗോത്രയും പ്രായപൂര്‍ത്തിയായിട്ടില്ലാത്ത മരുമകനും കുറ്റകൃത്യത്തില്‍ പങ്കാളികളാണ്. ഇവര്‍ മൂന്നുപേരേയും കൂടാതെ പ്രത്യേക പോലീസ് ഉദ്യോഗസ്ഥരായ ദീപക് ഖജൂരിയ, സുരീന്ദര്‍ കുമാര്‍, അസിസ്റ്റന്റ് സബ്ഇന്‍സ്‌പെക്ടര്‍ ആനന്ദ് ദത്ത, ഹെഡ്‌കോണ്‍സ്റ്റബ്ള്‍ തിലക്രാജ്, രസന സ്വദേശിയായ പര്‍വേഷ് കുമാര്‍ എന്നിവരേയും ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തിട്ടുണ്ട്. ദത്ത,രാജ് എന്നീ പോലീസുകാരെ തെളിവുനശിക്കാന്‍ ശ്രമിച്ചതിനാണ് അറസ്റ്റുചെയ്തത്.

പ്രതികളെ വിട്ടയക്കണം എന്ന് പറഞ്ഞു സ്ത്രീകള്‍ വരെ റോഡ് ഉപരോധിച്ചു. അല്ലെങ്കില്‍ ഞങ്ങള്‍ തീ കൊളുത്തു മരിക്കും എന്നതാണ് അവരുടെ നിലപാട്. ഹിന്ദു സംഘനകളും ഈ വഴിയിലാണ്. മതത്തിനും ജാതിക്കുമപ്പുറം ഒരു ഒരു പിഞ്ചു ബാലിക എന്ന വികാരം പോലും ജനത്തിന് വന്നില്ല. കുറ്റവാളികള്‍ക്കു വക്കാലത്തു ഏറ്റെടുക്കാന്‍  ബി ജെ പി അനുകൂല വക്കീല്‍ സംഘടന രംഗത്തു വന്നതും ശ്രദ്ധേയമാണ്.  കുറ്റവാളികളെ വിട്ടയക്കണം എന്ന പൊതു ബോധം എന്ത് കൊണ്ട് അധികാരികള്‍ കേള്‍ക്കുന്നില്ല എന്നതാണ് സമരക്കാരുടെ ചോദ്യം.

പീഡനം നടത്താന്‍ അമ്പലം ഉപയോഗിച്ച് എന്നത് പോലും ഒരു തെറ്റായ കാര്യമായി ആരും പറയുന്നില്ല. സംഘ പരിവാര്‍ ഇത്തരം പ്രവണതകള്‍ക്ക് കാരണമാകുന്നത് ഇന്ത്യയില്‍ ആദ്യമായിട്ടല്ല. പക്ഷെ കുറ്റവാളികളുടെ പിന്നില്‍ ഉറച്ചു നില്‍ക്കുന്ന മത ബോധം പൈശാചികമാണ്.  പ്രത്യേക പൂജ നടത്തിയാണ് പ്രതികള്‍ കുട്ടിയെ പീഡിപ്പിച്ചത് എന്നും പറയപ്പെടുന്നു. തങ്ങളുടെ ഗ്രാമത്തില്‍ താമാസമാക്കിയ മുസ്ലിംകളെ ഭയപ്പെടുത്തുക എന്നതായിരുന്നു പ്രതികളുടെ ഉദ്ദേശം എന്ന് പറഞ്ഞു കേള്‍ക്കുന്നു.

മനസ്സില്‍ കടന്നു കൂടിയ വര്‍ഗീയ വിദ്വേഷം എന്നതിലപ്പുറം മൃഗങ്ങളെ പോലും നാണിപ്പിക്കുന്ന ലൈംഗിക വൈകൃതം ഉണ്ടായിട്ടു പോലും പ്രതികളെ ന്യായീകരിക്കുന്ന സംഘ പരിവാര്‍ മനസ്സ് ഇന്ത്യന്‍ സാമൂഹിക രംഗം എത്ര മാത്രം ചീഞ്ഞു മാറിയിരിക്കുന്നു എന്ന് മനസ്സിലാക്കി തരും. ഇത്തരം നീചന്മാര്‍ക്കു വേണ്ടി സമരം ചെയ്യുന്ന മനസ്സുകള്‍ പ്രതികളെക്കാള്‍ മ്ലേച്ഛമാണ്.  ഭാരതീയ സംസ്‌കാരം എന്ന് വീമ്പു പറയുന്നതു ഇതിനെയാണോ എന്നാണു ബുദ്ധിയുള്ളവര്‍ ചോദിക്കുക. ഈ സാമൂഹിക അവസ്ഥ നിലനിര്‍ത്താനാവുമോ സംഘ പരിവാര്‍ ശ്രമിക്കുന്നത്.  ഇന്ത്യന്‍ സമൂഹത്തിനു തങ്ങള്‍  എത്രമാത്രം അനഭിമതരാണ് എന്ന് സംഘ് പരിവാര്‍ ദിനേന തെളിയിച്ചു കൊണ്ടിരിക്കുന്നു.

ഒരു കുറ്റത്തിനും  നാട്ടില്‍ വേണ്ട ശിക്ഷ ലഭിക്കുന്നില്ല എന്നതാണ് മുഖ്യ വിഷയം. ഈ ബഹളം കേട്ടിട്ടും ഞെട്ടേണ്ട പലരും ഞെട്ടിയില്ല. കാരണം കുറ്റവാളികള്‍ അവരുടെ ആളുകളാണ് എന്നത് തന്നെ. ഈ ചെകുത്താന്മാരെ നിലക്ക് നിര്‍ത്താന്‍ ഭരണ കൂടവും നീതിന്യായ വ്യവസ്ഥായും പരാജയപ്പെട്ടാല്‍ വിജയിക്കുക ഈ കാട്ടാളര്‍ തന്നെ.

ഒരു കുട്ടിയുടെ കരച്ചില്‍ കേട്ടതായി അയല്‍വാസികള്‍ പറയുന്നു. പണ്ട് നാം സൗമ്യ എന്ന കുട്ടിയുടെ കരച്ചില്‍ കേട്ടിട്ടുണ്ട്. കരച്ചിലും രോദനവും കാതുകള്‍ക്ക് സംഗീതമായ കാലത്തു വിലയില്ലാതെയായി പോകുന്നത് മനുഷ്യത്വത്തിന് മാത്രം.

 

 

 

 

leave a comment

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ഇസ്‌ലാം ഓണ്‍ലൈവിന്റേതാവണമെന്നില്ല. അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും വ്യക്തിപരവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക.

comments powered by Disqus

Related Topics