ബാബരി ധ്വംസനത്തിന് കാല്‍ നൂറ്റാണ്ട്: കനത്ത സുരക്ഷയില്‍ അയോധ്യ

Dec 06 - 2017

ന്യൂഡല്‍ഹി: ബാബരി മസ്ജിദ് തകര്‍ക്കപ്പെട്ടതിന്റെ 25ാം വാര്‍ഷിക ദിനമായ ഇന്ന് കനത്ത സുരക്ഷ വലയത്തിലാണ് രാജ്യവും അയോധ്യയും. മുസ്‌ലിം സംഘടനകള്‍ ഇന്ന് കരിദിനമായി ആചരിക്കുമ്പോള്‍ ഹിന്ദുത്വ സംഘടനകള്‍ ധീരത ദിവസായാണ് പ്രഖ്യാപിച്ചത്.

അയോധ്യയിലും പള്ളി പരിസരത്തും കേന്ദ്രത്തിന്റെയും സംസ്ഥാനത്തിന്റെയും കീഴില്‍ ശക്തമായ സുരക്ഷയാണ് ഒരുക്കിയിട്ടുള്ളത്. കൂടാതെ അയോധ്യയില്‍ നിരോധനാജ്ഞയും പ്രഖ്യാപിച്ചിട്ടുണ്ട്. പള്ളി നിലനിന്നിരുന്ന സ്ഥലത്തിന്റെ ഉടമസ്ഥാവകാശ തര്‍ക്കവുമായി ബന്ധപ്പെട്ട കേസ് സുപ്രിം കോടതി അന്തിമ വാദം കേള്‍ക്കാനായി അടുത്ത ഫെബ്രുവരി എട്ടിലേക്ക് മാറ്റിവച്ചത് കഴിഞ്ഞ ദിവസമായിരുന്നു. മാത്രമല്ല കോണ്‍ഗ്രസിനോട് ക്ഷേത്രം നിര്‍മിക്കുന്നതുമായി ബന്ധപ്പെട്ട നിലപാട് അറിയിക്കണമെന്നാണ് ബി.ജെ.പി അധ്യക്ഷന്‍ അമിത് ഷാ ആവശ്യപ്പെട്ടത്. ഇതിനിടെയാണ് ഇന്ത്യന്‍ മതേതരത്വത്തിന് തീരാകളങ്കമായ ഡിസംബര്‍ ആറ് കടന്നു വരുന്നത്.

അയോധ്യ ഇപ്പോള്‍ നാലു മേഖലകളായും 10 സെക്ടറുകളുമായും തിരിച്ചിരിക്കുകയാണ്. 144 വകുപ്പനുസരിച്ചാണ് ഇവിടെ നിരോധന ഉത്തരവ് പ്രഖ്യാപിച്ചത്. മേഖലയില്‍ എല്ലാതരത്തിലുള്ള പ്രതിഷേധ പ്രകടനങ്ങളും സമരങ്ങളും പൊലിസ് നിരോധിച്ചിട്ടുണ്ട്.

ആധുനിക ഇന്ത്യന്‍ ചരിത്രത്തിലെ കറുത്ത അധ്യായമാണ് ബാബരി മസ്ജിദിന്റെ തകര്‍ച്ചയെന്ന് സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി പറഞ്ഞു. ഇന്ത്യന്‍ ജനാധ്യപത്യത്തിന്റെയും മതേതരത്വത്തിന്റെയും അടിത്തറക്കേറ്റ ഏറ്റവും വലിയ ആക്രമണമായിരുന്നെന്നും അദ്ദേഹം പറഞ്ഞു.

കോണ്‍ഗ്രസ് അയോധ്യ കേസില്‍ പരാജയപ്പെട്ടാല്‍, വരുന്ന തെരഞ്ഞെടുപ്പിലും അവര്‍ പരാജയപ്പെടുമെന്ന് മുതിര്‍ന്ന ബി.ജെ.പി നേതാവ് സുബ്രഹ്മണ്യന്‍ സ്വാമി പറഞ്ഞു. കോണ്‍ഗ്രസും കപില്‍ സിബലും ബാബരി കേസ് രാഷ്ട്രീയവല്‍ക്കരിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

പള്ളി തകര്‍ത്തിട്ട് 25 വര്‍ഷം പിന്നിട്ടിട്ടും ആക്രമണത്തിന് പിന്നിലുള്ളവരെ കണ്ടെത്താനോ ശിക്ഷിക്കാനോ ഇന്ത്യന്‍ നിയമ വ്യവസ്ഥക്ക് സാധിച്ചിട്ടില്ല. കേസില്‍ ഉള്‍പ്പെട്ട പലരും ഇന്ന് രാജ്യത്തിന്റെ അധികാര സ്ഥാനങ്ങളിലാണെന്നതും ആശങ്കയുളവാക്കുന്നുണ്ട്.

 

leave a comment

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ഇസ്‌ലാം ഓണ്‍ലൈവിന്റേതാവണമെന്നില്ല. അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും വ്യക്തിപരവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക.

comments powered by Disqus

news-ad