മഹല്ല് കമ്മിറ്റികള്‍ പുരുഷന് മാത്രമോ?

പള്ളി നിര്‍മാണവുമായി ബന്ധപ്പെട്ട പിരിവിനാണ് കമ്മിറ്റിക്കാര്‍ വീട്ടില്‍ വന്നത്. 'ഇവിടെ ആണുങ്ങളില്ല' എന്ന മറുപടിയാണ് അവര്‍ക്ക് അകത്തു നിന്നും ലഭിച്ചത്.
'ഇത് പള്ളിയുടെ പിരിവാണ്. എല്ലാവരും നല്‍കണം എന്നാണു കമ്മിറ്റിയുടെ തീരുമാനം' പ്രസിഡന്റ് വിശദീകരിച്ചു.'അത് കൊണ്ട് തന്നെയാണ് അങ്ങിനെ പറഞ്ഞതും. പള്ളിയും കമ്മിറ്റിയും ആണുങ്ങളുടെ വിഷയമാണല്ലോ. പള്ളിക്കാട് മാത്രമാണല്ലോ സ്ത്രീകള്‍ക്കും കൂടി ബാധകമായത്'

പള്ളിയില്‍ സ്ത്രീകള്‍ക്ക് വിലക്കുള്ളത് പോലെ മഹല്ലുമായി ബന്ധപ്പെട്ട എല്ലാത്തിലും സ്ത്രീകള്‍ക്ക് സമൂഹം വിലക്ക് കല്‍പ്പിച്ചിരിക്കുകയാണ്. സാമൂഹിക പ്രവര്‍ത്തനം അവരുടെ മേഖലയല്ല എന്ന് പുരുഷന്‍ തീരുമാനിച്ചിരിക്കുന്നു.  സമൂഹത്തിന്റെ പകുതി സ്ത്രീകളാണ് എന്ന കാരണത്താല്‍ പൊതു-രാഷ്ട്രീയ സാമൂഹിക മണ്ഡലങ്ങളില്‍ സ്ത്രീ സാന്നിധ്യം നാം അംഗീകരിച്ചതാണ്. അതേ അനുപാതം തന്നെ മഹല്ലിലും നിലനില്‍ക്കുന്നു.  അതെ സമയം അവിടെ സ്ത്രീയുടെ സാമീപ്യം അധികമാരും അംഗീകരിക്കുന്നില്ല.

വിവാഹം,കുടുംബ ജീവിതം എന്നിവ സ്ത്രീകളെ കൂടി ബാധിക്കുന്ന വിഷയമാണ് എന്നിരിക്കെ അവിടെയെല്ലാം പുരുഷന്‍ തന്നെ കാര്യം തീരുമാനിക്കുന്ന പ്രവണത മാറണം. സ്ത്രീകള്‍ കൂടി ഇത്തരം രംഗങ്ങളിലേക്കു കടന്നു വന്നാല്‍ പ്രശ്‌ന പരിഹാരത്തിന് കൂടുതല്‍ വഴികള്‍ തുറക്കാന്‍ കഴിയും. പല മഹല്ല് കമ്മിറ്റികളും തിരഞ്ഞെടുക്കപ്പെടുന്നത് ബാലറ്റ് വോട്ടിങ്  രീതികളിലാണ്. അവിടെയും വോട്ടു ചെയ്യാനുള്ള അവകാശം പുരുഷനു മാത്രമാണ്. അതേസമയം നാട് ആര് ഭരിക്കണം എന്ന കാര്യത്തില്‍ സ്ത്രീക്കും പുരുഷനും തുല്യ അവകാശവും. അത് ദീനിലേക്കു മാറുമ്പോള്‍ സ്ത്രീ പിന്നോട്ട് പോകുന്നത് തീര്‍ത്തും അഭികാമ്യമല്ല.

പൊതു അധ്യാപന രംഗത്ത് സ്ത്രീകളുടെ സാന്നിധ്യം സമൂഹം അംഗീകരിക്കുന്നു. പക്ഷേ മത പഠന രംഗത്തു അവരുടെ സാന്നിധ്യം തുലോം വിരളവും. കഴിവുള്ള സ്ത്രീകള്‍ ഈ രംഗത്തേക്ക് വരണം എന്ന വഖഫ് ബോര്‍ഡിന്റെ നിലപാടും സ്വാഗതാര്‍ഹം തന്നെ. ഇസ്‌ലാമിനു സ്ത്രീകളുടെ കഴിവ് ഉപകാരപ്പെടുന്നില്ല എന്നതാണ് വര്‍ത്തമാന ചരിത്രം. അതേസമയം അതിനു പുറത്തു അവരുടെ കഴിവുകള്‍ സമൂഹം ഉപകാരപ്പെടുത്തുന്നു. ഇസ്ലാമിക ചരിത്രത്തില്‍ സാമൂഹിക അധ്യാപന രംഗത്തു കഴിവ് തെളിയിച്ച ഒരുപാട് സ്ത്രീകള്‍ കടന്നു പോയിട്ടുണ്ട്. അവര്‍ക്ക് പിന്നെ തുടര്‍ച്ചയില്ലാതെ പോയി എന്നത് പുരുഷ സമൂഹം അവരോടു കാണിച്ച അനീതി എന്നേ പറയാന്‍ കഴിയൂ.

സ്ത്രീയെയും പുരുഷനെയും ഒന്നാക്കുന്ന ആധുനിക ഫെമിനിസ്റ്റ് ചിന്താഗതിക്കപ്പുറം രണ്ടു പേരുടെയും കടമകളും അവകാശങ്ങളും അംഗീകരിക്കപ്പെടുന്ന ഒരു സാമൂഹിക ക്രമമാണ് നമുക്കാവശ്യം. അവിടെ അവകാശങ്ങളെ കുറിച്ച ബോധത്തോടൊപ്പം കടമകളെ കുറിച്ച തിരിച്ചറിവുമുണ്ട്. സ്ത്രീ സമൂഹത്തില്‍ ഇറങ്ങിയാല്‍ ' ഫിത്‌ന' യുണ്ടാകും എന്ന തെറ്റായ ബോധമാണ് പലര്‍ക്കും.

അതെ മാനസിക അവസ്ഥയുള്ളവര്‍ വീട്ടിലിരുന്നാലും കുഴപ്പമാണ്. മാന്യവും സുതാര്യവുമായ പൊതു പ്രവര്‍ത്തനം സ്ത്രീകളുടെ കൂടി അവകാശമാണ്. അതെങ്ങിനെ നമ്മുടെ മഹല്ലുകളില്‍ പ്രാവര്‍ത്തികമാകുന്നു എന്നിടത്താണ് കാര്യം. നിലവിലെ പുരുഷ മേധാവിത്ത വ്യവസ്ഥകളെ മറികടക്കാന്‍ ഉതകുന്ന നിയമ നടപടികള്‍ കൂടി സാധ്യമാക്കണം. അത് കൊണ്ട് തന്നെയാകാം പള്ളിക്കാട്ടിലേക്കു മാത്രമായി പിരിവു നല്‍കാന്‍ അകത്തു നിന്നും മറുപടി ലഭിച്ചതും.

 

leave a comment

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ഇസ്‌ലാം ഓണ്‍ലൈവിന്റേതാവണമെന്നില്ല. അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും വ്യക്തിപരവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക.

comments powered by Disqus