ഭീകരര്‍ക്കൊപ്പം റഖ വിമോചനത്തിന് അമേരിക്കയുമായി സഹകരിക്കില്ല: തുര്‍ക്കി

May 19 - 2017

ഇസ്തംബൂള്‍: സിറിയയിലെ റഖ നഗരത്തെ ഐഎസില്‍ നിന്നും മോചിപ്പിക്കുന്നതിന് അമേരിക്ക 'ഭീകരസംഘടനകളുമായിട്ടാണ്' കൈകോര്‍ക്കുന്നതെങ്കില്‍ പ്രസ്തുത സൈനിക നീക്കത്തില്‍ തുര്‍ക്കി പങ്കാളിയാവില്ലെന്ന് തുര്‍ക്കി പ്രസിഡന്റ് റജബ് തയ്യിബ് എര്‍ദോഗാന്‍. ഭീകരസംഘടനകളുമായുള്ള ഏറ്റുമുട്ടാനുള്ള തുര്‍ക്കിയുടെ അവകാശം ഉപയോഗപ്പെടുത്തുന്നത് തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി. ഭീകരസംഘടനകള്‍ നമുക്കെതിരെയുള്ള പ്രവര്‍ത്തനങ്ങള്‍ തുടരുന്നതിനൊപ്പം തന്നെ അവക്ക് സഹായം ലഭിക്കുന്നതിനാണ് നാം സാക്ഷ്യം വഹിച്ചു കൊണ്ടിരിക്കുന്നത്. അത്തരം സമീപനത്തെ അംഗീകരിക്കുന്ന രാജ്യമല്ല തുര്‍ക്കി. എന്നും ഇസ്തംബൂളില്‍ ബിസിനസുകാരുമായി നടത്തിയ കൂടിക്കാഴ്ച്ചയില്‍ അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ വര്‍ഷം തുര്‍ക്കി സിറിയയില്‍ നടത്തിയ യൂഫ്രട്ടീസ് ഷീല്‍ഡ് ഓപറേഷനില്‍ സിറിയന്‍ പ്രതിപക്ഷത്തിന് സായുധ സഹായങ്ങള്‍ നല്‍കുകയും ഐഎസിനെതിരെ യുദ്ധം ചെയ്യുന്നതിന് സൈനികരെ അയച്ചു കൊടുക്കുകയും ചെയ്തിരുന്നു. തുര്‍ക്കി ഭരണകൂടം ഭീകരസംഘടനയായി കാണുന്ന കുര്‍ദ് പീപ്പ്ള്‍സ് പ്രൊട്ടക്ഷന്‍ യൂണിറ്റുകളുടെ മുന്നേറ്റത്തിന് അതിലൂടെ തടയിടുകയും ചെയ്തതാണ്. കുര്‍ദ് പീപ്പ്ള്‍സ് പ്രൊട്ടക്ഷന്‍ യൂണിറ്റുകളെ ആയുധങ്ങള്‍ നല്‍കി പിന്തുണക്കാനുള്ള അമേരിക്കന്‍ തീരുമാനമാണ് ഇരു രാജ്യങ്ങള്‍ക്കുമിടയിലെ വിയോജിപ്പിലേക്ക് എത്തിച്ചിരിക്കുന്നത്. തുര്‍ക്കി ഭീകരസംഘടനയായി എണ്ണിയിട്ടുള്ള പി.കെ.കെയുടെ സിറിയന്‍ പതിപ്പായിട്ടാണ് പീപ്പ്ള്‍സ് പ്രൊട്ടക്ഷന്‍ യൂണിറ്റുകളെ പരിഗണിക്കുന്നത്. അവര്‍ക്ക് ആയുധം നല്‍കുന്നതിന്റെ അപകടത്തെ കുറിച്ചും തുര്‍ക്കി മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

leave a comment

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ഇസ്‌ലാം ഓണ്‍ലൈവിന്റേതാവണമെന്നില്ല. അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും വ്യക്തിപരവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക.

comments powered by Disqus

news-ad