മുത്വലാഖ്; നിയമവശങ്ങള്‍ മാത്രമാണ് പരിഗണിക്കുന്നതെന്ന് സുപ്രീം കോടതി

Feb 15 - 2017

ന്യൂഡല്‍ഹി: മുസ്‌ലിംകള്‍ക്കിടയിലെ മുത്വലാഖ്, 'നിക്കാഹ് ഹലാല', ബഹുഭാര്യത്വം എന്നീ വിഷയങ്ങളില്‍ അടങ്ങിയ നിയമവശങ്ങള്‍ മാത്രമാണ് പരിഗണിക്കുന്നതെന്ന് സുപ്രീംകോടതി. അതേസമയം, മുസ്‌ലിം നിയമത്തിനു കീഴിലുള്ള വിവാഹമോചനങ്ങള്‍ കോടതിയുടെ മേല്‍നോട്ടത്തിലാകണമെന്ന കാര്യം തങ്ങളുടെ പരിഗണനയില്‍ വരുന്നതല്ലെന്നും കോടതി വ്യക്തമാക്കി. കേസുമായി ബന്ധപ്പെട്ട അഭിഭാഷകര്‍ ഒരുമിച്ചിരുന്ന് നിലപാടെടുത്തശേഷം കോടതിയെ അറിയിക്കാന്‍ നിര്‍ദേശിച്ച ചീഫ് ജസ്റ്റീസ് ജെ.എസ്. ഖെഹാര്‍, ജസ്റ്റിസുമാരായ എന്‍.വി. രമണ, ഡി.വൈ. ചന്ദ്രചൂഡ് എന്നിവരടങ്ങിയ ബെഞ്ച് ഇക്കാര്യത്തില്‍ വ്യാഴാഴ്ച വിധി പ്രഖ്യാപിക്കാമെന്ന് അറിയിച്ചു. ഏതെങ്കിലും പ്രത്യേക കേസിന്റെ കാര്യം പരിശോധിക്കാതെ വിഷയത്തിലെ നിയമപ്രശ്‌നമാണ് കോടതി പരിഗണിക്കുന്നത്.
''എല്ലാ വസ്തുതകളിലും ഞങ്ങള്‍ താല്‍പര്യമെടുക്കുന്നില്ല. നിയമവശങ്ങള്‍ മാത്രമാണ് നോക്കുന്നത്'' ബെഞ്ച് വ്യക്തമാക്കി. മുത്വലാഖിന് വിധേയരായ ഇരകളുടെ പ്രശ്‌നങ്ങള്‍ സംബന്ധിച്ച് സംഗ്രഹം ഫയല്‍ചെയ്യാന്‍ കോടതി അഭിഭാഷകര്‍ക്ക് അനുമതി നല്‍കി. മുത്വലാഖ്, 'നിക്കാഹ് ഹലാല', ബഹുഭാര്യത്വം എന്നിവയെ എതിര്‍ത്ത കേന്ദ്ര സര്‍ക്കാര്‍ ലിംഗസമത്വം, മതേതരത്വം എന്നീ കാര്യങ്ങള്‍ മുന്‍നിര്‍ത്തി പുനപരിശോധന വേണമെന്ന് കോടതിയെ നേരത്തേ അറിയിച്ചിട്ടുണ്ട്.
ഭരണഘടന തത്ത്വങ്ങളായ ലിംഗസമത്വം, മതേതരത്വം, അന്താരാഷ്ട്ര ഉടമ്പടികള്‍, മതാചാരങ്ങള്‍, വിവാഹനിയമം എന്നിവ നിരവധി ഇസ്‌ലാമിക രാജ്യങ്ങളില്‍ എങ്ങനെയാണ് പ്രാബല്യത്തിലുള്ളതെന്ന് ആരായണമെന്ന് കേന്ദ്ര നിയമമന്ത്രാലയം അഭ്യര്‍ഥിച്ചിരുന്നു. മുത്വലാഖ് അടക്കമുള്ള ആചാരങ്ങളുടെ നിയമസാധുത ചോദ്യം ചെയ്ത് ഷായറ ബാനു അടക്കം നിരവധി പേര്‍ ഫയല്‍ചെയ്ത ഹരജികളാണ് കോടതിയുടെ പരിഗണനയിലുള്ളത്. ഇക്കാര്യത്തില്‍ ഭരണഘടന വാഗ്ദാനം ചെയ്യുന്ന ലിംഗസമത്വം എന്ന അവകാശമാണ് കേന്ദ്രം ആദ്യം പരിഗണിച്ചത്. എന്നാല്‍, നരേന്ദ്ര മോദി സര്‍ക്കാര്‍ നിലപാടിനെ ഓള്‍ ഇന്ത്യ മുസ്‌ലിം പേഴ്‌സനല്‍ ലോ ബോര്‍ഡ് ശക്തമായി എതിര്‍ത്തിട്ടുണ്ട്.

leave a comment

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ഇസ്‌ലാം ഓണ്‍ലൈവിന്റേതാവണമെന്നില്ല. അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും വ്യക്തിപരവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക.

comments powered by Disqus

news-ad