മഅ്ദനി: നീതി നിഷേധത്തിന്റെ ഇരുപതാണ്ട്

വീട്ടില്‍ നിന്നും പുറത്തിറങ്ങുമ്പോള്‍ ഭാര്യ ചോദിച്ചു ' ഇന്നത്തെ യാത്ര മാറ്റി വെച്ച് കൂടെ' ആക്‌സിയോനോവ് ഭാര്യയുടെ വാക്കുകള്‍ ശ്രദ്ധിച്ചില്ല. തന്റെ കച്ചവട ദൗത്യവുമായി അദ്ദേഹം യാത്ര തുടര്‍ന്നു. അന്ന് രാത്രി വഴിയിലുള്ള ഒരു സത്രത്തില്‍ അയാള്‍ രാത്രി താമസിച്ചു. കാലത്തു എഴുന്നേറ്റപ്പോള്‍ ഒരാള്‍ ആ സത്രത്തില്‍ കൊല ചെയ്യപ്പെട്ട വാര്‍ത്ത വന്നു. കൊലയാളി കത്തി ആക്‌സിയോനോവിന്റെ തലയണക്കടിയില്‍ ഒളിപ്പിച്ചു. കുറ്റമൊന്നും ചെയ്യാതെ അദ്ദേഹം നീണ്ട  26   വര്‍ഷം ജയിലില്‍ കിടന്നു. യഥാര്‍ത്ഥ കുറ്റവാളി വേറെയാളാണ് എന്ന് മനസ്സിലാക്കി  ആക്‌സിയോനോവിനെ പുറത്തു വിടുന്ന അറിയിപ്പ് വന്നു. അപ്പോഴേക്കും അദ്ദേഹം ഈ ലോകത്തു നിന്നും യാത്ര പോയിരുന്നു.

ടോള്‍സ്‌റ്റോയ് ഈ കഥ എഴുതിയത്  1872 ലാണ്. അന്ന് ലോകത്തു ജനാധിപത്യം എന്നത് കേട്ട് കേള്‍വി മാത്രമായിരുന്നു. നീണ്ട ഒന്നര നൂറ്റാണ്ടു കഴിഞ്ഞിട്ടും കാര്യങ്ങളില്‍ കാര്യമായ മാറ്റമൊന്നും കണ്ടില്ല എന്ന് വേണം മനസ്സിലാക്കാന്‍. മഅ്ദനി അതിന്റെ തെളിവാണ്. കഥയിലെ നായകന്‍ വിചാരണക്കും വിധിക്കും ശേഷമാണ് ജയിലില്‍ പോയത്. മഅദനി വിചാരണ തടവുകാരനായി എന്ന വ്യത്യാസം മാത്രം. ഒരാളുടെ ശരാശരി ആയുസ്സിന്റെ വലിയ ശതമാനം അദ്ദേഹം ജയിലില്‍ കിടന്നു. ഇല്ലാത്ത കഥകള്‍ മെനഞ്ഞാണ് ആദ്യം ഒമ്പതു വര്‍ഷം അദ്ദേഹത്തെ പീഡിപ്പിച്ചത്.  ഇപ്പോള്‍ വിചാരണക്കായി മറ്റൊരു എട്ടു വര്‍ഷം. തെറ്റുകാര്‍ ശിക്ഷിക്കപ്പെടണം. തെളിവുകളുടെ വെളിച്ചത്തില്‍ കോടതികളാണ് അത് ചെയ്യേണ്ടത്. വികലാംഗന്‍ എന്നതു തന്നെ പെട്ടെന്നു നീതി നടപ്പാക്കാനുള്ള കാരണമാണ്. അതിലപ്പുറം ഒരു പാട് രോഗങ്ങളുടെ കൂടി ഉടമയാണ് എന്നത് നീതിപീഠത്തിന് കാര്യങ്ങള്‍ പെട്ടെന്ന് അവസാനിപ്പിക്കാന്‍ കാരണമാണ്. ഒരാളെ കൊല്ലാകൊല ചെയ്യാന്‍ ഭരണകൂടത്തിനും നിയമത്തിനും അവകാശമില്ല.

ജയില്‍ മോചനത്തിന് ശേഷം പോലീസിന്റെ നിരീക്ഷണമില്ലാത്ത ഒരിടത്തും മഅദനി പോയിട്ടില്ല എന്നുറപ്പാണ്. അല്ലെങ്കില്‍ അദ്ദേഹം പൂര്‍ണമായി പോലീസ് നിയന്ത്രണത്തിലായിരുന്നു. എന്നിട്ടും ആരോപിക്കപ്പെടുന്നത് പോലെ കുറ്റം ചെയ്യുന്നത് നമ്മുടെ സംവിധാനങ്ങള്‍ അറിഞ്ഞില്ല എന്നതും അവിശ്വസനീയം. ലോകത്തിലെ വലിയ ഭീകരത ഭരണകൂട ഭീകരത തന്നെ. ഒരാളെ എങ്ങിനെയും ചിത്രീകരിക്കാന്‍ ഭരണ കൂടത്തിനു സാധിക്കും. വിചാരണ എത്ര മാത്രം നീട്ടി കൊണ്ട് പോകാനും അവര്‍ക്കു കഴിയും. കോടതിക്ക് മുന്നില്‍ തെളിയിക്കാന്‍ വേണ്ടത്ര രേഖകള്‍ ഇല്ലാതെ വന്നാല്‍ പിന്നെയുള്ളതു കേസുകള്‍ കഴിയുന്നത്ര നീട്ടുക എന്നത് തന്നെ. രാജ്യദ്രോഹ കുറ്റം ചുമത്തിയ പലരും ഇന്ന് പുറത്താണ്. അവര്‍ക്കൊന്നും ഇല്ലാത്ത നിയമവും വേവലാതിയും മഅദനിയുടെ കാര്യത്തില്‍ മാത്രമെന്തിന്?. കൊടിയ ഭീകരതയാണ് കര്‍ണാടക പോലീസ് ആരോപിക്കുന്നത്. മനുഷ്യാവകാശം പൂര്‍ണമായി ലംഘിക്കപ്പെടുന്നു എന്നതാണ് ഇവിടെ സംഭവിക്കുന്നതും.  

മഅ്ദനി ഒരിക്കലും പുറത്തിറങ്ങരുത് എന്ന് പലരും ആഗ്രഹിക്കുന്നു എന്ന് വേണം മനസ്സിലാക്കാന്‍. വിചാരണ നടത്തി ശിക്ഷ വിധിക്കാന്‍ കഴിഞ്ഞ കൊല്ലങ്ങള്‍ ധാരാളം. ഒരു നിരപരാധിയുടെ ജീവന് ആയിരം അപരാധിയുടെ ജീവനേക്കാള്‍ വില കല്‍പ്പിച്ച നീതി ബോധമാണ് നമ്മെ നയിക്കുന്നത്. കുറ്റവാളികളും മനുഷ്യരാണ് എന്ന മുറവിളികള്‍ നാം സാധാ കേട്ട് വരുന്നു. ആ മുറവിളി മഅ്ദനിയുടെ കാര്യത്തില്‍ കാര്യമായി കേള്‍ക്കുന്നില്ല. അദ്ദേഹത്തിന്റെ ഒരു കാല്‍ പോയത് ഓട്ടോ മറിഞ്ഞിട്ടല്ല. അതിന്റെ കൂടെ ഒരു പാട് അസുഖവും അദ്ദേഹത്തെ വേട്ടയാടുന്നു. നമ്മുടെ നീതിന്യായ വ്യവസ്ഥയുടെ മാനുഷിക ബോധം ഇവിടെ ഉണരണം.  നീതി ബോധമുള്ള ജനതയും പ്രതികരിക്കണം.

അടുത്ത  വിധി വരുമ്പോള്‍ മറ്റൊരു ആക്‌സിയോനോവായി മഅദനി മാറരുത് എന്നതാണ് നമ്മുടെ പ്രാര്‍ത്ഥന. എല്ലാം ദൈവം കാണുന്നു എന്നാണ് ടോള്‍സ്‌റ്റോയ് തന്റെ കഥക്ക് പേര് നല്‍കിയത്. അത് തന്നെയാണ് നമുക്കും പറയാനുള്ളത്. എല്ലാം കാണുന്ന ഒരാള്‍ മുകളിലുണ്ട്. വൈകി വരുന്ന നീതിയും മറ്റൊരു നീതി നിഷേധമാണ് എന്നത് നാം മറക്കാതിരിക്കുക

 

leave a comment

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ഇസ്‌ലാം ഓണ്‍ലൈവിന്റേതാവണമെന്നില്ല. അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും വ്യക്തിപരവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക.

comments powered by Disqus

Related Topics