Current Date

Search
Close this search box.
Search
Close this search box.

റമദാൻ : തണൽ ഹദീസും മൂന്നു പത്തും

ശഅബാൻ അവസാനമാവാൻ കാത്തിരിക്കുകയാണ് നമ്മുടെ ഖത്വീബന്മാരും പ്രഭാഷകരും ഒരു ഹദീസ് മിമ്പറുകളിൽ ഉദ്ധരിക്കാൻ . കേൾക്കാൻ നല്ല രസമുള്ള ഹദീസുകളെല്ലാം മിക്കവാറും ദുർബലമാവും എന്ന ഈയുള്ളവന്റെ പ്രാഥമിക നിഗമനം പലപ്പോഴും ശരിയാവാറുണ്ട്. ആ മുൻധാരണയോടെയാണ് ഇമാം ബൈഹഖിയും മുൻദിരിയുമെല്ലാം ഉദ്ധരിച്ച വലിയ ആ ഹദീസ് പഠനത്തിന് വിധേയമാക്കിയത്.

റമദാൻ തണലാണെന്നോ ക്ഷമയുടെയും സമഭാവനയുടെയും മാസമാണെന്നോ എന്നുള്ളതിലൊന്നും ആശയപരമായി തെല്ലും സംശയമില്ല. അത് നബി പറഞ്ഞാലും ഇല്ലെങ്കിലും സർവ്വാംഗീകൃതമാണ്.എന്നാൽ പുണ്യമാസത്തെ മൂന്നായി പകുത്ത് ഒന്നാമത്തേത് കാരുണ്യവും രണ്ടാമത്തേത് പാപമോചനവും മൂന്നാമത്തേത് നരകവിമുക്തിയുമാണെന്ന് പറയുന്ന ഭാഗമാണ് പ്രസ്തുത ഹദീസിനെ കുറിച്ച് കൂടുതൽ അറിയാൻ താല്പര്യമുണ്ടാക്കിയത്. പള്ളികളിൽ ആദ്യ പത്തിൽ വ്യാപകമായി റഹ്മത് ചോദിക്കുന്നു; രണ്ടാമത്തെ പത്തിൽ പാപമോചനം ചോദിക്കുന്നു; അവസാന പത്തിൽ നരകവിമുക്തി ചോദിക്കുന്നു.

ആ പ്രാർഥനകൾ വളരെ പ്രാധാന്യത്തോടെ ഓരോ നമസ്കാര ശേഷവും കേട്ടോത്തും കൂട്ടോത്തും എല്ലായിടത്തും നടക്കുന്നു. ആ പ്രാർഥനകളുടെ പാംലെറ്റുകൾ വ്യാപകമായി പ്രചരിപ്പിക്കുന്നു. ആ പ്രാർഥനകൾ കൂടാതെ അശ്ഹദു അല്ലാ ഇലാഹ എന്ന് തുടങ്ങുന്ന മറ്റു ചില ഫിറ്റിങ്സും ..ഇതെല്ലാം എവിടുന്ന് വന്നൂവെന്നറിയില്ല. ഈ പുണ്യ മാസം മുഴുവൻ കാരുണ്യമാണ്, മനുഷ്യരാശിക്ക് കാരുണ്യമായ ഖുർആൻ അവതരിച്ച മാസമാണത്. ഓരോ രാത്രിയിലും പാപമോചനത്തിനും നരക വിമുക്തിക്കുമുള്ള സംവിധാനമായി മാലാഖമാരെത്തും എന്നത് സ്വീകാര്യമായ രീതിയിൽ വിശദമായി ഹദീസുകളിൽ കാണാവുന്നതാണ്. റമദാൻ ഒന്നു മുതൽ അവസാനം വരെ ഈ റഹ്മതും മഗ്ഫിറതും ഇത്ഖും മിനന്നാറുമെല്ലാം ഒരേ പരിമാണത്തിൽ നിലനില്ക്കുന്നു എന്നാണ് ആ ഹദീസുകളുടെ സാകല്യത്തിൽ നിന്നും മനസ്സിലാവുന്നത്.

നമ്മുടെ ഖത്വീബന്മാർ നിർലോഭമുദ്ധരിക്കുന്ന തണൽ ഹദീസിന്റെ ശൃംഖലയിലെ അലി ബിൻ സൈദ് ബിൻ ജദ്ആൻ ദുർബലനാണെന്ന് ഇലലിന്റെ കർത്താവ് ഇമാം അബു ഹാതിം റാസി പറയുന്നു.ശൈഖ് ഇബ്‌നു റജബ് തന്റെ ലതാഇഫുൽ മആരിഫിൽ (പേജ്. 279) പറഞ്ഞു: “ഇത് തെളിയിക്കപ്പെട്ട ഹദീസല്ല ; വെറും മുൻകർ”. ഇമാം ഇബ്നു ഖുസൈമ ഉപരിസൂചിത അലിയിൽ നിന്നുള്ള ഒരു ഹദീസും സ്വീകരിക്കാറുണ്ടായിരുന്നില്ല. ഇമാം ഇബ്നു ഹജർ ഇത്ഹാഫുൽ മഹറയിലും(5/561) ഇമാം അൽബാനി തന്റെ ദഈഫ് സീരീസിലും (871) ദുർബലമായാണ് ഈ ദീർഘ ഹദീസ് രേഖപ്പെടുത്തിയിട്ടുള്ളത്. എല്ലാ ശഅബാനിലും നമുക്കു കേൾക്കാൻ വിധിക്കപ്പെട്ട ( كتب عليكم ) ഒരു ഹദീസിന്റെ പ്രാമാണികത അന്വേഷിക്കാനുള്ള ഒരു വിനീത ശ്രമമാണിത്. അറിഞ്ഞ് കൊണ്ട് നബിയെ കുറിച്ച് നുണ പറയുന്നത് നമ്മുടെ നരകം ഉറപ്പിക്കുന്ന പരിപാടിയാണ് എന്ന് കൂടി ബഹുമാനപ്പെട്ട ഖതീബന്മാരെ ഓർമിപ്പിക്കുന്നു.

???? വാട്‌സാപ് ഗ്രൂപ്പിൽ അംഗമാകാൻ????: https://chat.whatsapp.com/CtdeYjAfwas90JeGabX9H0

Related Articles