സൗഹൃദ ഫുട്‌ബോള്‍; റോഹിങ്ക്യന്‍ ഐക്യദാര്‍ഢ്യങ്ങള്‍ക്കൊരു പുതിയ അധ്യായം

Sep 26 - 2017

ന്യൂഡല്‍ഹി: മ്യാന്മറില്‍ ഭരണകൂടത്തിന്റെയും സൈന്യതത്തിന്റെയും ബുദ്ധ തീവ്രവാദികളുടെയും നിരന്തര ആക്രമണങ്ങള്‍ക്കിരയാവുന്ന റോഹിങ്ക്യന്‍ ജനതയോടും ഇന്ത്യയിലെ നാല്‍പതിനായിരത്തോളം വരുന്ന റോഹിങ്ക്യന്‍ അഭയാര്‍ത്ഥികളോടും ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ഡല്‍ഹിയിലെ വിവിധ സര്‍വ്വകലാശാല വിദ്യാര്‍ത്ഥികളുടെ കൂട്ടായ്മയായ ഹല്‍ഖ സെവന്‍സ് ഫുട്‌ബോള്‍ കമ്മിറ്റി സംഘടിപ്പിച്ച സൗഹൃദ ഫുട്‌ബോളില്‍ രണ്ടിനെതിരെ അഞ്ചു ഗോളുകള്‍ക്ക് ഹല്‍ഖ സൂപ്പര്‍ സെവന്‍സ് ഫുട്‌ബോള്‍ ക്ലബ് ഷൈന്‍ സ്റ്റാര്‍ റോഹിങ്ക്യന്‍ ക്ലബ്ബിനെ പരായജയപ്പെടുത്തി. ഹല്‍ഖ സെവന്‍സിനു വേണ്ടി ഖുബൈബ്, അലി, അബു, അജ്‌സല്‍ എന്നിവര്‍ ലക്ഷ്യം കണ്ടപ്പോള്‍ റോഹിങ്ക്യന്‍ ടീമിന് വേണ്ടി നായകന്‍ സിറാജുല്ലയാണ് രണ്ട് തവണയും ഗോള്‍ നേടിയത്.
ഖാന്‍ മാര്‍ക്കറ്റിനടുത്ത് ഡല്‍ഹി കന്നട സീനിയര്‍ സെക്കണ്ടറി സ്‌കൂള്‍ ഫ്‌ളഡ് ലൈറ്റ് സ്‌റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ജെ.എന്‍.യു വിദ്യാര്‍ത്ഥി നൗഷാദ് കാളികാവിന്റെ നേതൃത്വത്തിലുള്ള ഹല്‍ഖ സൂപ്പര്‍ സെവന്‍സ് ടീമും, ശ്രം വിഹാര്‍ ക്യാമ്പില്‍ നിന്നുള്ള സിറാജുല്ലയുടെ നേതൃത്വത്തില്‍ ബൂട്ട് കെട്ടിയ റോഹിങ്ക്യന്‍ അഭയാര്‍ഥികളുടെ ടീമും നല്ല ഫുട്‌ബോള്‍ പ്രതീക്ഷിച്ചെത്തിയ കാല്‍പ്പന്തു കളി പ്രേമികളെ ഒട്ടും നിരാശപ്പെടുത്തിയില്ല. ഫുട്‌ബോള്‍ ആദ്യാവസാനം വാശിയേറിയതായിരുന്നു, കളിക്കളത്തില്‍ വീറും വാശിയും കൂടിവന്നപ്പോള്‍ കാണികളില്‍ ചിലര്‍ ഇതൊരു സൗഹൃദ മത്സരമാണെന്ന് ഓര്‍മിപ്പിക്കുന്നുണ്ടായിരുന്നു , 'ഞങ്ങളെല്ലാവരും റോഹിങ്ക്യക്കാര്‍' 'ഞങ്ങള്‍ റോഹിങ്ക്യന്‍ ജനതയോടൊപ്പം' തുടങ്ങിയ മുദ്രാവാക്യങ്ങള്‍ സ്‌റ്റേഡിയത്തെ ശബ്ദമുഖരിതമാക്കി, ശ്രം വിഹാര്‍, മദര്‍പ്പൂര്‍ കാദര്‍, കാളിന്ദി കുഞ്ച് തുടങ്ങി വിവിധ അഭയാര്‍ത്ഥി ക്യാംമ്പുകളില്‍ നിന്നുമായി നൂറുകണക്കിന് റോഹിങ്ക്യന്‍ അഭയാര്‍ത്ഥികളും കളികാണാനെത്തി.
സോഷ്യല്‍ ആക്ടിവിസ്റ്റ് നദീം ഖാന്‍, വെല്‍ഫെയര്‍ പാര്‍ട്ടി ഡല്‍ഹി സംസ്ഥാന പ്രസിഡണ്ട് സിറാജ് താലിബ്, വൈ.എഫ്.ഡി.എ.ജെ.എന്‍.യു പ്രതിനിധി സാദത്ത് ഹുസ്സൈന്‍, വിദ്യാഭ്യാസ സഹായ രംഗത്ത് പ്രവര്‍ത്തിക്കുന്ന ശാമ ഖാന്‍, കളിക്കാര്‍ക്കും റഫറിമാര്‍ക്കുമുള്ള ഉപഹാരങ്ങള്‍ കൈമാറി അന്താരാഷ്ട്ര യുവജന സമ്മിറ്റില്‍ അവാര്‍ഡ് നേടിയ റോഹിങ്ക്യന്‍ അഭയാര്‍ഥി അലി ജൗഹറിന് അല്‍ഷിഫാ ഹോസ്പിറ്റല്‍ ഡയറക്ടര്‍ കമറുദ്ധീന്‍ ഉപഹാരം നല്‍കി, ഹ്യുമന്‍ വെല്‍ഫെയര്‍ ഫൗണ്ടേഷന്‍ സി.ഇ.ഒ നൗഫല്‍ പി.കെ, ദല്‍ഹി മലയാളി ഹല്‍ഖ പ്രസിഡണ്ട് ഡോ. ഷിറാസ് പൂവച്ചല്‍ തുടങ്ങിയവര്‍ പങ്കെടുത്തു. സൗഹൃദ ഫുഡ്ബാള്‍ മത്സരത്തിനും ഐക്യദാര്‍ഢ്യ സംഗമത്തിനും ഡല്‍ഹി സര്‍വ്വകലാശാല വിദ്യാര്‍ത്ഥികളായ അഹ്ദസ്, നസീല്‍ ജാമിയ മില്ലിയ വിദ്യാര്‍ത്ഥികളായ തഷ്‌രീഫ്, സലിം ഷാഫി, ജെ.എന്‍.യു ഗവേഷക വിദ്യാര്‍ത്ഥികളായ ജലീസ് കോഡൂര്‍, വസീം ആര്‍.എസ്, അമിറ്റി സര്‍വ്വകലാശാലാ വിദ്യാര്‍ത്ഥികളായ അസ്‌ലം, മുഹ്‌സിന്‍ എന്നിവര്‍ നേതൃത്വം നല്‍കി.
റോഹിങ്ക്യന്‍ ജനതതക്ക് ഐക്യദാര്‍ഢ്യപ്പെട്ടുകൊണ്ട് ബി.ബി.സിയും സി.എന്‍.എനുമടക്കം നിരവധി അന്തര്‍ ദേശീയ, ദേശീയ വാര്‍ത്താ ചാനലുകളും മാധ്യമ പ്രവര്‍ത്തകരും ഗ്രൗണ്ടിലെത്തിയിരുന്നു. ഇന്ത്യന്‍ ജനതയും റോഹിങ്ക്യന്‍ അഭയാര്‍ത്ഥികളും തമ്മിലുള്ള സഹോദര്യവും പരസ്പര സഹകരണവുമാണ് ഈ സൗഹൃദ മത്സരത്തിന്റെ സന്ദേശമായി ഉയര്‍ത്തിപ്പിടിച്ചത്. റോഹിങ്ക്യന്‍ ജനതയോട് ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കാന്‍ സൗഹൃദ ഫുട്‌ബോള്‍ മത്സരം സംഘടിപ്പിക്കുവാന്‍ പിന്തുണച്ചവര്‍ക്ക് ഹല്‍ഖ സെവന്‍സ് ഫുട്‌ബോള്‍ ടൂര്‍ണമെന്റ് ജനറല്‍ മാനേജര്‍ മുഹമ്മദ് ശിഹാദ് നന്ദി പറഞ്ഞു.

leave a comment

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ഇസ്‌ലാം ഓണ്‍ലൈവിന്റേതാവണമെന്നില്ല. അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും വ്യക്തിപരവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക.

comments powered by Disqus

news-ad

Recent News