സങ്കുചിത ദേശീയതയുടെ പേരില്‍ വര്‍ഗീയ ധ്രുവീകരണം സൃഷ്ടിക്കുന്നു: നുസ്‌റത്ത് അലി

Feb 11 - 2017

കോട്ടക്കല്‍: ദേശീയതയുടെ പേരില്‍ സങ്കുചിത ദേശീയത പ്രചരിപ്പിച്ച് രാജ്യത്ത് വര്‍ഗീയ ധ്രുവീകരണം സൃഷ്ടിക്കുകയാണെന്ന് ജമാഅത്തെ ഇസ്‌ലാമി അഖിലേന്ത്യ അസി. അമീര്‍ നുസ്‌റത്ത് അലി പറഞ്ഞു. കോട്ടക്കല്‍ പുത്തൂരില്‍ ജമാഅത്തെ ഇസ് ലാമി മലപ്പുറം ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
മുസ്‌ലിംകളെ ഉപയോഗിച്ച് മുസ്‌ലിം സമൂഹത്തെയും രാജ്യങ്ങളെയും താറടിക്കാനുള്ള ശ്രമങ്ങള്‍ ഇന്ന് സജീവമാണ്. ഈജിപ്ത്, ബംഗ്ലാദേശ്, സിറിയ എന്നിവ ഇതിന്റെ ഉദാഹരണങ്ങളാണ.് ഇസ്‌ലാമിനെ മലിനമാക്കുന്ന പ്രചാരവേലകളില്‍ ഒരു വിഭാഗം മുസ്‌ലിംകള്‍ കടുത്ത നിരാശയിലാണ്. മറ്റൊരു വിഭാഗം ഈ നിരാശ മുതലെടുത്ത് വിധ്വംസക പ്രവര്‍ത്തനങ്ങളിലേക്ക് എടുത്തു ചാടുകയാണ്. ജമാഅത്തെ ഇസ്‌ലാമി ഇത്തരം പ്രവര്‍ത്തനങ്ങള്‍ക്ക് എതിരാണ്. മുഴുവന്‍ മനുഷ്യരാശിയുടെയും നന്മക്ക് വേണ്ടിയാണ് ജമാഅത്ത് നിലകൊള്ളുന്നതെന്ന് അതിന്റെ നയമായി പ്രഖ്യാപിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
അസഹിഷ്ണുത രാജ്യത്തിന്റെ മാതൃഭാഷയായി മാറികൊണ്ടിരിക്കുകയാണെന്ന് സമ്മേളനത്തില്‍ അധ്യക്ഷത വഹിച്ച ജമാഅത്തെ ഇസ്‌ലാമി കേരളാ അമീര്‍ എം ഐ അബ്ദുല്‍ അസീസ് പറഞ്ഞു. ദേശസുരക്ഷയുടെ പേരില്‍ ജുഡീഷ്യറിയെയും സൈന്യത്തെയും വരുതിയിലാക്കാന്‍ ശ്രമങ്ങള്‍ നടക്കുന്നു.  ഇ. അഹമ്മദിനെ പോലെ പ്രഗല്‍ഭനായ പാര്‍ലമെന്റേറിയന്റെ മൃതദേഹത്തിന് അവഗണന നേരിടേണ്ടി വന്നത് ന്യൂനപക്ഷ സമുദായാംഗമായതിന്റെ പേരിലാണെന്നും അദ്ദേഹം പറഞ്ഞു.
യു.എ.പി.എ പോലുള്ള കരിനിയമങ്ങള്‍ തടയാന്‍ കേരളസര്‍ക്കാരിന് സാധിക്കണം. ഇരട്ട നീതി ഇവിടെ നടപ്പാക്കുന്നില്ലെന്ന് സര്‍ക്കാര്‍ ഉറപ്പാക്കണം. ബഹുസ്വരതയുടെ കരുത്ത് ജനാധിപത്യത്തിന്റെ കാതലാണെന്നും അദ്ദേഹം പറഞ്ഞു. മനുഷ്യപറ്റുള്ള പ്രസ്ഥാനങ്ങളെ പോലും ഭീകരവാദികളാക്കാനാണ് ട്രംപ്, മോദി സര്‍ക്കാരുകള്‍ ശ്രമിക്കുന്നതെന്ന് മാധ്യമം-മീഡിയാവണ്‍ ഗ്രൂപ്പ് എഡിറ്റര്‍ ഒ.അബ്ദുറഹ്മാന്‍ പറഞ്ഞു. ഇവരുടെ അജണ്ടകള്‍ ആദ്യം മനസ്സിലാക്കേണ്ടത് മുസ്‌ലിം സംഘടനകളായിരുന്നു. എന്നാല്‍ അവര്‍ പരസ്പരം കലഹിച്ച് കൊണ്ടിരിക്കുകയാണ്. മനുഷ്യ രാശിയുടെ നിലനില്‍പ്പിന് എല്ലാം മറന്ന് ഒന്നിച്ച് നില്‍ക്കേണ്ട അവസാന സന്ദര്‍ഭമാണിതെന്നും അദ്ദേഹം പറഞ്ഞു.
ഇസ്‌ലാമിന്റെ യശസ്സിനെ വീണ്ടെടുക്കാന്‍ എല്ലാവരും ഒന്നിച്ച് നില്‍ക്കണമെന്ന് മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങള്‍ പറഞ്ഞു. സമൂഹം അനുഭവിക്കുന്ന പ്രശ്‌നങ്ങള്‍ക്കുള്ള പരിഹാരം ഒരുമിച്ച് നിന്ന് കാണണമെന്നും അദ്ദേഹം പറഞ്ഞു. ജമാഅത്തെ ഇസ്‌ലാമി മുന്‍ അഖിലേന്ത്യ അസി. അമീര്‍ പ്രൊഫ. കെ. എ സിദ്ദീഖ് ഹസ്സന്‍ സമ്മേളനത്തിന് ആശംസയര്‍പ്പിച്ചു. അറബ് നാഷനല്‍ കോഗ്രസ് മെമ്പറും ഫലസ്തീനിലെ ഹമാസിന്റെ ഔദ്യോഗിക വക്താവുമായ ഉസാമ ഹംദാന്‍ വീഡിയോ കോണ്‍ഫറന്‍സ് വഴി സമ്മേളനത്തെ അഭിസംബോധന ചെയ്തു. വി.ടി അബ്ദുല്ലക്കോയ തങ്ങള്‍ , വി.കെ അലി, സാദിഖ് ഉളിയില്‍, പി. റുക്‌സാന, സി.ടി ശുഹൈബ്, ശിഹാബ് പൂക്കോട്ടൂര്‍ എന്നിവര്‍ പ്രസംഗിച്ചു. സോളിഡാരിറ്റി ജില്ലാ പ്രസിഡന്റ് പി. മിയാന്‍ദാദ്, ജ.ഐ.ഒ പ്രസിഡന്റ് ടി.യു ഫഹ്മിദ, ജമാഅത്തെ ഇസ്‌ലാമി വനിതാവിഭാഗം ജില്ലാ പ്രസിഡന്റ് പി. ലൈല, അലിഫ് ശുക്കൂര്‍, എസ്.ഐ.ഒ ജില്ലാ പ്രസിഡന്റ് ഡോ. സഫീര്‍ താനൂര്‍ എന്നിവര്‍ പ്രമേയങ്ങള്‍  അവതരിപ്പിച്ചു.
പ്രബോധനം വാരിക പ്രചരണ കാംപയ്‌ന്റെ ഭാഗമായി സംസ്ഥാന തലത്തില്‍ കൂടുതല്‍ വരി ചേര്‍ത്ത പൊന്നാനി ഏരിയയിലെ കെ.കെ ജങ്ഷന്‍ ഘടകത്തിനുള്ള അവാര്‍ഡ് ജമാഅത്തെ ഇസ്‌ലാമി അസി. അമീര്‍ പി. മുജീബ് റഹ്മാന്‍ വിതരണം ചെയ്തു. പീപ്ള്‍സ് ഫൗണ്ടേഷന്റെ '1500 വീടുകള്‍'  പദ്ധതിയിലേക്ക് അബ്ദുല്‍ ഗഫൂര്‍ കോട്ടക്കല്‍ നല്‍കിയ 60 സെന്റ് ഭൂമിയുടെ രേഖ പീപ്ള്‍സ് ഫൗണ്ടേഷന്‍ ഡയറക്ടര്‍ പി.സി ബഷീര്‍ ഏറ്റുവാങ്ങി. 75 വര്‍ഷം പിന്നിട്ട ജമാഅത്തെ ഇസ് ലാമിയുടെ പ്രവര്‍ത്തനങ്ങള്‍ അനാവരണം ചെയ്ത വീഡിയോ അവതരണവും നടന്നു. ജി.ഐ.ഒ കേരള സംഘടിപ്പിക്കുന്ന ' വിമന്‍സ് കൊളോക്വി'യത്തിന്റെ  പ്രൊമോ വീഡിയോ പ്രദര്‍ശനവുമുണ്ടായിരുന്നു. അമീന്‍ യാസര്‍, സലാഹുദ്ദീന്‍ എന്നിവര്‍ ഗാനമാലപിച്ചു. വി.എം സാഫിര്‍ ഖിറാഅത്ത് ആലപിച്ചു ജമാഅത്തെ ഇസ്‌ലാമി ജില്ലാ പ്രസിഡന്റ് എം.സി നസീര്‍ സ്വാഗതവും ജനറല്‍ കണ്‍വീനര്‍ മുസ്തഫ ഹുസൈന്‍ നന്ദിയും പറഞ്ഞു.

ഇന്ത്യന്‍ സമൂഹം ഫലസ്തീനിനൊപ്പം നിലകൊള്ളണം: ഉസാമ ഹംദാന്‍
കോട്ടക്കല്‍: ഫലസ്തീ്ന്‍ പ്രശ്‌നം പരിഹരിക്കുന്നതില്‍ ഇന്ത്യന്‍ സമൂഹം ഫലസ്തീനൊപ്പം നിലകൊള്ളണമെന്ന് അറബ് നാഷണല്‍ കോണ്‍ഗ്രസ് മെമ്പറും ഹമാസിന്റെ ഔദ്യോഗിക വക്താവുമായ ഉസാമ ഹംദാന്‍ ആഹ്വാനം ചെയ്തു. കോട്ടക്കലില്‍ നടന്ന ജമാഅത്തെ ഇസ്‌ലാമി മലപ്പുറം ജില്ലാ സമ്മേളനത്തെ ബൈറൂത്തില്‍ നിന്നും വീഡിയോ കോണ്‍ഫറന്‍സിലൂടെ  അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.
mpm conf  gatherഫലസ്തീന്‍ പ്രശ്‌നത്തില്‍ ഇന്ത്യ ഇതുവരെ സ്വീകരിച്ച നിലപാട് നീതിക്കുവേണ്ടിയുള്ളതാണ്. ഫലസ്തീനില്‍ നടക്കുന്നത് സ്വാതന്ത്ര്യത്തിനു വേണ്ടിയുള്ള പോരാട്ടമാണ്. ഫലസ്തീനില്‍ നടക്കുന്ന അധിനിവേശത്തെ സാധൂകരിക്കുന്ന ഔദ്യോഗിക നിയമങ്ങള്‍ ഇസ്രയേല്‍ ഗവണ്‍മെന്റ് പ്രഖ്യാപിച്ചിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ ഇന്ത്യാ ഗവണ്‍മെന്റ് കാലങ്ങളായി സ്വീകരിച്ചു പോരുന്ന ഫലസ്തീന്‍ അനുകൂല നയം തുടരണമെന്നും അദ്ദേഹം  അഭ്യര്‍ത്ഥിച്ചു. ഫലസ്തീന്‍ ജനതക്കുവേണ്ടി രാഷ്ട്രീയമായും സാമ്പത്തികമായും ധാര്‍മികമായും സഹായങ്ങളും അദ്ദേഹം ആവശ്യപ്പെട്ടു. ഫലസ്തീന്‍ പ്രശ്‌നത്തിന്റെ യഥാര്‍ത്ഥ ചിത്രത്തെ കാണിക്കാനും ജൂത അധിനിവേശത്തിന്റെ ക്രൂരതകള്‍ ലോക സമൂഹത്തിന് മുന്നില്‍ തുറന്ന് കാണിക്കാന്‍ മാധ്യമങ്ങള്‍ സന്നദ്ധമാവണമെന്നും അദ്ദേഹം പറഞ്ഞു.

leave a comment

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ഇസ്‌ലാം ഓണ്‍ലൈവിന്റേതാവണമെന്നില്ല. അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും വ്യക്തിപരവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക.

comments powered by Disqus

news-ad