Current Date

Search
Close this search box.
Search
Close this search box.

ഫലസ്തീന്‍, കൊളോണിയലിസത്തിന്റെ തുറന്ന മ്യൂസിയം

ഇസ്രായേൽ നൽകിയ ഐ.ഡി കാർഡ് ഉപയോഗിച്ച് പലസ്തീൻ സന്ദർശിക്കാൻ അവസരമുള്ള ജോർദാനിയൻ പലസ്തീനികളിൽ പെട്ടയാളാണ് ഞാൻ. ആ അവസരം ഉപയോഗപ്പെടുത്തി ഈയിടെ പലസ്തീൻ സന്ദർശിച്ചപ്പോൾ, റാമല്ലയിലെ എന്റെ ഒരു പലസ്തീൻ സുഹൃത്ത് എന്നെ ബത് ലഹേമിലേക്ക് യാത്ര ചെയ്യാൻ ക്ഷണിച്ചു. യാത്ര മുപ്പത് മിനുട്ട് പിന്നിട്ടപ്പോൾ ഞങ്ങൾ ഒരു ഇസ്രായേലി ചെക്ക്പോസ്റ്റിൽ എത്തി. അവിടെ കാറുകളുടെ ഒരു വലിയ ക്യൂ തന്നെയുണ്ടായിരുന്നു. നിസ്സംഗമായ നിശബ്ദത അവിടം ആകെ തളംകെട്ടി നിന്നിരുന്നു. നിത്യേന അനുഭവിക്കുന്നവർക്ക് അത് സ്വാഭാവികമായിത്തോന്നിയേക്കാം, പക്ഷെ എനിക്ക് വല്ലാത്ത അക്ഷമ തോന്നി. ഞങ്ങളെ കടത്തിവിടുന്നതിന് മുമ്പ് കൂടുതൽ സമയം ചോദ്യങ്ങളുണ്ടാകുമോ എന്ന് സുഹൃത്തിനോട് അന്വേഷിച്ചു. അവൻ പരിഹാസത്തോടെ പ്രതികരിച്ചു: ഇത് പലസ്തീൻ ആണ്. എപ്പോൾ എവിടേക്ക് നിങ്ങൾ നീങ്ങണമെന്ന് ഒരിക്കലും പ്രവചിക്കാൻ കഴിയില്ല. എത്തുമ്പോൾ എത്തും, കൃത്യമായ മീറ്റിംഗ് സമയങ്ങളൊക്കെ എപ്പഴേ ഇവിടെ അപ്രസക്തമായിക്കഴിഞ്ഞിരിക്കുന്നു. കൊളോണിയലിസത്തിന്റെ തുറന്ന മ്യൂസിയമായ പലസ്തീനിലേക്ക് സ്വാഗതം..!

ഇന്നത്തെ മിക്ക ആളുകൾക്കും, കൊളോണിയലിസം ഒരു പഴയ കാലഘട്ടത്തിന്റെ ഭാഗം മാത്രമാണെന്നാണ് ധാരണ. ലോകജനസംഖ്യയിൽ ഭൂരിഭാഗത്തിനും കൊളോണിയലിസം നേരിട്ടനുഭവിച്ച ഓർമകൾ ഇല്ല. പൂർണമായും വിദേശ നിയന്ത്രണത്തിൽ ജീവിക്കുക എന്നതിന്റെ അർഥമെന്താണന്ന് സങ്കൽപ്പിക്കാൻ പോലും പലർക്കും കഴിയുന്നില്ല. ഇന്ന് നമുക്ക് മുന്നിൽ കൊളോണിയലിസത്തിന്റെ ചില മ്യൂസിയങ്ങളുണ്ട്. അവിടെപ്പോയാൽ കൊളോണിയലിസം എങ്ങനെയാണ് ജനങ്ങളുടെ ദൈനംദിന ജീവിതത്തെ ബാധിക്കുന്നതെന്നും പാവപ്പെട്ട പൗരന്മാരുടെ സ്വാതന്ത്ര്യം എങ്ങനെയാണ് കവർന്നെടുക്കുന്നതെന്നും സംസാരിക്കാനും ജോലിചെയ്യാനും സമാധാനപരമായി മരിക്കാൻപോലുമുള്ള അവകാശങ്ങളെയെല്ലാം എങ്ങിനെയാണ് ധ്വംസിക്കുന്നതെന്നും കൃത്യമായി മനസ്സിലാക്കാം. ഞങ്ങൾ ഒരു കോളനിയാനന്തര ലോകത്താണ് ജീവിക്കുന്നത്. ഇവിടെയുള്ള കൊളോണിയലിസത്തിന്റെ മ്യൂസിയങ്ങൾ കറുത്ത ഭൂതകാലത്തിലേക്ക് നമ്മെ കൊണ്ടെത്തിക്കും. ഭരണകൂടം തദ്ദേശീയ സമൂഹങ്ങളിൽ ഉണ്ടാക്കിയ നാശനഷ്ടങ്ങളുടെ കാഴ്ചകൾ ഏറെ ഭീതിദമാണ്.

ഇങ്ങനെയൊക്കെയാണെങ്കിലും, ഇന്ന് നമ്മുടെ ലോകത്ത് കൊളോണിയലിസവും പോസ്റ്റ് കൊളോണിയലിസവും നിലനിൽക്കുന്ന ഒരു യഥാർഥ സ്ഥലത്തെക്കുറിച്ച് നിങ്ങൾ എപ്പോഴെങ്കിലും ആലോചിച്ചിട്ടുണ്ടോ? എന്നാൽ, അങ്ങനെയൊരു ദേശമാണ് പലസ്തീൻ. കൊളോണിയലിസത്തിന്റെ ഭൂതകാലത്തെ ആധുനിക പശ്ചാത്തലത്തിൽ പുനർവിചിന്തനം ചെയ്യുകയാണെങ്കിൽ പലസ്തീൻ ഭൂതകാലവും വർത്തമാനവും ഒരുപോലെ കാണിച്ചുതരുന്ന മ്യൂസിയമാണ്. പലസ്തീനിൽ, കൊളോണിയലിസത്തിന്റെ പ്രത്യേകമൊരു മ്യൂസിയം സൃഷ്ടിക്കേണ്ട ആവശ്യമില്ല, ആ രാജ്യം മുഴുവൻ തുറന്ന മ്യൂസിയമായാണ് പ്രവർത്തിക്കുന്നത്.

ഏത് മ്യൂസിയത്തിലും നിങ്ങൾക്ക് വ്യത്യസ്ത വിഷയങ്ങളിൽ വ്യത്യസ്ത വിഭാഗങ്ങളിലായി പര്യവേക്ഷണം നടത്താം. പലസ്തീനിലും ഇത് സാധ്യമാണ്. പലസ്തീനിലെ ഓരോ ഭാഗങ്ങളും കൊളോണിയലിസത്തിന്റെ വ്യത്യസ്ത മുഖങ്ങൾ നമുക്ക് കാണിച്ചുതരുന്നു. അവിടെ വെസ്റ്റ് ബാങ്കുണ്ട്, അനധികൃത ഇസ്രായീലീ സെറ്റിൽമെന്റുകൾ, പുറമ്പോക്ക് ഭൂമികൾ, കൂറ്റൻ മതിലുകൾ, നിയന്ത്രിത ജനസംഖ്യ എന്നിങ്ങനെ നിങ്ങൾക്കവിടെ കാണാം. അവിടെ ഗസ്സയുണ്ട്. ഗസ്സയെ ഒരു തുറന്ന ജയിൽ എന്ന് തന്നെ വിശേഷിപ്പിക്കാം. പതിനഞ്ച് വർഷത്തിലേറെയായി രണ്ട് ദശലക്ഷം പലസ്തീനികളാണ് ഇസ്രായീൽ ഉപരോധത്തിന് കീഴിൽ അവിടെ താമസിക്കുന്നത്. നിങ്ങൾ കൊളോണിയലിസത്തിന്റെ ഒരു സർറിയൽ കേസ് സർവ്വേ ചെയ്യുന്നതിൽ കൂടുതൽ ശ്രദ്ധിക്കുന്നയാളാണെങ്കിൽ, ഇസ്രായീൽ സ്ഥാപിതമായ ശേഷം ചരിത്രപരമായി ആ മണ്ണിൽ താമസിച്ചിരുന്ന പലസ്തീനികൾ എങ്ങനെയാണ് അവിടെ ജീവിക്കുന്നതെന്ന് കണ്ടെത്തുക. മൊഷ്ടിക്കപ്പെട്ട വീടുകൾ, തകർക്കപ്പെട്ട ഗ്രാമങ്ങൾ, രണ്ടാം തരം പൗരന്മാർ, സ്ഥാപനവത്കരിക്കപ്പെട്ട വംശീയത എന്നിവയെക്കുറിച്ചെല്ലാം നിങ്ങൾക്ക് വിശദമായി പഠിക്കാം.

തുറന്ന മ്യൂസിയങ്ങൾ മുൻകാലങ്ങളിൽ അവിടെയുള്ള ആളുകൾ എങ്ങനെയായിരുന്നു ജീവിച്ചിരുന്നതെന്ന് സന്ദർശകർക്ക് നേരിട്ട് മനസ്സിലാക്കാനുള്ള എളുപ്പ മാർഗമാണ്. വെസ്റ്റ് ബാങ്കിൽ നബ് ലൂസിന് ഏതാനും കിലോമീറ്റർ തെക്കുപടിഞ്ഞാറായി സ്ഥിതി ചെയ്യുന്ന എന്റെ ചെറിയ ഗ്രാമമായ ബുറിന് ചുറ്റുമുള്ള കുടിയേറ്റക്കാർക്ക് മാത്രമുള്ള റോഡുകളെപ്പറ്റി എന്റെ വിദേശ സുഹൃത്തുക്കളോട് പറയുമ്പോൾ അവർക്കത് വിശ്വസിക്കാൻ കഴിയുന്നില്ല. പലർക്കും നമ്മുടെ കാലത്തെ കൊളോണിയൽ അധിനിവേശത്തിന്റെ കഥകൾ സങ്കൽപ്പിക്കാനാവാത്തതാണ്. പക്ഷെ, അവ പലസ്തീനിലെ ജനങ്ങൾ പതിറ്റാണ്ടുകളായി നേരിട്ടനുഭവിച്ചുകൊണ്ടിരിക്കുന്ന പച്ചയായ യാഥാർഥ്യമാണ്. കൊളോണിയലിസത്തെക്കുറിച്ച് പഠിക്കാൻ ആഗ്രഹിക്കുന്ന ആളുകൾക്ക് ഏറ്റവും ഉചിതമായ മണ്ണാണ് പലസ്തീനിന്റേത്.

ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ പലസ്തീനെ കൊളോണിയലിസത്തിന്റെ ഒരു തുറന്ന മ്യൂസിയമായി അംഗീകരിക്കുന്നത് ദീർഘകാലമായി നിലനിൽക്കുന്ന പലസ്തീൻ-ഇസ്രായേൽ സംഘർഷത്തെ വ്യത്യസ്തമായ മറ്റൊരു തലത്തിൽ എത്തിക്കുന്നുണ്ട്. ഗസ്സയിലെ ഏറ്റവും പുതിയ യുദ്ധസമയത്ത്, മറ്റു രാജ്യങ്ങളിൽ നിന്നുള്ള റോക്കറ്റ് അക്രമണങ്ങൾ പ്രതിരോധിക്കുന്നതിന്റെ ഭാഗമായി സ്വയം പ്രതിരോധമെന്നോണം ആയുധങ്ങൾ ഉപയോഗിക്കുന്നുവെന്ന ഇസ്രായേൽ വാദത്തെ ലെജിറ്റിമൈസ് ചെയ്യുന്ന ഇസ്രായീൽ അനുകൂലികൾ അതേ യുക്തി വെച്ച് ഹമാസ് ആയുധങ്ങൾ ഉപയോഗിക്കുന്നതിനെ ഭീകരപ്രവർത്തനമായി മുദ്രകുത്തുന്നു. ആവർത്തിച്ചുള്ള ഈ വാദങ്ങൾ നിർണ്ണായകമായ ഒരു യാഥാർഥ്യത്തെ പൂർണ്ണമായും നിരാകരിക്കുന്നതിന് സമാനമാണ്. ഗസ്സ ഒരു സ്റ്റേറ്റ് അല്ല, വെസ്റ്റ് ബാങ്കും ഒരു സ്റ്റേറ്റ് അല്ല. ഫലത്തിൽ, പലസ്തീൻ ഒരു രാഷ്ട്രമല്ല. ഇസ്രായേലികളും പലസ്തീനികളും തമ്മിലുള്ള സംഘർഷം രണ്ട് പരമാധികാര രാജ്യങ്ങൾ തമ്മിലുള്ള പോരാട്ടവുമല്ല, മറിച്ച് ഒരു കോളനിവൽകരിക്കപ്പെട്ട ജനതയും അവരുടെ കോളനിക്കാരും തമ്മിലുള്ള സംഘർഷമാണ്.

പലസ്തീൻ ദീർഘകാലമായി ഒരു ധർമ്മസങ്കടമായി നിലനിൽക്കുന്നുവെങ്കിൽ അതിന്റെ പരിഹാരം കാണപ്പെടാതിരിക്കുന്നത് ഗുരുതരമായ അപാകതയാണ്. കോളോണിയൽ കാലഘട്ടത്തിലെ ഭൂരിഭാഗം ആളുകൾക്കും ഉള്ളതുപോലുള്ള ചരിത്രം പലസ്തീനികൾ ആസ്വദിച്ചിട്ടില്ല. സൂക്ഷ്മമായി പരിശോധിച്ചാൽ മുൻ കോളനികളുടെ കഥകൾ ഒരു പൊതു പാറ്റേൺ പിന്തുടരുന്നതായി കാണാം. കോളോണിയലിസം-കൊളോണിയൽ വിരുദ്ധ പോരാട്ടം, തുടർന്ന് സ്വാതന്ത്ര്യം, ഒരു പുതിയ രാഷ്ട്രം. ഈ പാറ്റേൺ വളരെ ശക്തമായിരുന്നു, എല്ലായിടത്തും കോളോണിയലിസം തോറ്റതിന്റെ ചരിത്രത്തിൽ ഈ പാറ്റേൺ കാണാം. കഴിഞ്ഞ ഏതാനും പതിറ്റാണ്ടുകളായി ” പോസ്റ്റ് കൊളോണിയൽ സ്റ്റഡീസ് ” എന്ന് പേരുള്ള ഒരു പുതിയ ബൗദ്ധിക അന്വേഷണം കൂടി നമ്മുടെ അക്കാദമിക പരിസരങ്ങളിൽ നടക്കുന്നുണ്ട്. വിരോധാഭാസമെന്ന് പറയട്ടെ, ഈ മേഖലയിൽ ഏറ്റവും പ്രമുഖനായ പ്രതിഭയായിരുന്നു പലസ്തീൻകാരനായ എഡ്വേർഡ് സെയ്ദ്.

എന്നാൽ ഫലസ്തീനികളുടെ സ്ഥിതി ആ പാറ്റേണിൽ നിന്ന് വ്യത്യസ്തമായിരുന്നു. ജോർദാൻ, ഇറാഖ്, സിറിയ തുടങ്ങിയ മിഡിൽ ഈസ്റ്റിലെ മറ്റു രാജ്യങ്ങളിൽ നിന്ന് വ്യത്യസ്തമായി ഒരു സ്വതന്ത്ര്യ രാഷ്ട്രത്തിന്റെ രൂപീകരണത്തിലേക്ക് നയിക്കുന്ന ഒരു ബ്രിട്ടീഷ് അല്ലെങ്കിൽ ഫ്രഞ്ച് ഉത്തരവിന് പലസ്തീൻ സാക്ഷ്യം വഹിച്ചിട്ടില്ല. മറിച്ച്, 1948ൽ ബ്രിട്ടീഷ് മാൻഡേറ്റ് ഓഫ് പലസ്തീൻ അവസാനിപ്പിച്ചത് പലസ്തീനികൾ കൊളോണിയലിസത്തിന്റെ മറ്റൊരു രൂപമായി കാണുന്നതിന് കാരണമായി.

പലസ്തീൻ സമൂഹത്തിന്റെ നാശത്തിനും വംശീയ ശുദ്ധീകരണത്തിനും കാരണമാകുന്ന സയണിസ്റ്റ് പ്രസ്ഥാനം പലസ്തീനികളുടെ പുരോഗതി പൂർണമായി തടയുകയുണ്ടായി. 1948 ന് മുമ്പും ശേഷവും പലസ്തീനികൾ ആദ്യം ബ്രിട്ടീഷുകാരെയും പിന്നീട് സയണിസ്റ്റ് കൊളോണിയലിസത്തെയും ചെറുക്കാൻ പാടുപെടുകയായിരുന്നു. സാമ്രാജ്യത്വത്തിന്റെ കരങ്ങളിൽ നിന്ന് മോചിതരായി ഒരു സ്വതന്ത്ര്യ രാഷ്ട്രമെന്ന സ്വപ്നം സാക്ഷാത്കരിക്കുന്നതിനായി അവർ ഇപ്പോഴും ചെറുത്ത്നിന്ന്കൊണ്ടിരിക്കുകയാണ്.

കൃത്യമായി പറഞ്ഞാൽ, പലസ്തീനികൾ പോസ്റ്റ് കൊളോണിയൽ ലോകക്രമത്തിലേക്ക് ഇനിയും പ്രവേശിച്ചിട്ടില്ല. വ്യക്തികളെന്ന നിലയിൽ അവർ ഇരുപത്തിഒന്നാം നൂറ്റാണ്ടിലാണ് ജീവിക്കുന്നത്, പക്ഷ, ഒരു രാജ്യമില്ലാത്ത രാഷ്ട്രമെന്ന നിലയിൽ, അവർ ഇപ്പോഴും 1948ന് മുമ്പുള്ള കൊളോണിയലിസത്തിന്റെ തടവിലാണ്. കൊളംബിയ യൂനിവേഴ്സിറ്റി പ്രൊഫസർ ജോസഫ് മസാദ് വിശേഷിപ്പിക്കുന്നത് പോലെ, പലസ്തീനെ ഒരു പോസ്റ്റ് കൊളോണിയൽ കോളനി എന്ന് മനസ്സിലാക്കാം. രണ്ട് കാലഘട്ടങ്ങൾ, രണ്ട് ലോക കാഴ്ചകൾ, രണ്ട് യുഗങ്ങൾ, ഏറ്റുമുട്ടലുകൾ. അത്കൊണ്ടാണ് ഇത് കൊളോണിയലിസത്തിന്റെ തുറന്ന മ്യൂസിയമായി പ്രവർത്തിക്കുന്നത്.

അത് ഒരേസമയം ഭൂതകാലവും വർത്തമാനകാലവുമാണ്. കൊളോണിയലിസത്തിന്റെ ചൂഷണനയങ്ങളും പ്രയോഗങ്ങളും ശാശ്വതമായി അവർ പ്രദർശിപ്പിച്ചുകൊണ്ടിരിക്കുകയാണ്. പലസ്തീനെ ഒരു മനുഷ്യാവകാശ പ്രശ്നമായി മാത്രം കാണുന്നതും അപകടകരമാണ്. അതിനേക്കാൾ ഭീകരമാണ് കാര്യം. കൊളോണിയലിസം എങ്ങനെ പ്രവർത്തിക്കുന്നു എന്നതിന്റെ ജീവനുള്ള പ്രകടനമാണ് പലസ്തീനിൽ കാണുന്നത്. അവരെ സംബന്ധിച്ചെടുത്തോളം 1948 എന്നത് ഒരു ഓർമ്മ മാത്രമല്ല, മറിച്ച് അത് ഒരു തുടർച്ചയായ യാഥാർഥ്യമാണ്. പലസ്തീൻ ക്രൂരമായി കൊളോണിയലിസത്തിന്റെ ഒരു സ്ഥിരം മ്യൂസിയമാക്കി മാറ്റപ്പെട്ടിരിക്കുന്നു. അതിന്റെ വാതിലുകൾ എന്നോ അടക്കപ്പെട്ടിരിക്കുന്നു.

വിവ: അബ്ദുല്ലത്തീഫ് പാലത്തുങ്കര

(ഖത്തറിലെ ജോർജ്ടൗൺ സർവ്വകലാശാലയിലെ അറബിക് ലിറ്ററേച്ചറിൽ അസോസിയേറ്റ് പ്രൊഫസറാണ് ലേഖകൻ)

Related Articles