ചലച്ചിത്ര അവാര്‍ഡ് ബഹിഷ്‌കരണം: നിലപാടുള്ള രാഷ്ട്രീയം

May 04 - 2018

'മറക്കരുത് ഞാന്‍ നിനക്ക് അയച്ചതില്‍ വെച്ച പുഷ്പം എന്റെ ഹൃദയമാണ്'. ഒരു ഗസലിലെ ആദ്യ വരികള്‍ ഇങ്ങിനെയാണ്. ഒന്ന് കൊണ്ട് മറ്റൊന്നിനെ ഉപമിക്കുക എന്നതിന്റെ മനോഹര രൂപം.
140ല്‍ 68 എന്നത് പകുതിയോളം വരും. ദേശീയ ചലച്ചിത്ര അവാര്‍ഡ് അനര്‍ഹരായവരുടെ കയ്യില്‍ നിന്നും വാങ്ങാന്‍ കൂട്ടാക്കാതിരുന്നത് പകുതി പേരാണ്. അതൊരു നല്ല സൂചനയാണ്. അവാര്‍ഡ് വാങ്ങിയാലും ഇല്ലെങ്കിലും അവരുടെ കഴിവുകള്‍ അംഗീകരിക്കപ്പെട്ടിരിക്കുന്നു. നട്ടെല്ല് എന്നത് കലാ രംഗത്ത് ഇപ്പോഴും നില നില്‍ക്കുന്നു എന്നത് ശുഭ സൂചനയാണ്. ആളുകളുടെ നട്ടെല്ലിന്റെ ശക്തി കൂടി ഇത്തരം നിലപാടിലൂടെ വ്യക്തമാകും.

മലയാളത്തിലെ മുന്‍നിര സിനിമ പ്രവര്‍ത്തകര്‍ക്ക് അധികവും ഇല്ലാത്ത ഒന്നാണ് നട്ടെല്ല്. ഭരണകൂടത്തിനു മുന്നില്‍ ആവശ്യത്തിനും അനാവശ്യത്തിനും കുനിയുന്നതാണ് അവരുടെ നട്ടെല്ല്. ഭരണാധികാരികള്‍ക്ക് അലോസരമുണ്ടാക്കുന്ന ഒന്നും പറയാതിരിക്കുക എന്നതാണ് അവരുടെ നിലപാട്. അതെ സമയം ഭരണ കൂടത്തിന്റെ എല്ലാ ചെയ്തികളെയും കണ്ണടച്ച് അംഗീകരിക്കുക എന്നതാണ് അവരുടെ തൊഴിലും. മലയാളത്തിലെ രണ്ടാം തലമുറ അവിടെ വ്യത്യസ്തമാകുന്നു എന്ന് വേണം പറയാന്‍.

ഒരു മനുഷ്യ  ജീവിതത്തില്‍ പലപ്പോഴും ഒരിക്കല്‍ മാത്രം നടക്കുന്നതാണ് ഇത്തരം അവാര്‍ഡുകള്‍. അത് രാഷ്ട്രപതിയില്‍ നിന്നും വാങ്ങുക എന്നത് അവരുടെ അവകാശവും. രാഷ്ട്രപതിയുടെ തീരുമാനങ്ങളെ മാറ്റിമറിക്കാനുള്ള ശക്തി ഇന്ന് കേന്ദ്രത്തിനുണ്ട്. അവിടെയും പിടിമുറുക്കാനുള്ള സംഘ്പരിവാര്‍ മനസ്സിനെ  എതിര്‍ത്ത കലാകാരന്മാര്‍ തീര്‍ച്ചയായും കൈയ്യടി അര്‍ഹിക്കുന്നു.

പ്രമേയത്തില്‍ ഒപ്പിട്ട പലരും അവസാന നിമിഷം കാലുമാറി. അതിലും കേരളത്തിന്റെ പ്രാധിനിത്യം ഉണ്ടായിരുന്നു. ജീവിതത്തില്‍ ഒരുപാടു അവാര്‍ഡുകള്‍ വാങ്ങിയിട്ടുള്ളവര്‍ തന്നെ അതില്‍ നിന്നും പിന്മാറി എന്നത് അവരുടെ വ്യക്തിപരമായ വിഷയമാണ്. എങ്കിലും അവരുടെ ചെയ്തികള്‍ പൊതു സമൂഹത്തെ വേദനിപ്പിക്കും. എല്ലാവര്‍ക്കും പ്രഥമ പൗരന്‍ തന്നെ സമ്മാനം നല്‍കും എന്ന് അച്ചടിച്ച് വിതരണം ചെയ്താല്‍ അത് നല്‍കല്‍ അദ്ദേഹത്തിന്റെ ബാധ്യതയാണ്. ഇന്ത്യന്‍ കലാ രംഗത്തെ ഇന്ത്യക്കാരെ പ്രഥമ പൗരന്‍ ആദരിക്കുന്നു എന്നതാണ് അതിന്റെ അര്‍ത്ഥവും. അനാവശ്യ ഇടപെടല്‍ നടത്തുന്ന കാര്യത്തില്‍ സ്മൃതി ഇറാനി എന്നും മുന്നിലാണ്. മാനവവിഭവ ശേഷി വകുപ്പില്‍ അവരുടെ നടപടികള്‍ നാം കണ്ടതാണ്.

ഇന്ത്യന്‍ കലാരംഗം രാഷ്ട്രീയ മുക്തമാണ് എന്നൊന്നും നാം കരുതുന്നില്ല. കഴിവുള്ളവര്‍ തന്നെയാണ് അംഗീകരിക്കപ്പെടുന്നത് എന്നും പൂര്‍ണമായി ആരും പറയില്ല. മാറ്റങ്ങള്‍ നല്ലതാണ്. പക്ഷെ അതിനു ഗുണം വേണം. അത് സുതാര്യമാകണം. പരിപാടിയുടെ റിഹേഴ്‌സല്‍ സമയത്ത് അവാര്‍ഡ് ജേതാക്കളോട് മാറ്റിപ്പറയുന്നതായി ഇത് മാറരുത്. 

എല്ലാ മുക്കിലുംമൂലയിലും കൈ കടത്തിയാണ് സംഘ്പരിവാര്‍ മുന്നേറുന്നത്. രാഷ്ട്രപതിയും സിനിമയും മാത്രം മാറ്റി നിര്‍ത്തണം എന്നൊന്നും അവര്‍ക്കു നിര്‍ബന്ധമില്ല. പഴയ ഗസലിലെ വരികള്‍ ഇവിടെ പ്രസക്തമാകുന്നത് അതുകൊണ്ടാണ്. നട്ടെല്ല് നിവര്‍ന്നു നില്‍ക്കാനുള്ള സംവിധാനം മാത്രമല്ല അതൊരു നിലപാട് കൂടിയാണ് എന്ന് നാം മറക്കരുത്. ഒഴിഞ്ഞു കിടക്കുന്ന കസേരകള്‍ കൂടുതല്‍ അര്‍ഥപൂര്‍ണമാണ്. പറയാത്ത വാക്കുകള്‍ക്ക് പലപ്പോഴും പറഞ്ഞ വാക്കിനേക്കാള്‍ മൂര്‍ച്ചയുണ്ടാകും എന്ന് പറഞ്ഞതു പോലെ.

 

 

leave a comment

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ഇസ്‌ലാം ഓണ്‍ലൈവിന്റേതാവണമെന്നില്ല. അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും വ്യക്തിപരവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക.

comments powered by Disqus