ഒബാമ പടിയിറങ്ങുന്നതിന് മുമ്പ് ഗ്വാണ്ടനാമോ പൂട്ടണമെന്നാവശ്യപ്പെട്ട് പ്രകടനം

Jan 12 - 2017

വാഷിംഗ്ടണ്‍: ഗ്വാണ്ടനാമോ തടവറ സ്ഥാപിച്ചതിന്റെ പതിനഞ്ചാം വാര്‍ഷികത്തോടനുബന്ധിച്ച് വാഷിംഗ്ടണിലെ അമേരിക്കന്‍ സുപ്രീം കോടതിക്ക് മുന്നില്‍ ഗ്വാണ്ടനാമോ വിരുദ്ധ പ്രകടനം. ഭരണകാലാവധി പൂര്‍ത്തിയാവുന്നതിന് മുമ്പ് ഗ്വാണ്ടനാമോ തടവറ അടച്ചുപൂട്ടാന്‍ പ്രകടനക്കാര്‍ ആവശ്യപ്പെട്ടു. അമേരിക്കയുടെ അകത്ത് മാത്രമല്ല, അമേരിക്കയുടെ മേധാവിത്വത്തിന് കീഴിലുള്ള ഗ്വാണ്ടനാമോ തടവറയടക്കമുള്ള പ്രദേശങ്ങളിലും അന്താരാഷ്ട്ര വ്യവസ്ഥകളും മനുഷ്യാവകാശങ്ങളും മുറുകെ പിടിക്കണമെന്നും അവര്‍ വരാനിരിക്കുന്ന ട്രംപ് ഭരണകൂടത്തോട് ആവശ്യപ്പെട്ടു.
ബറാക് ഒബാമയെ ആദ്യ തവണ പ്രസിഡന്റ് പദത്തിലെത്തിച്ച തെരെഞ്ഞെടുപ്പ് പ്രചാരണ കാമ്പയിനില്‍ നല്‍കിയ വാഗ്ദാനമായിരുന്നു ഗ്വാണ്ടനാമോ തടവറ അടച്ചുപൂട്ടുമെന്നത്. വിചാരണയില്ലാതെ തടവിലിടുന്നത് അമേരിക്കന്‍ മൂല്യങ്ങള്‍ക്ക് നിരക്കാത്തതാണെന്നും ഒബാമ വ്യക്തമാക്കിയിരുന്നു. എന്നാല്‍ നിയമപരവും രാഷ്ട്രീയവുമായ നിരവധി പ്രതിബന്ധങ്ങള്‍ അത് നടപ്പാക്കുന്നതിനുണ്ടായിരുന്നു. മാത്രമല്ല പ്രതിരോധ മന്ത്രാലയം അതില്‍ കാണിച്ച കാലതാമസവും കോണ്‍ഗ്രസിലെ റിപബ്ലിക്കന്‍ അംഗങ്ങളുടെ കടുത്ത എതിര്‍പ്പും അതിന് തടസ്സം സൃഷ്ടിച്ചു. എങ്കിലും ഗ്വാണ്ടനാമോ തടവുകാരുടെ എണ്ണം 59 ആയി കുറക്കാന്‍ ഒബാമക്ക് സാധിച്ചു. ജോര്‍ജ് ഡബ്ല്യു ബുഷിന്റെ ഭരണകാലത്ത് 780 പേരാണ് ഗ്വാണ്ടനാമോ തടവറയിലുണ്ടായിരുന്നത്. ജനുവരി 20 ട്രംപ് വൈറ്റ്ഹൗസില്‍ എത്തുന്നതിന് മുമ്പ് കൂടുതല്‍ തടവുകാരെ അവിടെ നിന്നും മാറ്റുന്നതിനെ കുറിച്ച് ഒബാമ ഭരണകൂടത്തില്‍ ആലോചനകള്‍ നടക്കുന്നുണ്ട്.

leave a comment

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ഇസ്‌ലാം ഓണ്‍ലൈവിന്റേതാവണമെന്നില്ല. അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും വ്യക്തിപരവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക.

comments powered by Disqus

news-ad

Recent News