പ്രളയബാധിതര്‍ക്കുള്ള പുനരധിവാസ പദ്ധതിക്ക് തുടക്കം

Oct 18 - 2017

ന്യൂഡല്‍ഹി: പ്രളയം ദുരിതംവിതച്ച അസം, ബിഹാര്‍, പശ്ചിമ ബംഗാള്‍ സംസ്ഥാനങ്ങളില്‍ പുനരധിവാസ പ്രവര്‍ത്തനങ്ങളുമായി വിഷന്‍-2026 വളന്റിയര്‍മാര്‍. വിശദമായ സര്‍വേയെ തുടര്‍ന്ന് 1000 ചെലവുകുറഞ്ഞ വീടുകള്‍, 150 പൊതുശൗചാലയ കൂട്ടങ്ങള്‍ എന്നിവ നിര്‍മിക്കാനും 100 ജലവിതരണ കൈപ്പമ്പുകള്‍ സ്ഥാപിക്കാനും 2500 അടുക്കളപ്പാത്ര കിറ്റുകള്‍ വിതരണം ചെയ്യാനുമാണ് ഉദ്ദേശിക്കുന്നതെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു. ഹ്യൂമന്‍ വെല്‍ഫെയര്‍ ഫൗണ്ടേഷന്‍ ജനറല്‍ സെക്രട്ടറി ടി.ആരിഫലി, മമ്മുണ്ണി മൗലവി എന്നിവരുടെ നേതൃത്വത്തില്‍ വിഷന്‍-2026 സംഘം പ്രളയബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിച്ചിരുന്നു.
പുനരധിവാസ പദ്ധതികളുടെ ഔപചാരിക ഉദ്ഘാടനം കഴിഞ്ഞ ദിവസം പശ്ചിമ ബംഗാളിലെ മാല്‍ഡയില്‍ നടന്നു. പാര്‍ലമന്റെ് അംഗം മൗസം നൂര്‍ ചടങ്ങില്‍ മുഖ്യാതിഥിയായിരുന്നു. ടി.ആരിഫലി അധ്യക്ഷത വഹിച്ചു. സമര്‍ മുഖര്‍ജി എം.എല്‍.എ, ജമാഅത്തെ ഇസ്‌ലാമി പശ്ചിമ ബംഗാള്‍ സെക്രട്ടറി അബ്ദുല്‍ മന്നാന്‍ തുടങ്ങി സമൂഹത്തിന്റെ വിവിധ തുറകളിലുള്ളവര്‍ ചടങ്ങില്‍ സംബന്ധിച്ചു. പണി പൂര്‍ത്തിയായ 10 വീടുകള്‍ അര്‍ഹരായവര്‍ക്ക് കൈമാറി. 100 വീടുകളുടെ നിര്‍മാണം നേരത്തേതന്നെ തുടങ്ങിയിരുന്നു. മാല്‍ഡയിലെ ചപ്ര ഗ്രാമത്തില്‍ പൊതു ജലവിതരണ സംവിധാനത്തിന്റെ ഉദ്ഘാടനവും ഇതോടൊപ്പം നിര്‍വഹിച്ചു. ഉദ്ഘാടനത്തോടനുബന്ധിച്ച് മെഡിക്കല്‍ ക്യാമ്പും സംഘടിപ്പിച്ചിരുന്നു.
സൊസൈറ്റി ഫോര്‍ ബ്രൈറ്റ് ഫ്യൂച്ചര്‍, ഹ്യൂമന്‍ വെല്‍ഫെയര്‍ ഫൗണ്ടേഷന്‍ എന്നിവ സംയുക്തമായാണ് പ്രളയ ദുരിതാശ്വാസ, പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്. ഐഡിയല്‍ റിലീഫ് വിങ് വളന്റിയര്‍മാരും പരിപാടിയില്‍ സഹകരിക്കുന്നുണ്ട്. നേരത്തേ വെള്ളപ്പൊക്കത്തില്‍ കുടുങ്ങിയ 800ലേറെ പേരെ രക്ഷപ്പെടുത്തുകയും 10,000 ഭക്ഷണക്കിറ്റുകള്‍, 1000 ടാര്‍പോളിനുകള്‍, മറ്റ് അവശ്യവസ്തുക്കള്‍ തുടങ്ങിയവ വിതരണം ചെയ്യുകയും ചെയ്തിരുന്നു.

leave a comment

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ഇസ്‌ലാം ഓണ്‍ലൈവിന്റേതാവണമെന്നില്ല. അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും വ്യക്തിപരവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക.

comments powered by Disqus

news-ad

Recent News