മുത്വലാഖ് ഖുര്‍ആന്‍ അംഗീകരിക്കാത്തത്: മുസ്‌ലിം വുമണ്‍ ബോര്‍ഡ്

May 13 - 2017

ന്യൂഡല്‍ഹി: മുത്വലാഖ് ഖുര്‍ആന്‍ അംഗീകരിക്കാത്തതാണെന്നും അതുകൊണ്ടു തന്നെ മുസ്‌ലിംകള്‍ക്കായി തയ്യാറാക്കിയിട്ടുള്ള വ്യക്തിനിയമത്തിലാണെങ്കിലും നിയമസാധുതയില്ലാത്തതാണെന്നും ആള്‍ ഇന്ത്യ മുസ്‌ലിം വുമണ്‍ പേഴ്‌സണല്‍ ലോ ബോര്‍ഡ് (AIMWPLB) സുപ്രീം കോടതിയില്‍ വ്യക്തമാക്കി. ഇസ്‌ലാമിന്റെ അടിസ്ഥാനങ്ങള്‍ക്കും പവിത്രതക്കും നിരക്കാത്ത മുത്വലാഖ് അങ്ങേയറ്റം അപകടകരമായ സങ്കല്‍പമാണെന്നും ഖുര്‍ആന്‍ മുന്നോട്ടു വെക്കുന്ന എല്ലാ മൂല്യങ്ങളെയും അത് നിരാകരിക്കുന്നുവെന്നും ബോര്‍ഡിനെ പ്രതിനിധീകരിക്കുന്ന ആരിഫ് മുഹമ്മദ് ഖാന്‍ വാദിച്ചു. ദയയും അനുകമ്പയും പരിഗണനയുമില്ലാത്ത എല്ലാ നിയമങ്ങളും വ്യവസ്ഥകളും മറ്റ് വിശദീകരണങ്ങളൊന്നുമില്ലാതെ തന്നെ ഇസ്‌ലാമിന്റെ ഭാഗമല്ലെന്ന് പറയാം. പെണ്‍കുട്ടികളെ ജീവനോടെ കുഴിച്ചുമൂടിയിരുന്ന ഇസ്‌ലാമിന് മുമ്പുണ്ടായിരുന്ന കാലത്തേക്ക് സമൂഹത്തെ കൊണ്ടു പോകുന്നത് പോലെയാണിത്. ജസ്റ്റിസ് ജെ.എസ് ഖെഹാറിന്റെ നേതൃത്വത്തിലുള്ള അഞ്ചംഗ സുപ്രീം കോടതി ബെഞ്ചിനു മുമ്പാകെ അദ്ദേഹം പറഞ്ഞു. വിവാഹമോചനത്തിന് നാല് ഘട്ടങ്ങളാണ് ഖുര്‍ആന്‍ നിര്‍ദേശിക്കുന്നതെന്നും അതിലെ ഏറ്റവും അവസാന പടിയാണ് ത്വലാഖ് എന്നും അദ്ദേഹം വിശദീകരിച്ചു. സാധ്യമാകുന്നിടത്തോളം ദമ്പതികളെ ഒരുമിച്ച് നിര്‍ത്തുന്നതിന് വേണ്ടിയാണ് ദൈവം വിവാഹമോചനത്തിന് ഇത്തരത്തില്‍ സുദീര്‍ഘമായ നടപടികള്‍ നിര്‍ദേശിച്ചിട്ടുള്ളതെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.

leave a comment

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ഇസ്‌ലാം ഓണ്‍ലൈവിന്റേതാവണമെന്നില്ല. അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും വ്യക്തിപരവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക.

comments powered by Disqus

news-ad

Recent News