സുദൈസിന്റെ പ്രസ്താവനയോട് വിയോജിപ്പ് രേഖപ്പെടുത്തി ടിറ്റര്‍ ഉപയോക്താക്കള്‍

Sep 19 - 2017

മക്ക: മസ്ജിദുല്‍ ഹറാമിന്റെയും മസ്ജിദുന്നബവിയുടെയും നേതൃചുമതല വഹിക്കുന്ന അബ്ദുറഹ്മാന്‍ അസ്സുദൈസ് സൗദി ചാനലായ 'അല്‍ഇഖ്ബാരിയ്യ'യിലൂടെ നടത്തിയ പ്രസ്താവനയോട് വിയോജിപ്പ് രേഖപ്പെടുത്തി ടിറ്റര്‍ ഉപയോക്താക്കള്‍ രംഗത്ത്. 'സുദൈസിന്റെ പ്രസ്താവന എന്നെ പ്രതിനിധീകരിക്കുന്നില്ല' എന്നര്‍ത്ഥമുള്ള ഹാഷ്ടാഗാണ് (تصريح_السديس_لا_يمثلنيِ) ഇപ്പോള്‍ പ്രചരിച്ചു കൊണ്ടിരിക്കുന്നത്. മുസ്‌ലിം വേള്‍ഡ് ലീഗ് (റാബിത്വത്തുല്‍ ആലമുല്‍ ഇസ്‌ലാമി) ന്യൂയോര്‍ക്കില്‍ സംഘടിപ്പിച്ച സമ്മേളനത്തോടനുബന്ധിച്ച് സൗദി വാര്‍ത്താ ചാനലിന് നല്‍കിയ പ്രസ്താവനയില്‍ അമേരിക്കയും സൗദിയും ലോകത്തെ രണ്ട് നെടുംതൂണുകളാണെന്നാണ് അഭിപ്രായപ്പെട്ടത്.
സുദൈസിന്റെ പ്രസ്താവന പുറത്തുവന്നത് മുതല്‍ അതിനെ പരിഹസിച്ചും വിമര്‍ശിച്ചും നിരവധി പ്രതികരണങ്ങള്‍ ഉയര്‍ന്നിട്ടുണ്ട്. പലരും അദ്ദേഹത്തിന്റെ പ്രസ്താവനയില്‍ ആശ്ചര്യം പ്രകടിപ്പിച്ചപ്പോള്‍ മറ്റു ചിലര്‍ അദ്ദേഹം ദീനിന്റെയും ശരീഅത്തിന്റെയും പാശ്വം വിട്ട് രാഷ്ട്രീയത്തിന്റെ വീണ വായിക്കുകയാണെന്നും പറഞ്ഞു. ന്യൂയോര്‍ക്കില്‍ നടന്ന സമ്മേളനം സൗദി ഭരണാധികാരിയുടെയും അദ്ദേഹത്തിന്റെ മകന്‍ മുഹമ്മദ് ബിന്‍ സല്‍മാന്റെയും റാബിത്വത്തുല്‍ ആലമുല്‍ ഇസ്‌ലാമിയുടെയും മേല്‍നോട്ടത്തിലായിരുന്നു എന്നും അതുകൊണ്ടു തന്നെ ഭരണാധികാരിയെയും ട്രംപിനെയും ഒരുപോലെ തൃപ്തിപ്പെടുത്തേണ്ടത് അദ്ദേഹത്തിന് അനിവാര്യമായിരുന്നു എന്നുമാണ് മറ്റു ചിലരുടെ പ്രതികരണം.
മറ്റു ചിലര്‍ ചോദിക്കുന്നു: എപ്പോള്‍ മുതലാണ് അമേരിക്ക ഇസ്‌ലാമിന്റെ സംരക്ഷകരായത്? എപ്പോള്‍ മുതലാണ് അവര്‍ ലോകത്ത് പ്രത്യേകിച്ചും അറബ് ലോകത്ത് സമാധാനവും സുസ്ഥിരതയും ഉണ്ടാക്കുന്നവരായത്? നാം ജീവിക്കുന്ന അറബ് ലോകത്ത് അമേരിക്ക നടത്തിയ യുദ്ധങ്ങളെ കുറിച്ച് സുദൈസ് കേട്ടിട്ടില്ലേ? എത്രയെത്ര മുസ്‌ലിംകളെയാണവര്‍ കൊന്നിട്ടുള്ളത്?
അതേസമയം സുദൈസിനെ ന്യായീകരിച്ചു കൊണ്ടും ചിലര്‍ രംഗത്ത് വന്നിട്ടുണ്ട്. സുദൈസിന്റെ പ്രസ്താവന വളരെ വ്യക്തവും സത്യവുമാണെന്നും 'ഐഎസുകാരും ബ്രദര്‍ഹുഡുകാരും' അതിനെ സന്ദര്‍ഭത്തില്‍ നിന്ന് അടര്‍ത്തിയെടുത്ത് തെറ്റായി വ്യാഖ്യാനിക്കുകയാണെന്നുമാണ് അവരുടെ വാദം. സുദൈസിന്റെ പ്രസ്താവനയെ അനുകൂലിച്ച് 'സുദൈസിന്റെ പ്രസ്താവന എന്നെ പ്രതിനിധീകരിക്കുന്നു' (تصريح_السديس_يمثلنيِ) എന്ന ഹാഷ് ടാഗുകളും അവര്‍ പ്രചരിപ്പിക്കുന്നുണ്ട്.

leave a comment

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ഇസ്‌ലാം ഓണ്‍ലൈവിന്റേതാവണമെന്നില്ല. അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും വ്യക്തിപരവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക.

comments powered by Disqus

news-ad

Recent News