വിശാല മതേതര കൂട്ടായ്മ കാലഘട്ടത്തിന്റെ ആവശ്യം: പി.കെ കുഞ്ഞാലിക്കുട്ടി

Aug 12 - 2017

കൊച്ചി: വര്‍ഗീയ ഫാഷിസത്തിനെതിരായ വിശാല മതേതരക്കൂട്ടായ്മ കാലഘട്ടത്തിന്റെ ആവശ്യമാണെന്ന് മുസ്‌ലിം ലീഗ് അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി എം.പി വ്യക്തമാക്കി. ന്യൂനപക്ഷ ദളിത് വേട്ടയ്‌ക്കെതിരെ കൊച്ചിയില്‍ മുസ്‌ലിം സൗഹൃദ വേദിയുടെ നേതൃത്വത്തില്‍ നടന്ന പ്രതിഷേധ കൂട്ടായ്മ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ദലിത് ന്യൂനപക്ഷ വിഭാഗങ്ങളില്‍ ഭീതി ജനിപ്പിച്ച് അരക്ഷിതരാക്കാനുള്ള ഫാസിസ്റ്റുകളുടെ നിഗൂഢ താല്‍പര്യത്തെ തിരിച്ചറിഞ്ഞ് പ്രതിരോധിക്കേണ്ടതുണ്ട്. ഇന്ത്യയെന്ന കുടുംബത്തില്‍ കലഹമുണ്ടാക്കാന്‍ ശ്രമിക്കുന്നവര്‍ക്കെതിരെ ഒറ്റക്കെട്ടായി പോരാടണമെന്നും അദ്ദേഹം പറഞ്ഞു. ജനങ്ങള്‍ക്കിടയില്‍ ഭീതിപരത്തുകയാണ് ഫാഷിസത്തിന്റെ പ്രത്യേകത, വിദ്വേഷവും വിഭാഗീയതയും വര്‍ഗീയതയും പ്രചരിപ്പിച്ച് അവര്‍ ഭരണഘടനയെ ഇല്ലാതാക്കുകയാണ്. എന്നാല്‍ വെറുപ്പും വിദ്വേഷവും പരത്തുന്ന ആര്‍ക്കും അധികകാലം വാഴാന്‍ കഴിയില്ല. രാജ്യത്ത് വികസന മുരടിപ്പാണ്. സാമ്പത്തിക മേഖല മന്ദഗതിയിലാണ്. എന്നാല്‍ ഇത്തരം അടിസ്ഥാന പ്രശ്‌നങ്ങള്‍ ശ്രദ്ധിക്കാതെ വര്‍ഗീയ സംഘര്‍ഷമുണ്ടാക്കി എല്ലാം കലക്കുകയാണ് കേന്ദ്രസര്‍ക്കാര്‍. ന്യൂനപക്ഷങ്ങള്‍ അരക്ഷിതാവസ്ഥയിലാണെന്ന് സ്ഥാനമൊഴിഞ്ഞ ഉപരാഷ്ട്രപതി ഹാമിദ് അന്‍സാരിയെ കൊണ്ട് പറയിപ്പിച്ചത് ഈ സാഹചര്യമാണ്. അദ്ദേഹത്തിനല്ലാതെ മറ്റാര്‍ക്കാണ് ആധികാരികമായി ഇങ്ങനെ പറയാന്‍ സാധിക്കുകയെന്നും കുഞ്ഞാലിക്കുട്ടി ചോദിച്ചു.
സംഘാടക സമിതി ചെയര്‍മാന്‍ വി.കെ ഇബ്‌റാഹീം കുഞ്ഞ് എം.എല്‍.എ അധ്യക്ഷത വഹിച്ചു. ജനറല്‍ കണ്‍വീനര്‍ ഓണമ്പിള്ളി മുഹമ്മദ് ഫൈസി സ്വാഗതം പറഞ്ഞു. സംഘ്പരിവാര്‍ ഭീഷണിക്കെതിരെ മതനിരപേക്ഷ ശക്തികളും ന്യൂനപക്ഷങ്ങളുമൊക്കെ ചേര്‍ന്ന കൂട്ടായ്മയാണ് വേണ്ടതെന്ന് സി.പി.എം ജില്ല സെക്രട്ടറി പി. രാജീവ് പറഞ്ഞു. വൈവിധ്യങ്ങള്‍ അംഗീകരിക്കാത്ത ഫാഷിസ്റ്റുകള്‍ ഹിംസയും അക്രമവുമാണ് പ്രവര്‍ത്തന മാര്‍ഗമായി സ്വീകരിച്ചിരിക്കുന്നതെന്ന് സി.ആര്‍ നീലകണ്ഠന്‍ അഭിപ്രായപ്പെട്ടു.
വര്‍ഗീയ ഫാഷിസത്തിനെതിരെ കേരളത്തിന്റെ സര്‍ഗാത്മക പ്രതിരോധമാണ് ഈ സംഗമമെന്ന് ജമാഅത്തെ ഇസ്‌ലാമി അസിസ്റ്റന്റ് അമീര്‍ ശൈഖ് മുഹമ്മദ് കാരകുന്ന് പറഞ്ഞു. പേടിപ്പിച്ച് നിശ്ശബ്ദരാക്കാനാണ് ഫാഷിസ്റ്റുകളുടെ ശ്രമം. എന്നാല്‍ പേടിച്ച് പിന്‍മാറില്ലെന്നും സംഘ്പരിവാര്‍ ഭീകരതക്ക് മുന്നില്‍ മൗനികളാവില്ലെന്നുമാണ് ഇവിടെ കൂടിയ മതേതര ചേരി വിളിച്ചുപറയുന്നതെന്ന് അദ്ദേഹം കൂട്ടിചേര്‍ത്തു. രാജ്യത്തെ ഭൂരിപക്ഷം ജനങ്ങളും ഫാഷിസ്റ്റുകള്‍ക്കെതിരാണെന്നും ഇതിനെതിരെ ബോധവല്‍കരണമാണ് വേണ്ടതെന്നും കേരള നദ്‌വത്തുല്‍ മുജാഹിദീന്‍ സംസ്ഥാന പ്രസിഡന്റ് ടി.പി. അബ്ദുല്ലക്കോയ മദനി പറഞ്ഞു.
പി.ടി തോമസ് എം.എല്‍.എ, വഖഫ് ബോര്‍ഡ് ചെയര്‍മാന്‍ പാണക്കാട് റശീദലി ശിഹാബ് തങ്ങള്‍, മുസ്‌ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടരി കെ.പി.എ മജീദ്, ഹജ്ജ് കമ്മറ്റി ചെയര്‍മാനും ദക്ഷിണ കേരള ജംഇയ്യത്തുല്‍ ഉലമ സംസ്ഥാന സെക്രട്ടറിയുമായ തൊടിയൂര്‍ മുഹമ്മദ് കുഞ്ഞ് മൗലവി, ഷമീര്‍ മദനി, അബ്ദുല്‍ ജബ്ബാസ് സഖാഫി, ബഷീര്‍ വഹബി അടിമാലി, കെ.എസ്. ഹംസ, ജമാഅത്തെ ഇസ്‌ലാമി ജില്ല പ്രസിഡന്റ് അബൂബക്കര്‍ ഫാറൂഖി തുടങ്ങിയവര്‍ സംസാരിച്ചു. മുസ്‌ലിം സൗഹൃദ വേദി എറണാകുളം മേഖലകമ്മിറ്റിയുടെ ആഭിമുഖ്യത്തിലാണ് പ്രതിഷേധ സംഗമം നടന്നത്.

leave a comment

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ഇസ്‌ലാം ഓണ്‍ലൈവിന്റേതാവണമെന്നില്ല. അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും വ്യക്തിപരവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക.

comments powered by Disqus

news-ad

Recent News