ഹല്‍ഖ സെവന്‍സ് ഫുട്‌ബോള്‍; ഡല്‍ഹി സര്‍വ്വകലാശാല ചാമ്പ്യന്‍മാര്‍

Feb 13 - 2017

ന്യൂഡല്‍ഹി: ജമാഅത്തെ ഇസ്‌ലാമി ഡല്‍ഹി മലയാളി ഹല്‍ഖ സംഘടിപ്പിച്ച രണ്ടാമത് ഹല്‍ഖ സെവന്‍സ് ഫുട്‌ബോള്‍ ടൂര്‍ണ്ണമെന്റില്‍ ഫൈനലില്‍ അലിഗഡ് അമൂമ എഫ്.സിയെ പെനാല്‍റ്റി ഷൂട്ടൗട്ടില്‍ പരാജയപ്പെടുത്തി ഡല്‍ഹി സര്‍വ്വകലാശാല ടീം ചാമ്പ്യന്‍മാരായി.സെമിയില്‍ ആദിഥേയരായ ജെ.എന്‍.യു ടീമിനെ പരാജയപ്പെടുത്തിയാണ് അലിഗഡ് ഫൈനലിലെത്തിയത്.സെമിയില്‍ ഡല്‍ഹി സര്‍വകലാശാലയോട് പരാജയപ്പെട്ട പഞ്ചാബ് സെന്‍ട്രല്‍ സര്‍വ്വകലാശാല ടീം ഫെയര്‍പ്ലെ അവാര്‍ഡ് സ്വന്തമാക്കി. ഡല്‍ഹിയുടെ ക്യാപ്റ്റനായ നിദാല്‍ മികച്ച ഗോള്‍ക്കീപ്പറായി തെരെഞ്ഞെടുക്കപ്പെട്ടപ്പോള്‍, ജെ എന്‍ യു വിന്റെ നൗഷാദ് കാളികാവ് ഹംദര്‍ദിനെതിരെ ഗോള്‍ ടൂര്‍ണ്ണമെന്റിലെ മികച്ച ഗോളിനുള്ള പുരസ്‌കാരം സ്വന്തമാക്കി. അലീഗഢ് അമൂമ്മയുടെ മുന്നേറ്റ നിരക്കാരന്‍ ഫൈസല്‍ കെ. മികച്ച കളിക്കാരനുള്ള അവാര്‍ഡ് സ്വന്തമാക്കി. ടൂര്‍ണ്ണമെന്റില്‍ മികച്ച മുന്നൊരുക്കത്തോടെ ജെ.എന്‍.യു സ്‌റ്റേഡിയത്തില്‍ എത്തിയവരുടെ മനം കവര്‍ന്ന ഗ്യാലറികളില്‍ ആദ്യാവസാനം ഇളകി മറിഞ്ഞ ഡല്‍ഹി സര്‍വ്വകലാശാലയുടെ ആരാധകരെ മികച്ച ഫാന്‍സിനുള്ള അവാര്‍ഡും സമ്മാനിച്ചു.
ഫിഫ ഏഷ്യന്‍ മേഖല വികസന ഓഫീസര്‍ ഷാജി പ്രഭാകരനാണ് ജേതാക്കള്‍ക്കുള്ള ഹല്‍ഖ സെവന്‍സ് കപ്പ് സമ്മാനിച്ചത്.
പീപ്പിള്‍ ഫൗണ്ടേഷന്‍, ഓഖ്‌ലയിലെ അല്‍ഷിഫ ഹോസ്പിറ്റല്‍, ജുലെനയിലെ മലബാര്‍ ഹോട്ടല്‍ , ജെ എന്‍ യു സര്‍വ്വകലാശാല തുടങ്ങിയവരുടെ സഹകരണത്തോടെ നടന്ന രണ്ടാമത് ഹല്‍ഖ സെവന്‍സ് ഫുട്‌ബോള്‍ വിജയികള്‍ക്ക് ജമാഅത്തെ ഇസ്‌ലാമി ദല്‍ഹി മലയാളി ഹല്‍ഖ പ്രസിഡണ്ട് പി കെ നൗഫല്‍, അല്‍ഷിഫ ഡയറക്റ്റര്‍ കമറുദ്ധീന്‍ എന്നിവര്‍ കാശ് അവാര്‍ഡുകള്‍ സമ്മാനിച്ചു.ജനറല്‍ മാനേജര്‍ മുഹമ്മദ് ഷിഹാദ്, ടൂര്‍ണമെന്റ് കോഡിനേറ്റര്‍മാരായ അഹ്ദസ്, നൗഷാദ് കാളികാവ്, ജെ.എന്‍.യു ഹല്‍ഖ പ്രസിഡണ്ട് ഹാബീല്‍ , സെക്രട്ടറി ഷിറാസ് പൂവച്ചല്‍ എന്നിവര്‍ നേതൃത്വം നല്‍കി.

leave a comment

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ഇസ്‌ലാം ഓണ്‍ലൈവിന്റേതാവണമെന്നില്ല. അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും വ്യക്തിപരവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക.

comments powered by Disqus

news-ad