ഗള്‍ഫ് പ്രതിസന്ധി പരിഹരിക്കാന്‍ സൗദി ഇച്ഛാശക്തി പ്രകടിപ്പിക്കണം: എര്‍ദോഗാന്‍

Sep 20 - 2017

ന്യൂയോര്‍ക്ക്: ഗള്‍ഫ് പ്രതിസന്ധി പരിഹരിക്കുന്നതിനാവശ്യമായ ഇച്ഛാശക്തി പ്രകടിപ്പിക്കണമെന്ന് തുര്‍ക്കി പ്രസിഡന്റ് റജബ് തയ്യിബ് എര്‍ദോഗാന്‍ ഐക്യരാഷ്ട്രസഭയില്‍ നടത്തിയ പ്രസംഗത്തില്‍ സൗദിയോട് ആവശ്യപ്പെട്ടു. ഖത്തര്‍ ജനതയുടെ പ്രയാസങ്ങള്‍ അധികരിപ്പിക്കുന്ന വ്യവസ്ഥകള്‍ ഒഴിവാക്കണ്ടത് അനിവാര്യമാണെന്നും ഖത്തറിന് മേലുള്ള ഉപരോധത്തെ കുറിച്ച് സൂചിപ്പിച്ചു കൊണ്ട് അദ്ദേഹം പറഞ്ഞു. പ്രതിസന്ധി പരിഹരിക്കാന്‍ കുവൈത്ത് നടത്തുന്ന മധ്യസ്ഥ ശ്രമങ്ങള്‍ക്കുള്ള പിന്തുണയും അദ്ദേഹം ആവര്‍ത്തിച്ചു.
സിറിയയില്‍ നിന്നും ഇറാഖില്‍ നിന്നുമുള്ള ലക്ഷക്കണക്കിന് അഭയാര്‍ഥികളെ സ്വീകരിച്ചതിന്റെ ഭാരം ഐക്യരാഷ്ട്രസഭയും അന്താരാഷ്ട്ര സമൂഹവും തുര്‍ക്കിയെ കൊണ്ട് ഒറ്റക്ക് വഹിപ്പിക്കുകയാണെന്നും അവരുടെ സംരക്ഷണത്തിനായി യാതൊരുവിധ സാമ്പത്തിക സഹായവും നല്‍കുന്നില്ലെന്നും എര്‍ദോഗാന്‍ പറഞ്ഞു. 2011ല്‍ സിറിയന്‍ പ്രതിസന്ധി ഉടലെടുത്തത് മുതല്‍ അതിയായ ഗൗവരത്തോടെയാണ് തുര്‍ക്കി അതിനെ കണ്ടിട്ടുള്ളതെന്നും മുപ്പത് ബില്യണ്‍ ഡോളര്‍ അഭയാര്‍ഥികള്‍ക്ക് വേണ്ടി തുര്‍ക്കി ചെലവഴിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. അഭയാര്‍ഥി സംരക്ഷണത്തിന് ആറ് ബില്യണ്‍ യൂറോ വാഗ്ദാനം ചെയ്ത യൂറോപ്യന്‍ യൂണിയന്‍ ഇതുവരെ അതിനായി 82 കോടി യൂറോ മാത്രമേ നല്‍കിയിട്ടുള്ളൂ എന്നും അദ്ദേഹം പറഞ്ഞു. തുര്‍ക്കി അതിനകത്തുള്ള അഭയാര്‍ഥികള്‍ക്ക് നല്‍കിയ സഹായങ്ങള്‍ക്ക് പുറമെ 2016 വര്‍ഷത്തില്‍ ആറ് ബില്യണ്‍ ഡോളറിന്റെ മാനുഷിക സഹായം നല്‍കിയിട്ടുണ്ടെന്നും ഈ രംഗത്ത് ലോകത്ത് രണ്ടാം സ്ഥാനം തുര്‍ക്കിക്കാണെന്നും അദ്ദേഹം സൂചിപ്പിച്ചു.
ഇറാഖില്‍ നിന്ന് വേര്‍പ്പെട്ട് സ്വതന്ത്ര രാജ്യമായി കുര്‍ദിസ്താന്‍ പ്രവിശ്യയുടെ ഹിതപരിശോധന തീരുമാനത്തോടുള്ള എതിര്‍പ്പും അദ്ദേഹം ആവര്‍ത്തിച്ചു. മിഡിലീസ്റ്റില്‍ പുതിയ സംഘര്‍ഷങ്ങള്‍ക്ക് വഴിതുറക്കുന്ന നീക്കങ്ങളില്‍ നിന്ന് വിട്ടുനില്‍ക്കണമെന്ന് അദ്ദേഹം മുന്നറിയിപ്പ് നല്‍കി. വംശീയ ഉന്മൂലനത്തിന് സമാനമായ കാര്യങ്ങളാണ് മ്യാന്‍മറിലെ അറാകാനില്‍ നടക്കുന്നതെന്നും അന്താരാഷ്ട്ര സമൂഹം നേരത്തെ സിറിയയില്‍ പരാജയപ്പെട്ടത് പോലെ റോഹിങ്ക്യന്‍ ജനത നേരിടുന്ന മാനുഷിക വെല്ലുവിളികളെ  അഭിമുഖീകരിക്കുന്നതിലും പരാജയപ്പെട്ടിരിക്കുകയാണെന്ന് അദ്ദേഹം ആരോപിച്ചു. ഇനിയും റോഹിങ്ക്യന്‍ വിഷയം ശരിയായി കൈകാര്യം ചെയ്തിട്ടില്ലെങ്കില്‍ മാനവചരിത്രത്തിലെ നാണക്കേടിന്റെ അടയാളമായി അത് അവശേഷിക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി. ഖുദ്‌സിന്റെയും അവിടത്തെ വിശുദ്ധ ഹറമിന്റെയും സ്വത്വം കാത്തുസൂക്ഷിക്കേണ്ടതിന്റെ അനിവാര്യതയെ കുറിച്ചും അദ്ദേഹം ആണയിട്ടു. കുടിയേറ്റം അവസാനിപ്പിക്കാനും ദ്വിരാഷ്ട്ര പരിഹാര ഫോര്‍മുലയുടെ പരിഹാരം കാണാനും ഇസ്രയേലിനോട് അദ്ദേഹം ആവശ്യപ്പെട്ടു.

leave a comment

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ഇസ്‌ലാം ഓണ്‍ലൈവിന്റേതാവണമെന്നില്ല. അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും വ്യക്തിപരവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക.

comments powered by Disqus

news-ad

Recent News