Current Date

Search
Close this search box.
Search
Close this search box.

പാരന്റിങ് അഥവാ തർബിയ്യത്ത്

അപസ്മാര രോഗിയായ അഞ്ചുവയസുകാരനെ അച്ഛൻ ക്വട്ടേഷൻ കൊടുത്ത് കൊല്ലിച്ചു. ചികിത്സിക്കാൻ പണം കണ്ടെത്താൻ കഴിയാത്തതാണ് ഈ കടുംകൈക്ക് പ്രേരിപ്പിച്ചത്. കർണാടകത്തിലെ ദേവനഗരയിലായിരുന്നു സംഭവം. രണ്ടു വർഷം മുന്നേ നാം വായിച്ച ഹൃദയഭേദകമായ ഈ വാർത്ത സമൂഹത്തിന്റെ കണ്ണ് തുറപ്പിക്കേണ്ടതാണ്. ഇതുപോലുള്ള മക്കളുടെ അസുഖം കാരണം തകർന്നുപോകുന്ന മാതാപിതാക്കളുടെ ഒരുപാട് ഉദാഹരണങ്ങൾ കാണാം. ആ അച്ഛന്റെ സാമൂഹ്യസാഹചര്യം അയാളെ പ്രേരിപ്പിച്ചത് മകന്റെ ജീവനെടുക്കാൻ സുഹൃത്തിനോട് പറയുന്ന പൈശാചിക ബുദ്ധിയിലേക്കാണ്, സ്വന്തം കൈ കൊണ്ട് അയാൾക്കതു സാധിക്കുമായിരുന്നില്ല. കാരണം മകൻ എന്നുള്ള ജൈവിക-ആത്മബന്ധം, പക്ഷെ അതയാളെ മകന്റെ ചികിത്സ തുടർന്നു കൊണ്ടുപോകാനുള്ള സാമ്പത്തികസഹായത്തിന്റെ പോംവഴികളെ കുറിച്ച് ഇതേ സാമൂഹ്യസംവിധാനത്തിൽ ആരായേണ്ട സൽബുദ്ധിയുണ്ടാക്കിയുമില്ല. സംരക്ഷിക്കാനാണെങ്കിലും നിഗ്രഹിക്കാനാണെങ്കിലും ആ അച്ഛന് കാശ് ആവശ്യമായിരുന്നു.

കുട്ടികൾ വീടിന്റെ / നാടിന്റെ / ലോകത്തിന്റെ സ്വത്താണ്. ചെന്നൈയിൽ അടുത്ത കാലത്തു നടന്ന വേറൊരു സംഭവമിതാ: 9 വർഷങ്ങളായി അപസ്മാര രോഗം തളര്‍ത്തിയ മകൻ ഈ ദുരിതം കാരണം ദയാവധത്തിനായി പിതാവ് കോടതിയെ സമീപിച്ചു;കോടതി നിര്‍ദേശിച്ചത് തുടർന്നു ചികിത്സിക്കാന്‍. ആ കുഞ്ഞിനങ്ങനെ പുതുജീവന്‍ ലഭിച്ചു. ഇത്തരത്തിലുള്ള കടുംകൈ ചെയ്യാതെ ആ അച്ഛന്റെ യുക്തിബോധത്തിനു ശരിയെന്ന് തോന്നുന്ന ചിന്ത നിയമത്തിനു മുന്നിൽ വെച്ചപ്പോൾ രാജ്യത്തെ ഭരണഘടനാനിയമങ്ങൾ അവന്റെ രക്ഷക്കെത്തി.

സ്വകുടുംബത്തിൽ പോലും ആത്മബന്ധങ്ങളുടെ കാരുണ്യബോധം നഷ്ടപ്പെടുത്തുന്ന മനുഷ്യൻ,പഴയ കിരാത സംസ്ക്കാരത്തെ പുണരുന്ന കാഴ്ച ദയനീയം തന്നെയാണ്.
തന്റെ മകന്റെ അപസ്മാര രോഗത്തിനുള്ള ചികിത്സാർത്ഥം കയ്യിൽ കരുതിയിരുന്ന കഞ്ചാവിൽ നിന്നെടുത്ത എണ്ണ ലണ്ടനിലെ ഹീത്രൂ വിമാനത്താവള അധികൃതർക്ക് വിട്ടുകൊടുക്കാതെ അമ്മ രംഗത്ത് വന്ന വാർത്ത കഴിഞ്ഞ വര്ഷം ഉണ്ടായിരുന്നു, നിയമവിരുദ്ധമായാലും മകന്റെ അസുഖം ഭേദമാക്കാനുള്ള അമ്മയുടെ ഈ ശ്രമം ബന്ധത്തിന്റെ സാന്ദ്രതയും വൈകാരിക തീവ്രതയും മനസ്സിലാക്കിത്തരുന്നു.

കുട്ടിക്കാലം മുതൽ പ്രായപൂർത്തിയാകുന്നതുവരെ ഒരു കുട്ടിയുടെ ശാരീരികവും വൈകാരികവും സാമൂഹികവും ബൗദ്ധികവുമായ വികാസത്തെ പ്രോത്സാഹിപ്പിക്കുകയും പിന്തുണയ്ക്കുകയും ചെയ്യുന്ന പ്രക്രിയയാണ് രക്ഷാകർതൃത്വം അല്ലെങ്കിൽ പാരന്റിംഗ്.

Also read: ഇസ് ലാം സംരക്ഷിക്കുന്ന മാതൃത്വം

നിങ്ങൾക്കാരാവണമെന്ന മലയാളം സെക്കന്റിലെ 5 മാർക്കുള്ള ഉപന്യാസരചനക്ക് ജോലിക്കാരായ രക്ഷാകർത്താക്കളുടെ മകൻ “എനിക്ക്‌ ഒരു ടെലിവിഷന്‍ ആയാല്‍ മതി” എന്നാണ് 10 കൊല്ലം മുമ്പ് ഉപന്യസിച്ചതെങ്കിൽ നമ്മുടെ മക്കളോട് നിങ്ങളാരാവണമെന്ന് ചോദിച്ചാലറിയാം അവരോട് നമുക്കുള്ള ബന്ധത്തിന്റെ ആഴവും പരപ്പും . അവരെങ്ങാനും എനിക്ക് ഉപ്പാന്റെ / ഉമ്മാന്റെ കൈയ്യിലെ മൊബൈൽ ആവണമെന്ന് എഴുതുന്ന രംഗമൊന്നോർത്തു നോക്കൂ. എന്നിട്ട് നാം ആലോചിക്കൂ , പാരന്റിങ്ങിൽ നാം താഴെ പറയുന്നതിൽ ഏതു തരത്തിൽ പെടുന്നുവെന്ന് :-

1. അതോറിറ്റേറിയൻ പാരന്റ്
കുട്ടികളിൽ അമിത നിയന്ത്രണം അടിച്ചേൽപ്പിക്കുന്ന രീതിയാണ് ഹെലികോപ്റ്റർ പാരന്റിംഗ് രീതി അനുവർത്തിക്കുന്ന ഉപ്പ /ഉമ്മ . മക്കൾക്ക് യാതൊരു തെരെഞ്ഞെടുപ്പവകാശവും നല്കാത്ത ഏകാധിപത്യമാവും അത്തരം വീടകങ്ങളിൽ.

2. അതോറിറ്റേറ്റീവ് പാരന്റ്
കുട്ടികളുമായി ഒരു പോസിറ്റീവ് ബന്ധം സൃഷ്ടിക്കാൻ കഴിയുന്ന രക്ഷാകർത്താവ്.

3. പെർമിസീവ് പാരന്റ്
ഒരു രക്ഷിതാവ് എന്നതിനപ്പുറം ഒരു സുഹൃത്തിനെപോലെ കുട്ടികളോട് പെരുമാറുന്ന രക്ഷാകർത്താവ്.

4. അൺ ഇൻവോൾവ്ഡ് പാരന്റ്
കുട്ടികളുടെ അടിസ്ഥാന ആവശ്യം പോലും നടത്തിക്കൊടുക്കാൻ നേരമില്ലാത്ത അവരുടെ ആവശ്യങ്ങൾക്ക് ചെവിക്കൊടുക്കാത്ത റബ്ബർ സ്റ്റാമ്പ് രക്ഷാകർത്താവ്.

Also read: ഖബർ ശിക്ഷക്ക് കാരണമാകുന്ന രണ്ട് തെറ്റുകൾ

لاعب ابنك سبعاً، وأدبه سبعاً، وآخه سبعاً، ثم ألق حبله على غاربه
നിന്റെ കുട്ടിയുമായി ഏഴു വയസ്സു വരെ കളിക്കുക, അടുത്ത ഏഴു വർഷം അവനെ മര്യാദ പഠിപ്പിക്കുക. തുടർന്നുള്ള ഏഴു വർഷം അവനോട് സഹോദര സമാനമായി ഇടപെടുക. എന്നിട്ട് മാത്രമെ അവന്റെ നിയന്ത്രണം അവന്റെ സ്കന്ധത്തിലേൽപ്പിക്കാവൂ എന്നൊരു ആപ്തവാചകമുണ്ട് അറബി ഭാഷയിൽ . ഖലീഫാ ഉമർ (റ) / ഇമാം ശാഫി ( റഹ്) പറഞ്ഞതാണെന്നാണ് മനസ്സിലാക്കപ്പെടുന്നത്.

മകൻ അപമര്യാദയായി പെരുമാറുന്നുവെന്ന് പരാതിയുമായി ഉമറി(റ)നെ സമീപിച്ച പരാതിക്കാരനായ പിതാവിനോട് നീ നിന്റെ മകനോട് ചെറുപ്പത്തിൽ മര്യാദകേട് കാണിച്ചിട്ടുണ്ടാവാം എന്നാണ് മറുപടി പറഞ്ഞതെന്ന് ചരിത്ര ഗ്രന്ഥങ്ങളിൽ കാണുന്നു.
മക്കളെ സ്നേഹിച്ചാൽ മാത്രം പോരാ അതവർക്കു ‘ഫീൽ’ ചെയ്യണം. ഉറങ്ങുമ്പോഴെല്ല, ഉണർന്നിരിക്കുമ്പോഴാണ് അവരെ ചുംബിക്കേണ്ടതും പുന്നാരിക്കേണ്ടതുമെല്ലാം .
നിങ്ങൾ കുഞ്ഞുങ്ങൾക്ക് എന്തെങ്കിലും വാഗ്‌ദാനം ചെയ്‌താൽ അവ നിറവേറ്റിയിരിക്കണം ,
അവരുടെ മുന്നിൽ വെച്ച് നിങ്ങൾ ശണ്ഠ കൂടുകയോ നുണപറയുകയോ അരുതെന്നുമെല്ലാം പ്രവാചകൻ പഠിപ്പിച്ചത് ഈ പാരന്റിങിന്റെ ഭാഗമാണ്. നാമാണ് അവരുടെ അന്നം നല്കുന്നവൻ / വൾ എന്ന ബോധത്തോടെയാവണം മക്കളോടുള്ള നമ്മുടെ ഓരോ നടപടിയും. ഈ അതിസൂക്ഷ്മ നിലവാരത്തിലുള്ള ബോധപൂർവ്വമായ പാരന്റിങിനെയാണ് ഖുർആന്റെ ഭാഷയിൽ(17:24) തർബിയത്ത് എന്ന് വിളിക്കുക.

(ജൂൺ 1: ആഗോള രക്ഷാകർതൃ ദിനം)

Related Articles