ദോഷകരമായ ഫത്‌വകള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തണം: ശൈഖുല്‍ അസ്ഹര്‍

Oct 18 - 2017

കെയ്‌റോ: ഇസ്‌ലാമിന് വിരുദ്ധമായതും സമൂഹത്തിന് ദോഷം ചെയ്യുന്നതുമായ തരത്തിലുള്ള ഫത്‌വകള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തണമെന്ന് ശൈഖുല്‍ അസ്ഹര്‍ അഹ്മദ് ത്വയ്യിബ്. ഈജിപ്ഷ്യന്‍ ഫത്‌വാ വേദിയുടെ (Dar al-Ifta al Masrriya) ഒക്ടോബര്‍ 17-19 തിയ്യതികളില്‍ കിഴക്കന്‍ കെയ്‌റോയില്‍ നടക്കുന്ന സമ്മേളനത്തിന്റെ ഉദ്ഘാടന സെഷനില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. 63 രാഷ്ട്രങ്ങളില്‍ നിന്നുള്ള മതപണ്ഡിതന്‍മാരാണ് സമ്മേളനത്തില്‍ പങ്കെടുക്കുന്നത്. സമൂഹത്തിന്റെ സുസ്ഥിരതയില്‍ ഫത്‌വകള്‍ക്കുള്ള പങ്ക് എന്ന തലക്കെട്ടില്‍ നിന്നുകൊണ്ടായിരുന്നു ശൈഖുല്‍ അസ്ഹറിന്റെ സംസാരം. ഫത്‌വ നല്‍കായന്‍ യോഗ്യരായ പണ്ഡിതന്‍മാരെ ഉണ്ടാക്കിയെടുക്കുന്നതിന് ശരീഅ കോളേജുകളും ഇസ്‌ലാമിയ കോളേജുകളും ഫത്‌വക്കും അനുബന്ധ കാര്യങ്ങള്‍ക്കുമായി പ്രത്യേക വിഭാഗം സ്ഥാപിക്കണമെന്ന് അദ്ദേഹം നിര്‍ദേശിച്ചു. അറിവുള്ളവരെന്ന് നടിച്ച് ചിലര്‍ സോഷ്യല്‍ മീഡിയകളിലൂടെ പുറപ്പെടുവിക്കുന്ന ഇസ്‌ലാമികാധ്യാപനങ്ങള്‍ക്ക് വിരുദ്ധമായ ആഹ്വാനങ്ങള്‍ അടങ്ങിയ ഫത്‌വകള്‍ക്ക് വിലക്കേര്‍പ്പെടുത്തണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു.
ഫത്‌വ രംഗത്തേക്ക് പ്രാവീണ്യമില്ലാത്തവരുടെ കടന്നുകയറ്റം അസ്വസ്ഥതകള്‍ക്കും സുസ്ഥിരത ദുര്‍ബലപ്പെടുത്തുന്നതിലേക്കുമുള്ള വാതിലുകള്‍ തുറന്നുവെന്നും ഭീകരതയെന്ന പ്രതിഭാസം ആശ്രയിക്കുന്നത് 'വ്യതിചലിച്ച ഫത്‌വ'കളെയാണെന്നും ഈജിപ്ത് പ്രധാനമന്ത്രി ശരീഫ് ഇസ്മാഈല്‍ അഭിപ്രായപ്പെട്ടു. പ്രധാനമന്ത്രിക്ക് വേണ്ടി ഔഖാഫ് മന്ത്രി മുഹമ്മദ് മുഖ്താര്‍ ജുമുഅയാണ് അദ്ദേഹത്തിന്റെ സന്ദേശം അവതരിപ്പിച്ചത്.
വ്യതിചലിച്ചതും ഒറ്റപ്പെട്ടതുമായ ഫത്‌വകള്‍ പുറപ്പെടുവിക്കപ്പെട്ടതിന്റെ ഫലമായിട്ടാണ് ഭീകരവാദത്തിനും തീവ്രവാദത്തിനും ഉണ്ടായിട്ടുള്ള വളര്‍ച്ചയെന്ന് ഈജിപ്ഷ്യന്‍ മുഫ്തി ശൗഖി അല്ലാം പറഞ്ഞു. ഭീകരതയെ ഒറ്റക്കെട്ടായി ചെറുക്കാനും സമൂഹത്തിന് നേരെ വെല്ലുവിളി ഉയര്‍ത്തുന്ന ഒറ്റപ്പെട്ട ഫത്‌വകളെ ഉപരോധിക്കാനും പണ്ഡിതന്‍മാരോട് അദ്ദേഹം ആവശ്യപ്പെട്ടു.

leave a comment

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ഇസ്‌ലാം ഓണ്‍ലൈവിന്റേതാവണമെന്നില്ല. അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും വ്യക്തിപരവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക.

comments powered by Disqus

news-ad