ഖുദ്‌സ് ആക്രമണത്തിന്റെ ഉത്തരവാദിത്വം ഐഎസ് ഏറ്റെടുത്തത് ഗൂഢതന്ത്രം: ഹമാസ്

Jun 17 - 2017

ഗസ്സ: ഖുദ്‌സില്‍ കഴിഞ്ഞ ദിവസമുണ്ടായ രണ്ട് ആക്രമണങ്ങളുടെ ഉത്തരവാദിത്വം ഐഎസ് ഏറ്റെടുത്തത് കാര്യങ്ങള്‍ കൂട്ടിക്കുഴക്കാനുള്ള ഇസ്രയേല്‍ ശ്രമത്തിന്റെ ഭാഗമാണെന്ന് ഹമാസ് പ്രതികരിച്ചു. കത്തിയുപയോഗിച്ചുള്ള ആക്രമണവും വെടിവെപ്പുമാണ് അവിടെ നടന്നത്. അധിനിവിഷ്ട ഖുദ്‌സില്‍ ആക്രമണം നടത്തിയ രണ്ടു പേര്‍ പോപ്പുലര്‍ ഫ്രണ്ട് ഫോര്‍ ലിബറേഷന്‍ ഓഫ് ഫലസ്തീന്‍ പ്രവര്‍ത്തരും മൂന്നാമന്‍ ഹമാസ് പ്രവര്‍ത്തകനുമാണെന്നും പ്രസ്തുത ആക്രമണത്തെ ആശീര്‍വദിച്ചു കൊണ്ട് ഹമാസ് പറഞ്ഞിരുന്നു. ഖുദ്‌സിലെ ആക്രമണങ്ങളുടെ ഉത്തരവാദിത്വം ഐഎസ് ഏറ്റെടുത്തതായി അവരുടെ ന്യൂസ് ഏജന്‍സിയായ 'അല്‍അഅ്മാഖ്' പ്രഖ്യാപിച്ച പശ്ചാത്തലത്തിലാണ് ഹമാസ് ഇക്കാര്യം വ്യക്തമാക്കിയത്.
അതേസമയം ആക്രമങ്ങള്‍ നടന്ന് മണിക്കൂറുകള്‍ക്കകം ഖുദ്‌സിലുള്ള ഫലസ്തീനികള്‍ക്ക് വെസ്റ്റ്ബാങ്കിലും വെസ്റ്റ്ബാങ്കിലുള്ളവര്‍ക്ക് ഖുദ്‌സിലുമുള്ള തങ്ങളുടെ കുടുംബങ്ങളെ സന്ദര്‍ശിക്കാനുള്ള എല്ലാ അനുമതിയും ഇസ്രയേല്‍ പ്രധാനമന്ത്രി ബെന്യമിന്‍ നെതന്യാഹു റദ്ദാക്കി. ആക്രമണം നടത്തിയവരുടെ വീടുകള്‍ റെയ്ഡ് ചെയ്യുന്നതിന് റാമല്ലയിലെ ദേര്‍ മിശ്അല്‍ പ്രദേശം അധിനിവേശ സൈനികര്‍ വളഞ്ഞിരിക്കുകയാണെന്നും അല്‍ജസീറ റിപോര്‍ട്ട് വ്യക്തമാക്കി.
കഴിഞ്ഞ ദിവസം ഖുദ്‌സിലെ ബാബുല്‍ ആമൂദ് പ്രദേശത്തുണ്ടായ ആക്രമണത്തില്‍ ഒരു ഇസ്രയേല്‍ വനിതാ പോലീസുകാരി കൊല്ലപ്പെടുകയും മറ്റ് രണ്ട് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. അതോടൊപ്പം ആക്രമണം നടത്തിയ മൂന്ന് ഫലസ്തീനികളും കൊല്ലപ്പെട്ടിട്ടുണ്ട്. ആക്രമണങ്ങളെ തുടര്‍ന്ന് ഖുദ്‌സിലെ സൈനിക ചെക്ക്‌പോയന്റുകളിലെല്ലാം ഇസ്രയേല്‍ കനത്ത സുരക്ഷ ഏര്‍പ്പെടുത്തുകയും ആയിരക്കണക്കിന് ഫലസ്തീനികളെ ജുമുഅ നിര്‍വഹിക്കാന്‍ അവിടെ പ്രവേശിക്കുന്നതില്‍ നിന്ന് തടയുകയും ചെയ്തു.

leave a comment

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ഇസ്‌ലാം ഓണ്‍ലൈവിന്റേതാവണമെന്നില്ല. അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും വ്യക്തിപരവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക.

comments powered by Disqus

news-ad