സൗദിയില്‍ വീണ്ടും അറസ്റ്റ് കാമ്പയിന്‍

Sep 19 - 2017

റിയാദ്: സൗദിയില്‍ സാംസ്‌കാരിക പ്രവര്‍ത്തകര്‍ക്കും ഉദ്യോഗസ്ഥര്‍ക്കും എതിരെ വീണ്ടും അറസ്റ്റുകള്‍ നടന്നതായി മനുഷ്യാവകാശ വൃത്തങ്ങളെ ഉദ്ധരിച്ച് അല്‍ജസീറ റിപോര്‍ട്ട് ചെയ്യുന്നു. സൗദി ജഡ്ജി യൂസുഫ് അല്‍ഫറാജ്, നീതിന്യായ മന്ത്രാലയം സെക്രട്ടറി അഹ്മദ് അല്‍ഉമൈറ, കിങ് സഊദ് യൂണിവേഴ്‌സിറ്റി പ്രൊഫസര്‍ ഡോ. അബ്ദുല്‍ അസീസ് അസ്സഹ്‌റാനി തുടങ്ങിയവര്‍ അറസ്റ്റ് ചെയ്യപ്പെട്ടവരുടെ കൂട്ടത്തിലുണ്ടെന്നാണ് റിപോര്‍ട്ട്.
അതേസമയം സൗദിയിലെ രാഷ്ട്രീയ-പൗരാവകാശ കൂട്ടായ്മ (Saudi Civil and Political Rights Association - ACPRA) പ്രവര്‍ത്തകരായ അബ്ദുല്‍ അസീസ് അശ്ശുബൈലി, ഈസാ അല്‍ഹാമിദ് എന്നിവരുടെ അറസ്റ്റിനെ മനുഷ്യവാകാശങ്ങള്‍ക്ക് നേരെയുള്ള കനത്ത പ്രഹരമായിട്ടാണ് കാണുന്നതെന്ന് ആംനസ്റ്റി ഇന്റര്‍നാഷണല്‍ വ്യക്തമാക്കി. സൗദിയില്‍ മനുഷ്യാവകാശങ്ങളുടെ ഇരുണ്ട ഘട്ടമായിട്ടാണിതിനെ കാണുന്നതെന്നും ആംനസ്റ്റിയുടെ മിഡിലീസ്റ്റ് ഡയറക്ടര്‍ സമാഹ് ഹദീദ് പറഞ്ഞു. പുതിയ കിരീടാവകാശ മുഹമ്മദ് ബിന്‍ സല്‍മാന്റെ നേതൃത്വത്തിന് കീഴില്‍ സൗദിയിലെ മനുഷ്യാവകാശങ്ങള്‍ ഞെരുക്കപ്പെടുന്നു എന്ന ഭീതിയെയാണ് ശുബൈലിയുടെയും ഹാമിദിന്റെയും അറസ്റ്റ് ശക്തിപ്പെടുത്തുന്നതെന്നും അവര്‍ അഭിപ്രായപ്പെട്ടു. സൗദിയിലെ അറിയപ്പെടുന്ന മനുഷ്യാവകാശ പ്രവര്‍ത്തകരെല്ലാം ജയിലിലായിരിക്കുകയാണെന്നും അവിടത്തെ മനുഷ്യാവകാശ പ്രസ്ഥാനങ്ങള്‍ വലിയ പ്രയാസങ്ങള്‍ നേരിടുന്നുണ്ടെന്നും അവര്‍ കൂട്ടിചേര്‍ത്തു. ശുലൈബിയെയും ഹാമിദിനെയും ഉടന്‍ മോചിപ്പിക്കാനും സൗദി ഭരണകൂടത്തോട് അവര്‍ ആവശ്യപ്പെട്ടു.
2009ലാണ് ACPRA രൂപീകരിക്കപ്പെട്ടത്. തുടര്‍ന്ന് 2013ല്‍ സൗദി ഭരണകൂടം അത് പിരിച്ചുവിടുകയും അതിന്റെ സ്ഥാപകനേതാക്കളായ 11 പേരെയും ജയിലില്‍ അടക്കുകയും ചെയ്തിരുന്നു. അനധികൃതമായി കൂട്ടായ്മ രൂപീകരിച്ചു, സമൂഹത്തില്‍ പ്രകോപനമുണ്ടാക്കി, നീതിന്യായ വ്യവസ്ഥയെയും പണ്ഡിതവേദിയെയും അപകീര്‍ത്തിപ്പെടുത്തി, കിരീടാവകാശിക്കെതിരെ വ്യാജ പ്രചാരണങ്ങള്‍ നടത്തി തുടങ്ങിയ കുറ്റങ്ങളാണ് അതിലെ അംഗങ്ങള്‍ക്കെതിരെ ചുമത്തിയിരുന്നത്.

leave a comment

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ഇസ്‌ലാം ഓണ്‍ലൈവിന്റേതാവണമെന്നില്ല. അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും വ്യക്തിപരവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക.

comments powered by Disqus

news-ad

Recent News