റോഹിങ്ക്യകള്‍ക്ക് നേരെയുള്ള ക്രൂരതക്കെതിരെ സമൂഹ മനസ്സാക്ഷി ഉണരണം: സമസ്ത

Sep 06 - 2017

കോഴിക്കോട്: രോഹിങ്ക്യന്‍ മുസ്‌ലിംകള്‍ക്കെതിരെ മ്യാന്മര്‍ ഭരണകൂടവും ചില ബുദ്ധസന്യാസിമാരും നടത്തുന്ന കൊടുംക്രൂരതക്കെതിരെ സമൂഹ മനസാക്ഷി ഉണരണമെന്ന് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്‌രി മുത്തുകോയ തങ്ങളും ജനറല്‍ സെക്രട്ടറി പ്രൊഫ. കെ. ആലിക്കുട്ടി മുസ്‌ലിയാരും സംയുക്ത പ്രസ്താവനയില്‍ പറഞ്ഞു. ചരിത്രത്തില്‍ കേട്ടുകേള്‍വിയില്ലാത്ത വിധം അത്യന്തം പ്രാകൃതവും മനുഷ്യത്വരഹിതവുമായ നടപടിയാണ് രോഹിങ്ക്യകള്‍ക്കെതിരെ മ്യാന്മര്‍ ഭരണകൂടം നടത്തുന്നത്.
സ്വന്തം രാജ്യമെന്ന് പറയാനില്ലാത്ത ലോകത്തിലെ ഏക ജനവിഭാഗമാണ് 11 ലക്ഷത്തോളം വരുന്ന റോഹിങ്ക്യകള്‍. ഇവര്‍ക്ക് സംരക്ഷണം ലഭിക്കാന്‍ ലോകരാജ്യങ്ങള്‍ അടിയന്തിരമായി  ഇടപെടണം. മ്യാന്മര്‍ ഭരണകൂടത്തിന്റെ ചെയ്തികള്‍ക്കെതിരെ തുര്‍ക്കി, ഇറാന്‍, മലേഷ്യ, പാക്കിസ്ഥാന്‍, ഇന്തോനേഷ്യ, ബംഗ്ലാദേശ്, മാലിദ്വീപ്, സഊദി അറേബ്യ എന്നീ രാജ്യങ്ങള്‍ അപലപിച്ചത് സ്വാഗതാര്‍ഹമാണ്. എന്നാല്‍ തല്‍വിഷയത്തില്‍ ചില രാജ്യങ്ങളും ഐക്യരാഷ്ട്രസഭയും അവലംബിക്കുന്ന മൗനം ഏറെ പ്രതിഷേധാര്‍ഹവുമാണ്.
പ്രാണരക്ഷാര്‍ത്ഥം അഭയം തേടിയെത്തിയ ജനതക്ക് സംരക്ഷണം നല്‍കുന്നതിന് പകരം അവരെ ആട്ടിയോടിക്കാനുള്ള ഇന്ത്യന്‍ ഭരണകൂടത്തിന്റെ നീക്കം അത്യന്തം അപലപനീയവും പ്രതിഷേധാര്‍ഹവുമാണ്. ഇന്ത്യയുടെ മഹത്തായ പാരമ്പര്യത്തിന് നിരക്കാത്ത സമീപനമാണ് റോഹിങ്ക്യന്‍ അഭയാര്‍ത്ഥി വിഷയത്തില്‍ നരേന്ദ്രമോദി സര്‍ക്കാര്‍ സ്വീകരിക്കുന്നത്. അഭയാര്‍ത്ഥി വിഷയത്തില്‍ കേന്ദ്ര ഭരണകൂടത്തിന്റെ ഇരട്ടത്താപ്പ് നയം അവസാനിപ്പിക്കണമെന്നും റോഹിങ്ക്യന്‍ അഭയാര്‍ത്ഥികള്‍ക്ക് പൂര്‍ണ സംരക്ഷണം നല്‍കാന്‍ സര്‍ക്കാര്‍ തയ്യാറാവണമെന്നും അവര്‍ ആവശ്യപ്പെട്ടു. എന്നും മര്‍ദ്ദിത ജനവിഭാഗങ്ങള്‍ക്കൊപ്പം നിലകൊണ്ട പാരമ്പര്യമാണ് ഇന്ത്യയുടേത്. ലോക രാഷ്ട്രങ്ങള്‍ക്കിടയില്‍ നമ്മുടെ യശസ്സുയര്‍ത്തിയതും ഈ സമീപനമാണ്. റോഹിങ്ക്യന്‍ വിഷയത്തിലും ഇരയോടൊപ്പം നില്‍ക്കാന്‍ കേന്ദ്രഭരണകൂടം തയ്യാറാവണമെന്നും അവര്‍ പ്രസ്താവനയില്‍ പറഞ്ഞു. റോഹിങ്ക്യന്‍ ജനതയോട് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച് നാളെ (വെള്ളിയാഴ്ച) പള്ളികളില്‍ വെച്ച് പ്രത്യേക പ്രാര്‍ത്ഥന നടത്താന്‍ നേതാക്കള്‍ അഭ്യര്‍ത്ഥിച്ചു.

leave a comment

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ഇസ്‌ലാം ഓണ്‍ലൈവിന്റേതാവണമെന്നില്ല. അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും വ്യക്തിപരവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക.

comments powered by Disqus

news-ad

Recent News