പ്രവര്‍ത്തകര്‍ക്ക് മേല്‍ ഇസ്രയേല്‍ കേസുകള്‍ കെട്ടിച്ചമക്കുന്നു: റാഇദ് സലാഹ്

May 18 - 2017

വെസ്റ്റ്ബാങ്ക്: ഗ്രീന്‍ ലൈനിനകത്തെ ഫലസ്തീന്‍ ഇസ്‌ലാമിക പ്രസ്ഥാനത്തിന്റെ പ്രവര്‍ത്തകര്‍ക്ക് മേല്‍ ഇസ്രയേല്‍ ഇന്റലിജന്‍സ് കേസുകള്‍ കെട്ടിച്ചമക്കുകയാണെന്ന് ഇസ്‌ലാമിക പ്രസ്ഥാനത്തിന്റെ അധ്യക്ഷന്‍ ശൈഖ് റാഇദ് സലാഹ്. ആക്രമണങ്ങള്‍ നടത്താന്‍ പദ്ധതിയിട്ടിരുന്ന സംഘത്തെ പിടികൂടിയതായി പ്രഖ്യാപിച്ചു കൊണ്ട് ഇസ്രയേല്‍ ഇന്റലിജന്‍സ് പ്രസ്താവനയിറക്കിയ പശ്ചാത്തലത്തിലാണ് അദ്ദേഹമിക്കാര്യം പറഞ്ഞത്. കള്ളക്കഥകള്‍ മെനഞ്ഞെടുക്കാനാണ് ഇസ്രയേല്‍ ഇന്റലിജന്‍സ് ശ്രമിക്കുന്നതെന്നും അവരുടെ പ്രസ്താവന മറുപടി അര്‍ഹിക്കാത്തതാണെന്നും അദ്ദേഹം പറഞ്ഞു. അധിനിവേശകരുടെ നീചമായ പ്രവര്‍ത്തനങ്ങള്‍ മറച്ചുവെക്കാനുള്ള ശ്രമത്തിന്റെ കൂടി ഭാഗമാണിതെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.
മസ്ജിദുല്‍ അഖ്‌സക്ക് സംരക്ഷണവും സഹായവും ചെയ്യുന്ന അറിയപ്പെടുന്ന ഇരുപതിലേറെ ആളുകളെ ഇസ്രയേല്‍ അറസ്റ്റ് ചെയ്തിട്ടുണ്ടെന്നും ശൈഖ് സലാഹ് സൂചിപ്പിച്ചു. ഇസ്രയേല്‍ ആരോപണങ്ങളിലെ വസ്തുതകളെയും വിവരണങ്ങളെയും സംബന്ധിച്ച നിരവധി ചോദ്യങ്ങള്‍ ഉയര്‍ത്തുന്നതാണ് ശൈഖ് സലാഹിന്റെ പ്രതികരണമെന്ന് അല്‍ജസീറ ഓഫീസ് ഡയറക്ടര്‍ വലീദ് ഉംരി അഭിപ്രായപ്പെട്ടു. ആക്ടിവിസ്റ്റുകള്‍ ചെയ്യുന്നത് മാനുഷിക പ്രവര്‍ത്തനങ്ങളാണെങ്കില്‍ പോലും - വിശിഷ്യാ റമദാന് മുന്നോടിയായി - ആക്ടിവിസ്റ്റുകളുടെ പ്രസ്താനങ്ങളെ തളര്‍ത്താന്‍ ലക്ഷ്യം വെച്ചുകൊണ്ടുള്ളതാണ് ഇസ്രയേലിന്റെ നീക്കമെന്നും അദ്ദേഹം പറഞ്ഞു.
ഫലസ്തീന്‍ ഇസ്‌ലാമിക പ്രസ്ഥാനത്തെ 2015ല്‍ നിയമവിരുദ്ധ സംഘടനയായി പ്രഖ്യാപിച്ചതിന് തിരിച്ചടി നല്‍കുക എന്ന ഉദ്ദേശ്യത്തോ ഇസ്രയേല്‍ സൈനികര്‍ക്കെതിരെ ആക്രമണം നടത്താന്‍ പദ്ധതിയിട്ട അതിലെ അംഗങ്ങളുടെ സംഘത്തെ അറസ്റ്റ് ചെയ്തതായി ഇസ്രയേല്‍ ഇന്റലിജന്‍സ് (ഷാബാക്) പ്രസ്താവനയിലൂടെ അറിയിച്ചിരുന്നു. ഇസ്രയേല്‍ പൗരത്വമുള്ള നാല് പേരുടെ സംഘത്തെയാണ് പിടികൂടിയിട്ടുള്ളതെന്നും ബസ്സ് സ്റ്റേഷനില്‍ വാഹനം ഉപയോഗിച്ചും കത്തിയുപയോഗിച്ചും ആക്രമണം നടത്താനാണ് അവര്‍ പദ്ധതിയിട്ടിരുന്നതെന്നും കാര്‍ലോ ഇനത്തില്‍ പെട്ട തോക്ക് അവരില്‍ നിന്ന് പിടിച്ചെടുത്തിട്ടുണ്ടെന്നും ഇസ്രയേല്‍ പ്രസ്താവന വിവരിച്ചു. ഇസ്‌ലാമിക പ്രസ്ഥാനത്തിന് ഖുദ്‌സിലെയും മസ്ജിദുല്‍ അഖ്‌സയിലെയും അതിന്റെ പ്രവര്‍ത്തനങ്ങളുടെ പേരില്‍ 2015 ഒക്ടോബറില്‍ ഇസ്രയേല്‍ ഭരണകൂടം നിരോധനം ഏര്‍പ്പെടുത്തിയിട്ടുണ്ട്.

leave a comment

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ഇസ്‌ലാം ഓണ്‍ലൈവിന്റേതാവണമെന്നില്ല. അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും വ്യക്തിപരവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക.

comments powered by Disqus

news-ad

Recent News