ഗസ്സയില്‍ നിന്നുള്ള ഏത് ആക്രമണത്തിന്റെയും ഉത്തരവാദിത്വം ഹമാസിന്: നെതന്യാഹു

Nov 13 - 2017

തെല്‍അവീവ്: ഗസ്സക്കുള്ളില്‍ നിന്നുള്ള ഏത് ആക്രമണത്തിന്റെയും ഉത്തരവാദിയായി ഹമാസിനെയാണ് ഇസ്രയേല്‍ കാണുന്നതെന്ന് ഇസ്രയേല്‍ പ്രധാനമന്ത്രി ബെന്യമിന്‍ നെതന്യാഹു. ഇസ്രയേല്‍ മന്ത്രിസഭയുടെ വാരാന്ത യോഗത്തിന്റെ ആമുഖത്തിലാണ് അദ്ദേഹമിക്കാര്യം പറഞ്ഞത്. രണ്ടാഴ്ച്ച മുമ്പ് ഗസ്സ-ഇസ്രയേല്‍ അതിര്‍ത്തിയിലെ ഫലസ്തീന്‍ തുരങ്കങ്ങള്‍ തകര്‍ത്തതിനോടുള്ള തിരിച്ചടിയായി ഫലസ്തീന്‍ ഗ്രൂപ്പുകള്‍ ഏതെങ്കിലും തരത്തിലുള്ള ആക്രമണം നടത്തിയാല്‍ ഇസ്രയേലിന്റെ ഭാഗത്തു നിന്നും ശക്തമായ തിരിച്ചടിയുണ്ടാകുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി.
ഫലസ്തീന്‍ ഗ്രൂപ്പുകളുടെ പ്രതിരോധത്തെ കുറിച്ച് ഇസ്രയേലിനുള്ള ഭീതിയും ആശങ്കയുമാണ് അവരുടെ വെല്ലുവിളികളില്‍ പ്രകടമാകുന്നതെന്ന് ഹമാസ് നെതന്യാഹുവിന്റെ പ്രസ്താവനയോട് പ്രതികരിച്ചു. ഹമാസ് എല്ലായ്‌പ്പോഴും അതിന്റെ ഉത്തരവാദിത്വമായ ഫലസ്തീന്‍ ജനതയുടെ സംരക്ഷണത്തിനും ഇസ്രയേലിനെതിരെയുള്ള പ്രതിരോധത്തിനും പൂര്‍ണ സജ്ജമായിരിക്കുമെന്നും ഹമാസ് വക്താവ് ഫൗസി ബര്‍ഹൂം തന്റെ ഫേസ്ബുക്ക് പേജില്‍ വ്യക്തമാക്കി.
ഗസ്സ അതിര്‍ത്തിക്ക് സമീപത്തെ അല്‍ജിഹാദുല്‍ ഇസ്‌ലാമി ഗ്രൂപ്പിന്റെ തുരങ്കങ്ങള്‍ ഒക്ടോബര്‍ 30ന് ഇസ്രയേല്‍ സൈന്യം തകര്‍ത്തിരുന്നു. പ്രസ്തുത ആക്രമണത്തില്‍ 12 ഫലസ്തീനികള്‍ രക്തസാക്ഷികളാവുകയും മറ്റ് 11 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.

leave a comment

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ഇസ്‌ലാം ഓണ്‍ലൈവിന്റേതാവണമെന്നില്ല. അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും വ്യക്തിപരവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക.

comments powered by Disqus

news-ad

Recent News