സോഷ്യല്‍ മീഡിയയിലെ വിധ്വംസക പ്രവര്‍ത്തനങ്ങള്‍ അറിയിക്കണമെന്ന് സൗദി ഭരണകൂടം

Sep 14 - 2017

റിയാദ്: സോഷ്യല്‍ മീഡിയകളിലെ വിധ്വംസക പ്രവര്‍ത്തനങ്ങള്‍ ശ്രദ്ധയില്‍ പെട്ടാല്‍ 'കുല്ലുനാ അംന്' (നാമെല്ലാവരും സുരക്ഷാ വിഭാഗമാണ്) എന്ന മൊബൈല്‍ ആപ്ലിക്കേഷന്‍ ഉപയോഗിച്ച് റിപോര്‍ട്ട് ചെയ്യാന്‍ സൗദി ഭരണകൂടം പൗരന്‍മാരോടും അവിടെ വസിക്കുന്ന മറ്റുള്ള ആളുകളോടും ആഹ്വാനം ചെയ്തു. രാജ്യത്തിന്റെ കീര്‍ത്തിക്കും പ്രശസ്തിക്കും കളങ്കം വരുത്തുന്നതും അതിന്റെ അഖണ്ഡതക്ക് പോറലേല്‍പിക്കുന്നതുമായ പ്രവര്‍ത്തനങ്ങളെ ഭീകരകുറ്റകൃത്യമായിട്ടാണ് ഭരണകൂടം കാണുന്നത്. തീവ്രവാദ, ഭീകരവാദ ചിന്തകള്‍ പ്രചരിപ്പിക്കുന്ന സോഷ്യല്‍ മീഡിയ അക്കൗണ്ടുകളെ കുറിച്ച് വിവരം നല്‍കാനും ആഭ്യന്തര മന്ത്രാലയം ആവശ്യപ്പെട്ടിട്ടുണ്ടെന്ന് റോയിട്ടേഴ്‌സ് റിപോര്‍ട്ട് ചെയ്തു.
ഇതോടനുബന്ധിച്ച് സൗദി പബ്ലിക് പ്രോസിക്യൂഷന്റെ ടിറ്റര്‍ അക്കൗണ്ട് ഭീകരകുറ്റം എന്താണെന്ന് വിശദീകരിച്ചിട്ടുണ്ട്. രാജ്യത്തിന്റെ ദേശീയ ഐക്യം അപകടത്തിലാക്കല്‍, ഭരണകൂടത്തെ ദുര്‍ബലപ്പെടുത്താന്‍ ശ്രമിക്കല്‍, രാഷ്ട്രത്തിന്റെ പ്രശസ്തിക്കും സ്ഥാനത്തിനും ചീത്തപേരുണ്ടാക്കല്‍ തുടങ്ങിയവ ഭീകരകുറ്റകൃത്യങ്ങളാണെന്ന് അത് വ്യക്തമാക്കി.
അതേസമയം സൗദി ഭരണകൂടത്തിന്റെ നടപടികളെ വിമര്‍ശിച്ച ഹ്യൂമന്‍ റൈറ്റ്‌സ് വാച്ച് 'സ്വേച്ഛാധിപത്യം' എന്നാണതിനെ വിശേഷിപ്പിച്ചത്. അഭിപ്രായ പ്രകടനത്തിനുള്ള അവകാശത്തെ മാനിക്കുമെന്ന ഭരണകൂടത്തിന്റെ ഉറപ്പുകളെയും നിയമവാഴ്ച്ചയെയും സംബന്ധിച്ച സംശയങ്ങള്‍ ജനിപ്പിക്കുന്നതാണ് പ്രസ്തുത നടപടികളെന്നും സംഘടന പറഞ്ഞു. സുരക്ഷാ വിഭാഗം പരിധി വിട്ട് പ്രവര്‍ത്തിക്കുകയും ഇന്റര്‍നെറ്റില്‍ പൗരന്‍മാരെ മറ്റു പൗരന്‍മാരെ ഉപയോഗപ്പെടുത്തി നിരീക്ഷിക്കുകയും ചെയ്യുമ്പോള്‍ സ്വേച്ഛാധിപത്യത്തിന്റെ പുതിയൊരു തലത്തിലേക്കാണ് സൗദി എത്തിയിരിക്കുന്നതെന്ന് ഹ്യൂമന്‍ റൈറ്റ്‌സ് വാച്ചിന്റെ മിഡിലീസ്റ്റ് ഡയറക്ടര്‍ സാറാ ലേ വിറ്റ്‌സണ്‍ അഭിപ്രായപ്പെട്ടു. സൗദിയുടെ പുതിയ നേതൃത്വം വിമര്‍ശന സ്വരങ്ങളോട് യാതൊരു സഹിഷ്ണുതയും കാണിക്കുന്നില്ലെന്നാണ് പ്രകടമായിക്കൊണ്ടിരിക്കുന്നതെന്നും അവര്‍ ആരോപിച്ചു.
സല്‍മാന്‍ അല്‍ഔദ, അലി അല്‍ഉംരി, അവദ് അല്‍ഖറനി തുടങ്ങിയ പ്രബോധകരെ ഈ ആഴ്ച്ചയുടെ തുടക്കത്തില്‍ സൗദി അറസ്റ്റ് ചെയ്തതായി റിപോര്‍ട്ടുകളുണ്ടായിരുന്നു. കഴിഞ്ഞ ചൊവ്വാഴ്ച്ചയും അറസ്റ്റുകള്‍ നടന്നിട്ടുണ്ടെന്നും ബിസിനസുകാരനായ അസ്സാം സാമില്‍, വിദ്യാഭ്യാസ വിദഗ്ദന്‍ അബ്ദുല്‍ അസീസ് അബ്ദുല്ലതീഫ്, സല്‍മാന്‍ അല്‍ഔദയുടെ സഹോദരന്‍ ഖാലിദ് അല്‍ഔദ, മുഹമ്മദ് മൂസാ അശ്ശരീഫ്, ഡോ. അലി ഉമര്‍ ബാദ്ഹദഹ്, ഡോ. ആദില്‍ ബാനിഅ്മഃ, ഇമാം ഇദ്‌രീസ് അബൂബക്ര്‍, ഡോ. ഖാലിദ് അല്‍അജമി, ഡോ. അബ്ദുല്‍ മുഹ്‌സിന്‍ അല്‍അഹ്മദ് തുടങ്ങിയവര്‍ അക്കൂട്ടത്തിലുണ്ടെന്നും റിപോര്‍ട്ടുകള്‍ സൂചിപ്പിച്ചു.

leave a comment

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ഇസ്‌ലാം ഓണ്‍ലൈവിന്റേതാവണമെന്നില്ല. അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും വ്യക്തിപരവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക.

comments powered by Disqus

news-ad

Recent News