ഇറാഖിന് പുനരുദ്ധാരണ ഫണ്ട് നല്‍കില്ലെന്ന് യു.എസ്

Feb 09 - 2018

വാഷിങ്ടണ്‍: യുദ്ധം മൂലം തകര്‍ന്നടിഞ്ഞ ഇറാഖിലെ ദുരന്തപ്രദേശങ്ങളുടെ പുനരുദ്ധാരണ പ്രവൃത്തികള്‍ക്ക് സഹായം നല്‍കില്ലെന്ന് യു.എസ് അറിയിച്ചു. ഐ.എസുമായുള്ള യുദ്ധത്തിനിടെ തകര്‍ന്ന പ്രദേശങ്ങളില്‍ അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കുന്നതിനുള്ള കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിന് അടുത്തയാഴ്ച കുവൈത്തില്‍ യോഗം നടക്കുന്നുണ്ട്. ഇതിനു മുന്നോടിയായാണ് ഫണ്ട് നല്‍കാന്‍ ഞങ്ങള്‍ക്ക് പദ്ധതിയില്ലെന്ന് യു.എസ് അധികൃതര്‍ അറിയിച്ചത്. 'ഇപ്പോള്‍ ഒന്നും പ്രഖ്യാപിക്കാന്‍ ഞങ്ങള്‍ തീരുമാനിച്ചിട്ടില്ല' യു.എസ് വൃത്തങ്ങള്‍ പ്രതികരിച്ചതായി റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു.

ഇറാഖിനുള്ള സാമ്പത്തിക സഹായവുമായി ബന്ധപ്പെട്ടുള്ള യോഗത്തില്‍ യു.എസ് സ്‌റ്റേറ്റ് സെക്രട്ടറി റെക്‌സ് ടില്ലേര്‍സണ്‍ പങ്കെടുക്കുന്നുണ്ട്. അതേസമയം, വിഷയത്തില്‍ യോഗത്തോടനുബന്ധിച്ച് ടില്ലേര്‍സണ്‍ അന്തിമ തീരുമാനമെടുക്കുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

ഇറാഖിലും ള്‍ഫ് രാജ്യങ്ങളിലും സഹായം നല്‍കുന്നതിനു പകരം സ്വകാര്യ മേഖലയില്‍ നിക്ഷേപം നടത്താനാണ് യു.എസ് ആഗ്രഹിക്കുന്നത്. ഇറാഖിലെ ഇറാന്റെ സ്വാധീനം കുറക്കാന്‍ വേണ്ടി ബഗ്ദാദുമായി നല്ല ബന്ധം നിലനിര്‍ത്താനാണ് സൗദിയടക്കമുള്ള രാജ്യങ്ങള്‍ ഇറാഖിന് സാമ്പത്തികസഹായം നല്‍കാന്‍ മുന്നോട്ടു വരുന്നത്. 100 ബില്യണ്‍ ഡോളറിന്റെ അടിസ്ഥാന സൗകര്യങ്ങള്‍ ഇറാഖില്‍ ആവശ്യമുണ്ടെന്നാണ് പ്രധാനമന്ത്രി ഹൈദര്‍ അല്‍ അബാദി പറയുന്നത്.

 

leave a comment

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ഇസ്‌ലാം ഓണ്‍ലൈവിന്റേതാവണമെന്നില്ല. അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും വ്യക്തിപരവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക.

comments powered by Disqus

news-ad