ബാഗ്ദാദി കൊല്ലപ്പെട്ടിട്ടുണ്ടാകാമെന്ന് റഷ്യ

Jun 16 - 2017

മോസ്‌കോ: കഴിഞ്ഞ മേയില്‍ റഷ്യന്‍ വിമാനങ്ങള്‍ റഖയില്‍ നടത്തിയ ആക്രമണത്തില്‍ ഐഎസ് തലവന്‍ അബൂബക്കര്‍ അല്‍ബഗ്ദാദി കൊല്ലപ്പെട്ടിട്ടുണ്ടാകാമെന്ന് റഷ്യ. അതേസമയം ഇതുസംബന്ധിച്ച റഷ്യയുടെ റിപോര്‍ട്ട് സ്ഥിരീകരിക്കാനാവില്ലെന്ന് അന്താരാഷ്ട്ര സഖ്യം വ്യക്തമാക്കി. ദക്ഷിണ റഖയില്‍ ഐഎസ് സംഘത്തിന് നേരെ കഴിഞ്ഞ മെയ് 28ന് സുഖോയ്-35, സുഖോയ്-34 ഇനങ്ങള്‍ പോര്‍വിമാനങ്ങള്‍ ഉപയോഗിച്ച് ആക്രമണം നടത്തിയിരുന്നെന്നും രണ്ട് ഐഎസ് നേതാക്കളുടെ മരണത്തിന് അത് കാരണമായിട്ടുണ്ടെന്നും ബഗ്ദാദി അതിലുണ്ടാവുമെന്നുമാണ് റഷ്യന്‍ പ്രതിരോധ മന്ത്രാലയം പുറത്തുവിട്ട പ്രസ്താവന പറയുന്നത്.
ഐഎസ് നേതാക്കളുടെ സംഘത്തെ ലക്ഷ്യമാക്കിയായിരുന്നു ആക്രമണം എന്നും ബഗ്ദാദിയുടെ അന്ത്യം സ്ഥിരീകരിക്കുന്നതിനുള്ള റഷ്യയുടെ അന്വേഷണം തുടര്‍ന്നു കൊണ്ടിരിക്കുകയാണെന്നും പ്രസ്താവന പറഞ്ഞു. മുപ്പതോളം ഐഎസ് നേതാക്കളെയും മുന്നൂറിലേറെ അതിലെ അംഗങ്ങളെയും വകവരുത്താന്‍ റഷ്യന്‍ ആക്രമണങ്ങള്‍ക്ക് സാധിച്ചിട്ടുണ്ടെന്നും പ്രസ്താവന കൂട്ടിചേര്‍ത്തു. അവരുടെ റഖയിലെ നേതാവ് അബുല്‍ ഹജ്ജി അല്‍മിസ്‌രി, റഖ മുതല്‍ സുഖ്‌ന വരെയുള്ള പ്രദേശങ്ങളുടെ നേതാവ് ഇബ്‌റാഹീം നായിഫ് അല്‍ഹാജ്ജ്, സുരക്ഷാവിഭാഗം മേധാവി സുലൈമാന്‍ ശവ്വാഹ് തുടങ്ങിയവര്‍ കൊല്ലപ്പെട്ടവരുടെ പട്ടികയിലുണ്ടെന്നും റഷ്യന്‍ പ്രതിരോധ മന്ത്രാലയം സൂചിപ്പിച്ചു.
ഇതാദ്യമായിട്ടാണ് ഐഎസ് വിരുദ്ധ പോരാട്ടത്തിലേര്‍പ്പെട്ടിരിക്കുന്ന ഒരു കക്ഷി ഇത്രയേറെ ഐഎസ് നേതാക്കളെയും പോരാളികളെയും കൊലപ്പെടുത്തിയതായി പറയുന്നത്. അബൂബക്കര്‍ അല്‍ബഗ്ദാദി ജീവനോടെയുള്ളതായി കഴിഞ്ഞ ഡിസംബറില്‍ അമേരിക്കന്‍ പ്രതിരോധ മന്ത്രാലയം സ്ഥിരീകരിച്ചിരുന്നു. ഈ വര്‍ഷം മാര്‍ച്ചില്‍ അദ്ദേഹം മൗസില്‍ ഉപേക്ഷിച്ച് ഇറാഖിനകത്തെ മരുഭൂപ്രദേശത്തേക്ക് നീങ്ങിയതായിട്ടാണ് കരുതപ്പെടുന്നത്.

leave a comment

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ഇസ്‌ലാം ഓണ്‍ലൈവിന്റേതാവണമെന്നില്ല. അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും വ്യക്തിപരവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക.

comments powered by Disqus

news-ad