ഭരണകൂടം എതിര്‍ത്താലും ഹിതപരിശോധന നടത്തുമെന്ന് ബാര്‍സാനി

Sep 14 - 2017

ദുഹൂക്: കുര്‍ദിസ്താന്‍ പ്രവിശ്യയെ ഇറാഖില്‍ നിന്ന് വേര്‍പെടുത്തുന്നത് സംബന്ധിച്ച് ഈ മാസം 25ന് നടത്താന്‍ നിശ്ചയിച്ചിരിക്കുന്ന ഹിതപരിശോധനയെ എതിര്‍ക്കുന്ന നിലപാടില്‍ നിന്ന് ഇറാഖ് പാര്‍ലമെന്റ് അംഗങ്ങള്‍ പിന്‍മാറണമെന്ന് കുര്‍ദിസ്താന്‍ പ്രവിശ്യാ മേധാവി മസ്ഊദ് ബാര്‍സാനി ആവശ്യപ്പെട്ടു. ബഗ്ദാദ് ഭരണകൂടം എതിര്‍ത്താലും ഹിതപരിശോധന നടത്തുമെന്നും അദ്ദേഹം വിക്തമാക്കി. ദുഹൂക് പ്രവിശ്യയില്‍ ജനക്കൂട്ടത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കുര്‍ദ് ജനതയുടെ നിശ്ചയദാര്‍ഢ്യം പാര്‍ലമെന്റെ തീരുമാനം കൊണ്ട് തകരില്ലെന്നും ബാര്‍സാനി പറഞ്ഞു. ബഗ്ദാദ് ഭരണകൂടം കുര്‍ദുകളുടെ ആഗ്രഹത്തിന് വിരുദ്ധമായിട്ടാണ് നിലകൊള്ളുന്നതെന്നും പ്രവിശ്യക്ക് കൈവരുന്ന നേട്ടങ്ങള്‍ ഇല്ലാതാക്കാനാണ് അവര്‍ ആഗ്രഹിക്കുന്നതെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു. കുര്‍ദുകളുടെ പെഷ്മര്‍ഗ സൈന്യത്തിന്റെ നിയന്ത്രണത്തിലുള്ള പ്രദേശങ്ങളിലെ അറബികള്‍ക്കൊപ്പം ഇറാഖിലെ ന്യൂനപക്ഷങ്ങളായ യസീദികളും ക്രിസ്ത്യാനികളും ഷബക് വിഭാഗവും കുര്‍ദിസ്താന്‍ ഇറാഖില്‍ നിന്ന് സ്വതന്ത്രമാകുന്നതിനെ അനുകൂലിക്കുന്നവരാണെന്നാണ് റോയിട്ടേഴ്‌സ് റിപോര്‍ട്ട് സൂചിപ്പിക്കുന്നത്.
അതേസമയം കുര്‍ദിസ്താന്‍ സ്വതന്ത്രമാകുന്നത് സംബന്ധിച്ച് നടക്കുന്ന ഹിതപരിശോധനക്ക് നിയമസാധുതയില്ലെന്നും ഏകപക്ഷീയമായ നടപടികളുമായി മുന്നോട്ടു പോകാന്‍ സാധ്യമല്ലെന്നും ഇറാഖ് പ്രധാനമന്ത്രി ഹൈദര്‍ അല്‍അബാദി കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. കുര്‍ദിസ്താന്‍ സംബന്ധിച്ച ഹിതപരിശോധന ഭരണഘടനക്ക് വിരുദ്ധമാണെന്നും അഖണ്ഡ ഇറാഖില്‍ ജീവിക്കാന്‍ ഉദ്ദേശിക്കുന്ന തങ്ങള്‍ ഇറാഖിന്റെ ഐക്യത്തിനൊപ്പമാണെന്നും അദ്ദേഹം പറഞ്ഞു.
ഹിതപരിശോധനക്ക് മുന്നോടിയായി കിര്‍കൂക് നഗരത്തില്‍ കുര്‍ദുകളുടെ പെഷ്മര്‍ഗ സൈന്യവും കുര്‍ദിസ്താന്‍ വര്‍കേഴ്‌സ് പാര്‍ട്ടിയുടെ സായുധ വിഭാഗവും അണിനിരന്നിട്ടുണ്ടെന്നും കിര്‍കൂക് പ്രവിശ്യയില്‍ നിന്നുള്ള പാര്‍ലമെന്റ് അംഗം ഹസന്‍ തൗറാന്‍ പറഞ്ഞു. ഹിതപരിശോധനയില്‍ പങ്കെടുക്കാന്‍ ജനങ്ങളെ പ്രേരിപ്പിക്കുകയാണ് അവരുടെ ലക്ഷ്യമെന്നും പ്രകോപനപരമാണ് ഈ നീക്കമെന്നും അദ്ദേഹം വിശേഷിപ്പിച്ചു. അറബ് ലീഗും അമേരിക്കയും തുര്‍ക്കി, ഇറാന്‍ പോലുള്ള അയല്‍രാഷ്ട്രങ്ങളും ഹിതപരിശോധനയെ എതിര്‍ത്തിട്ടുണ്ട്. അതേസമയം ഇസ്രയേല്‍ ഹിതപരിശോധനയെ അനുകൂലിക്കുകയാണെന്നതും ശ്രദ്ധേയമാണ്.

leave a comment

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ഇസ്‌ലാം ഓണ്‍ലൈവിന്റേതാവണമെന്നില്ല. അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും വ്യക്തിപരവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക.

comments powered by Disqus

news-ad

Recent News