ഐഎസിനെയും അല്‍ഖാഇദയെയും പോലെയാണ് ബ്രദര്‍ഹുഡും: ട്രംപ് ഭരണകൂടം

Jan 12 - 2017

വാഷിംഗ്ടണ്‍: 'തീവ്രഇസ്‌ലാമിനെ' പ്രതിനിധീകരിക്കുന്ന ഐഎസ്, അല്‍ഖാഇദ എന്നീ സംഘടനകളുടെ കൂട്ടത്തിലാണ് ട്രംപ് ഭരണകൂടം മുസ്‌ലിം ബ്രദര്‍ഹുഡിനെ എണ്ണുകയെന്ന് വിദേശകാര്യ സെക്രട്ടറി സ്ഥാനത്തേക്ക് ട്രംപ് നാമനിര്‍ദേശം ചെയ്തിരിക്കുന്ന റെക്‌സ് ടില്ലേഴ്‌സണ്‍. അമേരിക്കന്‍ കോണ്‍ഗ്രസിലെ വിദേശകാര്യ സമിതിക്ക് മുമ്പാകെ സംസാരിക്കുകയായിരുന്നു അദ്ദേഹം. മിഡിലീസ്റ്റില്‍ ട്രംപ് ഭരണകൂടം സാക്ഷാല്‍കരിക്കുന്ന പ്രഥമവും ഏറ്റവും പ്രധാനവുമായ കാര്യം ഐഎസിനെ പരാജയപ്പെടുത്തലായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഭീകരസംഘടനകളെ സഹായിക്കുന്ന വ്യക്തികളും സംഘടനകളും രാജ്യങ്ങളും 'ഗുരുതരമായ പ്രത്യാഘാതങ്ങള്‍' നേരിടേണ്ടി വരുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി.
മുസ്‌ലിം ബ്രദര്‍ഹുഡിനെ ഭീകരപട്ടികയില്‍ ചേര്‍ത്തുകൊണ്ടുള്ള പ്രമേയത്തിന് കഴിഞ്ഞ വര്‍ഷം ഫെബ്രുവരിയില്‍ അമേരിക്കന്‍ കോണ്‍ഗ്രസിലെ ഒരു സമിതി അംഗീകാരം നല്‍കിയിരുന്നു. അമേരിക്കക്കാര്‍ക്കും അമേരിക്കയുടെ ദേശീയ സുരക്ഷിതത്വത്തിനും വെല്ലുവിളി ഉയര്‍ത്തുന്നതിനാല്‍ ബ്രദര്‍ഹുഡിനെ ഭീകരപട്ടികയില്‍ ചേര്‍ക്കേണ്ടത് അനിവാര്യമാണെന്നായിരുന്നു അന്ന് യു.എസ് പ്രതിനിധി സഭയിലെ ജുഡീഷ്യറി കമ്മിറ്റി ചെയര്‍മാന്‍ ബോബ് ഗുഡ്‌ലാറ്റ് പറഞ്ഞത്. എന്നാല്‍ ബ്രദര്‍ഹുഡിനെ ഭീകരപട്ടികയില്‍ ചേര്‍ക്കാനാവില്ലെന്ന് കഴിഞ്ഞ ഏപ്രിലില്‍ മിഡിലീസ്റ്റിന്റെ ചുമതലയുള്ള വിദേശകാര്യ ഡെപ്യൂട്ടി സെക്രട്ടറി ആന്‍ പാറ്റേഴ്‌സണ്‍ വ്യക്തമാക്കി. എത്രയോ വര്‍ഷങ്ങളായി അക്രമം വെടിഞ്ഞ് പ്രവര്‍ത്തിക്കുന്ന ബ്രദര്‍ഹുഡ് പല മിഡിലീസ്റ്റ് രാജ്യങ്ങളിലും നിയമപരമായി പ്രവര്‍ത്തിക്കുന്ന രാഷ്ട്രീയ കക്ഷികളെ പ്രതിനിധീകരിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.

leave a comment

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ഇസ്‌ലാം ഓണ്‍ലൈവിന്റേതാവണമെന്നില്ല. അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും വ്യക്തിപരവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക.

comments powered by Disqus

news-ad

Recent News