ബന്ദികളുടെ മാതാപിതാക്കളെ അഭിസംബോധന ചെയ്ത് അല്‍ഖസ്സാമിന്റെ ഗാനം

Apr 21 - 2017

ഗസ്സ: ഹമാസിന്റെ സൈനിക വിഭാഗമായ അല്‍ഖസ്സാം ബന്ദികളാക്കിയിട്ടുള്ള ഹദാര്‍ ഗോള്‍ഡിന്‍, ഷാഉല്‍ ആരോണ്‍ എന്നീ ഇസ്രയേല്‍ സൈനികരുടെ ഉറ്റവര്‍ക്ക് സന്ദേശവുമായി അല്‍ഖസ്സാമിന്റെ ഗാനം. ബന്ദികളാക്കപ്പെട്ട സൈനികര്‍ സംസാരിക്കുന്നതായി സങ്കല്‍പിച്ചു കൊണ്ടുള്ള ഗാനം ഹീബ്രു ഭാഷയിലാണ്. ഇരുവരും ഇപ്പോഴും ജീവിച്ചിരിപ്പുണ്ടെന്നും മരണപ്പെട്ടെന്ന് പറയുന്ന ഇസ്രയേല്‍ ഭരണകൂടം കള്ളം പറയുകയാണെന്നും അതില്‍ പറയുന്നു. യാഥാര്‍ഥ്യം വെളിപ്പെടുത്തി അവരെ അല്‍ഖസ്സാം ബ്രിഗേഡ്‌സിന്റെ പക്കല്‍ നിന്ന് മോചിപ്പിക്കാനാണ് സൈനികരുടെ ബന്ധുക്കളോട് ഗാനം ആവശ്യപ്പെടുന്നത്.
സൈനികരായ ഗോള്‍ഡിനും ആരോണും മാതാപിതാക്കളോട് നടത്തുന്ന സംഭാഷണമായിട്ടാണ് മൂന്നര മിനുറ്റ് ദൈര്‍ഘ്യമുള്ള ഗാനം ചിത്രീകരിച്ചിരിക്കുന്നത്. 'നിങ്ങളുടെ ഭരണകൂടം കളവു പറയുകയാണ്... ബന്ദികളുടെ കുടുംബങ്ങള്‍ക്ക് ശത്രു സൈനികരുടെ സന്ദേശം' എന്ന തലക്കെട്ടോട് കൂടി പ്രസിദ്ധീകരിച്ചിട്ടുള്ള ഗാനത്തില്‍ അറബി സബ്‌ടൈറ്റിലുകളും നല്‍കിയിട്ടുണ്ട്.
ഞാനിവിടെയുണ്ട്. എന്തുകൊണ്ടാണ് ഞാന്‍ മരിച്ചെന്ന് അവര്‍ പറയുന്നത്? യാഥാര്‍ഥ്യം വെളിപ്പെടുത്താന്‍ വേണ്ടതെല്ലാം നിങ്ങള്‍ ചെയ്യണം.. അല്‍ഖസ്സാമിന്റെ ബന്ധനത്തിലാണ് ഞാന്‍. നിങ്ങള്‍ എന്നെ രക്ഷിക്കുമെന്നാണ് ഞാന്‍ പ്രതീക്ഷിക്കുന്നത്. യാഥാര്‍ഥ്യം വെളിച്ചു കൊണ്ടുവരാന്‍ ആവശ്യമായതെല്ലാം നിങ്ങള്‍ ചെയ്യണം. എന്ന് മാതാപിതാക്കളെ വിളിച്ച് ആവശ്യപ്പെടുന്നതാണ് ഗാനത്തിലെ വരികള്‍. 'കളവ് പറയുന്നത് മതിയാക്കൂ.. ഭരണകൂടം അവര്‍ക്ക് വേണ്ടി യുദ്ധം ചെയ്യാനാണ് എന്നെ അയച്ചത്. ഞാന്‍ ബന്ദിയാക്കപ്പെട്ടപ്പോള്‍ എന്നെ അവര്‍ കൈവെടിഞ്ഞിരിക്കുന്നു'  എന്നും അതിലെ വരികള്‍ പറയുന്നു.
നാല് ഇസ്രയേല്‍ സൈനികര്‍ തങ്ങളുടെ പക്കല്‍ ബന്ദികളായിട്ടുണ്ടെന്ന് അല്‍ഖസ്സാം ആദ്യമായി പ്രഖ്യാപിച്ചത് കഴിഞ്ഞ വര്‍ഷം ഏപ്രിലിലാണ്. എന്നാല്‍ അവരുടെ നിലവിലെ അവസ്ഥ എന്താണെന്ന് വെളിപ്പെടുത്താന്‍ തയ്യാറാവാത്ത അല്‍ഖസ്സാം സൗജന്യമായി അവരെ സംബന്ധിച്ച ഒരു വിവരവും ലഭിക്കില്ലെന്നും വ്യക്തമാക്കി. ബന്ദി കൈമാറ്റ കരാറിലൂടെ ഇസ്രയേല്‍ ജയിലുകളില്‍ കഴിയുന്ന ഫലസ്തീനികളെ മോചിപ്പിക്കാനാവുമെന്നും അതില്‍ സമയത്തിന്റെ പ്രശ്‌നം മാത്രമാണ് അവശേഷിക്കുന്നതെന്നും ഹമാസ് നിരന്തരം പ്രസ്താവനകള്‍ നടത്തിയിട്ടുണ്ട്. 6500ല്‍ പരം ഫലസ്തീനികളാണ് ഇസ്രയേല്‍ ജയിലുകളില്‍ കഴിയുന്നത്. അതില്‍ ഇരുപതിലേറെ വര്‍ഷമായി ജയില്‍വാസം അനുഭവിക്കുന്ന നിരവധി ആളുകളുണ്ടെന്നും അല്‍ജസീറ റിപോര്‍ട്ട് വ്യക്തമാക്കി. ഗിലാഡ് ശാലീത് എന്ന ഇസ്രയേല്‍ സൈനികനെ മോചിപ്പിക്കുന്നതിന് 2011ല്‍ ഹമാസും ഇസ്രയേലും തമ്മിലുണ്ടാക്കിയ ബന്ദി കൈമാറ്റ കരാര്‍ പ്രകാരം ആയിരത്തോളം ഫലസ്തീന്‍ തടവുകാര്‍ മോചിപ്പിക്കപ്പെട്ടിരുന്നു.

leave a comment

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ഇസ്‌ലാം ഓണ്‍ലൈവിന്റേതാവണമെന്നില്ല. അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും വ്യക്തിപരവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക.

comments powered by Disqus

news-ad