ഭീകരവാദം ഇസ്‌ലാമിന്റെ ഏറ്റവും വലിയ ശത്രു: മുഖ്താര്‍ അബ്ബാസ് നഖ്‌വി

Oct 28 - 2017

ന്യൂഡല്‍ഹി: ഭീകരവാദം ഇസ്‌ലാമിന്റെ ഏറ്റവും വലിയ ശത്രുവാണെന്നും മുഴുലോകവും അതിനെതിരെ ഒന്നിക്കണമെന്നും കേന്ദ്ര ന്യൂനപക്ഷ ക്ഷേമ മന്ത്രി മുഖ്താര്‍ അബ്ബാസ് നഖ്‌വി. ഇറാനിലെ ഇസ്‌ലാമിക് കള്‍ച്ചര്‍ ആന്റ് റിലേഷന്‍ ഓര്‍ഗനൈസേഷന്‍ മേധാവി അബൂദര്‍ ഇബ്‌റാഹീമി തുര്‍ക്മാന്‍, ഡോ. മുഹ്‌സിന്‍ ഖുമി എന്നിവരുടെ നേതൃത്വത്തിലുള്ള പ്രതിനിധി സംഘവുമായി നടത്തിയ കൂടിക്കാഴ്ച്ചക്ക് ശേഷം പുറത്തുവിട്ട മന്ത്രിയുടെ പ്രസ്താവനയാണ് ഇക്കാര്യം പറയുന്നത്.
''ഭീകരവാദമാണ് ഇസ്‌ലാമിന്റെയും മാനവരാശിയുടെയും ഏറ്റവും വലിയ ശത്രു. ഇത്തരം പൈശാചിക ശക്തികളെ പരാജയപ്പെടുത്തുന്നതിന് ലോകം ഒറ്റക്കെട്ടായി പ്രവര്‍ത്തിക്കേണ്ടതുണ്ട്.'' എന്ന് നഖ്‌വി പറഞ്ഞു. ഭീകരവാദത്തോട് 'പൂജ്യം സഹിഷ്ണുത' നയമാണ് കേന്ദ്രം ഭരിക്കുന്ന നരേന്ദ്രമോദി സര്‍ക്കാര്‍ സ്വീകരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
സമാധാനവും ഐക്യവും സഹിഷ്ണുതയും ഇന്ത്യയുടെ ഡി.എന്‍.എയാണ്. പൈശാചിക ശക്തികളെ എല്ലായ്‌പ്പോഴും ഇന്ത്യയുടെ കരുത്ത് പരാജയപ്പെടുത്തിയിട്ടുണ്ട്. ഇസ്‌ലാമിനെ ഒരു സുരക്ഷാ കവചമായി ദുരുപയോഗപ്പെടുത്തുന്ന പൈശാചിക ശക്തികളെ ഉന്മൂലനം ചെയ്യാന്‍ നാം ഒന്നിക്കേണ്ടതുണ്ട്. എന്നും പ്രസ് ട്രസ്റ്റ് ഓഫ് ഇന്ത്യ പുറത്തുവിട്ട നഖ്‌വിയുടെ പ്രസ്താവന വ്യക്തമാക്കി. ഇറാനുമായി രാജ്യത്തിനുള്ള പൗരാണികവും ശക്തവുമായ ബന്ധത്തെ കുറിച്ചും അദ്ദേഹം സൂചിപ്പിച്ചു. ആഗോളതലത്തില്‍ ഭീകരതക്കെതിരെയുള്ള പോരാട്ടത്തില്‍ ഇന്ത്യക്കും ഇറാനും സുപ്രധാനമായ പങ്ക് വഹിക്കാനാകുമെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.

leave a comment

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ഇസ്‌ലാം ഓണ്‍ലൈവിന്റേതാവണമെന്നില്ല. അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും വ്യക്തിപരവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക.

comments powered by Disqus

news-ad

Recent News